എറണാകുളം : മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ കുടുംബവീട്ടിൽ നാളെ റവന്യൂ വകുപ്പിന്റെ സർവേ നടക്കും. സർവ്വേയുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് സർവേയർ കുഴൽ നാടന് നോട്ടീസ് നൽകിയിട്ടുണ്ട്. നാളെ രാവിലെ 11 മണി മുതൽ കോതമംഗലം കടവൂർ വില്ലേജിലെ എംഎൽഎയുടെ ഭൂമിയിലാണ് റീ സർവ്വേ നടത്തുന്നത്.
വിജിലൻസ് ആവശ്യപ്പെട്ടതിനെ തുടർന്ന് സർവ്വേ നടത്തുകയാണെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. കുഴൽ നാടന്റെ ചിന്നക്കനാലിലെ ഭൂമിയുമായി ബന്ധപ്പെട്ട വിവാദം കനക്കുമ്പോഴാണ് റവന്യു വകുപ്പ് പുതിയ അന്വേഷണവുമായി രംഗത്തെത്തിയിരിക്കുന്നത്. എംഎൽഎയുടെ കോതമംഗലത്തെ വീട്ടിലേക്ക് മണ്ണിട്ട് നികത്തി റോഡ് നിർമ്മിച്ചിരുന്നു. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ച് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ റീ സർവ്വേ നടത്തുന്നത്.
തന്റെ കുടുംബവീടിനോട് ചേർന്ന സ്ഥലം പിഡബ്ല്യുഡിക്ക് റോഡ് നിർമ്മിക്കാൻ വിട്ടുനൽകി. അതിനുശേഷം തന്റെ വീട് കുന്നിൻ മുകളിൽ നിൽക്കുന്നതു പോലെയായി. വാഹനം പോലും കയറ്റാൻ പറ്റാതെയായതോടെ വീട്ടിലേക്ക് റോഡ് വെട്ടിയതിനെതിരെയാണ് ചിലർ പരാതിയുമായി രംഗത്ത് വന്നതെന്നായിരുന്നു എംഎൽഎയുടെ പ്രതികരണം.

