Highlights (Page 5)

ന്യൂഡൽഹി: രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌നയ്ക്ക് അർഹരായി മൂന്ന് പേർ കൂടി. മുൻ പ്രധാനമന്ത്രിമാരായ നരസിംഹ റാവു, ചൗധരി ചരൺ സിംഗ്, ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എംഎസ് സ്വാമിനാഥൻ തുടങ്ങിയവർക്കാണ് ഭാരത രത്‌ന പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മൂന്ന് പേർക്കും മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം ലഭിച്ചരിക്കുന്നത്.

ഫെബ്രുവരി 3 -ാം തീയതി മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്കും, കർപ്പൂരി താക്കൂറിനും ഭാരതരത്‌ന ബഹുമതി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് മൂന്ന് പേരെ കൂടി പ്രഖ്യാപിച്ചത്.

കൃഷിയിലും കർഷകക്ഷേമത്തിലും രാഷ്ട്രത്തിന് നൽകിയ മഹത്തായ സംഭാവനകളെ മാനിച്ച്, ഡോ. എം എസ് സ്വാമിനാഥന് ഭാരതരത്ന നൽകി ആദരിക്കുന്നത് അത്യന്തം സന്തോഷകരമായ കാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കർഷകരുടെ ക്ഷേമത്തിനായി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയാണ് ചൗധരി ചരൺ സിങ്. ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോഴും രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴും എംഎൽഎ ആയിരുന്നപ്പോഴും അദ്ദേഹം രാഷ്ട്രനിർമിതിയ്ക്ക് പ്രചോദനമായെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

വിശിഷ്ട പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന നരസിംഹ റാവു ഇന്ത്യയെ വിവിധ തലങ്ങളിൽ സേവിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, പാർലമെന്റ്, നിയമസഭാംഗം എന്നീ നിലകളിൽ വർഷങ്ങളോളം ചെയ്ത പ്രവർത്തനങ്ങളുടെ പേരിൽ അദ്ദേഹം സ്മരിക്കപ്പെടുന്നുവെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: മാലദ്വീപിലെ ഇന്ത്യൻ സൈനികരെ പൂർണമായി ഒഴിപ്പിക്കാൻ ധാരണയായതായി അറിയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മാർച്ച് 10നകം മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈനികരെ ഒഴിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയും മാലദ്വീപും തമ്മിൽ ചേർന്ന രണ്ടാംതല ഉന്നതകോർ യോഗത്തിന് ശേഷമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനം.

ദ്വീപിൽ സൈനികർക്ക് പകരം സാങ്കേതിക വിദഗ്ധരെ നിയമിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺദീർ ജയ്സ്വാൾ പറഞ്ഞു. മെഡിക്കൽ ആവശ്യങ്ങൾക്കും മറ്റ് മാനുഷിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ഹെലികോപ്റ്റർ പ്രവർത്തനത്തിനും പരിപാലനത്തിനുമായി വിന്യസിച്ച സൈനികരെ ഒഴിപ്പിച്ച് പകരം സാങ്കേതിക വിദഗ്ധരെ മാലദ്വീപിൽ വിന്യസിക്കാനാണ് ധാരണയായിരിക്കുന്നത്.

ഇന്ത്യൻ സൈനികരെ മാർച്ച് 15ന് മുൻപായി മാലദ്വീപിൽ നിന്ന് നീക്കം ചെയ്യണമെന്ന് നേരത്തെ ഇന്ത്യയോട് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്സു ആവശ്യപ്പെട്ടിരുന്നു. മാലദ്വീപിൽ 75 ഇന്ത്യൻ സൈനികരാണ് ഉണ്ടായിരുന്നത്. മാലിദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ഉലച്ചിലിന് പിന്നാലെയാണ് ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന് മാലദ്വീപ് ആവശ്യപ്പെട്ടത്.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിയമവിരുദ്ധമായി മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് അതിജീവിത. അന്വേഷണം നടത്തിയ ജില്ലാ സെഷൻസ് ജഡ്ജിക്ക് ഈ റിപ്പോർട്ടിന്റെ പകർപ്പ് കൈമാറാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പൂർത്തിയായ സാഹചര്യത്തിലാണ് അതിജീവിതയുടെ നടപടി.

മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അനധികൃതമായി കണ്ടിട്ടുണ്ടെന്നും അവ പകർത്തിയിട്ടുണ്ടെന്നും കൈമാറ്റം ചെയ്തിട്ടുണ്ടെന്നും ആരോപിച്ച് നേരത്തെ അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി ജില്ലാ സെഷൻസ് ജഡ്ജിയെ നിയോഗിച്ചത്.

തിരുവനന്തപുരം ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റം വന്നതായി കണ്ടെത്തിയിരുന്നു. കോടതി സമയത്തിനപ്പുറത്തു പല സമയങ്ങളിലായാണു മെമ്മറി കാർഡ് പരിശോധനകൾ നടന്നിരിക്കുന്നതെന്നും രാത്രി സമയങ്ങളിലും ഫോണിലും പരിശോധന നടന്നിട്ടുണ്ടെന്നും വ്യക്തമാക്കുന്ന എഫ്എസ്എൽ റിപ്പോർട്ടും പുറത്തുവന്നിരുന്നു.

ന്യൂഡൽഹി: പരീക്ഷ ക്രമക്കേട് തടയാനുള്ള ബിൽ പാസാക്കി ലോക്‌സഭ. മത്സര പരീക്ഷകളിൽ കൃത്രിമം കാണിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുവരുത്തുന്ന ബില്ലാണ് ലോക്‌സഭയിൽ പാസായത്. പബ്ലിക് എക്‌സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർമീൻസ് ) ബിൽ 2024 എന്ന പേലിലുള്ള ബില്ല് ആണ് പാസാക്കിയത്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് പത്തുവർഷം തടവും ഒരു കോടി രൂപ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല്.

സംഘടിതമായി ചോദ്യക്കടലാസ് ചോർത്തുന്നവർക്ക് കർശന ശിക്ഷയായിരിക്കും ലഭിക്കുക. അഞ്ചു മുതൽ പത്തുകൊല്ലംവരെ തടവും ഒരു കോടി രൂപ വരെ പിഴയും ഇവർക്ക് ലഭിക്കും. യുപിഎസ്‌സി എസ്എസ്‌സി, റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ്, ഐബിപിഎസ്, എൻടിഎ നീറ്റ്, ജെഇഇ, തുടങ്ങിയവ നടത്തുന്ന പരീക്ഷകൾ അടക്കമുള്ളവയിലെ തട്ടിപ്പ് തടയലാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. ഉദ്യോഗസ്ഥരുമായി ചേർന്ന് ചോദ്യപേപ്പർ ചോർത്തുകയോ ഉത്തരക്കടലാസിൽ ക്രമക്കേട് കാണിക്കുകയോ ചെയ്യുന്നവർക്കാണ് പത്തു വർഷം തടവും ഒരു കോടി രൂപ പിഴയും ലഭിക്കുന്നത്.

ബില്ലിൽ പറയുന്ന കുറ്റകൃത്യങ്ങൾക്ക് ജാമ്യം ലഭിക്കില്ലെന്ന് മാത്രമല്ല, പൊലീസിന് വാറന്റില്ലാതെ അറസ്റ്റ് രേഖപ്പെടുത്താനുള്ള അനുമതിയും നൽകുന്നുണ്ട്. ഒത്തുതീർപ്പിലൂടെയുള്ള പ്രശ്‌ന പരിഹാരം കാണാനും കഴിയില്ല. ചോദ്യക്കടലാസോ ഉത്തരസൂചികയോ ചോർത്തൽ, പരീക്ഷാർഥിയെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കൽ, വ്യാജ വെബ്‌സൈറ്റുകൾ തയ്യാറാക്കി വഞ്ചിക്കലും പണംതട്ടിപ്പും, വ്യാജപരീക്ഷാ നടത്തിപ്പ്, വ്യാജമായി പരീക്ഷാകേന്ദ്ര പ്രവേശന കാർഡും ജോലിവാഗ്ദാന കാർഡുകളും തയ്യാറാക്കുക തുടങ്ങിയവയും ശിക്ഷാർഹമായ കുറ്റങ്ങളായി ബില്ലിൽ പറയുന്നു.

സർവീസ് പ്രൊവൈഡർ സ്ഥാപനങ്ങൾ ക്രമക്കേട് നടത്തിയാൽ ഒരു കോടി രൂപ വരെ പിഴയും ആനുപാതികമായ പരീക്ഷാ ചെലവ് വീണ്ടെടുക്കലും ശിക്ഷയായി നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ സ്ഥാപനത്തെ പൊതുപരീക്ഷ നടത്തുന്നതിൽ നിന്ന് നാല് വർഷത്തേക്ക് വിലക്കും. കുറ്റം ചെയ്തിട്ടുണ്ട് എന്ന് അന്വേഷണസംഘം തെളിയിക്കുന്ന പക്ഷം കടുത്ത നടപടിയുണ്ടാകും.

ന്യൂഡൽഹി: കോൺഗ്രസിനെതിരെ പരിഹാസം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് ദീർഘകാലം പ്രതിപക്ഷത്തിരിക്കാൻ തീരുമാനിച്ചുവെന്നും ഇനി സന്ദർശക ഗ്യാലറിയിൽ കാണാമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ധൈര്യം നഷ്ടപ്പെട്ടിരിക്കുന്നു. സീറ്റുകൾ മാറുന്നതിനായി പലരും ശ്രമിക്കുന്നു. പല നേതാക്കളും ലോക്സഭയിലേക്ക് മത്സരിക്കുന്നതിന് പകരം രാജ്യസഭാംഗമാക്കാൻ ശ്രമിക്കുന്നു. കോൺഗ്രസ് എന്ന കടയ്ക്ക് പൂട്ടുവീണിരിക്കുകയാണ്. കോൺഗ്രസ് ഒരു കുടുംബത്തിന്റെ കാര്യം മാത്രമാണ് ചിന്തിച്ചത്. കുടുംബാധിപത്യം കോൺഗ്രസിനെ നശിപ്പിച്ചു. ക്രിയാത്മക പ്രതിപക്ഷമാകുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം അറിയിച്ചു.

പ്രതിപക്ഷത്ത് ദീർഘകാലം തുടരാനുള്ള തീരുമാനത്തെ താൻ അഭിനന്ദിക്കുന്നു. പതിറ്റാണ്ടുകൾ സർക്കാർ അധികാരത്തിലിരുന്ന അതേ രീതിയിൽ നിങ്ങൾ പ്രതിപക്ഷത്ത് ഇരിക്കാൻ തീരുമാനിച്ചു. ഇക്കാര്യത്തിൽ, നിങ്ങളുടെ ആഗ്രഹം ജനങ്ങൾ സാക്ഷാത്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സർക്കാർ. സാമ്പത്തിക പ്രതിസന്ധി കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റിന്റെ പിടുപ്പുകേടാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ധനകാര്യ കമ്മീഷൻ നിർദേശിച്ചതിനേക്കാൾ കൂടുതൽ പണം നൽകിയിട്ടുണ്ടെന്നും കടമെടുപ്പ് പരിധി ഉയർത്താവില്ലെന്നും എജി മുഖേന ധനകാര്യമന്ത്രാലയം സമർപ്പിച്ച കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

പഞ്ചാബിനും ബംഗാളിനുമൊപ്പം രാജ്യത്തെ ഏറ്റവും മോശം ധനകാര്യമാനേജ്‌മെന്റുള്ള സംസ്ഥാനമാണ് കേരളം. 2018 -2019ൽ കടമെടുപ്പ് ജിഡിപിയുടെ 31 ശതമാനമായിരുന്നെങ്കിൽ 2021-22 ൽ 39 ശതമാനമായി ഉയർന്നെന്ന് കുറ്റപ്പെടുത്തുന്നു. സംസ്ഥാനങ്ങളുടെ റവന്യൂ ചിലവ് 74 ശതമാനത്തിൽ നിന്നും 82 ശതമാനമായെന്നു കേന്ദ്രസർക്കാർ പറയുന്നു. കേന്ദ്രം നൽകേണ്ട നികുതി വരുമാനവും , ജി എസ് ടി നഷ്ടപരിഹാരവും കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കുള്ള പണവും നൽകിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ ഊർജമേഖലയിലേക്ക് നാലായിരം കോടി കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷവും നൽകി. ഇതെല്ലാമായിട്ടും മോശം ധനകാര്യമാനേജ്‌മെന്റ് കാരണം കടത്തിൽ നിന്ന് കടത്തിലേക്ക് നീങ്ങുന്നു. ഇതിന്റെ ഉത്തരവാദിത്വം കേരളത്തിന് മാത്രമാണെന്നും ധനകാര്യമന്ത്രാലയം സുപ്രീംകോടതിയിൽ വിശദമാക്കി.

കിഫ്ബിക്ക് സ്വന്തമായ വരുമാന സ്രോതസ്സ് ഇല്ലെന്നും കേന്ദ്രം സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്രവും തകർക്കപ്പെട്ട പള്ളിക്ക് പകരം പണികഴിപ്പിക്കാനിരിക്കുന്ന ബാബരി മസ്ജിദും ഒരേപോലെ മതേതരത്വത്തിന്റെ പ്രതീകങ്ങളാണെന്ന മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ പരാമർശം വിവാദത്തിൽ. ജനുവരി 24ന് തങ്ങൾ നടത്തിയ പ്രസംഗമാണ് വിവാദത്തിലായത്. മഞ്ചേരിക്കടുത്ത് പുൽപറ്റയിലാണ് തങ്ങൾ വിവാദ പരാമർശം നടത്തിയത്.

രാമക്ഷേത്രം രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെ ആവശ്യമായിരുന്നുവെന്ന് സാദിഖലി തങ്ങൾ അറിയിച്ചു. അതിൽ നിന്ന് പുറകോട്ട് പോകാനാവില്ല. അതൊരു യാഥാർത്ഥ്യമാണ്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉള്ള നിർമ്മിതിയാണ് രാമക്ഷേത്രം. അങ്ങിനെ തന്നെയാണ് ബബരി മസ്ജിദും. രണ്ടും ഇന്ത്യയുടെ ഭാഗമാണ്. മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അത് കർസേവകർ നടത്തുന്നതാണ്. തകർത്തതും അവരാണെന്ന് നമുക്കറിയാം. അതിൽ അക്കാലത്ത് നമുക്ക് പ്രതിഷേധം ഉണ്ടായിരുന്നു. അതിനെ സഹിഷ്ണുതയോടെ നേരിടാനും നമുക്ക് സാധിച്ചുവെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിൽ ഏറ്റവും സെൻസിറ്റീവായ മുസ്ലിങ്ങൾ കേരളത്തിലാണെന്ന പരാമർശവും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. ഇതിനെതിരെ ഐഎൻഎല്ലും സമൂഹ മാധ്യമങ്ങളിലെ വിമർശകരും രംഗത്തെത്തിയിരിക്കുകയാണ്. ആർഎസ്എസിന്റെ രാഷ്ട്രീയ ഹിന്ദുത്വമല്ല, ഹൈന്ദവ വിശ്വാസികളുടെ ആത്മീയ ഹിന്ദുമതമെന്ന് ഐഎൻഎൽ വർക്കിംഗ് പ്രസിഡന്റ് എൻകെ അബ്ദുൾ അസീസ് പറഞ്ഞു. ആർഎസ്എസിന്റെ രാമരാജ്യം ഗാന്ധിജി വിഭാവനം ചെയ്ത രാമരാജ്യമല്ല. രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇതറിയാത്തവരല്ല കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ. എന്നിട്ടും അണികളെ മണ്ടന്മാരാക്കുന്നത് എന്തിനാണെന്നും സാദിഖലി തങ്ങളെ വിമർശിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ നിത്യപൂജയ്ക്കോ ഉത്സവങ്ങൾക്കോ ഉപയോഗിക്കാത്ത 500 കിലോഗ്രാം സ്വർണ്ണ ഉരുപ്പടികൾ ബാങ്കിലേക്ക് മാറ്റാൻ തീരുമാനിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സ്വർണത്തിന്റെ വിപണിവിലയ്ക്ക് ആനുപാതികമായി രണ്ടര ശതമാനം പലിശ കിട്ടുന്ന റിസർവ് ബാങ്കിന്റെ ഡിപ്പോസിറ്റ് സ്‌കീം നടപ്പാക്കാൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്.

ഫെബ്രുവരി 14 ന് എസ്ബിഐ വഴിയുള്ള നിക്ഷേപപദ്ധതിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് അന്തിമ രൂപം നൽകും. ബോർഡിന്റെ 1252 ക്ഷേത്രങ്ങളിൽ കാലങ്ങളായി ഉപയോഗിക്കാതെ നശിക്കുന്ന വിളക്കുകൾ, വിവിധതരം പാത്രങ്ങൾ എന്നിവ ലേലംചെയ്യാനും കോടതി അനുമതി നൽകിയിട്ടുണ്ട്. ക്ഷേത്രങ്ങളിലെ 540 കിലോഗ്രാം സ്വർണം 16 സ്‌ട്രോങ് റൂമുകളിലായി ഉപയോഗിക്കാതെ കിടക്കുന്നതായി ഒരുവർഷം മുമ്പ് നടത്തിയ പ്രാഥമിക കണക്കെടുപ്പിൽ കണ്ടെത്തിയിരുന്നു.

ഭക്തർ കാണിക്കയായും നടയ്ക്കുവെച്ചതുമായ ആഭരണങ്ങൾ, പൊട്ടുകൾ, വേൽ, വാൾ തുടങ്ങിയവയുമാണിത്. ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവയല്ല ഇവയൊന്നും. 540 കിലോയിൽ 40 കിലോ സ്വർണം മാറ്റിവെക്കും. വെള്ളി ആഭരണങ്ങളുടെ കണക്കും എടുത്തിട്ടില്ല. വെള്ളിയുടെ വിപണിവില കണക്കാക്കി സ്വർണ നിക്ഷേപ പദ്ധതിയിൽ ചേർക്കും. ലേലത്തിന് കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിലെ പ്രമുഖപത്രങ്ങളിൽ പരസ്യം നൽകണമെന്നാണ് കോടതിയുടെ നിർദേശം. കൊച്ചി, ഗുരുവായൂർ ദേവസ്വം ബോർഡുകൾ ഇത്തരം നിക്ഷേപപദ്ധതി നടപ്പാക്കിയിട്ടുണ്ട്.

പാലക്കാട്: വിലയിടിവ് മൂലം പ്രതിസന്ധിയിലായി വാഴക്കർഷകർ. നേന്ത്രക്കായ, റോബസ്റ്റ, പാളയൻകോടൻ തുടങ്ങിയവയ്ക്കാണ് വിലയിടിഞ്ഞത്. കർണാടകയിലും തമിഴ്‌നാട്ടിലും കൃഷി വർദ്ധിച്ചതാണ് വിലക്കുറവിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളാണ് ഓണക്കാലം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിളവെടുക്കുന്ന സമയം.

ഉല്പന്നം വിപണിയിലെത്തുന്ന സമയത്തെ വിലയിടിവാണ് കർഷകർക്ക് തിരിച്ചടിയായിരിക്കുന്നത്. വൻതുക മുടക്കി കൃഷി ചെയ്തവർ വലിയ കടബാധ്യതിയാലിരിക്കുകയാണ്. ഒരു കിലോ ഏത്തക്കായയ്ക്ക് 1823 രൂപയും റോബസ്റ്റ 810 രൂപയും പാളയംകോടന് 710 രൂപയുമാണ് കർഷകന് ലഭിക്കുന്നത്. ഇത് ഉല്പാദനച്ചെലവിന് പോലും തികയില്ല. ബാങ്ക് വായ്പ തിരിച്ചടവ് പോലും മുടങ്ങിയ അവസ്ഥയിലാണ് കർഷകർ.

വിലയിടിവ് മൂലം തകർന്നടിഞ്ഞ നേന്ത്രവാഴ വിപണിയിൽ ഇടനിലക്കാരുടെ ചൂഷണം കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മൂപ്പെത്തി വിളവെടുക്കുന്ന കായ്കളിൽ പകുതിയിലധികവും ഇടനിലക്കാർ രണ്ടാംതലത്തിലേക്ക് മാറ്റുകയാണെന്ന ആരോപണമാണ് കർഷകർ ഉന്നയിക്കുന്നത്. കായകൾ വെട്ടി തീരേണ്ട സമയത്ത് നിറമില്ലെന്ന് പറഞ്ഞാണ് രണ്ടാം തരത്തിലേക്ക് മാറ്റുന്നതെന്നും ഇവർ പറയുന്നു.

കൊച്ചി: മുൻ എക്സൈസ് മന്ത്രിയും തൃപ്പൂണിത്തുറ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് നടപടി. 2007 ജൂലായ് മുതൽ 2016 മെയ് വരെയുള്ള കാലയളവിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് കണ്ടെത്തൽ. കെ ബാബുവിനെതിരെ വിജിലൻസ് അനധികൃത സ്വത്ത് സമ്പാദന കേസ് രജിസ്റ്റർ ചെയ്തിരുന്നു.

25.82 ലക്ഷം രൂപയുടെ അധികസ്വത്ത് കെ. ബാബുവിനുണ്ടെന്ന് വ്യക്തമാക്കിയാണ് വിജിലൻസ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. വിജിലൻസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്‌സ്‌മെന്റ് കെ ബാബുവിനെതിരെ നടപടികൾ ആരംഭിച്ചത്. 2018 ലാണ് കെ ബാബുവിനെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്. കെ ബാബുവിന് നൂറ് കോടിയുടെ സ്വത്തുണ്ടെന്നും ഇതിൽ 41 ശതമാനം അനധികൃതമായി സമ്പാദിച്ചതാണെന്നുമായിരുന്നു കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്.

2007 ജൂലൈ മുതൽ 2016 മെയ് വരെ കെ ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാണ് കേസ്. 49.45 ശതമാനം അനധികൃത സമ്പാദ്യമാണ് ഇക്കാലത്തുണ്ടാക്കിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം വിജിലൻസ് സ്‌പെഷ്യൽ സെൽ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇഡി കെ ബാബുവിനെ ചോദ്യം ചെയ്തിരുന്നു.