ഇന്ത്യയിൽ കർഷകർ നിലവിലെ നിരക്കിൽ ഭൂഗർഭജലം വലിച്ചെടുക്കുന്നത് തുടർന്നാൽ 2080 ഓടെ ഭൂഗർഭജല ശോഷണത്തിന്റെ തോത് മൂന്നിരട്ടിയാകുമെന്ന് പുതിയ പഠനം പറയുന്നു. ചൂടുകൂടുന്ന കാലാവസ്ഥയിൽ ജലസേചനത്തിനായി ഉപയോഗിക്കുന്ന ഭൂഗർഭജലം കൂടുതൽ തോതിൽ വലിച്ചെടുക്കുന്നതിന് ഇന്ത്യയിലെ കർഷകരെ പ്രേരിപ്പിച്ചതായി കണ്ടെത്തി. യുഎസിലെ മിഷിഗൺ സർവകലാശാലയുടെ നേതൃത്വത്തിലുള്ള പഠനത്തിലാണ് കണ്ടെത്തൽ.
ജലലഭ്യത കുറയുന്നത് രാജ്യത്തെ 1.4 ബില്യൺവരുന്ന ആളുകളിൽ മൂന്നിലൊന്ന് പേരുടെയും ഉപജീവനമാർഗത്തെ അപകടത്തിലാക്കുമെന്നും അതുവഴി ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ഭൂഗർഭജല ഉപഭോഗത്തിൽ ഇന്ത്യ ലോകത്തിൽ മുൻപന്തിയിലാണ് എന്നതും ആശങ്ക വർധിപ്പിക്കുന്നതാണ്. പ്രാദേശികവും ആഗോളവുമായ ഭക്ഷ്യ വിതരണത്തിനുള്ള നിർണായക പങ്ക് ഇന്ത്യ വഹിക്കുന്നുണ്ട്.
ഇന്ത്യയിലുടനീളമുള്ള ഭൂഗർഭജലനഷ്ടത്തിന്റെ ഭാവി നിരക്ക് കണക്കാക്കാൻ ഭൂഗർഭജലനിരപ്പ്, കാലാവസ്ഥ, വിള ജല സമ്മർദ്ദം എന്നിവയെക്കുറിച്ചുള്ള മുൻകാലങ്ങളിലെ ഡാറ്റകൾ പരിശോധിച്ച് ചൂട് മൂലമുണ്ടാകുന്ന ഭൂഗർഭജലത്തിന്റ പിൻവലിക്കൽ നിരക്കുകളിലെ സമീപകാല മാറ്റങ്ങൾ പഠനം വിശകലനം ചെയ്തു. അനുകൂലമായ സാഹചര്യങ്ങളിൽ ജലസേചനം വർദ്ധിപ്പിക്കുന്നതിനുള്ള കർഷകരുടെ സാധ്യതയും പഠനം കണക്കിലെടുത്തു.
മോഡൽ എസ്റ്റിമേറ്റുകൾ ഉപയോഗിച്ച് ഒരു സാധാരണ അവസ്ഥയിൽ ചൂടാകുന്ന താപനില ഭാവിയിൽ ഭൂഗർഭജല ശോഷണ നിരക്ക് മൂന്നിരട്ടിയാക്കുമെന്നും ഭൂഗർഭജല ശോഷണ ഹോട്ട്‌സ്‌പോട്ടുകൾ ദക്ഷിണേന്ത്യയിലും മധ്യ ഇന്ത്യയിലും ഉൾപ്പെടുത്തേണ്ടതായി വരുമെന്നും പഠനം പ്രവചിക്കുന്നുണ്ട്.
ഈ വിശകലനത്തിനായി, ഗവേഷകരുടെ ഡാറ്റാസെറ്റിൽ ഇന്ത്യയിലുടനീളമുള്ള കിണറുകളുടെ ഭൂഗർഭജലത്തിന്റെ ആഴം, വിള ജലത്തിന്റെ സമ്മർദ്ദം, താപനില, മഴ എന്നിവയുടെ ഉയർന്ന റെസല്യൂഷൻ ഉപഗ്രഹ നിരീക്ഷണങ്ങൾ എന്നിവ ഉൾപ്പെടുന്നു.
ചൂടുകൂടുന്ന താപനിലയും ശീതകാല മഴയുടെ കുറവും, മഴയിൽ നിന്ന് ഭൂഗർഭജലം റീചാർജ് ചെയ്യുന്നതിനേക്കാൾ വളരെ ഉയർന്ന നിരക്കിൽ ഭൂഗർഭജലം കുറയുന്നതായി അവർ കണ്ടെത്തി.
വിവിധ കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങളിലുടനീളം, 2041 നും 2080 നും ഇടയിൽ ഭൂഗർഭജലനിരപ്പ് ഇടിഞ്ഞതിന്റെ കണക്കുകൾ നിലവിലെ ശോഷണ നിരക്കിന്റെ ശരാശരി മൂന്നിരട്ടിയിലധികമാണെന്ന് പഠനം പറയുന്നു.
ഭൂഗർഭജലം സംരക്ഷിക്കുന്നതിനുള്ള നയങ്ങളും ഇടപെടലുകളും കൂടാതെ, വർധിക്കുന്ന താപനില ഇന്ത്യയുടെ നിലവിലുള്ള ഭൂഗർഭജല ശോഷണ പ്രശ്നത്തെ വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തി. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഭക്ഷ്യ-ജല സുരക്ഷക്ക് കൂടുതൽ വെല്ലുവിളി ഉയരുന്നതുമായാണ് കണ്ടെത്തൽ.

