ആര് ഉദ്ഘാടനം ചെയ്യണമെന്നതിലെ തർക്കം; സർവ്വീസ് ആരംഭിക്കാതെ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ്

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി നഗരത്തിൽ വിനോദ സഞ്ചാരികൾക്കായി സർവീസ് നടത്താൻ സ്മാർട് സിറ്റി പദ്ധതി വഴിയെത്തിയ 2 ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് 25 ദിവസമായിട്ടും സർവ്വീസ് ആരംഭിച്ചില്ല. സിറ്റി സർക്കുലർ സർവീസിനെത്തിയ 20 ഇലക്ട്രിക് ബസുകളും 25 ദിവസമായിട്ടും സർവീസ് ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ല.

രാജ്യത്ത് മുംബൈ നഗരം കഴിഞ്ഞാൽ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് എത്തുന്ന രണ്ടാമത്തെ നഗരമാണ് തിരുവനന്തപുരം. സ്മാർട് സിറ്റി പദ്ധതി വഴി വന്നതിനാൽ പൂർണമായും ഗതാഗത വകുപ്പിന് ഈ പദ്ധതിയുടെ ഉടമസ്ഥത അവകാശപ്പെടാനാവില്ല. തിരുവനന്തപുരം കോർപറേഷന്റെയും കേന്ദ്രസർക്കാരിന്റെയും പണം ഉപയോഗിച്ചാണ് ബസുകൾ വാങ്ങിയത്.

സ്മാർട്‌സിറ്റി പദ്ധതിയിൽ നേരത്തെ അനുവദിച്ചിരുന്ന പണം ചെലവാകാതെ ലാപ്‌സായി പോകുമെന്ന ഘട്ടത്തിൽ ഗതാഗത വകുപ്പാണ് ഇലക്ട്രിക് ബസുകൾ സിറ്റി സർക്കുലറിനും 2 ഇലക്ട്രിക് ഡബിൾ ഡക്കർ ബജറ്റ് ടൂറിസത്തിനുമായി പദ്ധതി റിപ്പോർട്ട് സമർപ്പിച്ചത്.

ആര് ഉദ്ഘാടനം ചെയ്യണമെന്നതിലെ തർക്കമാണ് ഈ ബസുകൾ പുറത്തിറക്കന്നതിൽ തടസ്സമായി നിൽക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. തദ്ദേശ സ്ഥാപനത്തിന്റെ പണമുള്ളതിനാൽ തദ്ദേശ മന്ത്രി എം ബി രാജേഷാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. ഗതാഗത മന്ത്രിയാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം.