ന്യൂഡൽഹി: പരീക്ഷ ക്രമക്കേട് തടയാനുള്ള ബിൽ പാസാക്കി ലോക്‌സഭ. മത്സര പരീക്ഷകളിൽ കൃത്രിമം കാണിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുവരുത്തുന്ന ബില്ലാണ് ലോക്‌സഭയിൽ പാസായത്. പബ്ലിക് എക്‌സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർമീൻസ് ) ബിൽ 2024 എന്ന പേലിലുള്ള ബില്ല് ആണ് പാസാക്കിയത്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് പത്തുവർഷം തടവും ഒരു കോടി രൂപ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല്.
സംഘടിതമായി ചോദ്യക്കടലാസ് ചോർത്തുന്നവർക്ക് കർശന ശിക്ഷയായിരിക്കും ലഭിക്കുക. അഞ്ചു മുതൽ പത്തുകൊല്ലംവരെ തടവും ഒരു കോടി രൂപ വരെ പിഴയും ഇവർക്ക് ലഭിക്കും. യുപിഎസ്‌സി എസ്എസ്‌സി, റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ്, ഐബിപിഎസ്, എൻടിഎ നീറ്റ്, ജെഇഇ, തുടങ്ങിയവ നടത്തുന്ന പരീക്ഷകൾ അടക്കമുള്ളവയിലെ തട്ടിപ്പ് തടയലാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. ഉദ്യോഗസ്ഥരുമായി ചേർന്ന് ചോദ്യപേപ്പർ ചോർത്തുകയോ ഉത്തരക്കടലാസിൽ ക്രമക്കേട് കാണിക്കുകയോ ചെയ്യുന്നവർക്കാണ് പത്തു വർഷം തടവും ഒരു കോടി രൂപ പിഴയും ലഭിക്കുന്നത്.
ബില്ലിൽ പറയുന്ന കുറ്റകൃത്യങ്ങൾക്ക് ജാമ്യം ലഭിക്കില്ലെന്ന് മാത്രമല്ല, പൊലീസിന് വാറന്റില്ലാതെ അറസ്റ്റ് രേഖപ്പെടുത്താനുള്ള അനുമതിയും നൽകുന്നുണ്ട്. ഒത്തുതീർപ്പിലൂടെയുള്ള പ്രശ്‌ന പരിഹാരം കാണാനും കഴിയില്ല. ചോദ്യക്കടലാസോ ഉത്തരസൂചികയോ ചോർത്തൽ, പരീക്ഷാർഥിയെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കൽ, വ്യാജ വെബ്‌സൈറ്റുകൾ തയ്യാറാക്കി വഞ്ചിക്കലും പണംതട്ടിപ്പും, വ്യാജപരീക്ഷാ നടത്തിപ്പ്, വ്യാജമായി പരീക്ഷാകേന്ദ്ര പ്രവേശന കാർഡും ജോലിവാഗ്ദാന കാർഡുകളും തയ്യാറാക്കുക തുടങ്ങിയവയും ശിക്ഷാർഹമായ കുറ്റങ്ങളായി ബില്ലിൽ പറയുന്നു.
സർവീസ് പ്രൊവൈഡർ സ്ഥാപനങ്ങൾ ക്രമക്കേട് നടത്തിയാൽ ഒരു കോടി രൂപ വരെ പിഴയും ആനുപാതികമായ പരീക്ഷാ ചെലവ് വീണ്ടെടുക്കലും ശിക്ഷയായി നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ സ്ഥാപനത്തെ പൊതുപരീക്ഷ നടത്തുന്നതിൽ നിന്ന് നാല് വർഷത്തേക്ക് വിലക്കും. കുറ്റം ചെയ്തിട്ടുണ്ട് എന്ന് അന്വേഷണസംഘം തെളിയിക്കുന്ന പക്ഷം കടുത്ത നടപടിയുണ്ടാകും.

