ബ്രിട്ടീഷ് ഭരണകാലത്തെ നിയമങ്ങളിൽ മാറ്റംവരുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ന്യൂ ഡൽഹി : ബ്രിട്ടീഷ് ഭരണകാലത്തെ 3 നിയമങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ . ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ നടപടി ചട്ടം, ഇന്ത്യൻ തെളിവ് നിയമം എന്നിവയ്ക്ക് പകരമായാണ് ആഭ്യന്തര മന്ത്രി 3 ബില്ലുകൾ ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചത്. ഭാരതീയ ന്യായ സംഹിത 2023, നാഗരികസുരക്ഷ സംഹിത 2023, സാക്ഷ്യബിൽ 2023 എന്നിവയാണ് പുതിയ നിയമങ്ങൾ.

ഭരണകൂടത്തെ സംരക്ഷിച്ച് നീതി നടപ്പാക്കാതെ ശിക്ഷ നടത്താനായിരുന്നു ഐ പി സി പോലുള്ള നിയമങ്ങൾ ബ്രിട്ടീഷ് കൊണ്ട് വന്നത്. ഇന്ത്യൻ പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ നിയമം. ഈ നിയമങ്ങളുടെ ലക്ഷ്യം ശിക്ഷിക്കുന്നതിലുപരി നീതി നടപ്പാക്കുക എന്നതായിരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ആൾക്കൂട്ട കൊലപാതകങ്ങൾക്ക് വധ ശിക്ഷ നടപ്പാക്കുമെന്നും കൂട്ടബലാത്സംഗത്തിന് 20 വർഷം മുതൽ ജീവപര്യന്തം വരെ തടവ് നൽകുമെന്നും അദ്ദേഹം ലോക്സഭയിൽ അഭിപ്രായപ്പെട്ടു.