കോട്ടയം : മാസപ്പടി വിവാദത്തിൽ മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രിയോടും മകളോടും വൈരാഗ്യം തീർക്കാനുള്ള ഒരു റിപ്പോർട്ടാണ് ഇപ്പോൾ വന്നിരിക്കുന്നതെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. സത്യസന്ധമായി രണ്ട് കമ്പനികൾ തമ്മിൽ ഏർപ്പെട്ട കരാറിന്റെ അടിസ്ഥാനത്തിൽ ക്രയവിക്രയം നടത്താൻ അവർക്ക് അവകാശമുണ്ട്. കമ്പനിയുടെ കൃത്യമായ ആദായ നികുതിയുൾപ്പെടെയുള്ള വ്യക്തമാക്കിയതാണ്.
എന്നിട്ടും ചിലർ വാർത്തയുണ്ടാക്കി മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കടന്നാക്രമിക്കുകയാണ് എന്നിങ്ങനെയായിരുന്നു ഗോവിന്ദന്റെ പ്രതികരണം. എന്തൊക്കെ സേവനങ്ങൾ വീണയുടെ കമ്പനി നൽകി എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘സേവനങ്ങൾ എനിക്കും നിങ്ങൾക്കും അറിയില്ല’ എന്ന മറുപടിയാണ് ലഭിച്ചത്. കമ്പനികൾ തമ്മിൽ ഒരു ദുരൂഹതയുമില്ലെന്നും എല്ലാം കൃത്യമാണെന്നും പറഞ്ഞായിരുന്നു അദ്ദേഹം പ്രതികരണം അവസാനിപ്പിച്ചത്.

