കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൈവിരൽ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച നാലുവയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിലാണ് പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. പിഞ്ചുകുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ സർക്കാർ കൊട്ടിഘോഷിക്കുന്ന നമ്പർ വൺ കേരളമെന്ന് വി ഡി സതീശൻ ചോദിക്കുന്നു.
എല്ലാ വകുപ്പുകളിലുമെന്ന പോലെ ആരോഗ്യവകുപ്പിലും ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതിയാണ്. കാലങ്ങൾ കൊണ്ട് കേരളം ആരോഗ്യ മേഖലകളിൽ ആർജ്ജിച്ചെടുത്ത നേട്ടങ്ങൾ നിരന്തരം ഇല്ലാതാക്കുകയെന്നതാണ് സർക്കാർ ഇപ്പോൾ ചെയ്യുന്നത്. തുടർച്ചയായി സംഭവിക്കുന്ന ചികിത്സാപ്പിഴവുകളിലൂടെ സർക്കാർ ആശുപത്രികളുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും സതീശൻ പറഞ്ഞു.
സർക്കാർ സംവിധാനങ്ങളെ വിശ്വസിച്ച് ചികിത്സയ്ക്ക് എത്തുന്ന പാവങ്ങളുടെ ജീവന് വില കൽപ്പിക്കാത്ത അവസ്ഥ പൂർണമായും ഇല്ലാതാക്കണം. ഏത് സംഭവത്തിലും അടിയന്തര റിപ്പോർട്ട് നൽകാൻ ഉത്തരവിടുന്നതല്ലാതെ റിപ്പോർട്ടിൽ എന്ത് തിരുത്തൽ നടപടിയാണ് ആരോഗ്യവകുപ്പും മന്ത്രിയും ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇത് ആദ്യത്തെ സംഭവമല്ല. ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റിൽ കുടുങ്ങിയ ഹർഷിന ഇപ്പോഴും നീതിക്ക് വേണ്ടി പോരാട്ടം തുടരുകയാണ്. മരുന്നുക്ഷാമം ഉൾപ്പെടെ സർക്കാർ ആശുപത്രികൾക്കെതിരെ ഉയർന്ന എല്ലാ പരാതികളിലും ജനങ്ങളെ പരിഹസിക്കുന്നതാണ് ആരോഗ്യമന്ത്രിയുടെയും സർക്കാരിന്റെയും നിലപാട്. അങ്ങനെയുള്ളവരിൽനിന്നും ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണെന്നും അദ്ദേഹം അറിയിച്ചു.

