രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്നു; റീടെയിൽ വിലക്കയറ്റ തോത് കുതിച്ചുയർന്നു

ന്യൂഡൽഹി: രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്നു. റീടെയിൽ വിലക്കയറ്റ തോത് ജൂണിലെ അപേക്ഷിച്ച് കുതിച്ചുയർന്നിരിക്കുകയാണ്. ജൂൺ മാസം 4.87 ശതമാനമായിരുന്ന വിലക്കയറ്റ തോത്, ജൂലൈയിൽ 7.44 ശതമാനമായി ഉയർന്നു. ഉപഭോക്തൃ വില സൂചിക ആധാരമാക്കിയുള്ള വിലസൂചികയാണിത്. ആർബിഐ അനുവദിക്കുന്ന പരമാവധി വിലക്കയറ്റതോത് രണ്ട് മുതൽ ആറ് ശതമാനം വരെയാണ്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ആദ്യമായാണ് ഈ പരിധി കടന്ന് വിലക്കയറ്റം കുതിക്കുന്നത്.

മെയ് മാസം വിലക്കയറ്റ തോത് 4.25 ശതമാനമായി കുറഞ്ഞിരുന്നു. പിന്നീട് ഇടവപ്പാതി കാലത്ത് മഴ കുറഞ്ഞതോടെ തക്കാളിക്കും, മറ്റു പച്ചക്കറികൾക്കും വില വർദ്ധിച്ചു. തുടർന്ന് ജൂലൈയിൽ റീടെയിൽ വിലയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തി.

പച്ചക്കറിയുടെ വാർഷിക റീട്ടെയ്ൽ വിലക്കയറ്റം 37.43 ശതമാനവും, ധാന്യ വിലക്കയറ്റം 13 ശതമാനവും ആയിരുന്നു. റിടെയ്ൽ വിലക്കയറ്റം 4 ശതമാനത്തിൽ നിൽക്കുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ആർബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.