മറക്കാഷ്: വടക്കൻ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലെ ഭൂചലനത്തിൽ മരണസംഖ്യ ഉയരുന്നു. 1037 പേരാണ് ഭൂചലനത്തിൽ മരിച്ചത്. നിരവധി പേർ ഇപ്പോഴും മണ്ണിനടിയിലാണെന്നാണ് വിവരം. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾക്കായി തെരച്ചിൽ പുരോഗമിക്കുന്നുണ്ട്.
വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് മൊറോക്കോയിൽ ഭൂചലനം ഉണ്ടായത്. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. മേഖലയിലെ വീടുകളിൽ പലതും ഭൂചലനത്തിൽ നിലംപൊത്തി. സുപ്രധാന നഗരമായ മാറക്കേഷും ഭൂചലനത്തിൽ തകർന്നടിഞ്ഞു. ഓരോ വർഷവും ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന നഗരമാണിത്.
ദുരന്തമേഖലയിൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ള നിരവധിപ്പേരും കുടുങ്ങിയിട്ടുണ്ട്. ഭക്ഷണവും വെള്ളവും ഇല്ലാതെ ആയിരങ്ങൾ തെരുവിൽ കഴിയുകയാണ്. അതേസമയം, മൊറോക്കോയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് വിവിധ ലോകരാജ്യങ്ങൾ രംഗത്തെത്തി.

