Highlights (Page 24)

മേപ്പടിയാൻ എന്ന ചിത്രത്തിന്റെ നിർമാണത്തിലേക്ക് താൻ എത്തിയതിനെ കുറിച്ച് വിശദമാക്കി നടൻ ഉണ്ണി മുകുന്ദൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താനെന്റെ ഹൃദയം തുറക്കുന്നു എന്ന വാചകത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. തന്റെ വീടും പറമ്പും പണയംവെച്ചാണ് മേപ്പടിയാന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ തുടങ്ങിയതെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. മികച്ച നവാഗത സംവിധായകനുള്ള ദേശീയപുരസ്‌കാരം മേപ്പടിയാനിലൂടെ വിഷ്ണു മോഹന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് താരം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്.

തന്റെ സ്വപ്നങ്ങൾക്കൊപ്പം നിന്ന്, ബലവും ധൈര്യവും തന്നത് അച്ഛനമ്മമാരാണ്. നിങ്ങൾക്കു വേണമെങ്കിൽ ഈ കുറിപ്പ് വായിക്കാതിരിക്കാം. എന്നാൽ തന്റെ ഹൃദയം ഇതിലുണ്ട്. ജീവിതത്തിലെ പ്രതിബന്ധങ്ങളെക്കുറിച്ച് സാധാരണയായി താൻ സംസാരിക്കാറില്ല. എന്നാൽ ഇന്ന് അങ്ങനെയല്ല, എന്നുപറഞ്ഞുകൊണ്ടാണ് ഉണ്ണി മുകുന്ദൻ കുറിപ്പ് ആരംഭിക്കുന്നത്.

മേപ്പടിയാൻ ഒരിക്കലും എളുപ്പമായിരുന്നില്ല. വിചിത്രമായ പല കാരണങ്ങളാലും പ്രോജക്ട് തുടങ്ങാൻ കഴിഞ്ഞില്ല. തന്നെ ഒരു നടൻ എന്ന നിലയിൽ വെല്ലുവിളിച്ച ഈ ചിത്രം നടന്നിരുന്നില്ലെങ്കിൽ അത് 800 ന് മുകളിൽ വരുന്ന, താൻ അതുവരെ വായിച്ച തിരക്കഥകളിൽ ഒന്ന് മാത്രമായി ചുരുങ്ങുമായിരുന്നു. തുടക്കത്തിൽ മേപ്പടിയാനെ മറ്റൊരു പ്രൊഡക്ഷൻഹൗസ് പിന്തുണച്ചിരുന്നു. പക്ഷേ പിന്നീട് വ്യക്തിപരമായ കാരണങ്ങളാൽ അവർ പിന്മാറി. അടുത്ത ഒരു വർഷത്തേക്ക് തങ്ങളെ പ്രോജക്റ്റ് ആരംഭിക്കുന്നതിൽ നിന്ന് തടഞ്ഞ ഒരു മാന്യന്റെ വരവായിരുന്നു പിന്നീട്. ആ സമയമായപ്പോഴേക്കും തനിക്ക് 20 കിലോ ശരീരഭാരം കൂടി. സമ്മർദവും കൂടിവന്നു. ചിത്രീകരണം ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുൻപ് നിർമാതാവ് പിന്മാറി. ഈ പ്രോജക്റ്റിനെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും അസ്തമിപ്പിച്ച് സംവിധായകൻ വിഷ്ണു ബോധംകെട്ട് വീണു. ലോകത്തെ ഒന്നടങ്കം മോശമായി ബാധിച്ച മഹാമാരിയുടെ നടുവിലാണെങ്കിലും സ്വന്തമായി പ്രൊഡക്ഷൻ ഹൗസ് തുടങ്ങണമെന്ന് താൻ തീരുമാനിച്ചത് ആ നിമിഷത്തിലായിരുന്നുവെന്ന് ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.

ലോക്ക്ഡൗണിൽ ലോകം നിശ്ചലമായിരിക്കേ തങ്ങൾ കാത്തിരിക്കുകയായിരുന്നു. പണം എവിടെനിന്ന് കണ്ടെത്തുമെന്ന് അറിയില്ലായിരുന്നു. എന്റെ വീട് പണയം വെച്ച് ആ പണം കൊണ്ട് പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. ഇത് ശരിയായില്ലെങ്കിൽ ഇതുതന്നെയാവും അവസാനമെന്ന് താനെന്റെ മാതാപിതാക്കളോട് പറഞ്ഞു. അവർ എനിക്കൊപ്പം നിന്നു. തനിക്കുവേണ്ട ബലവും ധൈര്യവും അവർ തന്നു. ഈ ചിത്രം ആരംഭിക്കാൻ ഞാൻ നേരിട്ട മുഴുവൻ പ്രതിബന്ധങ്ങളെക്കുറിച്ചും വിഷ്ണുവിന് അറിയാം. പിന്നീട് ചിത്രീകരണം നടന്നു. ഒരു സാറ്റലൈറ്റ് ചാനലുമായി പ്രീ റിലീസ് ബിസിനസ് ഡീലും നടന്നു. എല്ലാം പ്രതീക്ഷ നൽകുന്നതായിരുന്നു. ചിത്രം വിജയിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നു. റിലീസിന് ഒരാഴ്ച മുൻപാണ് ഇഡിയുടെ റെയ്ഡ് (ഇതിനുള്ള വിശദീകരണം ഞാൻ പിന്നീട് നൽകും) നടക്കുന്നത്. അതോടെ സാറ്റലൈറ്റ് ചാനൽ പിന്മാറി. ഒടിടി ഡീൽ പൂർത്തിയാവാതെ നിന്നു. കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും വന്നതിനാൽ ചില പ്രധാന സിനിമകൾ റിലീസ് മാറ്റി. ആളുകൾ തിയറ്ററുകളിൽ നിന്ന് അകന്നുനിന്ന സമയത്ത് കൂടുതൽ ചിത്രങ്ങളും ഒടിടി ചാനലുകളെയാണ് ആശ്രയിച്ചതെന്നും അദ്ദേഹം അറിയിച്ചു.

പക്ഷേ എന്നെ സംബന്ധിച്ച് തിയറ്റർ റിലീസ് എന്നതിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല. 2012 ജനുവരി 14നാണ് ഒരു നടനായി എന്റെ യാത്ര ആരംഭിക്കുന്നത്. ജനുവരി 14, 2020 ൽ ഒരു നിർമാതാവായും യാത്ര തുടങ്ങി. ജീവിതം ഒരു വൃത്തത്തിലെത്തി അവസാനിക്കുന്നതുപോലെ തോന്നി. മേപ്പടിയാൻ തിയറ്ററുകളിലെത്തിയപ്പോൾ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. കുടുംബപ്രേക്ഷകർ കൂട്ടമായി തിയറ്ററുകളിലേക്ക് എത്തി. കടങ്ങൾ വീട്ടാൻ തങ്ങൾക്ക് സാധിച്ചു. കയ്യടികളും ലഭിച്ചു. നിരവധി പുരസ്‌കാരങ്ങൾ മുൻപും ചിത്രത്തിന് ലഭിച്ചിരുന്നു. പക്ഷേ ഈ പുരസ്‌കാരം സ്‌പെഷ്യൽ ആണ്. എല്ലായ്‌പ്പോഴും അങ്ങനെ ആയിരിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സിനിമയിൽ ജയകൃഷ്ണൻ ചെയ്യുന്നതുപോലെ പുതിയ വീട് വയ്ക്കാൻ കുറച്ച് സ്ഥലം താൻ വാങ്ങി. ജയകൃഷ്ണൻ 52 സെന്റ് സ്ഥലമാണ് പണയം വച്ചതെങ്കിൽ സിനിമയ്ക്കുവേണ്ടി ഞാൻ 56 സെന്റ് ആണ് വച്ചത്. ജയകൃഷ്ണനേക്കാൾ നാല് സെന്റ് കൂടുതൽ. ഒന്നും എളുപ്പമായിരുന്നില്ലെന്ന് പറയുകയായിരുന്നു. തന്റെ സ്വപ്നങ്ങളിൽ വിശ്വസിച്ച അച്ഛനമ്മമാർക്ക് നന്ദി. 18 വർഷം മുൻപ് 1700 കിലോമീറ്റർ യാത്ര ചെയ്ത് അഹമ്മദാബാദിൽ നിന്ന് തൃശൂരിലേക്ക് എത്തുമ്പോൾ എന്തൊക്കെയാണ് തന്നെ കാത്തിരിക്കുന്നതെന്ന് ഒരു ധാരണയും ഉണ്ടായിരുന്നില്ല. ഹൃദയം പറയുന്നതനുസരിച്ച് മുന്നോട്ട് പോകുമ്പോൾ ഒരു നിമിഷം പോലും ശങ്കിക്കരുതെന്നാണ് പറയാനുള്ളത്. മുഴുവൻ മേപ്പടിയാൻ ടീമിനും നന്ദി പറയാൻ ഈ അവസരം ഞാൻ ഉപയോ?ഗിക്കുന്നു. ഏറ്റവും പ്രധാനമായി ഈ മാഹാത്മ്യത്തിനും പുതിയ തുടക്കങ്ങൾക്കും അയ്യപ്പസ്വാമിക്കു നന്ദി പറയുന്നുവെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.

ജോഹന്നാസ്ബർഗ് : ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ അംഗമാകാൻ യു എ ഇ ഉൾപ്പെടെ 6 പുതിയ രാജ്യങ്ങൾക്ക് ക്ഷണം നൽകി. യു എ ഇ, സൗദി അറേബ്യ, ഇറാൻ, അർജന്റീന, എത്യോപ്യ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളെയാണ് പുതിയതായി ബ്രിക്സ് അംഗങ്ങളാകാൻ ക്ഷണിച്ചിരിക്കുന്നത് . യു എ ഇ ഉൾപ്പെടയുള്ള രാജ്യങ്ങൾക്ക് സ്ഥാപക രാജ്യങ്ങളായ ഇന്ത്യ, ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയുടെ അംഗീകാരത്തോടെയാണ് അംഗത്വം നൽകുന്നത്.

ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ ജോഹന്നാസ് ബർഗിൽ നടക്കുന്ന ഉച്ചകോടിയിലായിരുന്നു രാജ്യങ്ങൾക്ക് ക്ഷണം നൽകിയത്. സാമ്പത്തിക -വ്യാപാര മേഖലകളിലുൾപ്പെടെ വലിയ മാറ്റങ്ങളായിരിക്കും ബ്രിക്സ് കൂട്ടായ്‌മ വിപുലീകരിക്കുമ്പോൾ ഉണ്ടാകാൻ പോകുന്നത്. പുതിയതായി രാജ്യങ്ങൾക്ക് അംഗത്വം നൽകാനുള്ള തീരുമാനം സ്വീകരിച്ചത് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയിലായിരുന്നു. 2024 ജനുവരി ഒന്ന് മുതലായിരിക്കും പുതിയ രാജ്യങ്ങൾക്ക് ബ്രിക്സ് അംഗത്വം നൽകുന്നത്.

തിരുവനന്തപുരം: എ സി മൊയ്തീന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇ.ഡി അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം എ സി മെയ്തീന് പിന്തുണ നൽകിയത്. വളരെ മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നയാളാണ് എ.സി മൊയ്തീനെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ സംശയത്തിന്റെ മുൾമുനയിൽ നിർത്താൻ ബോധപൂർവം രാഷ്ട്രീയമായി ഇടപെട്ടുകൊണ്ടാണ് ഇ.ഡി റെയ്ഡ് മാമാങ്കം സംഘടിപ്പിച്ചതെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.

എൻഫോഴ്‌സ്‌മെന്റ് എ സി മൊയ്തീനെതിരേ പ്രസ്താവന ഇറക്കിയതിന് പിന്നിൽ രാഷ്ട്രീയമാണ്. ഇഡി പറയുന്ന കാര്യങ്ങളിൽ ഒരു കഴമ്പുമില്ല. ചോദ്യംചെയ്യുക പോലും ചെയ്യാതെ അദ്ദേഹത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത് പുതുപ്പള്ളി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇഡിയെ ഉപയോഗിച്ച് ഇന്ത്യയിൽ അങ്ങോളമിങ്ങോളം പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ മുനയൊടിക്കാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിത്. മാസപ്പടി വിഷയത്തിൽ സിപിഎം സെക്രട്ടേറിയേറ്റ് പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ചൈന ഇന്ത്യൻ മേഖല കയ്യേറിയിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ഒരിഞ്ചു ഭൂമി പോലും ചൈന കയ്യേറിയിട്ടില്ല എന്ന മോദിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ ലഡാക്കിലെ സംഘർഷ മേഖലയിലെ സേനാപിന്മാറ്റത്തെ കുറിച്ച് ചർച്ച നടത്തിയതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. ലഡാക്കിലെ കാർഗിലിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി.

ലഡാക്ക് ഒരു തന്ത്രപ്രധാന മേഖലയാണ്. ഇവിടെ എത്തിയതിനു ശേഷം, പ്രത്യേകിച്ച് പാംഗോങ് തടാകത്തിൽ, ഇന്ത്യയുടെ ആയിരത്തോളം കിലോമീറ്റർ വരുന്ന പ്രദേശം അവർ കയ്യേറിയെന്നു മനസ്സിലായെന്ന് രാഹുൽ പറഞ്ഞു. ഒരുകാര്യം വളരെ കൃത്യമാണ്, ചൈന ഇന്ത്യയുടെ ഭൂമി കയ്യേറിയിട്ടുണ്ട്. പ്രതിപക്ഷ യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞത് ചൈന ഇന്ത്യയുടെ ഒരിഞ്ചു ഭൂമി പോലും കയ്യേറിയിട്ടില്ല എന്നാണ്. അതു കള്ളമാണെന്നും ഇന്ത്യയുടെ ഭൂമി ചൈന കയ്യേറിയെന്ന് ലഡാക്കിലെ ഓരോ വ്യക്തിക്കും അറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം : കണ്ണൂർ സർവ്വകലാശാലയിലെ എം എ ഇംഗ്ലീഷ് സിലബസിൽ കെ കെ ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയ വിഷയത്തിലെ വിവാദത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ രംഗത്തെത്തി. പാർട്ടിക്കും കെ കെ ശൈലജയ്ക്കും ഇതേപ്പറ്റി അറിയില്ലെന്നും പാർട്ടിയെയും കണ്ണൂർ സർവ്വകലാശാലയും പരിഹസിക്കുന്ന നടപടിയാണിതെന്നും ജയരാജൻ പ്രതികരിച്ചു. ഒരു സിലബസിലും ഇടപെടേണ്ട കാര്യം ഇടതുമുന്നണിക്ക് ഇല്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. സർക്കാരിനെയും യൂണിവേഴ്സിറ്റിയും പരിഹസിക്കാൻ ശ്രമിച്ച ഈ നടപടി ചെയ്തതാരാണെന്ന് സർവ്വകലാശാല കണ്ടെത്തണമെന്നും എൽഡിഎഫ് കൺവീനർ അഭിപ്രായപ്പെട്ടു.

കണ്ണൂർ സർവ്വകലാശാലയിലെ എം എ ഇംഗ്ലീഷിന്റെ ഒന്നാം സെമസ്റ്ററിലെ ലൈഫ് റൈറ്റിംഗ് എന്ന പേപ്പറിൽ ആണ് കെ കെ ശൈലജയുടെ ‘മൈ ലൈഫ് ആസ് എ കോമ്രേഡ് ‘എന്ന ആത്മകഥ ഉൾപ്പെടുത്തിയിരുന്നത് . നെൽസൺ മണ്ടേല, സി കെ ജാനു, അംബേദ്കർ തുടങ്ങിയവരുടെ ആത്മകഥയും ഇതിനൊപ്പം പഠിക്കാനുണ്ട്. ബോർഡ്‌ ഓഫ് സ്റ്റഡീസ് ഇല്ലാത്തതിനാൽ അഡ്ഹോക് കമ്മിറ്റി ആയിരുന്നു സിലബസ് രൂപീകരിച്ചത്. ഇവ നിർബന്ധിത പഠനം അല്ലെന്നും പ്രാദേശിക വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്നുമാണ് കരിക്കുലം കമ്മിറ്റി കൺവീനർ പ്രതികരിച്ചത്.

റഷ്യൻ ബഹിരാകാശ പേടകമായ ലൂണ -25 ന്റെ തകർച്ചയെ ചന്ദ്രയാൻ -3 യുടെ എതിരാളി എന്ന നിലയിൽ കണ്ട് നാം പരിഹസിച്ചിരുന്നു . എന്നാൽ അത് റഷ്യയുടെ നഷ്ടമല്ല. ശാസ്ത്ര ലോകത്തിനേറ്റ പ്രഹരമാണ്. ചന്ദ്രയാന് മുൻപ് ചന്ദ്രനിലിറങ്ങാൻ പദ്ധതിയിട്ട് പുറപ്പെട്ട ലൂണ-25 അവസാന ഭ്രമണ പഥം ക്രമീകരിക്കുന്നതിനിടെയാണ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയത്. അത് ഒരിക്കലും സന്തോഷിക്കാനുള്ള ഒന്നല്ല. അനേകം ആളുകളുടെ കഠിനാധ്വാനത്തിനും ശാസ്ത്രലോകത്തിനും ഇത് മൂലംനഷ്ടം മാത്രമാണുണ്ടായത്.

ചന്ദ്രയാൻ -3 യേക്കാൾ ദൈർഘ്യമേറിയ ചാന്ദ്ര ദൗത്യമായിരുന്നു ലൂണ -25. ചാന്ദ്ര പര്യവേഷണ ദൗത്യങ്ങളിൽ യു എസിനോട് മത്സരിച്ച റഷ്യയുടെ ലൂണ -24 ന്റെ വിക്ഷേപണങ്ങൾകഴിഞ്ഞു നീണ്ട 47 വർഷങ്ങൾക്ക് ശേഷമുള്ള ചാന്ദ്ര ദൗത്യമായിരുന്നു അത് .ചന്ദ്രയാൻ -3 രണ്ടാഴ്ചയുടെ ദൗത്യമാണ് ചന്ദ്രനിൽ നടത്താനുദ്ദേശിച്ചതെങ്കിൽ ഒരു വർഷം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ശാസ്ത്ര പര്യവേക്ഷണം നടത്താനുള്ള ദൗത്യമായിരുന്നു റഷ്യ പദ്ധതിയിട്ടത്. ഈ ദൗത്യം വഴി ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാനുള്ള ശ്രമമാണ് റഷ്യ കണക്കുകൂട്ടിയിരുന്നത്.ഈ പേടകം തകർന്നതോടെ ആഗോളതലത്തിലുള്ള ലോകത്തിന്റെ ശാസ്ത്ര പ്രതീക്ഷകൾക്ക് ചെറിയ രീതിയിൽ മങ്ങലേൽക്കുകയാണെന്നാണ് നാം മനസിലാക്കേണ്ടത്.

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടിപ്പിച്ചു. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ, മൻമോഹൻ സിങ്ങ്, അധീർ രഞ്ജൻ ചൗധരി, തുടങ്ങിയവർ പ്രവർത്തക സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ശശി തരൂരും എ കെ ആന്റണിയും പ്രവർത്തക സമിതിയിലുണ്ട്. രമേശ് ചെന്നിത്തല പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവാണ്. കൊടിക്കുന്നിൽ സുരേഷ് പ്രത്യേക ക്ഷണിതാവായി.

ആകെ 39 അംഗ പ്രവർത്തക സമിതിയാണ് പ്രഖ്യാപിച്ചത്. ഇതിനു പുറമെ 32 സ്ഥിരം ക്ഷണിതാക്കളും 13 പ്രത്യേക ക്ഷണിതാക്കളുമുണ്ട്. സിപിഐയിൽ നിന്ന് കോൺഗ്രസിലെത്തിയ യുവനേതാവ് കനയ്യ കുമാറിനെ സ്ഥിരം ക്ഷണിതാവായി ഉൾപ്പെടുത്തി. സച്ചിൻ പൈലറ്റും പ്രവർത്തക സമിതിയിലുണ്ട്.

തിരുവനന്തപുരം: ഫയലുകളിൽ സമയാസമയം തീർപ്പ് കൽപ്പിക്കാത്ത ഉദ്യോഗസ്ഥരെ കണ്ടെത്താൻ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. ഇതിനായി പ്രത്യേക ഡ്രൈവ് നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഓരോ വിഭാഗത്തിലും അസാധാരണ രീതിയിൽ ഫയലുകൾ തീർപ്പാകാതെ കിടപ്പുണ്ടോ എന്ന സൂക്ഷ്മ പരിശോധന നടത്താനാണ് പദ്ധതി.

അങ്ങനെ കണ്ടെത്തിയാൽ അതിന്റെ കാരണം തേടി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ വീഴ്ച ആണെങ്കിൽ നടപടി സ്വീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. മന്ത്രി വി ശിവൻകുട്ടിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് എന്തെങ്കിലും നടപടിയ്ക്ക് വേണ്ടി പ്രതിഫലമോ ഉപഹാരമോ നൽകരുതെന്നും മന്ത്രി അറിയിച്ചു. അങ്ങനെ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ വിവരം ബന്ധപ്പെട്ടവരെ അറിയിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ സത്വര നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

വകുപ്പിന്റെ ഉത്തരവുകൾ ഉദ്യോഗസ്ഥർ വച്ചു താമസിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാലും ഉടൻ ബന്ധപ്പെട്ടവർക്ക് വിവരം നൽകണം. സെപ്തംബർ അവസാനത്തോടെ എഇഒ, ഡിഇഒ, ആർഡിഡി, ഡിഡിഇ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന എല്ലാ ഫയലുകളും തീർപ്പാക്കാൻ നടപടി ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഇംഫാൽ: മണിപ്പൂരിൽ സമരം സംഘടിപ്പിച്ച് സ്ത്രീകൾ. പ്രത്യേക സായുധ സേനാ നിയമം (അഫ്‌സ്പ) വീണ്ടും ചുമത്തണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകൾ സമരം നടത്തുന്നത്. മലമേഖലകളിൽ അസം റൈഫിൾസിനെ വിന്യസിക്കണമെന്ന ആവശ്യവും സമരക്കാർ മുന്നോട്ടുവെയ്ക്കുന്നു.

മണിപ്പൂരിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട രീതിയിൽ മൂന്നു യുവാക്കളുടെ മൃതദേഹം കൂടി കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്. കാങ്‌പോക്പി ജില്ലയിലാണ് കുക്കിസോ സ്ത്രീകളുടെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിഷേധക്കാർ ദേശീയ പാത 2 ഉപരോധിച്ചു.

രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കേന്ദ്രത്തിന് സാധിക്കില്ലെങ്കിൽ ആർട്ടിക്കിൾ 355 ചുമത്തണമെന്നും ആർട്ടിക്കിൾ 355 പ്രകാരം സംസ്ഥാനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത കേന്ദ്രത്തിനുണ്ടെന്നും കമ്മിറ്റി ഓൺ ട്രൈബൽ യൂണിറ്റി അറിയിച്ചു. അഫ്‌സ്പ പുഃനസ്ഥാപിക്കണം. ലിറ്റൻ പ്രദേശത്തു നിന്നും അസം റൈഫിൾസിനെ നീക്കിയതാണ് കഴിഞ്ഞ ദിവസം മൂന്നു പേർ കൂടി കൊല്ലപ്പെടാൻ കാരണമായതെന്നും സിഒടിയു വ്യക്തമാക്കി.

സ്വാതന്ത്ര്യദിനത്തിൽ, മറക്കാനും പൊറുക്കാനും മുഖ്യമന്ത്രി അഭ്യർഥിച്ചതിനു പിന്നാലെയാണ് മൂന്നു പേരെക്കൂടി കൊലപ്പെടുത്തിയതെന്നും സിഒടിയു ചൂണ്ടിക്കാട്ടി. ഉഖ്‌റുൽ ജില്ലയിലെ കുക്കി തോവൈ ഗ്രാമത്തിൽ നടന്ന വെടിവയ്പിലും അക്രമത്തിലുമാണ് 3 കുക്കി യുവാക്കൾ കൊല്ലപ്പെട്ടത്.

ന്യൂഡൽഹി: സൈബർ തട്ടിപ്പിന് തടയിടാൻ പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. തട്ടിപ്പ് ഫോൺകോളുകളും മറ്റ് ഓൺലൈൻ തട്ടിപ്പുകളും കുറ്റകൃത്യങ്ങളും തടയാൻ വേണ്ടിയാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

സിം ഡീലർമാർക്കായി ഇനി മുതൽ പോലീസ്, ബയോമെട്രിക് വെരിഫിക്കേഷനും വരിക്കാർക്കായി കെവൈസിയും നിർബന്ധമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. പുതിയ നിയമം വരുന്നതോടെ ഡീലർമാർക്ക് നിർബന്ധിത പരിശോധന ഉണ്ടാകും. സിം കാർഡ് ഡീലർമാർ പോലീസ്, ബയോമെട്രിക് വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതാണ്. സിം കാർഡ് ഡീലർമാരുട പരിശോധന ടെലികോം ഓപ്പറേറ്റർ നടത്തും. വ്യവസ്ഥ ലംഘിക്കുന്നവർക്ക് പത്ത് ലക്ഷം രൂപ വരെ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.

പുതിയ മാനദണ്ഡപ്രകാരം രജിസ്റ്റർ ചെയ്യാൻ 12 മാസത്തെ കാലാവധി സർക്കാർ നൽകിയിട്ടുണ്ട്. ഇക്കാലയളവിനുള്ളിൽ ഡീലർമാർ രജിസ്റ്റർ ചെയ്യേണ്ടതാണ്. പുതിയ സിം എടുക്കുമ്പോഴോ നിലവിലുള്ള നമ്പറിൽ പുതിയ സിമ്മിന് അപേക്ഷിക്കുമ്പോഴോ കെവൈസി വിവരങ്ങൾ നൽകണം. ബൾക്ക് കണക്ഷനുകൾക്ക് വിലക്കേർപ്പെടുത്തി പകരം ബിസിനസ് കണക്ഷനുകൾ എന്ന ആശയം നടപ്പിലാക്കും. ബിസിനസുകളുടെ ചുമതല വഹിക്കുന്നയാളുടെ പേരിലാകും സിം നൽകുക. സിം വിതരണക്കാരന്റെ കെവൈസി വിവരങ്ങളും ശേഖരിച്ച് ഉറപ്പുവരുത്തും. ഒരു തവണ കെവൈസി വിവരങ്ങൾ നൽകിയാൽ ഒൻപത് സിമ്മുകൾ വരെ എടുക്കാമെന്ന് പുതിയ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്.

ഒരു സിം കാർഡ് വിച്ഛേദിച്ച് കഴിഞ്ഞ് 90 ദിവസങ്ങൾക്ക് ശേഷം അതേ നമ്പർ മറ്റൊരു ഉപഭോക്താവിന് നൽകും. സിം മാറ്റിയെടുക്കുകയോ അല്ലെങ്കിൽ പോർട്ട് ചെയ്യുകയോ ആണെങ്കിൽ കെവൈസി നടപടി പൂർത്തിയാക്കണം. 24 മണിക്കൂർ നേരത്തേക്ക് ഇൻകമ്മിംഗ്, ഔട്ട്ഗോയിംഗ്, എസ്എംഎസ് സേവനങ്ങൾ ലഭ്യമാകില്ല.