ന്യൂഡൽഹി: ജോഷിമഠുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പങ്കുവെച്ച് ഐഎസ്ആർഒ. ജോഷിമഠിന്റെ വലിയൊരു ഭാഗം പൂർണമായും ഇടിഞ്ഞുതാഴുമെന്നാണ് ഐസ്ആർഒ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഐഎസ്ആർഒയുടെ നാഷണൽ റിമോർട്ട് സെൻസിംഗ് സെന്റർ (എൻആർഎസ്സി) ജോഷിമഠിന്റെ ഉപഗ്രഹ ചിത്രങ്ങൾ വിലയിരുത്തി സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
കാർട്ടോസാറ്റ്-2 എസ് ഉപഗ്രഹമാണ് ചിത്രങ്ങളെടുത്തത്. സൈന്യത്തിന്റെ ഹെലിപ്പാഡും നരസിംഹ ക്ഷേത്രവും ഉൾപ്പെടെ ജോഷിമഠിന്റെ നഗരഭാഗം മുഴുവൻ താഴുന്നതായി ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ജോഷിമഠ് – ഓലി റോഡും ഇടിഞ്ഞ് താഴുമെന്ന് ഐഎസ്ആർഒ ചൂണ്ടിക്കാട്ടി. വീടുകളിലും റോഡുകളിലും രൂപപ്പെട്ട വിള്ളലുകളും മറ്റും ശാസ്ത്രസംഘം വിശദമായി പരിശോധിക്കുന്നുണ്ട്. വിഷയത്തിൽ വിശദ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും ഐഎസ്ആർഒ വിശദീകരിച്ചു.
ജോഷിമഠിൽ 2022 ഡിസംബർ 27 മുതൽ ഈ വർഷം ജനുവരി എട്ട് വരെ 5.4 സെന്റിമീറ്ററാണ് ഇടിഞ്ഞുതാണത്. 12 ദിവസത്തിനുള്ളിലാണ് ഇത്രത്തോളം ഭാഗം ഇടിഞ്ഞു താഴ്ന്നത്. കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെ ആകെ 8.9 സെന്റിമീറ്റർ സ്ഥലം ജോഷിമഠിൽ ഇടിഞ്ഞു താഴ്ന്നിരുന്നു.

