Highlights (Page 25)

കൊച്ചി : മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസ് പൂർണമായും ആസൂത്രണം ചെയ്തത് ഐ ജി ലക്ഷ്മണെന്ന് ക്രൈം ബ്രാഞ്ച്. ലക്ഷ്മണിന്റെ ഇടക്കാല ജാമ്യം റദ്ദ് ചെയ്യാനുള്ള ഹർജിയോടനുബന്ധമായി സമർപ്പിച്ച റിപ്പോർട്ടിൽ ക്രൈം ബ്രാഞ്ച് ഗൂഢാലോചന കുറ്റം കൂടി ചുമത്തിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഐ ജി ക്കെതിരെ സുപ്രധാന തെളിവുകൾ കിട്ടിയതിനാൽ അദ്ദേഹം അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നതായും ക്രൈം ബ്രാഞ്ച് ആരോപിക്കുന്നുണ്ട്.

ഐ ജിയുടെ ആയുർവേദ ചികിത്സയും സമർപ്പിച്ച മെഡിക്കൽ രേഖയും അറസ്റ്റിൽ നിന്ന് രക്ഷപെടാനുള്ള മാർഗമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് മികച്ച ആയുർവേദ ചികിത്സ ലഭിച്ചിട്ടും ഐ ജി ചികിത്സ തേടി വെള്ളായണിയിലെ ഡിസ്പെന്സറിയിൽ പോയതിൽ ദുരൂഹതയുണ്ട്. തന്റെ പദവി ദുരുപയോഗം ചെയ്തതാണോ ഐ ജി വ്യാജ രേഖ ഉണ്ടാക്കിയതെന്ന് സംശയിക്കുന്നതായും ക്രൈം ബ്രാഞ്ച് വിശദീകരിക്കുന്നു.

എറണാകുളം : മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ കുടുംബവീട്ടിൽ നാളെ റവന്യൂ വകുപ്പിന്റെ സർവേ നടക്കും. സർവ്വേയുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് സർവേയർ കുഴൽ നാടന് നോട്ടീസ് നൽകിയിട്ടുണ്ട്. നാളെ രാവിലെ 11 മണി മുതൽ കോതമംഗലം കടവൂർ വില്ലേജിലെ എംഎൽഎയുടെ ഭൂമിയിലാണ് റീ സർവ്വേ നടത്തുന്നത്.

വിജിലൻസ് ആവശ്യപ്പെട്ടതിനെ തുടർന്ന് സർവ്വേ നടത്തുകയാണെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. കുഴൽ നാടന്റെ ചിന്നക്കനാലിലെ ഭൂമിയുമായി ബന്ധപ്പെട്ട വിവാദം കനക്കുമ്പോഴാണ് റവന്യു വകുപ്പ് പുതിയ അന്വേഷണവുമായി രംഗത്തെത്തിയിരിക്കുന്നത്. എംഎൽഎയുടെ കോതമംഗലത്തെ വീട്ടിലേക്ക് മണ്ണിട്ട് നികത്തി റോഡ് നിർമ്മിച്ചിരുന്നു. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ച് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ റീ സർവ്വേ നടത്തുന്നത്.

തന്റെ കുടുംബവീടിനോട് ചേർന്ന സ്ഥലം പിഡബ്ല്യുഡിക്ക് റോഡ് നിർമ്മിക്കാൻ വിട്ടുനൽകി. അതിനുശേഷം തന്റെ വീട് കുന്നിൻ മുകളിൽ നിൽക്കുന്നതു പോലെയായി. വാഹനം പോലും കയറ്റാൻ പറ്റാതെയായതോടെ വീട്ടിലേക്ക് റോഡ് വെട്ടിയതിനെതിരെയാണ് ചിലർ പരാതിയുമായി രംഗത്ത് വന്നതെന്നായിരുന്നു എംഎൽഎയുടെ പ്രതികരണം.

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ രൂപീകരിച്ച ഇന്ത്യ സഖ്യത്തിൽ പോര് തുടങ്ങി. കോൺഗ്രസും ആംആദ്മി പാർട്ടിയും തമ്മിലാണ് ആദ്യ പോര് നടന്നത്. ഡൽഹിയിലെ കോൺഗ്രസ് നേതാവ് അൽക ലാംബ നടത്തിയ പ്രതികരണമാണ് മുന്നണിയിലെ ഭിന്നതയെ ക്കുറിച്ച് സൂചന നൽകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴു സീറ്റുകളിലും കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അൽക്ക ലാംബ പറഞ്ഞിരുന്നു. കോൺഗ്രസ് ലോക്‌സഭാ മുന്നൊരുക്ക ചർച്ചയ്ക്ക് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇതിന് പിന്നാലെ എ.എ.പി വക്താവ് പ്രിയങ്ക കക്കാർ പ്രതികരണവുമായി രംഗത്തെത്തി. ഡൽഹിയിൽ ഒന്നിച്ച് നിൽക്കാൻ താത്പര്യമില്ലെങ്കിൽ ഇന്ത്യ സഖ്യം ഉണ്ടാക്കുന്നതിൽ കാര്യമില്ലെന്നെന്ന് പ്രിയങ്ക കക്കാർ അഭിപ്രായപ്പെട്ടു. വെറുതെ സമയം പാഴാക്കുന്നതാവും മുന്നണി രൂപീകരണമെന്നും അടുത്ത ഇന്ത്യ മുന്നണി യോഗത്തിൽ പങ്കെടുക്കുന്നതിനെ കുറിച്ച് പാർട്ടി ഉന്നത നേതൃത്വം തീരുമാനമെടുക്കുമെന്നും പ്രിയങ്ക കക്കാർ അറിയിച്ചു.

അതേസമയം, തിരഞ്ഞെടുപ്പ് സഖ്യത്തെക്കുറിച്ച് പാർട്ടിയുടെ ഉന്നതാധികാര സമിതി പ്രതികരിക്കുമെന്ന് ഡൽഹി മന്ത്രിയും എഎപി നേതാവുമായ സൗരഭ് ഭരദ്വാജ് വ്യക്തമാക്കി. പാർട്ടി രാഷ്ട്രീയ കാര്യ സമിതിയും സഖ്യത്തിലെ മറ്റു കക്ഷികളും ഒരുമിച്ചിരുന്നും തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്നു. റീടെയിൽ വിലക്കയറ്റ തോത് ജൂണിലെ അപേക്ഷിച്ച് കുതിച്ചുയർന്നിരിക്കുകയാണ്. ജൂൺ മാസം 4.87 ശതമാനമായിരുന്ന വിലക്കയറ്റ തോത്, ജൂലൈയിൽ 7.44 ശതമാനമായി ഉയർന്നു. ഉപഭോക്തൃ വില സൂചിക ആധാരമാക്കിയുള്ള വിലസൂചികയാണിത്. ആർബിഐ അനുവദിക്കുന്ന പരമാവധി വിലക്കയറ്റതോത് രണ്ട് മുതൽ ആറ് ശതമാനം വരെയാണ്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ആദ്യമായാണ് ഈ പരിധി കടന്ന് വിലക്കയറ്റം കുതിക്കുന്നത്.

മെയ് മാസം വിലക്കയറ്റ തോത് 4.25 ശതമാനമായി കുറഞ്ഞിരുന്നു. പിന്നീട് ഇടവപ്പാതി കാലത്ത് മഴ കുറഞ്ഞതോടെ തക്കാളിക്കും, മറ്റു പച്ചക്കറികൾക്കും വില വർദ്ധിച്ചു. തുടർന്ന് ജൂലൈയിൽ റീടെയിൽ വിലയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തി.

പച്ചക്കറിയുടെ വാർഷിക റീട്ടെയ്ൽ വിലക്കയറ്റം 37.43 ശതമാനവും, ധാന്യ വിലക്കയറ്റം 13 ശതമാനവും ആയിരുന്നു. റിടെയ്ൽ വിലക്കയറ്റം 4 ശതമാനത്തിൽ നിൽക്കുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ആർബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-3യുടെ മൂന്നാംഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയകരം. ഐഎസ്ആർഒയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 11.50ഓടെയാണ് ചന്ദ്രയാൻ-3 ഭ്രമണപഥം താഴ്ത്തിയത്.

നേരത്തെ രണ്ടു തവണ ചന്ദ്രയാൻ പേടകത്തിന്റെ ഭ്രമണപഥം താഴ്ത്തൽ വിജയകരമായിരുന്നു. ഓഗസ്റ്റ് 6, 9 തീയതികളിലായിരുന്നു പേടകത്തിന്റെ ആദ്യ രണ്ട് ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയാക്കിയത്.

ഓഗസ്റ്റ് 16ന് രാവിലെ എട്ടരയ്ക്ക് നാലാംഘട്ട ഭ്രമണപഥം താഴ്ത്തൽ നടക്കും. തുടർന്ന് ഓഗസ്റ്റ് 17ന് വിക്രം ലാൻഡർ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപെടും.

ഓഗസ്റ്റ് 23ന് വൈകീട്ട് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് നടത്തും. തുടർന്ന് ലാൻഡറും ലാൻഡറിനുള്ളിൽനിന്ന് പുറത്തേക്ക് വരുന്ന റോവറും ചന്ദ്രനിൽ പര്യവേക്ഷണം നടത്തുമെന്നും ഐഎസ്ആർഒ അറിയിച്ചു.

തിരുവനനന്തപുരം: ഓണക്കാലത്ത് കേരളത്തിന് ആശ്വാസം. ഓണക്കാലത്തെ മലയാളികളുടെ യാത്രാ ദുരിതം പരിഹരിക്കാൻ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും അനുകൂല നടപടിയുണ്ടായി. മുംബൈയിൽ നിന്നും കേരളത്തിലേക്ക് ഇന്ത്യൻ റെയിൽവേ പ്രത്യേക ട്രെയിൻ അനുവദിച്ചു. കേരളത്തിന്റെ ആവർത്തിച്ചുള്ള ആവശ്യം പരിഗണിച്ചാണ് റെയിൽവേയുടെ നടപടി.

പൽവേൽ-നാഗർകോവിൽ സ്‌പെഷ്യൽ ട്രെയിൻ ഈ മാസം 22ന് നാഗർകോവിലിൽ നിന്ന് പൻവേലിലേക്കും, 24 ന് പൻവേലിൽ നിന്ന് നാഗർകോവിലിലേക്കും സർവീസ് നടത്തും. സെപ്തംബർ 7 വരെ ആകെ മൂന്ന് സർവീസാണ് കേരളത്തിലേക്കുണ്ടാകുക. തിരിച്ചും മൂന്ന് സർവീസ് ഉണ്ടാകുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, ഓണത്തിന് കേരളത്തിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേക ട്രെയിൻ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കെ വി തോമസ് കത്ത് നൽകിയിരുന്നു. ബംഗളൂരു , ചെന്നൈ , ഡൽഹി, കൊൽക്കത്ത , ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നും പ്രത്യേക സർവീസ് വേണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. പ്രത്യേക തീവണ്ടികൾ വേണമെന്ന ആവശ്യത്തിൽ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുമായി തിങ്കളാഴ്ച ചർച്ച നടത്തുമെന്നും കെ വി തോമസ് വ്യക്തമാക്കി.

ഇടുക്കി: സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി പെട്ടിമുടിയിലെ ദുരന്തബാധിതർ രംഗത്ത്. ദുരന്തം നടന്ന് മൂന്നു വർഷമായിട്ടും സർക്കാറിന്റെ ഉറപ്പുകൾ നടപ്പിലായില്ലെന്നാണ് ഇവരുടെ ആരോപണം. മാതാപിതാക്കളെ നഷ്ടപ്പെട്ട് ബന്ധുക്കളുടെ ആശ്രയത്തിൽ കഴിയുന്ന ശരണ്യയും അന്നലക്ഷ്മിയുമാണ് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഏറെ ബുദ്ധിമുട്ടിയാണ് ഇവർ പഠനം നടത്തുന്നത്. തങ്ങളുടെ പഠനം പൂർത്തിയാക്കുവാൻ സർക്കാർ നൽകിയ വാഗ്ദാനം നടപ്പിലാക്കണമെന്ന ആവശ്യവും ഇവർ മുന്നോട്ടുവെയ്ക്കുന്നു.

രാമലക്ഷ്മി, മുരുകൻ ദമ്പതികളുടെ മക്കളാണ് ശരണ്യയും അന്നലക്ഷ്മിയും. 2020 ഓഗസ്റ്റ് ആറാം തീയതി പെട്ടിമുടിയിൽ നടന്ന ദുരന്തത്തിലാണ് രാജലക്ഷ്മിയും മുരുകനും മരിച്ചത്. തമിഴ്നാട്ടിലെ ബന്ധുവായ ചുടമണിയുടെ ആശ്രയത്തിലാണ് ഇപ്പോൾ ശരണ്യയും അന്നലക്ഷ്മിയും ജീവിക്കുന്നത്. ഇരുവരുടെയും പഠനം ഏറ്റെടുക്കാമെന്ന് ദുരന്തത്തിന് ശേഷം സർക്കാർ ഉറപ്പു നൽകിയിരുന്നതാണ്.

പഠന ചിലവുകൾക്കു വേണ്ടി വരുന്ന തുകയെക്കുള്ള വിവരങ്ങൾ നൽകുവാൻ സർക്കാർ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഈ വിവരങ്ങൾ ഇവർ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതു വരെ ഒരു സഹായവും ലഭിച്ചില്ലെന്നാണ് ഇവർ വ്യക്തമാക്കുന്നത്. അന്നലക്ഷ്മി രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിയാണ്. അന്നലക്ഷ്മിയുടെ പഠനം പൂർത്തിയാക്കാൻ വലിയൊരു തുക ആവശ്യമാണ്. ശരണ്യ ഡിഗ്രി പഠനം ഈ വർഷം പൂർത്തിയാക്കി.

കോട്ടയം : മാസപ്പടി വിവാദത്തിൽ മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രിയോടും മകളോടും വൈരാഗ്യം തീർക്കാനുള്ള ഒരു റിപ്പോർട്ടാണ് ഇപ്പോൾ വന്നിരിക്കുന്നതെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. സത്യസന്ധമായി രണ്ട് കമ്പനികൾ തമ്മിൽ ഏർപ്പെട്ട കരാറിന്റെ അടിസ്ഥാനത്തിൽ ക്രയവിക്രയം നടത്താൻ അവർക്ക് അവകാശമുണ്ട്. കമ്പനിയുടെ കൃത്യമായ ആദായ നികുതിയുൾപ്പെടെയുള്ള വ്യക്തമാക്കിയതാണ്.

എന്നിട്ടും ചിലർ വാർത്തയുണ്ടാക്കി മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കടന്നാക്രമിക്കുകയാണ് എന്നിങ്ങനെയായിരുന്നു ഗോവിന്ദന്റെ പ്രതികരണം. എന്തൊക്കെ സേവനങ്ങൾ വീണയുടെ കമ്പനി നൽകി എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘സേവനങ്ങൾ എനിക്കും നിങ്ങൾക്കും അറിയില്ല’ എന്ന മറുപടിയാണ് ലഭിച്ചത്. കമ്പനികൾ തമ്മിൽ ഒരു ദുരൂഹതയുമില്ലെന്നും എല്ലാം കൃത്യമാണെന്നും പറഞ്ഞായിരുന്നു അദ്ദേഹം പ്രതികരണം അവസാനിപ്പിച്ചത്.

ഹൈദരാബാദ് : തിരുപ്പതിയിൽ തീർത്ഥാടനത്തിനെത്തിയ സംഘത്തിലെ 6 വയസ്സുകാരിയെ പുലി കടിച്ചു കൊന്നു. ആന്ധ്ര സ്വദേശിയായ ലക്ഷിത എന്ന കുട്ടിയെയാണ് പുലി ആക്രമിച്ച് കൊന്നത്. ഇന്നലെ വൈകിട്ട് അലിപിരി വാക്ക് വേയിലാണ് സംഭവം നടന്നത്. അച്ഛനും അമ്മയ്ക്കും ഒപ്പം നടന്നു പോകവെയായിരുന്നു പുലിയുടെ ആക്രമണം.

രക്ഷിതാക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ട് പോയിരുന്നു. പോലീസെത്തിയാണ് കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തിരിച്ചറിയാനാവാത്ത വിധം വികൃതമായിരുന്നു മൃതദേഹം. കഴിഞ്ഞ മാസവും തിരുപ്പതിയിൽ കുട്ടിയെ പുലി ആക്രമിച്ചിരുന്നു.

ന്യൂ ഡൽഹി : ബ്രിട്ടീഷ് ഭരണകാലത്തെ 3 നിയമങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ . ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ നടപടി ചട്ടം, ഇന്ത്യൻ തെളിവ് നിയമം എന്നിവയ്ക്ക് പകരമായാണ് ആഭ്യന്തര മന്ത്രി 3 ബില്ലുകൾ ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചത്. ഭാരതീയ ന്യായ സംഹിത 2023, നാഗരികസുരക്ഷ സംഹിത 2023, സാക്ഷ്യബിൽ 2023 എന്നിവയാണ് പുതിയ നിയമങ്ങൾ.

ഭരണകൂടത്തെ സംരക്ഷിച്ച് നീതി നടപ്പാക്കാതെ ശിക്ഷ നടത്താനായിരുന്നു ഐ പി സി പോലുള്ള നിയമങ്ങൾ ബ്രിട്ടീഷ് കൊണ്ട് വന്നത്. ഇന്ത്യൻ പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ നിയമം. ഈ നിയമങ്ങളുടെ ലക്ഷ്യം ശിക്ഷിക്കുന്നതിലുപരി നീതി നടപ്പാക്കുക എന്നതായിരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ആൾക്കൂട്ട കൊലപാതകങ്ങൾക്ക് വധ ശിക്ഷ നടപ്പാക്കുമെന്നും കൂട്ടബലാത്സംഗത്തിന് 20 വർഷം മുതൽ ജീവപര്യന്തം വരെ തടവ് നൽകുമെന്നും അദ്ദേഹം ലോക്സഭയിൽ അഭിപ്രായപ്പെട്ടു.