ചന്ദ്രയാൻ-3; മൂന്നാംഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയകരം

ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-3യുടെ മൂന്നാംഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയകരം. ഐഎസ്ആർഒയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 11.50ഓടെയാണ് ചന്ദ്രയാൻ-3 ഭ്രമണപഥം താഴ്ത്തിയത്.

നേരത്തെ രണ്ടു തവണ ചന്ദ്രയാൻ പേടകത്തിന്റെ ഭ്രമണപഥം താഴ്ത്തൽ വിജയകരമായിരുന്നു. ഓഗസ്റ്റ് 6, 9 തീയതികളിലായിരുന്നു പേടകത്തിന്റെ ആദ്യ രണ്ട് ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയാക്കിയത്.

ഓഗസ്റ്റ് 16ന് രാവിലെ എട്ടരയ്ക്ക് നാലാംഘട്ട ഭ്രമണപഥം താഴ്ത്തൽ നടക്കും. തുടർന്ന് ഓഗസ്റ്റ് 17ന് വിക്രം ലാൻഡർ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപെടും.

ഓഗസ്റ്റ് 23ന് വൈകീട്ട് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് നടത്തും. തുടർന്ന് ലാൻഡറും ലാൻഡറിനുള്ളിൽനിന്ന് പുറത്തേക്ക് വരുന്ന റോവറും ചന്ദ്രനിൽ പര്യവേക്ഷണം നടത്തുമെന്നും ഐഎസ്ആർഒ അറിയിച്ചു.