തിരുവനനന്തപുരം: ഓണക്കാലത്ത് കേരളത്തിന് ആശ്വാസം. ഓണക്കാലത്തെ മലയാളികളുടെ യാത്രാ ദുരിതം പരിഹരിക്കാൻ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും അനുകൂല നടപടിയുണ്ടായി. മുംബൈയിൽ നിന്നും കേരളത്തിലേക്ക് ഇന്ത്യൻ റെയിൽവേ പ്രത്യേക ട്രെയിൻ അനുവദിച്ചു. കേരളത്തിന്റെ ആവർത്തിച്ചുള്ള ആവശ്യം പരിഗണിച്ചാണ് റെയിൽവേയുടെ നടപടി.
പൽവേൽ-നാഗർകോവിൽ സ്‌പെഷ്യൽ ട്രെയിൻ ഈ മാസം 22ന് നാഗർകോവിലിൽ നിന്ന് പൻവേലിലേക്കും, 24 ന് പൻവേലിൽ നിന്ന് നാഗർകോവിലിലേക്കും സർവീസ് നടത്തും. സെപ്തംബർ 7 വരെ ആകെ മൂന്ന് സർവീസാണ് കേരളത്തിലേക്കുണ്ടാകുക. തിരിച്ചും മൂന്ന് സർവീസ് ഉണ്ടാകുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, ഓണത്തിന് കേരളത്തിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേക ട്രെയിൻ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കെ വി തോമസ് കത്ത് നൽകിയിരുന്നു. ബംഗളൂരു , ചെന്നൈ , ഡൽഹി, കൊൽക്കത്ത , ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നും പ്രത്യേക സർവീസ് വേണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. പ്രത്യേക തീവണ്ടികൾ വേണമെന്ന ആവശ്യത്തിൽ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുമായി തിങ്കളാഴ്ച ചർച്ച നടത്തുമെന്നും കെ വി തോമസ് വ്യക്തമാക്കി.

