Highlights (Page 26)

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൻമേലുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിലെ സ്ത്രീകൾക്കും കുട്ടികൾക്കും ഒപ്പം രാജ്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കുറ്റക്കാരെ വെറുതെ വിടില്ലെന്നും അദ്ദേഹം അറിയിച്ചു.

മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കും. കലാപത്തിന് വഴി വെച്ചത് ഹൈക്കോടതി ഉത്തരവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസമുണ്ട്. അവിശ്വാസം കൊണ്ടുവന്ന പ്രതിപക്ഷത്തിന് നന്ദി രേഖപ്പെടുത്തിയാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്.

ബിജെപിയുടെ ലക്ഷ്യം രാജ്യത്തെ വികസനവും ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരവുമാണ്. രാജ്യത്തെ യുവാക്കൾക്കായി അഴിമതി രഹിത ഇന്ത്യ ഉണ്ടാക്കാൻ ബിജെപിയ്ക്ക് കഴിഞ്ഞു. ഇന്ത്യയിൽ സ്റ്റാർട്ടപ്പുകളിൽ റെക്കോർഡ് വർധനയാണ് ഉണ്ടായിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തിനെതിരെ അദ്ദേഹം രൂക്ഷ വിമർശനവും ഉന്നയിച്ചു. പ്രതിപക്ഷത്തിന് അധികാരത്തോട് ആർത്തിയാണ്. പാവപ്പെട്ടവരെ കുറിച്ച് ചിന്തയില്ല. പ്രതിപക്ഷത്തിന്റെ അടുപ്പക്കാർക്ക് പോലും അവരുടെ പ്രസംഗത്തിൽ സന്തോഷമില്ല. അഴിമതി പാർട്ടികൾ ഒന്നായിരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

ന്യൂ ഡൽഹി : സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് നിർദ്ദേശിച്ച് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ട്. നീതി ന്യായ വ്യവസ്ഥയുടെ നടത്തിപ്പിനും വിശ്വാസ്യതയ്ക്കും ഇത് ഗുണം ചെയ്യുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജഡ്ജിമാർ സ്വത്ത് വിവരങ്ങൾ സ്വമേധയാ നൽകാൻ നേരത്തെ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇത് പാലിക്കപ്പെടാത്തതിനാൽ എല്ലാ ജഡ്ജിമാരുടെയും സ്വത്ത് വിവരം സാക്ഷ്യപ്പെടുത്താൻ നിയമം കൊണ്ട് വരാൻ സർക്കാരിനോട് ശുപാർശ ചെയ്യുന്നെന്നാണ് സുശീൽ മോദി അധ്യക്ഷനായ പാനൽ നൽകിയ നിർദേശം.

എം പി മാരും എം എൽ എ മാരും സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തുമ്പോൾ ജഡ്ജിമാർ ഇത്തരം വിവരം വെളിപ്പെടുത്താതെയിരിക്കുന്നത് യുക്തിക്ക് നിരക്കുന്ന കാര്യമല്ല. കോടതിയിൽ ആഘോഷങ്ങൾക്ക് അവധിക്കാലം കൂടുന്നത് പരാതിയുമായി കോടതിയിലെത്തുന്നവരെ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എല്ലാ ജഡ്ജിമാരും ഒരുമിച്ച് അവധിയെടുക്കാതെ വ്യത്യസ്ത സമയങ്ങളിൽ അവധി എടുക്കുന്നത് ഉചിതമായിരിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കോഴിക്കോട് : കോഴിക്കോട് ടൗണിൽ ഡ്രോൺ വച്ച് നടത്തിയ പരിശോധനയിൽ 19 എൻ ഡി പി എസ് കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണയുടെ നേതൃത്വത്തിൽ ചെമ്മങ്ങാട്, വെള്ളയിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ബീച്ച് ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ഡ്രോൺ ഉപയോഗിച്ചു പരിശോധന നടത്തിയത്. ലഹരിക്ക് അടിമയായവരും വില്പനചെയ്യുന്നവരും പിടി കൂടിയവരുടെ കൂട്ടത്തിലുണ്ട്. ലഹരി വില്പനയും ഉപയോഗവും തടയാൻ വേണ്ടിയാണ് ഡ്രോൺ പരിശോധന ആരംഭിച്ചത്.

സ്കൂളുകൾക്ക് മുമ്പിൽ ബൈക്കിലും വാഹനങ്ങളിലും കറങ്ങി ലഹരി വിൽക്കുന്നവരെ പൂട്ടാൻ വരും ദിവസങ്ങളിലും പരിശോധനയുണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. കോഴിക്കോട് ഡെപ്യുട്ടി പോലീസ് കമ്മീഷണർ കെ ഇ ബൈജു, ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജ്, ടൗൺ ഇൻസ്‌പെക്ടർ ബൈജു കെ ജോസ്, ഡാൻസാഫ് ടീം, നാർക്കോട്ടിക് ഷാഡോസ്, ഡ്രോൺ സ്‌പെഷ്യൽ ടീം എന്നിവർ ചേർന്നാണ് ഡ്രോൺ പരിശോധന നടത്തുന്നത്.

ന്യൂ ഡൽഹി : പ്രതിപക്ഷ പാർട്ടികൾക്ക് പ്രവർത്തിക്കാനായി നിർദ്ദേശം ലഭിക്കുന്നത് ചൈനയിൽ നിന്നാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ആർ എസ് എസ് ആസ്ഥാനമായ നാഗ്പൂരിൽ നിന്നുള്ള നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ബി ജെ പി പ്രവർത്തിക്കുന്നതെന്ന പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഡൽഹി സർവീസസ് ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു അമിത് ഷായുടെ വിമർശനം. നാഗ്പൂരിൽ നിന്ന് ബി ജെപി നിർദ്ദേശങ്ങൾ സ്വീകരിക്കുന്നുവെന്നത് വാദത്തിന് വേണ്ടി സമ്മതിച്ചാലും ആ പ്രദേശം ഇന്ത്യയിലാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു.

റഷ്യ, ചൈന പോലുള്ള രാജ്യങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുന്ന ശീലമുള്ളത് പ്രതിപക്ഷത്തിനാണെന്നും ആഭ്യന്തര മന്ത്രി ആഞ്ഞടിച്ചു. 2000 കോടിയുടെ മദ്യ അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ ഡൽഹി സർക്കാർ സ്ഥലം മാറ്റുന്നത് തടയുകയാണ് ലക്ഷ്യമെന്നും കേന്ദ്രത്തിന്റെ അധികാരംസംസ്ഥാനം കൈകടത്തുന്നത് തടയാനാണ് പുതിയ നിയമമെന്നും അമിത് ഷാ വ്യക്തമാക്കി. ഡൽഹിയിൽ അഴിമതിരഹിതമായ ഭരണമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും ആം ആദ്മിയെ തൃപ്തിപ്പെടുത്താനാണ് ഈ ബില്ലിനെ കോൺഗ്രസ് എതിർക്കുന്നതെന്നും അദ്ദേഹം ശക്തമായി വിമർശിച്ചു.

ഡൽഹി : മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ പാർപ്പിച്ച ചീറ്റകൾ മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്ന് സുപ്രീം കോടതി. ചീറ്റകൾ മരിച്ച സംഭവത്തിലെ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിൽ ജനിച്ച ചീറ്റകൾ ഉൾപ്പെടെ 9 ചീറ്റകളാണ് ഇതു വരെയും മരിച്ചത്. ‘പ്രൊജക്റ്റ് ചീറ്റ’ യുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിലെ നമീബിയയിൽ നിന്നും ഇരുപതോളം ചീറ്റകളെ ഇന്ത്യയിൽ കൊണ്ട് വന്നിരുന്നു. 1952 ലാണ് ഇന്ത്യയിൽ ചീറ്റകൾക്ക് വംശനാശം സംഭവിച്ചതായി സ്ഥിരീകരിച്ചത്. തുടർന്നാണ് ചീറ്റകളെ കൊണ്ട് വരാൻ കേന്ദ്ര സർക്കാർ ദക്ഷിണാഫ്രിക്കയുമായി കരാർ ഒപ്പുവച്ചത്. ചീറ്റകളെ ഇനിയും കൊണ്ട് വരാൻ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും 12 -14 ചീറ്റകളെ ഓരോ വർഷം കൂടുമ്പോഴും കൊണ്ട് വരുമെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.

മുൻപ് ഈ ഹർജിയുമായി ബന്ധപ്പെട്ട വിവരണം കേന്ദ്ര സർക്കാർ കോടതിയിൽ നടത്തിയിരുന്നു. നമീബിയയിൽ നിന്നുള്ള ചീറ്റകളിൽ ഭൂരിഭാഗവും മരിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി എന്നായിരുന്നു അന്ന് കേന്ദ്രം കോടതിയിൽ പറഞ്ഞത്. ചീറ്റപ്പുലിയുടെ മരണത്തിന് കാരണം റേഡിയോ കോളറാണെന്ന് പറഞ്ഞെങ്കിലും അവ തെറ്റാണെന്ന് പിന്നീട് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞിരുന്നു. എന്നാൽ ജൂലൈ 14 ന് മരിച്ച സൂരജെന്ന ചീറ്റയുടെ കഴുത്തിൽ പുഴു ബാധിച്ച മുറിവും കോളറും അധികൃതർ പരിശോധിക്കുന്നതിന്റെ വീഡിയോ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നത് സംശയം ഉണ്ടാക്കുന്നെങ്കിലും ഇത് സംബന്ധിച്ച ആധികാരികമായ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ല

തിരുവനന്തപുരം: ഓണം പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകുന്നതിനായി ധനവകുപ്പ് തുക അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയുമുൾപ്പെടെ 1,762 കോടി രൂപയാണ് അനുവദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 60 ലക്ഷത്തോളം പേർക്കാണ് 3,200 രൂപ വീതം പെൻഷൻ ലഭിക്കുക. ഓഗസ്റ്റ് രണ്ടാം വാരം ആരംഭിച്ച് ഓഗസ്റ്റ് 23നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കുമെന്നും കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഓണം പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകുന്നതിനായി ധനവകുപ്പ് തുക അനുവദിച്ചു.

സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയുമുൾപ്പെടെ 1,762 കോടി രൂപയാണ് അനുവദിച്ചത്.

60 ലക്ഷത്തോളം പേർക്കാണ് 3,200 രൂപ വീതം പെൻഷൻ ലഭിക്കുക. ഓഗസ്റ്റ് രണ്ടാം വാരം ആരംഭിച്ച് ഓഗസ്റ്റ് 23 നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കും.

തിരുവനന്തപുരം: സർക്കാർ ഉത്തരവുകൾക്ക് വിരുദ്ധമായി സംസ്ഥാനത്തെ ചില അക്ഷയ സെന്ററുകൾ പ്രവർത്തിക്കുന്നതായും വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായും വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അക്ഷയ സെന്ററുകളിൽ നടന്നു വരുന്ന ക്രമക്കേടുകൾ കണ്ടെത്തുന്നതിലേയ്ക്കായി ”ഓപ്പറേഷൻ ഇ–സേവ” എന്ന പേരിൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത അക്ഷയ സെന്ററുകളിൽ പരിശോധനയുമായി വിജിലൻസ്. ഇന്നലെ രാവിലെ 11.00 മണി മുതൽ ഒരേ സമയം നടത്തിയ സംസ്ഥാനതല മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി.

ഇന്നലെ നടന്ന മിന്നൽ പരിശോധനയിൽ അക്ഷയ സെന്ററുകളെ സമീപിക്കുന്ന പൊതുജനങ്ങളിൽ നിന്നും ഓരോ ആവശ്യങ്ങൾക്കും ഈടാക്കാവുന്ന ഫീസിനെ സംബന്ധിച്ച് സർക്കാർ വ്യക്തമായ ഉത്തരവ് നൽകിയിട്ടുണ്ടെങ്കിലും അതിന് വിരുദ്ധമായി സർക്കാർ നിശ്ചയിച്ച തുകയിൽ നിന്നും കൂടുതലായി സേവന ഫീസ് ചില അക്ഷയസെന്ററുകൾ ഈടാക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. വാങ്ങുന്ന ഫീസിന് കമ്പ്യൂട്ടർ നിർമ്മിത രസീത് നൽകണമെന്ന ഉത്തരവ് സംസ്ഥാനത്തെ മിക്ക അക്ഷയസെന്റർ ഉടമകളും പാലിക്കാതിരിക്കുന്നുണ്ട്. ഓരോ അക്ഷയ സെന്ററിലേയും കണക്കുകൾ അട്ടിമറിക്കുന്നതായും ഓരോ ദിവസത്തെയും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ക്യാഷ് ബുക്ക് എഴുതി സൂക്ഷിക്കണമെന്ന് പറയുന്നുവെങ്കിലും മിക്ക സ്ഥാപനങ്ങളിലും അപ്രകാരം ചെയ്യുന്നില്ലെന്നും പരിശോധനയിൽ തെളിഞ്ഞു.

അക്ഷയ സെന്ററിൽ പൊതുജനങ്ങൾക്ക് ഇത്തരം പരാതി എഴുതാൻ രജിസ്റ്റർ വയ്ക്കണമെന്നും ഈ രജിസ്റ്റർ ജില്ലാ അക്ഷയ പ്രോജക്റ്റ് കോർഡിനേറ്റർ പരിശോധിക്കണമെന്ന് പറയുന്നെങ്കിലും ഒട്ടുമിക്ക അക്ഷയസെന്ററിലും പരാതി രജിസ്റ്ററുകൾ പോലും ഇല്ലായെന്നും സർക്കാർ നിഷ്‌കർഷിച്ച തരത്തിലുള്ള ഭൗതികസാഹചര്യങ്ങളും കമ്പ്യൂട്ടർ ഉപകരണങ്ങളും പല അക്ഷയ സെന്റുകളിലും ഇല്ലായെന്നും, അക്ഷയ സെന്ററുകൾ പരിശോധിക്കുവാൻ ഉത്തരവാദപ്പെട്ട ജില്ല അക്ഷയ സെന്റർ ഉദ്ദ്യോഗസ്ഥർ ക്രമക്കേടുകൾക്ക് കൂട്ടു നിൽക്കുന്നതായും മിന്നൽ പരിശോധനയിൽ കണ്ടെത്തി.

കണ്ണൂർ ജില്ലയിലെ മുഴുപ്പിലങ്ങാടിയിൽ 2002-ൽ പ്രവർത്തനമാരംഭിച്ച അക്ഷയ സെന്ററിലും ഇടുക്കി വണ്ടിപ്പെരിയാറിൽ 2008-ൽ ആരംഭിച്ച അക്ഷയ സെന്ററിലും കോട്ടയം മണർക്കാട് 2009-ൽ ആരംഭിച്ച അക്ഷയ സെന്ററിലും തിരുവനന്തപുരം വട്ടപ്പാറയിൽ 2010-ൽ ആരംഭിച്ച അക്ഷയ സെന്ററിലും ആലപ്പുഴ കായംകുളത്ത് 2013 ജനുവരിയിൽ ആരംഭിച്ച അക്ഷയ സെന്ററിലും മറ്റു നിരവധി അക്ഷയ സെന്ററുകളിലും നാളിതു വരെ അക്ഷയ ജില്ലാ കോർഡിനേറ്റർമാർ പരിശോധന നടത്തിയിട്ടില്ലെന്ന് ഇന്നലെ നടന്ന മിന്നൽ പരിശോധനയിൽ വിജിലൻസ് കണ്ടെത്തി.

കോഴിക്കോട് എരഞ്ഞിപ്പാലത്ത് പ്രവർത്തിക്കുന്ന അക്ഷയ സെന്ററിൽ നിന്നും ജില്ലാ അക്ഷയ കേന്ദ്രം പ്രോജക്റ്റ് ഓഫീസർക്ക്, 2022 ജൂൺ മാസത്തിലും, പത്തനംതിട്ട മരാമണിലെ ഒരു അക്ഷയ സെന്ററിൽ നിന്നും ജില്ലാ കോർഡിനേറ്റർക്ക് 2022 നവംബർ മാസത്തിലും ഗൂഗിൾ പേ വഴി പണം നൽകിയിട്ടുള്ളതായും വിജിലൻസ് കണ്ടെത്തി. അക്ഷയസെന്റർ പ്രവർത്തിക്കുന്ന റൂമിൽ മറ്റു സ്ഥാപനങ്ങൾ പാടില്ല എന്നതിന് വിരുദ്ധമായി കൊല്ലം കൊട്ടിയത്തെ അക്ഷയ കേന്ദ്രത്തിൽ കമ്പ്യൂട്ടർ പരിശീലന കേന്ദ്രം പ്രവർത്തിച്ച് വരുന്നതായും വിജിലൻസ് ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തി. സർക്കാർ ഉത്തരവ് പ്രകാരം അക്ഷയ കേന്ദ്രങ്ങളുടെ നടത്തിപ്പിന് നിർബന്ധമായും ഡിജിറ്റൽ ക്യാമറ വേണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ചില അക്ഷയ സെന്ററുകളിൽ ഡിജിറ്റൽ ക്യാമറയും സർക്കാർ ഉത്തരവുകൾ പ്രകാരമുള്ള മറ്റ് അനുബന്ധ ഉപകരണങ്ങളും നിലവിലില്ലായെന്നും കണ്ടെത്തി.

അക്ഷയസെന്ററുകളുടെ പ്രവർത്തനം സുതാര്യമാക്കുന്നതിനും പൊതുജനങ്ങൾക്ക് അക്ഷയസെന്ററുകൾ മുഖേന സർക്കാർ നിശ്ചയിച്ച ഫീസിൽ മെച്ചപ്പെട്ട സേവനം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിലേയ്ക്കുമായി വരും ദിവസങ്ങളിലും ഇത് സംബന്ധിച്ച പരിശോധന തുടരുമെന്നും മിന്നൽ പരിശോധനയിൽ കണ്ടെത്തിയ അപാകതകളെപ്പറ്റി വിശദമായ റിപ്പോർട്ട് മേൽനടപടികൾക്കായി സർക്കാരിന് നൽകുമെന്നും വിജിലൻസ് ഡയറക്ടർ ടി. കെ . വിനോദ്കുമാർ ഐ പി എസ് -അറിയിച്ചു.

വിജിലൻസ് ഡയറക്ടർ ടി. കെ . വിനോദ്കുമാർ ഐ പി എസ് -അവർകളുടെ ഉത്തരവ് പ്രകാരം വിജിലൻസ് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ശ്രീമതി.ഹർഷിത അത്തല്ലൂരി.ഐ.പി.എസ്-ന്റെ മേൽനോട്ടത്തിലും പോലീസ് സൂപ്രണ്ട് (ഇന്റ്) ശ്രീ.ഇ.എസ്.ബിജുമോന്റെ നേതൃത്വത്തിലും നടന്ന മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പങ്കെടുത്തു.

ന്യൂഡൽഹി: വിദേശ പൗരന്മാർക്ക് ആയുഷ് സംവിധാനങ്ങൾ/ഇന്ത്യൻ വൈദ്യശാസ്ത്ര സംവിധാനങ്ങൾക്ക് കീഴിലുള്ള ചികിത്സയ്ക്കായി ഒരു പുതിയ വിഭാഗം ആയുഷ് (AY) വിസ രൂപീകരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ വൈദ്യശാസ്ത്ര സമ്പ്രദായങ്ങൾക്ക് കീഴിലുള്ള ചികിത്സ സംബന്ധിച്ച വിസ മാനുവലിൽ മെഡിക്കൽ വിസ സംബന്ധിച്ച -അദ്ധ്യായം 11-ന് ശേഷം ,ഒരു പുതിയ അദ്ധ്യായം അതായത് അദ്ധ്യായം 11A ആയി – ആയുഷ് വിസ ഉൾപ്പെടുത്തി. അതിനനുസരിച്ച് ആവശ്യമായ ഭേദഗതികൾ 2019 ലെ വിസ മാനുവലിന്റെ വിവിധ അധ്യായങ്ങളിൽ വരുത്തിയിട്ടുണ്ട്.

പുതിയ ആയുഷ് വിസ സംവിധാനം സൃഷ്ടിക്കുന്നത് ഇന്ത്യയിലേക്കുള്ള മെഡിക്കൽ യാത്ര വർദ്ധിപ്പിക്കുമെന്നും (Medical Value Travel), ഇന്ത്യൻ പരമ്പരാഗത വൈദ്യശാസ്ത്രത്തെ ആഗോള ശ്രദ്ധാകേന്ദ്രമാക്കുമെന്നും കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു.

മെഡിക്കൽ സേവനം തേടിയുള്ള ഇന്ത്യയിലേക്കുള്ള യാത്ര സമീപ വർഷങ്ങളിൽ ഗണ്യമായ വളർച്ച കൈവരിച്ചു. ഗ്ലോബൽ വെൽനസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ജിഡബ്ല്യുഐ) ‘ ആഗോള ക്ഷേമ സമ്പദ് വ്യവസ്ഥ : കോവിഡിനു ശേഷം ‘എന്ന റിപ്പോർട്ട് അനുസരിച്ച്, ആഗോള ആരോഗ്യ സമ്പദ് വ്യവസ്ഥ പ്രതിവർഷം 9.9% വളർച്ച കൈവരിക്കും. ആയുഷ് അധിഷ്ഠിത ആരോഗ്യ സംരക്ഷണ- ക്ഷേമ സമ്പദ് വ്യവസ്ഥ 2025 ഓടെ 70 ബില്യൺ ഡോളറായി വളരുമെന്നും കണക്കാക്കപ്പെടുന്നു.

തൃശ്ശൂർ: സ്പീക്കർ എം എൻ ഷംസീറിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന നേതൃത്വം വളരെ വിദഗ്ധമായി ആലോചിച്ച് ഉറപ്പിച്ച് സ്ത്രീകളെ ശബരിമലകയറ്റാൻ കൊണ്ടുവന്നതിന്റെ സൂത്രധാരനായിരുന്നു ഷംസീറെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.

ശബരിമലയിലേക്ക് ഒരുകൂട്ടം സ്ത്രീകളെ കൊണ്ടുവരാൻ തലശ്ശേരിയിൽ നടന്ന ആദ്യയോഗത്തിൽ പങ്കെടുത്ത ആളാണ് ഇന്നത്തെ സ്പീക്കർ. ഗണപതിയെ വിശ്വാസമില്ലെങ്കിൽ, ഗണപതി ഹോമത്തോട് താൽപര്യമില്ലെങ്കിൽ നിങ്ങൾ പിന്നെ എന്തിനാണ് അമ്പലക്കമ്മിറ്റികളിൽ സഖാക്കന്മാരെ തിരുകിക്കയറ്റുന്നത്. ഇവരെ പിൻവലിക്കാനുള്ള ആർജവം കാണിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഗണപതി സയൻസല്ല. തങ്ങൾ സയൻസിനെ മാത്രമേ വിശ്വസിക്കുന്നുള്ളൂ. അതുകൊണ്ട് സഖാക്കന്മാർ ആരും അമ്പലക്കമ്മിറ്റികളിൽ ഇരിക്കണ്ട എന്ന് പറയാനുള്ള മാന്യത കാണിക്കണം. സിപിഎമ്മിന്റെ തലവനായ പിണറായി വിജയൻ ചില സിബിഐ കേസുകളിലും ഇ ഡി കേസുകളിലും ഒക്കെ പെടാൻ പോകുന്ന സാഹചര്യത്തിൽ വളരെ തന്ത്രപൂർവം പിണറായി വിജയനും എം വി ഗോവിന്ദനും ഷംസീറുമെല്ലാം ചേർന്ന് ഇവിടുത്തെ ചർച്ചകളെ വഴിതിരിച്ചുവിടാൻ നടത്തുന്ന ശ്രമമാണ് നിലവിലെ വിവാദമെന്നും ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുപ്രീംകോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരാതിക്കാരൻ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.

കീഴ്‌കോടതി നടപടികൾ മുൻകാല സുപ്രീംകോടതി വിധികൾക്ക് വിരുദ്ധമാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് നാലിന് കേസ് കോടതി വീണ്ടും പരിഗണിക്കും. ജൂലായ് 21ന് അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടുള്ള രാഹുൽ ഗാന്ധിയുടെ അപ്പീൽ സുപ്രീംകോടതി പരിഗണിച്ചിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ അയോഗ്യതയിൽ സ്റ്റേ അനുവദിച്ചിട്ടില്ല. പരാതിക്കാരനായ പൂർണേഷ് മോദിയ്ക്കും ഗുജറാത്ത് സർക്കാരിനും സുപ്രീംകോടതി നോട്ടീസ് നൽകിയിരുന്നു.

2019 ഏപ്രിൽ 13ന് കർണാടകയിലെ കോലാറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. എന്തുകൊണ്ടാണ് നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്ന പേരുകൾ സാധാരണമായതെന്നും എല്ലാ കള്ളന്മാരുടെയും കുടുംബപ്പേര് മോദി എന്നായത് എന്തുകൊണ്ടാകുമെന്നുമായിരുന്നു രാഹുൽ നടത്തിയ പരാമർശം. സംഭവത്തെ തുടർന്ന് വലിയ വിവാദങ്ങൾ ഉടലെടുത്തിരുന്നു. ബിജെപി എം എൽ എയും മുൻ മന്ത്രിയുമായ പൂർണേഷ് മോദിയാണ് രാഹുലിനെതിരെ പരാതി നൽകിയത്.