Highlights (Page 22)

കാൻസറിനെതിരെ നിർണായക കണ്ടുപിടിത്തവുമായി ഇംഗ്ലണ്ട്. ഒരൊറ്റ കുത്തിവെപ്പിലൂടെ കാൻസർ ചികിത്സയുടെ സമയപരിധി മൂന്നിലൊന്നായി കുറയുമെന്നാണ് പുതിയ കണ്ടെത്തൽ. യുകെ നാഷണൽ ഹെൽത്ത് സർവീസാണ് (എൻഎച്ച്എസ്) ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വിട്ടത്.

മരുന്നിന് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്സ് റെഗുലേറ്ററി ഏജൻസിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കുത്തിവെപ്പ് ആരംഭിച്ചത്. തൊലിപ്പുറത്താണ് ഈ കുത്തിവെയ്പ്പ് എടുക്കേണ്ടത്. നിലവിലെ അറ്റെസോലിസുമാബ് (atezolizumab) അല്ലെങ്കിൽ ടെസെൻട്രിക് (Tecentriq) രീതിയിലൂടെ രോഗികൾക്ക് അവരുടെ സിരകളിലേക്ക് നേരിട്ട് ഒരു ഡ്രിപ്പിലൂടെയാണ് മരുന്ന് നൽകുന്നത്. ഈ ചികിത്സാ രീതി 30 മിനിറ്റോ ഒരു മണിക്കൂറോ വരെ നീളുന്നതാണ്. ചില രോഗികൾക്ക് മരുന്ന് സിരയിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ടും ഉണ്ടാകും. എന്നാൽ തൊലിപ്പുറത്തുള്ള പുതിയ രീതിയിൽ കേവലം എഴ് മിനിറ്റ് മാത്രമായിരിക്കും എടുക്കുക.

ആദ്യമായാണ് കാൻസറിനെതിരെ ഇത്തരത്തിലൊരു ചികിത്സ നൽകുന്നത്. റോഷെ കമ്പനിയായ ജെനെൻടെകാണ് പുതിയ അറ്റെസോലിസുമാബ് നിർമിച്ചത്. കാൻസർ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഈ മരുന്നിന് കഴിവുണ്ടെന്നാണ് കണ്ടെത്തൽ.

മറക്കാഷ്: വടക്കൻ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലെ ഭൂചലനത്തിൽ മരണസംഖ്യ ഉയരുന്നു. 1037 പേരാണ് ഭൂചലനത്തിൽ മരിച്ചത്. നിരവധി പേർ ഇപ്പോഴും മണ്ണിനടിയിലാണെന്നാണ് വിവരം. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾക്കായി തെരച്ചിൽ പുരോഗമിക്കുന്നുണ്ട്.

വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് മൊറോക്കോയിൽ ഭൂചലനം ഉണ്ടായത്. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. മേഖലയിലെ വീടുകളിൽ പലതും ഭൂചലനത്തിൽ നിലംപൊത്തി. സുപ്രധാന നഗരമായ മാറക്കേഷും ഭൂചലനത്തിൽ തകർന്നടിഞ്ഞു. ഓരോ വർഷവും ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന നഗരമാണിത്.

ദുരന്തമേഖലയിൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ള നിരവധിപ്പേരും കുടുങ്ങിയിട്ടുണ്ട്. ഭക്ഷണവും വെള്ളവും ഇല്ലാതെ ആയിരങ്ങൾ തെരുവിൽ കഴിയുകയാണ്. അതേസമയം, മൊറോക്കോയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് വിവിധ ലോകരാജ്യങ്ങൾ രംഗത്തെത്തി.

ജി20 ഉച്ചകോടിക്ക് മുന്നോടിയായി രാഷ്‌ട്രപതി ദ്രൗപതി മുർമു സംഘടിപ്പിക്കുന്ന അത്താഴ വിരുന്നിൽ പ്രതിപക്ഷത്തെ ക്ഷണിക്കാത്തത് വിമർശിച്ച് രാഹുൽ ഗാന്ധി. രാജ്യസഭാ പ്രതിപക്ഷ നേതാവായ മല്ലികാർജുൻ ഖർഗയെ അത്താഴ വിരുന്നിൽ ക്ഷണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ വിമർശനം ഉന്നയിച്ചത്. ഇന്ത്യയിലെ 60 ശതമാനം ജനങ്ങളുടെ നേതാവിനെ ബി ജെ പി സർക്കാർ അത്താഴവിരുന്നിലേക്ക് ക്ഷണിച്ചില്ല എന്നും ഇതിനായി അവരെ പ്രേരിപ്പിച്ചത് എന്താണെന്ന് ജനങ്ങൾ ചിന്തിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തെ യൂറോപ്യൻ പര്യടനത്തിനായി പോയിരിക്കെ ബ്രസൽസിൽ വച്ചാണ് അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് ഇക്കാര്യം പറഞ്ഞത്.എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് അത്താഴവിരുന്നിലേക്ക് ക്ഷണമുണ്ട്.

ലക്നൗ: സനാതനധർമ്മത്തിനെതിരെയുള്ള പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യം ക്രിയാത്മകമായി മുന്നോട്ട് പോകുമ്പോൾ ചിലർക്ക് അത് സഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അത്തരക്കാരാണ് സനാതനധർമ്മത്തിനെതിരെ പ്രസ്താവനകൾ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സനാതനത്തെ എതിർത്തവർ അപ്രത്യക്ഷരായ ചരിത്രമാണുള്ളത്. സനാതന ധർമ്മമാണ് സത്യം, അതിനെ ഒരിക്കലും നശിപ്പിക്കാനാവില്ല. സർക്കാരിന്റെ നേട്ടങ്ങളെ ദുർബ്ബലപ്പെടുത്താൻ സനാതനധർമ്മത്തിനെതിരെ വിരൽ ചൂണ്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും യോഗി ചൂണ്ടിക്കാട്ടി.

പക്ഷേ, രാവണന്റെ അഹങ്കാരത്തിനും ബാബറിന്റെയും ഔറംഗസേബിന്റെയും ക്രൂരതകൾക്ക് പോലും സനാതധർമ്മത്തെ ഇല്ലാതാക്കാൻ കഴിഞ്ഞില്ല എന്നത് എതിർക്കുന്നവർ മറന്നു. ഇത്തരമൊരു സാഹചര്യത്തിൽ സനാതനത്തെ നശിപ്പിക്കാൻ ഈ മനുഷ്യർക്ക് എങ്ങനെ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

ഇന്ത്യയിൽ കർഷകർ നിലവിലെ നിരക്കിൽ ഭൂഗർഭജലം വലിച്ചെടുക്കുന്നത് തുടർന്നാൽ 2080 ഓടെ ഭൂഗർഭജല ശോഷണത്തിന്റെ തോത് മൂന്നിരട്ടിയാകുമെന്ന് പുതിയ പഠനം പറയുന്നു. ചൂടുകൂടുന്ന കാലാവസ്ഥയിൽ ജലസേചനത്തിനായി ഉപയോഗിക്കുന്ന ഭൂഗർഭജലം കൂടുതൽ തോതിൽ വലിച്ചെടുക്കുന്നതിന് ഇന്ത്യയിലെ കർഷകരെ പ്രേരിപ്പിച്ചതായി കണ്ടെത്തി. യുഎസിലെ മിഷിഗൺ സർവകലാശാലയുടെ നേതൃത്വത്തിലുള്ള പഠനത്തിലാണ് കണ്ടെത്തൽ.

ജലലഭ്യത കുറയുന്നത് രാജ്യത്തെ 1.4 ബില്യൺവരുന്ന ആളുകളിൽ മൂന്നിലൊന്ന് പേരുടെയും ഉപജീവനമാർഗത്തെ അപകടത്തിലാക്കുമെന്നും അതുവഴി ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഭൂഗർഭജല ഉപഭോഗത്തിൽ ഇന്ത്യ ലോകത്തിൽ മുൻപന്തിയിലാണ് എന്നതും ആശങ്ക വർധിപ്പിക്കുന്നതാണ്. പ്രാദേശികവും ആഗോളവുമായ ഭക്ഷ്യ വിതരണത്തിനുള്ള നിർണായക പങ്ക് ഇന്ത്യ വഹിക്കുന്നുണ്ട്.

ഇന്ത്യയിലുടനീളമുള്ള ഭൂഗർഭജലനഷ്ടത്തിന്റെ ഭാവി നിരക്ക് കണക്കാക്കാൻ ഭൂഗർഭജലനിരപ്പ്, കാലാവസ്ഥ, വിള ജല സമ്മർദ്ദം എന്നിവയെക്കുറിച്ചുള്ള മുൻകാലങ്ങളിലെ ഡാറ്റകൾ പരിശോധിച്ച് ചൂട് മൂലമുണ്ടാകുന്ന ഭൂഗർഭജലത്തിന്റ പിൻവലിക്കൽ നിരക്കുകളിലെ സമീപകാല മാറ്റങ്ങൾ പഠനം വിശകലനം ചെയ്തു. അനുകൂലമായ സാഹചര്യങ്ങളിൽ ജലസേചനം വർദ്ധിപ്പിക്കുന്നതിനുള്ള കർഷകരുടെ സാധ്യതയും പഠനം കണക്കിലെടുത്തു.

മോഡൽ എസ്റ്റിമേറ്റുകൾ ഉപയോഗിച്ച് ഒരു സാധാരണ അവസ്ഥയിൽ ചൂടാകുന്ന താപനില ഭാവിയിൽ ഭൂഗർഭജല ശോഷണ നിരക്ക് മൂന്നിരട്ടിയാക്കുമെന്നും ഭൂഗർഭജല ശോഷണ ഹോട്ട്‌സ്‌പോട്ടുകൾ ദക്ഷിണേന്ത്യയിലും മധ്യ ഇന്ത്യയിലും ഉൾപ്പെടുത്തേണ്ടതായി വരുമെന്നും പഠനം പ്രവചിക്കുന്നുണ്ട്.
ഈ വിശകലനത്തിനായി, ഗവേഷകരുടെ ഡാറ്റാസെറ്റിൽ ഇന്ത്യയിലുടനീളമുള്ള കിണറുകളുടെ ഭൂഗർഭജലത്തിന്റെ ആഴം, വിള ജലത്തിന്റെ സമ്മർദ്ദം, താപനില, മഴ എന്നിവയുടെ ഉയർന്ന റെസല്യൂഷൻ ഉപഗ്രഹ നിരീക്ഷണങ്ങൾ എന്നിവ ഉൾപ്പെടുന്നു.
ചൂടുകൂടുന്ന താപനിലയും ശീതകാല മഴയുടെ കുറവും, മഴയിൽ നിന്ന് ഭൂഗർഭജലം റീചാർജ് ചെയ്യുന്നതിനേക്കാൾ വളരെ ഉയർന്ന നിരക്കിൽ ഭൂഗർഭജലം കുറയുന്നതായി അവർ കണ്ടെത്തി.

വിവിധ കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങളിലുടനീളം, 2041 നും 2080 നും ഇടയിൽ ഭൂഗർഭജലനിരപ്പ് ഇടിഞ്ഞതിന്റെ കണക്കുകൾ നിലവിലെ ശോഷണ നിരക്കിന്റെ ശരാശരി മൂന്നിരട്ടിയിലധികമാണെന്ന് പഠനം പറയുന്നു.
ഭൂഗർഭജലം സംരക്ഷിക്കുന്നതിനുള്ള നയങ്ങളും ഇടപെടലുകളും കൂടാതെ, വർധിക്കുന്ന താപനില ഇന്ത്യയുടെ നിലവിലുള്ള ഭൂഗർഭജല ശോഷണ പ്രശ്നത്തെ വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തി. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഭക്ഷ്യ-ജല സുരക്ഷക്ക് കൂടുതൽ വെല്ലുവിളി ഉയരുന്നതുമായാണ് കണ്ടെത്തൽ.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരുന്നതോടെ തൊഴിലവസരങ്ങൾ കുറയുമെന്നാണ് പൊതുവേ അഭിപ്രായപ്പെടുന്നത്. എന്നാൽ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ കടന്ന് വരവ് തൊഴിൽ അവസരങ്ങളെ വർധിപ്പിക്കുമെന്ന യു എൻ പഠനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഏതു സങ്കീർണമായ ജോലിയും കൈകാര്യം ചെയ്യുന്ന ജനറേറ്റീവ് എഐ പ്ലാറ്റ് ഫോമായ ചാറ്റ് ജിപി ടിയെ ഇക്കഴിഞ്ഞ നവംബറിലാണ് അവതരിപ്പിച്ചത്. ഇതോടെ തൊഴിലവസരങ്ങൾ കുറയുമെന്ന പല രീതിയിലുള്ള ആശങ്കകളും ഉടലെടുത്തിരുന്നു.

എന്നാൽ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലുള്ള ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ നടത്തിയ പഠനത്തിൽ ഭൂരിഭാഗം സ്ഥാപനങ്ങളും ജോലികളും പൂർണമായും എഐ യിലേക്ക് മാറില്ലെന്നാണ് വ്യക്തമാക്കുന്നത്. ചാറ്റ് ജി പി ടി പോലുള്ള ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ തൊഴിലാളികളുടെ അവസരം ഇല്ലാതാക്കുന്നതിന് പകരം തൊഴിലാളികളുടെ കഴിവ് വർദ്ധിപ്പിക്കുമെന്നാണ് പഠനം വിലയിരുത്തുന്നത്. അതേസമയം പുരുഷന്മാർ ചെയ്യുന്ന തൊഴിലുകളേക്കാൾ സ്ത്രീകളെ ആവും ഇവ പ്രതികൂലമായി ബാധിക്കുന്നതെന്നും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.

ജോലിയുടെ സ്വഭാവവും പ്രദേശവും അനുസരിച്ച് ഇവ വ്യത്യാസപ്പെടാമെങ്കിലും സമ്പന്നമായ രാജ്യങ്ങളിലും മധ്യവർഗ രാജ്യങ്ങളിലും ഇതിന്റെ പ്രത്യാഘാതം കൂടുതൽ കാണാൻ കഴിയും. ക്ലിനിക്കിൽ ജോലികളിൽ ആയിരിക്കും കൂടുതൽ എ ഐ കൈകടത്തൽ ഉണ്ടാകുന്നത്. മാനേജർമാർ, ടെക്നീഷ്യന്മാർ ഉൾപ്പെടെയുള്ള ആളുകളെ ആയിരിക്കും ഇത് പ്രധാനമായി സ്വാധീനിക്കുന്നത് എന്നിങ്ങനെയായിരുന്നു പഠനത്തിൽ വ്യക്തമാക്കിയത്.

കേന്ദ്ര സർക്കാരിന്റെ നയങ്ങളെ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് നേരിടാൻ തയ്യാറായി കോൺഗ്രസ്‌. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ് അടക്കമുള്ള വിവാദ ബില്ലുകൾ കേന്ദ്ര സർക്കാർ അവതരിപ്പിക്കുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസിന്റെ തീരുമാനം. 18 മുതൽ 22 വരെയാണ് സമ്മേളനങ്ങൾ നടക്കുന്നത്. സമ്മേളനം ബഹിഷ്കരിക്കുകയോ നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധമോ ചെയ്യില്ല. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം.

രാജ്യത്തിന്റെ പേരിൽനിന്ന് ഇന്ത്യ ഒഴിവാക്കി ഭാരത് എന്നു മാത്രമാക്കി മാറ്റാനുള്ള ബിൽ കേന്ദ്രം അവതരിപ്പിച്ചാൽ അക്കാര്യത്തിലുള്ള നിലപാട് പാർട്ടി അപ്പോൾ തീരുമാനിക്കുമെന്നുമാണ് വിവരം. വനിതാ സംവരണ ബില്ലിൽ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി കക്ഷികൾക്കിടയിൽ ചർച്ച നടത്തി തീരുമാനം കൈക്കൊള്ളും.

കേന്ദ്രത്തിന്റെ അജൻഡ നടപ്പാക്കാനുള്ള വേദിയാക്കി സമ്മേളനം മാറ്റരുത്, പ്രതിപക്ഷം ഉയർത്തുന്ന വിഷയങ്ങൾ കൂടി പരിഗണിക്കണം എന്നി ആവശ്യങ്ങൾ ഉന്നയിച്ച് സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതും. മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, അധീർ രഞ്ജൻ ചൗധരി, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ പാർട്ടി യോഗത്തിൽ പങ്കെടുത്തു.

പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ കേന്ദ്ര സർക്കാരിനെതിരെ ഒറ്റക്കെട്ടായി നിൽക്കാൻ ‘ഇന്ത്യ’ മുന്നണി കക്ഷികൾക്കിടയിൽ ധാരണയായി. സമ്മേളനത്തിന്റെ അജൻഡ കേന്ദ്രം ഇതുവരെ പരസ്യമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ അപ്രതീക്ഷിത നടപടികൾ ഉണ്ടായേക്കാമെന്നും സഭയിൽ അതിനെ ഒന്നിച്ചു നേരിടണമെന്നും മുന്നണി നേതാക്കൾ അഭിപ്രായപ്പെട്ടു.

സമ്മേളനത്തിൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ എന്താണെന്ന് അറിയിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടും. അതിനു തയാറായില്ലെങ്കിൽ, അജൻഡ അറിയാൻ സമ്മേളനം ആരംഭിക്കുന്നതു വരെ കാത്തിരിക്കേണ്ടി വരു മെന്നും വിലയിരുത്തിയ യോഗം സമ്മേളനം നടക്കുന്ന എല്ലാ ദിവസവും രാവിലെ വിവിധ വിഷയങ്ങളിലുള്ള നിലപാട് തീരുമാനിക്കാൻ യോഗം ചേരാനും ധാരണയായി.

ന്യൂഡൽഹി: ചില ബഹുരാഷ്ട്ര കമ്പനികളുടെ സിഇഒമാരുടെ പേരുകൾ അടങ്ങിയ പട്ടിക സമൂഹമാധ്യമമായ എക്സിൽ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. പട്ടികയിലുൾപ്പെട്ട ഇരുപതിൽപരം സിഇഒമാർ ഇന്ത്യൻ വംശജരാണെന്നതായിരുന്നു ഈ പട്ടിക ശ്രദ്ധയിൽപ്പെടാൻ കാരണം. ഈ പട്ടിക ഇപ്പോൾ എക്സിന്റെ ഉടമസ്ഥനായ എലോൺ മസ്‌കിന്റെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. സിഇഒമാരുടെ പേരുകൾ അടങ്ങിയ പട്ടികയ്ക്ക് മസ്‌ക് കമന്റ് ചെയ്തിരിക്കുകയാണ്. ഇംപ്രസീവ് എന്നാണ് പോസ്റ്റിന് താഴെ മസ്‌ക് കമന്റ് ചെയ്തിട്ടുള്ളത്.

പട്ടികയിലുൾപ്പെട്ട ഇന്ത്യൻ വംശജരായ സിഇഒമാർ ആരൊക്കെയാണെന്ന് നോക്കാം

  • ആൽഫബെറ്റ് സിഇഒ (ഗൂഗിളിന്റെ മാതൃകമ്പനി – സുന്ദർ പിച്ചെ – തമിഴ്നാട്ടിലെ മധുരൈയിൽ ജനനം
  • മൈക്രോ സോഫ്റ്റ് സിഇഒ – സത്യ നദെല്ല – ഹൈദരാബാദിൽ ജനനം
    യൂട്യൂബ് സിഇഒ – നീൽ മോഹൻ, യുഎസിലെ ഇന്ത്യാനയിൽ ജനനം, ഇന്ത്യൻ വംശജരാണ് മാതാപിതാക്കൾ
  • അഡോബ് സിഇഒ – ശന്തനു നാരായൺ – ഹൈദരാബാദിൽ ജനനം
  • വേൾഡ് ബാങ്ക് ഗ്രൂപ്പ് സിഇഒ – അജയ് ബൻഗ -പൂനെയിൽ ജനനം
  • ഐബിഎം സിഇഒ – അരവിന്ദ് കൃഷ്ണ – ആന്ധ്രാപ്രദേശിൽ ജനനം
  • ആൽബർട്ട്സൺസ് സിഇഒ – വിവേക് ശങ്കരൻ – ഇന്ത്യൻ വംശജൻ
  • നെറ്റ്ആപ്പ് സിഇഒ – ജോർജ് കുര്യൻ – കേരളത്തിൽ ജനനം
  • പാലോ ആൾട്ടോ നെറ്റ്വർക്സ് – നികേഷ് അറോറ, ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ ജനനം
  • അരിസ്റ്റ് നെറ്റ് വർക്ക് സിഇഒ – ജയ്ശ്രീ ഉള്ളാൽ – ലണ്ടനിൽ ജനനം. മാതാപിതാക്കൾ ഇന്ത്യൻ വംശജർ
  • നൊവാർട്ടിസ് സിഇഒ – വസന്ത് നരസിംഹൻ – പിറ്റ്സ്ബർഗിൽ ജനനം. മാതാപിതാക്കൾ ഇന്ത്യൻ വംശജർ
  • സ്റ്റാർബക്സ് സിഇഒ – ലക്ഷ്മൺ നരസിംഹൻ – പൂനെയിൽ ജനനം
  • മൈക്രോൺ ടെക്നോളജി – സഞ്ജയ് മെഹ്രോത്ര – കാൺപൂരിൽ ജനനം
  • ഫ്ളെക്സ് സിഇഒ – രേവതി അദ്വെതി – ഇന്ത്യയിൽ ജനനം
  • വെഫെയർ – നീരജ് ഷാ – മാതാപിതാക്കൾ ഇന്ത്യൻ വംശജർ
  • ചാനെൽ സിഇഒ – ലീന നായർ – മഹാരാഷ്ട്രയിലെ കൊൽഹാപൂർ
  • ഒൺലിഫാൻസ് സിഇഒ – അംരാപലി ഗാൻ (ഇന്ത്യയിൽ ജനനം)
  • മോട്ടറോള മൊബിലിറ്റി സിഇഒ – സഞ്ജയ് ഝാ – ബിഹാറിൽ ജനനം
  • കോഗ്‌നിസന്റ് സിഇഒ – രവി കുമാർ എസ് – ഇന്ത്യയിൽ ജനനം
  • വിമിയോ സിഇഒ – യുഎസിലെ മിഷിഗണിൽ ജനനം. മാതാപിതാക്കൾ ഇന്ത്യൻ വംശജർ.

പത്തനംതിട്ട: പത്തനംതിട്ട ജില്ലയുടെ കിഴക്കൻ വനമേഖലയിൽ കനത്ത മഴ. കനത്ത മഴയിൽ കക്കാട്ടാർ കരകവിഞ്ഞൊഴുകി. മഴയെ തുടർന്ന് മണിയാർ ഡാമിന്റെ രണ്ട് ഷട്ടറും മൂഴിയാർ ഡാമിന്റെ ഒരു ഷട്ടറും തുറന്നു. ജില്ലയുടെ കിഴക്കൻ വനമേഖല പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായെന്ന സംശയവുമുണ്ട്.

അതേസമയം, വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുന മർദ്ദമായി ശക്തിപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാൻ സാധ്യത. സെപ്റ്റംബർ 4 മുതൽ 8 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 വിജയകരമായി വിക്ഷേപണം പൂർത്തിയാക്കുമ്പോൾ കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ മറ്റൊരു അഭിമാനനേട്ടം കരസ്ഥമാക്കിയ സന്തോഷത്തിലാണെന്ന് മന്ത്രി പി രാജീവ്. കേരളത്തിൽ നിന്നുള്ള നാല് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളാണ് വിജയകരമായി വിക്ഷേപിച്ചിക്കുന്ന ആദിത്യ എൽ1 ദൗത്യത്തിൽ പങ്കാളികളായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കെൽട്രോൺ, എസ്‌ഐഎഫ്എൽ, ടിസിസി, കെഎഎൽ എന്നീ സ്ഥാപനങ്ങളിൽ നിന്ന് നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങൾ ആദിത്യ എൽ1 ദൗത്യത്തിൽ ഉപയോഗിച്ചിട്ടുണ്ട്. PSLV സി 57 ആദിത്യ എൽ1 മിഷന്റെ ഭാഗമായി PSLV റോക്കറ്റിനു വേണ്ടി കെൽട്രോണിൽ നിർമിച്ചിട്ടുള്ള 38 ഇലക്ട്രോണിക്‌സ് മൊഡ്യൂളുകൾ ഉപയോഗിച്ചിട്ടുണ്ട്. ഇത് കൂടാതെ ദൗത്യത്തിനാവശ്യമായ വിവിധ തരം ഇലക്ട്രോണിക്‌സ് മോഡലുകളുടെ ടെസ്റ്റിംഗ് സപ്പോർട്ടും കെൽട്രോൺ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ആദിത്യ എൽ1 വിക്ഷേപണ വാഹനമായ PSLVയുടെ വിവിധ ഘട്ടങ്ങൾക്കുള്ള ഫോർജിങ്ങുകൾ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ എസ്‌ഐഎഫ്എൽ തദ്ദേശീയമായി വികസിപ്പിച്ചു നൽകിയിട്ടുള്ളതാണ്. പ്രൊപ്പല്ലർ ടാങ്കിനാവശ്യമായ ടൈറ്റാനിയം അലോയ് ഫോർജിംഗ്സ്, 15CDV6 ഡോം ഫോർജിംഗ്സ് എന്നിവയ്‌ക്കൊപ്പം വികാസ് എഞ്ചിന്റെ പ്രധാന ഘടകമായ കൺവെർജെന്റ് ഡൈവേർജെന്റ് ഫോർജിംഗുകളും മറ്റു ഘടകങ്ങളായ പ്രിൻസിപ്പിൾ ഷാഫ്റ്റ്, ഇക്വിലിബിറിയം റെഗുലേറ്റർ പിസ്റ്റൺ, ഇക്വിലിബ്രിയം റെഗുലേറ്റർ ബോഡി എന്നിവയും എസ്‌ഐഎഫ്എൽ തദ്ദേശീയമായി വികസിപ്പിച്ചതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പദ്ധതിക്കാവശ്യമായ 150 മെട്രിക് ടൺ സോഡിയം ക്ലോറേറ്റ് ക്രിസ്റ്റലുകൾ ടി.സി.സിയാണ് വിതരണം ചെയ്തിരിക്കുന്നത്. ഇതിനൊപ്പം റോക്കറ്റിന്റെ സാറ്റലൈറ്റ് സെപ്പറേഷൻ സിസ്റ്റത്തിനു ആവശ്യമായ വിവിധതരം ഘടകങ്ങൾ വിതരണം ചെയ്തിരിക്കുന്നതും നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ കേരളാ ആട്ടോമൊബൈൽസ് ലിമിറ്റഡാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.