വെള്ളക്കരം ചെറിയ തോതിൽ മാത്രമാണ് വർധിപ്പിച്ചിട്ടുള്ളത്; സാധാരണക്കാർക്ക് ബുദ്ധിമുട്ടാവില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വെള്ളക്കരം ചെറിയ തോതിൽ മാത്രമാണ് വർധിപ്പിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വെള്ളക്കരം കൂട്ടിയത് സാധാരണക്കാർക്ക് ബുദ്ധിമുട്ടാവില്ലെന്നും അധികഭാരം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളക്കരം വർധിപ്പിച്ചത് വരുമാനം കണ്ടെത്താനാണ്. വർധനവ് മാർച്ച് മാസത്തിന് ശേഷം പ്രാബല്യത്തിൽ വരും. മാധ്യമങ്ങൾ എല്ലാം പോസിറ്റീവ് ആയി എടുക്കണം. നഷ്ടം നികത്താനല്ല, സേവനം മെച്ചപ്പെടുത്താനാണ് വില കൂട്ടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുടിശിക പിരിവും ഊർജിതമാക്കും. ആരുടെയും കുടിവെള്ളം മുട്ടിക്കാനാവില്ലല്ലോ, അതാണ് കണക്ഷൻ വിച്ഛേദിക്കാത്തതെന്നും റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു. വെള്ളക്കരം വർദ്ധിപ്പിക്കാനുള്ള ശുപാർശയ്ക്ക് കഴിഞ്ഞ ദിവസമാണ് എൽഡിഎഫ് യോഗം അംഗീകാരം നൽകിയത്. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വാർത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു ലിറ്ററിന് ഒരു പൈസ നിരക്കിലാണ് വെള്ളക്കരം ഉയർത്തുന്നത്. വർദ്ധനയിൽ നിന്ന് ബി.പി.എൽ കുടുംബങ്ങളെ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2391 കോടി രൂപയുടെ നഷ്ടമാണ് ജല അതോറിട്ടിയ്ക്കുള്ളത്. നിലവിൽ ജീവനക്കാർക്ക് ശമ്പളം പോലും നൽകാൻ കഴിയാതെ ബുദ്ധിമുട്ടുകയാണെന്നും ജല അതോറിട്ടിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ വെള്ളക്കരം കൂട്ടണമെന്ന ശുപാർശ അംഗീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് വെള്ളക്കരം ഉയർത്തണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് സർക്കാരിനെ സമീപിച്ചിരുന്നു. ഇടതു മുന്നണിയിൽ ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കാനായിരുന്നു സർക്കാരിന്റെ തീരുമാനം.