Highlights (Page 21)

തിരുവനന്തപുരം : സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി 81 കോടി 73 ലക്ഷം രൂപ അനുവദിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക തുകയുടെ 50% നല്‍കാനാണ് നിലവിൽ ഉത്തരവിറക്കിയിട്ടുള്ളത്. കുടിശ്ശിക മുഴുവനും രണ്ടാഴ്ചക്കുള്ളിൽ അനുവദിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. കുടിശ്ശിക മുഴുവനും വേണമെന്ന അധ്യാപക സംഘടനയുടെ ആവശ്യത്തെ തുടർന്നാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് അധ്യാപക സംഘടന നൽകിയ ഹർജിയിലാണ് നടപടി. വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നേരത്തെ മറുപടി തേടിയിരുന്നു. പ്രധാനാധ്യാപകർക്ക് നൽകാനുള്ള കുടിശ്ശിക തുക എന്ന് കൊടുത്തു തീർക്കുമെന്ന് സർക്കാർ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. എന്നാൽ കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശിക വൈകാൻ കാരണമെന്നായിരുന്നു സർക്കാർ നൽകിയ വിശദീകരണം. കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രി ശിവൻകുട്ടി ഇതേ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ കേന്ദ്രവും അതിന് മറുപടിയുമായി രംഗത്ത് വന്നു. സർക്കാരിന്റെ വാദങ്ങൾ തള്ളിയ കേന്ദ്ര വിദ്യാഭ്യാസ മന്താലയം പിഎം പോഷൻ പദ്ധതിയുടെ ഭാഗമായി കേന്ദ്ര വിഹിതമായ 132.9 കോടി രൂപ സംസ്ഥാനത്തിനു കൈമാറിയിരുന്നുവെന്നും സംസ്ഥാന വിഹിതമായ 76.78 കോടി രൂപയും ഉൾപ്പെടെ സംസ്ഥാന നോഡൽ അക്കൗണ്ടിലേക്കു കൈമാറേണ്ടിയിരുന്നുവെന്നും എന്നാൽ ഇതുണ്ടായില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം വിശദീകരിച്ചു. ഈ സാഹചര്യത്തിലാണു തുടർന്നുള്ള ഫണ്ട് കൈമാറാൻ സാധിക്കാത്ത സാഹചര്യമുണ്ടായത്. ഇക്കാര്യം സംസ്ഥാന സർക്കാരിനെ ഓഗസ്റ്റ് 8ന് അറിയിച്ചിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറുന്നു എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ന്യൂനമർദം ശക്തി പ്രാപിച്ച് ഒഡിഷ – പശ്ചിമ ബംഗാൾ തീരത്താണ് നിലവിൽ ഉള്ളത്. അടുത്ത രണ്ടു ദിവസം ഒഡിഷ – ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കേരളത്തിൽ അടുത്ത 5 ദിവസം മിതമായ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് ഇടി മിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് വിവരം. സെപ്റ്റംബർ 14 മുതൽ 15 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മുൻകരുതൽ സ്വീകരിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദ്ദേശം നൽകി .

ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പൊതു ജനങ്ങൾക്കായുള്ള ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.

  1. നിലവിലെ സാഹചര്യത്തിൽ ശാന്തതയോടു കൂടി സാഹചര്യങ്ങൾ നേരിടണ്ടേതാണ്. രോഗലക്ഷണങ്ങൾ ഉള്ളവർ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ പാലിക്കണം. സ്വയം വാഹനങ്ങളിൽ കയറി ചികിത്സയ്ക്കായും മറ്റ് ആവശ്യങ്ങൾക്കായും പോകരുത്.
  2. ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയം ചികിത്സിക്കാതെ ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശങ്ങൾ പാലിക്കണം.
  3. രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി അടുത്തിടപഴകാതിരിക്കാൻ ശ്രദ്ധിക്കണം.
  4. പക്ഷി മൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറലുള്ളതുമായ പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കരുത്.
  5. തുറന്നതും മൂടിവയ്ക്കാത്തതുമായ കലങ്ങളിൽ ശേഖരിച്ചിട്ടുള്ള കള്ളും മറ്റ് പാനീയങ്ങളും ഒഴിവാക്കണം.
  6. കിണർ തുടങ്ങിയ ജല സ്രോതസുകളിൽ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, മറ്റ് ശരീര സ്രവങ്ങൾ എന്നിവ വീഴാതെ സുരക്ഷിതമായി സൂക്ഷിക്കണം.

7.വളർത്തുമൃഗങ്ങളുടെ ശരീര സ്രവങ്ങൾ, വിസർജ്ജ്യ വസ്തുക്കൾ എന്നിവയുമായി സമ്പർക്കം ഉണ്ടാകാതെ സൂക്ഷിക്കണം.

  1. രോഗബാധിതരെ സുരക്ഷിത മാർഗ്ഗങ്ങൾ അവലംബിക്കാതെ സന്ദർശിക്കരുത്.
  2. സുരക്ഷിത മാർഗ്ഗങ്ങൾ ഇല്ലാതെ രോഗബാധിതരെ പരിചരിക്കരുത്.
  3. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും സാധന സാമഗ്രികളും അലക്ഷ്യമായി കൈകാര്യം ചെയ്യരുത്.
  4. രോഗികളെ പരിചരിക്കുന്നവർ മാസ്ക്, ഗ്ലൗസ് എന്നിവ ഉപയോഗിക്കണം.
  5. ഇടയ്ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റിനടുത്ത് നന്നായി കഴുകണം. ഇത് ലഭ്യമല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. രോഗിയിൽ നിന്നും 1 മീറ്റർ അകലം പാലിക്കണം
  6. മുയൽ, വവ്വാൽ, പന്നി മുതലായ മൃഗങ്ങളുമായി ഇടപഴകുമ്പോഴും എൻ 95 മാസ്ക് ഉപയോഗിക്കണം.
  7. രോഗി ഉപയോഗിക്കുന്ന വസ്തുക്കൾ വേർതിരിച്ചു സൂക്ഷിക്കുകയും വൃത്തിയാക്കുകയും ചെയ്യണം.
  8. ആരും പരിഭ്രാന്തരാകാതെ ജാഗ്രതയോടെ പ്രവർത്തിക്കണം.
  9. ജില്ലയിൽ കൺട്രോൾ സെൽ പ്രവർത്തനസജ്ജമായിട്ടുണ്ട്. പൊതു ജനങ്ങൾക്ക് സംശയദൂരീകരണത്തിനായി താഴെപറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം.

കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി. കഥ പറയാനെത്തിയ സ്ത്രീയെ അപമാനിച്ചെന്ന കേസിലെ തുടർനടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. പരാതിക്കാരിയുമായി താരം ഒത്തുതീർപ്പിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് നടപടികൾ റദ്ദാക്കിയത്. കേസിന് ആസ്പദമായ സംഭവം നടന്നത് 2017ൽ ആയിരുന്നു.

സിനിമാ ചർച്ചയ്ക്ക് വേണ്ടി ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോൾ ലൈംഗികമായ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. കോട്ടയം സ്വദേശിനിയാണ് പരാതി നൽകിയത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.

വിചാരണ പുരോഗമിക്കുന്നതിനിടെയാണ് കേസ് റദ്ദാക്കാൻ ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചത്. കൂടാതെ. കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് പരാതിക്കാരി അറിയിച്ചിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

കേരളത്തില്‍ നിപ വൈറസ് സ്ഥിരീകരിച്ചതോടെ അതിര്‍ത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ച് അയൽ സംസ്ഥാനമായ തമിഴ്‌നാട്. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് പനി പരിശോധന നടത്തുമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യന്‍ അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ തമിഴ്‌നാട്ടില്‍ നിപ ഭീഷണി ഇല്ലെങ്കിലും അതിര്‍ത്തി പ്രദേശങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു. കേരളവുമായി അതിർത്തി പങ്കിടുന്ന നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂര്‍, കന്യാകുമാരി, തെങ്കാശി എന്നിവിടങ്ങളില്‍ നിരീക്ഷണം നടത്തുന്നുണ്ടെന്നും കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് പരിശോധന നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പനി ലക്ഷണങ്ങള്‍ കണ്ടെത്തുന്നവർക്ക് ഐസൊലേഷൻ വാർഡിൽ ചികിത്സ നൽകാനും തീരുമാനിച്ചു എന്നാണ് പുറത്തുവരുന്ന വിവരം.

ഇതിനോടകം തന്നെ കന്യാകുമാരിയില്‍ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് പനി പരിശോധന നടത്താന്‍ ആംരഭിച്ചിരുന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥര്‍, പോലീസ് എന്നിവരടങ്ങുന്ന സംഘത്തെയാണ് പരിശോധനകള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.

അതെ സമയം കേരളത്തിലെ നിപ വ്യാപനവും നിലവിലെ സാഹചര്യവും കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്. വേണ്ട പ്രതിരോധ പ്രവർത്തങ്ങളിൽ സമാധാനത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മണ്ഡവ്യ അറിയിച്ചിട്ടുണ്ട്. കോവിഡ് സമയത്തെ പോലെത്തന്നെ നിപയുടെ സാഹചര്യം വിലയിരുത്തനും നടപടികൾ കൈക്കൊള്ളാനും മുഖ്യമന്ത്രി നേരിട്ട് ഇടപെടൽ നടത്തും എന്നാണ് വിവരം. നിപ സാഹചര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി മന്ത്രി വിളിച്ച ഉന്നതതലയോഗം പുരോഗമിക്കുകയാണ്

ന്യൂഡൽഹി: അടുത്തതായി സമുദ്രയാൻ ദൗത്യമാണ് മുന്നിലുളളതെന്ന് കേന്ദ്ര ഭൗമശാസ്ത്ര വകുപ്പ് മന്ത്രി കിരൺ റിജിജു. ചെന്നൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷനോഗ്രഫിയിൽ മത്സ്യ-6000ത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സമുദ്രത്തിനടിത്തട്ടിൽ മനുഷ്യനെ ഗവേഷണത്തിനയക്കുന്ന ആദ്യ പദ്ധതിയാണ് സമുദ്രയാൻ. സമുദ്ര പര്യവേഷണം, സമുദ്ര പഠനം തുടങ്ങിയ ലക്ഷ്യങ്ങളോടെ 6 കിലോമീറ്റർ താഴ്ചയിൽ മൂന്ന് മനുഷ്യരെയാണ് സമുദ്രത്തിനിടിയിലേയ്ക്ക് ഭാരതം വിടുക. ആഴക്കടൽ വിഭവങ്ങളെക്കുറിച്ചും ജൈവ വൈവിധ്യങ്ങളെക്കുറിച്ചും പഠിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

സമുദ്ര ആവാസവ്യവസ്ഥയെ തടസപ്പെടുത്താത്ത വിധത്തിലായിരിക്കും ദൗത്യം നടപ്പിലാക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വേണ്ടി സമുദ്രവിഭവങ്ങളെ പ്രയോജനപ്പെടുത്തുക, മെച്ചപ്പെട്ട ജീവിത നിലവാരം ഉയർത്തുക, തൊഴിൽ, സമുദ്ര പരിസ്ഥിതി സംരക്ഷണം എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് ആവിഷ്‌കരിച്ച ബ്ലൂ എക്കണോമി നയത്തിന്റെ ഭാഗമായുള്ള ഡീപ്പ് ഓഷ്യൻ മിഷന്റെ ഭാഗമാണ് പദ്ധതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മരിച്ച രണ്ടു പേർക്ക് നിപ്പ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്രസംഘം സംസ്ഥാനത്തെത്തും. സംശയമുള്ള നാലു സാംപിളുകളുടെ ഫലം കാത്തിരിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട്ടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു രണ്ടു മരണങ്ങളും. മരിച്ച രണ്ട് പേർക്കും നിപ്പ ലക്ഷണങ്ങൾ ഉണ്ടായതാണ് പരിശോധനയ്ക്ക് കാരണം. ഇവരിലൊരാളുടെ മൂന്നു ബന്ധുക്കളും ആശുപത്രിയിൽ ചികിത്സയിലാണ്.

ന്യൂഡൽഹി: ജി20യുടെ അധ്യക്ഷസ്ഥാനം വഹിച്ച് ഇന്ത്യ നിരവധി നേട്ടങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്. സുസ്ഥിര വികസനത്തിനും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജീവിതം കൂടുതൽ എളുപ്പമാക്കുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനും ഇന്ത്യ മുന്നോട്ടുവെച്ച നയങ്ങൾ തുറന്നുകാണിക്കാനുള്ള വേദിയായി മാറുകയായിരുന്നു ഉച്ചകോടി. 60 നഗരങ്ങളിലായി 220ലധികം യോഗങ്ങളാണ് ജി 20 ഉച്ചകോടിയ്ക്കായി നടത്തിയത്. 115 രാജ്യങ്ങളിൽ നിന്നായുള്ള കാൽലക്ഷത്തിലധികം പ്രതിനിധികളും യോഗത്തിൽ പങ്കാളികളായി.

ആഫ്രിക്കൻ യൂണിയനിൽ നിന്ന് ഏറ്റവും കൂടുതൽ പ്രതിനിധികൾ പങ്കെടുത്തത് ഇത്തവണയാണ്. 43 ലോകനേതാക്കൾ പങ്കെടുത്ത ഏറ്റവും വലിയ ജി20 ഉച്ചകോടിയാണ് ഡൽഹിയിൽ നടന്നത്. അധികമായി 32 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമെത്തിയിരുന്നു.

ഭക്ഷ്യ സുരക്ഷയും പോഷകാഹാര ലഭ്യതയും ഉറപ്പുവരുത്താൻ ഡെക്കാൻ ഉന്നത തല പ്രമാണം, സമുദ്ര സമ്പത്ത് വ്യവസ്ഥയുടെ വളർച്ചക്കായി ചെന്നൈ ഉന്നത തല പ്രമാണം, ടൂറിസത്തിനായി ഗോവൻ പ്രമാണം, ഭൂമി വീണ്ടെടുക്കുന്നതിനായി ഗാന്ധിനഗർ പ്രമാണം, ഇടത്തരം സംരംഭങ്ങൾക്ക് വിവരസാങ്കേതിക വിദ്യയുടെ സഹായം കൂടുതൽ ഉറപ്പാക്കുന്നതിനായി ജയ്പൂർ പ്രമാണം, ജി20യിലേക്ക് ആഫ്രിക്കൻ യൂനിയനെ സ്ഥിരാംഗമായി ഉൾപ്പെടുത്തികൊണ്ടുള്ള ഡൽഹിയിലെ ഉച്ചകോടി തുടങ്ങിയവയാണ് ജി 20 യുടെ ഭാഗമായി നടന്നത്.

ന്യൂഡൽഹി: ജി 20 രാജ്യങ്ങളുടെ സ്വപ്ന പദ്ധതിയായ ഇന്ത്യ – ഗൾഫ് – യൂറോപ്പ് സാമ്പത്തിക ഇടനാഴി യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ചൈനയുടെ വൺ ബെൽറ്റ് പദ്ധതിയ്ക്ക് ബദൽ പദ്ധതിയാണിത്. ഇന്ത്യ – ഗൾഫ് – യൂറോപ്പ് സാമ്പത്തിക ഇടനാഴി യാഥാർത്ഥ്യമാകുമ്പോഴുള്ള നേട്ടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനും വിശദീകരിക്കുകയും ചെയ്തു.

ഇടനാഴിയുടെ പ്രഥമ പരിഗണന രാജ്യങ്ങളെ ബന്ധിപ്പിക്കുന്നതാണെന്ന് മോദി പറഞ്ഞത്. ഇന്ത്യയിൽ തുടങ്ങി യൂറോപ്പിലേക്ക് നീളുന്ന സാമ്പത്തിക ഇടനാഴി അടുത്ത തലമുറക്ക് ആയി അടിത്തറ പാകുന്നതാണ്. പുതിയ അവസരങ്ങൾക്ക് വഴി തുറക്കുകയാണ് ലക്ഷ്യമെന്ന് ജോ ബൈൻ അറിയിച്ചു.

രാജ്യങ്ങൾ തമ്മിലുള്ള അടിസ്ഥാന സൗകര്യങ്ങളിലെ വിടവ് നികത്തുകയാണെന്നും സുസ്ഥിരമായ ഉന്നത നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്നും ബൈഡൻ പറഞ്ഞു. അമേരിക്കയുടെ പങ്കാളികളോടൊപ്പം സാമ്പത്തിക ഇടനാഴിയിലെ നിക്ഷേപത്തിന് സഹകരിച്ച് പ്രവർത്തിക്കുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.