Highlights (Page 23)

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം മിതമായ രീതിയിലുള്ള മഴ തുടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നു. നാളെയോടെ (സെപ്റ്റംബർ 3 ) വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് ന്യുന മർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സെപ്റ്റംബർ 2 മുതൽ 6 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ടും പ്രഖ്യാപിച്ചു. സെപ്തംബർ 2 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും സെപ്തംബർ 3 ന് തിരുവനന്തപുരം ജില്ലയിലും സെപ്തംബർ നാലിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ടാണ്.

സെപ്തംബർ അഞ്ചിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ നേവിയുടെ പ്രൊജക്റ്റ് 17 എ, മഹേന്ദ്രഗിരിക്ക് കീഴിലുള്ള ഏഴാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് മുംബൈയിൽ വച്ച് ലോഞ്ച് ചെയ്തു. മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡിൽ (എംഡിഎൽ) നിർമ്മിച്ച ഈ കപ്പൽ ആത്മനിർഭർ ഭാരത് ആശയത്തിലേക്കുള്ള മുന്നേറ്റത്തിന്റെ ഭാഗമായാണ് വികസിപ്പിച്ചത്.

ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ മുഖ്യാതിഥിയായിരുന്നു. മുംബൈ പോലൊരു ഊർജസ്വലമായ നഗരത്തിൽ വിക്ഷേപണം നടന്നത് ഉചിതമാണെന്നും അദ്ദേഹം ചടങ്ങിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു. മഹേന്ദ്രഗിരിയുടെ വിക്ഷേപണം നമ്മുടെ സമുദ്ര ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് വൈസ് പ്രസിഡന്റ് ധൻഖർ പറഞ്ഞു. സ്വാശ്രയ നാവിക സേന കെട്ടിപ്പടുക്കുന്നതിൽ നമ്മുടെ രാഷ്ട്രം കൈവരിച്ച അവിശ്വസനീയമായ പുരോഗതിയുടെ ഉചിതമായ സാക്ഷ്യമാണ് മഹേന്ദ്രഗിരിയുടെ വിക്ഷേപണം. പ്രൊജക്ട് 17 എ പ്രകാരം നിർമ്മിച്ച നീലഗിരി ക്ലാസ് സ്റ്റെൽത്ത് ഫ്രിഗേറ്റുകളുടെ 7 യുദ്ധക്കപ്പലുകളിൽ അവസാനത്തേതാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാങ്കേതികമായി പുരോഗമിച്ച യുദ്ധക്കപ്പൽ, അതിന്റെ സമ്പന്നമായ നാവിക പൈതൃകം ഉൾക്കൊള്ളാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു, അതേസമയം തദ്ദേശീയ പ്രതിരോധ ശേഷികളുടെ ഭാവിയിലേക്ക് സ്വയം നയിക്കുമെന്നും ഇന്ത്യൻ നേവിയുടെ ഔദ്യോഗിക എക്സ് പ്ലാറ്റഫോമിലൂടെ പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ മഹാരാഷ്ട്ര ഗവർണർ രമേഷ് ബൈസ്, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർ പങ്കെടുത്തു.

ഒഡീഷയിലെ കിഴക്കൻഘട്ടത്തിലെ ഒരു പർവതശിഖരത്തിന്റെ പേരിലുള്ള ഇത് പ്രോജക്റ്റ് 17A ഫ്രിഗേറ്റ് സീരീസിലെ ഏഴാമത്തെ കപ്പലാണ്. മെച്ചപ്പെടുത്തിയ സ്റ്റെൽത്ത് ശേഷിയും , നൂതന ആയുധങ്ങൾ, സെൻസറുകൾ, പ്ലാറ്റ്ഫോം മാനേജ്മെന്റ് സംവിധാനങ്ങൾ എന്നിവയും ഇതിൽ ഉൾക്കൊള്ളുന്നു.

കൊച്ചി : രണ്ടാഴ്ച മുൻപ് പവന് വില കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് 240 രൂപ കൂടിയതോടെ പവന്റെ വില 44000 കടന്നു. 5500 രൂപയാണ് ഗ്രാമിന്റെ ഇപ്പോഴത്തെ വില.

ഇന്നലെ പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടിയിരുന്നു. ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണ്ണവില പവന് 44300 ആയിരുന്നു. ആഗസ്റ്റ് 17 ന് പവന് 43250 ആയി കുറഞ്ഞിരുന്നു.

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ബോർഡിന്റെ ആദ്യ വനിതാ ചെയർപഴ്‌സനും സിഇഒയുമായി നിയമിതയായി ജയ വർമ സിൻഹ. കേന്ദ്ര സർക്കാരാണ് നിയമനം നൽകിയത്.

അനിൽ കുമാർ ലഹോട്ടിയുടെ പിൻഗാമിയായാണ് നിയമനം. സെപ്റ്റംബർ ഒന്നിന് ജയ വർമ ചുമതലയേൽക്കും. ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് സർവീസ് (ഐആർഎംഎസ്), റെയിൽവേ ബോർഡ് (ഓപ്പറേഷൻസ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ്) അംഗവുമാണ് ജയ വർമ സിൻഹ.

റെയിൽവേ ബോർഡ് ചെയർപഴ്‌സനും സിഇഒയും ആയി ജയ വർമ സിൻഹയെ നിയമിക്കാൻ മന്ത്രിസഭയുടെ അപ്പോയന്റ്മെന്റ് കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്.

തിരുവനന്തപുരം: നടൻ ജയസൂര്യ ഉന്നയിച്ച വിമർശനത്തിന് മറുപടിയുമായി കൃഷിമന്ത്രി പി പ്രസാദും വ്യവസായ മന്ത്രി പി രാജീവും. സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം കർഷകർക്ക് കൊടുത്തുതീർക്കാത്തതുമായി ബന്ധപ്പെട്ട ജയസൂര്യയുടെ വിമർശനത്തിനാണ് ഇരുവരും മറുപടി നൽകിയത്. സംസ്ഥാന സർക്കാരിന്റെ വിഹിതം എല്ലാവർക്കും കൊടുത്തുതീർത്തിട്ടുണ്ടെന്നും കേന്ദ്രവിഹിതത്തിലാണ് കാലതാമസമുണ്ടാകുന്നതെന്നും മന്ത്രിമാർ പ്രതികരിച്ചു.

അടുത്തതവണ സമാനമായ സാഹചര്യം ഉണ്ടാകാതിരിക്കാൻ മന്ത്രിതല സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് പി രാജീവ് വിശദമാക്കി. ജയസൂര്യ വിമർശനം ഉന്നയിച്ച കളമശ്ശേരിയിലെ കാർഷികോത്സവവേദിയിലാണ് അദ്ദേഹം മറുപടി നൽകിയത്.

എന്നാൽ, ബാങ്കുകളുടെ കൺസോർഷ്യമാണ് ഏറ്റവും കൂടുതൽ പ്രയാസങ്ങളുണ്ടാക്കിയതെന്നും ഇനിയും പണംകൊടുക്കാനുള്ളവർക്ക് പത്തുദിവസത്തിനകം കൊടുത്തുതീർക്കുമെന്ന് കാനറാ ബാങ്ക് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ടെന്നും പി പ്രസാദ് ഒരു സ്വകാര്യ മാദ്ധ്യമത്തോട് പ്രതികരിച്ചിരുന്നു.

വായ്പയുടെ കാര്യത്തിൽ സാങ്കേതിക പ്രശ്‌നം വന്നതുകൊണ്ട് സംഭരിച്ച നെല്ലിന്റെ പണം കൃത്യസമയത്ത് നൽകാൻ സാധിച്ചില്ല എന്ന വിമർശനം ശരിയാണ്. എങ്കിൽപ്പോലും കേന്ദ്രസർക്കാരിന്റെ പൈസക്ക് കാത്തുനിൽക്കാതെ 2,200 കോടി രൂപ ഇപ്പോൾ തന്നെ വിതരണംചെയ്തു കഴിഞ്ഞു. സാമ്പത്തികമായി ഞെരുക്കമുണ്ടെങ്കിൽപ്പോലും കേരളത്തിന്റെ വിഹിതം എല്ലാവർക്കും ഇതിനകം തന്നെ നൽകി കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ചന്ദ്രോപരിതലത്തിൽ സൾഫറിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി സ്ഥിരീകരിച്ച് ചന്ദ്രയാൻ 3. റോവറിലെ ശാസ്ത്ര ഉപകരണമായ ലിബ്‌സ് ആണ് ഇക്കാര്യം കണ്ടെത്തിയത്. അലുമിനിയം, കാൽസ്യം, ക്രോമിയം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും ചന്ദ്രോപരിതലത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തി സ്ഥിരീകരിക്കുന്നത്.

മൂലകങ്ങളുടെ സാന്നിധ്യം കാണിച്ചുള്ള ചിത്രങ്ങൾ എക്സ് പ്ലാറ്റ്‌ഫോമിലൂടെ ഐഎസ്ആർഒ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്രോയിലെ ഇലക്ട്രോ ഒപ്റ്റിക്സ് ലബോറട്ടറിയാണ് ലിബ്‌സ് എന്ന ഉപകരണം വികസിപ്പിച്ചെടുത്തത്.

അതേസമയം, കഴിഞ്ഞ ദിവസം ചന്ദ്രയാൻ മൂന്നിൽ നിന്നുള്ള ആദ്യ ശാസ്ത്ര വിവരങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിരുന്നു. ചന്ദ്രനിലെ മണ്ണിന്റെ താപസ്വഭാവം പഠിക്കുന്ന ചാസ്‌തേയിൽ നിന്നുള്ള വിവരങ്ങളാണ് ഐഎസ്ആർഒ പുറത്തുവിട്ടത്. ചന്ദ്രന്റെ മണ്ണിന് മികച്ച താപപ്രതിരോധ ശേഷിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വിവരങ്ങൾ. ഇതാദ്യമായാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മണ്ണിന്റെ താപനില അളക്കപ്പെടുന്നത്.

ന്യൂഡൽഹി : ചന്ദ്രോപരിതലത്തിലെ ചാന്ദ്രയാൻ-3യുടെ പ്രഗ്യാൻ റോവർ പകർത്തിയ വിക്രം ലാൻഡറിന്റെ ചിത്രങ്ങൾ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം പുറത്ത് വിട്ടു. റോവറിലെ നാവിഗേഷൻ ക്യാമറയാണ് ചിത്രങ്ങൾ പകർത്തിയതെന്ന് ഐ എസ് ആർ ഒ അറിയിച്ചു.

ഇന്ന് രാവിലെയാണ് പ്രഗ്യാൻ റോവർ വിക്രം ലാൻഡറിന്റെ ചിത്രങ്ങൾ പകർത്തിയത്. ” ഇമേജ് ഓഫ് മിഷൻ ” സാധ്യമാക്കിയത് റോവറിലെ നാവിഗേഷൻ ക്യാമറയാണ്. ചാന്ദ്രയാൻ-3 ദൗത്യത്തിത്തു നാവിഗേഷൻ ക്യാമറകൾ വികസിപ്പിച്ചത് ലബോറട്ടറി ഫോർ ഇലക്ട്രോ – ഒപ്റ്റിക്സ് സിസ്റ്റം ( LEOS) ആണ്.

ന്യൂഡൽഹി: ജി20 നേതാക്കളുടെ സമ്മേളത്തിന് ഇന്ത്യ പൂർണ സജ്ജമായി കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി20 ഉച്ചകോടിയുടെ അധ്യക്ഷത ഇന്ത്യയ്ക്ക് വന്നതോടെ സംഘടന കൂടുതൽ വിശാലമായെന്ന് അദ്ദേഹം പറഞ്ഞു. നാൽപതോളം രാജ്യങ്ങളിലെ പ്രധാന നേതാക്കളും രാജ്യാന്തര സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിമാസ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഇന്ത്യയിലെ ജി20 സമ്മേളനങ്ങൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയാണ്. ജി20 ഉച്ചകോടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനമാകും ഇത്തവണത്തേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചന്ദ്രയാൻ 3 ദൗത്യത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. സ്ത്രീ ശക്തിയുടെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് ചന്ദ്രയാൻ 3. നിരവധി വനിതാ ശാസ്ത്രജ്ഞരും എൻജിനീയർമാരും ദൗത്യത്തിൽ നേരിട്ടു പങ്കാളികളായി. രാജ്യത്തിന്റെ പെൺമക്കൾ കൂടി ചേരുമ്പോൾ ആർക്കാണ് വികസനത്തെ തടയാനാവുകയെന്ന് അദ്ദേഹം ചോദിക്കുന്നു.

ചന്ദ്രയാൻ ദൗത്യം പുതിയ ഇന്ത്യയുടെ അടയാളമായി മാറി. ഏതു സാഹചര്യത്തിലും എങ്ങനെ വിജയിക്കാമെന്ന് അതു കാണിച്ചു തരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ബെംഗളൂരു: സൂര്യനെക്കുറിച്ച് പഠിക്കാൻ ഇന്ത്യ. സെപ്റ്റംബർ രണ്ടിന് ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ‘ആദിത്യ എൽ-1’ വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. രാവിലെ 11.50-നാണ് വിക്ഷേപണമെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.

ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ-3 വിജയകരമായതിന് പിന്നാലെയാണ് സൂര്യനിലെ രഹസ്യം തേടിയുള്ള ഐസ്ആർഒയുടെ ദൗത്യം. പിഎസ്എൽവി എക്സ്എൽ റോക്കറ്റിലാണ് പേടകത്തിന്റെ വിക്ഷേപണം. സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ച് നാലു മാസംകൊണ്ട് ഭൂമിയിൽനിന്ന് ഏകദേശം 15 ലക്ഷം കിലോ മീറ്റർ അകലെയുള്ള എൽ-1 (ലാഗോൻഷ് പോയന്റ്-1) പോയന്റിന് ചുറ്റുമുള്ള ഭ്രമണപഥത്തിലാണ് പേടകത്തെ എത്തിക്കുക. ഇവിടെനിന്ന് സൂര്യനെ തടസ്സമില്ലാതെ വീക്ഷിക്കാൻ കഴിയും.

സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ചുള്ള പഠനം ലക്ഷ്യമിട്ടാണ് ദൗത്യം. കൊറോണൽ താപനം, കൊറോണൽ മാസ് ഇജക്ഷൻ, ബഹിരാകാശ കാലാവസ്ഥ തുടങ്ങിയ കാര്യങ്ങളും ദൗത്യത്തിന്റെ ഭാഗമായി നിരീക്ഷിക്കും. ഏഴ് പേലോഡുകളാണ് പേകടത്തിലുള്ളത്. വിസിബിൾ ലൈൻ എമിഷൻ കൊറോണഗ്രാഫ് (വി.ഇ.എൽ.സി.), സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്‌കോപ്പ് (എസ്.യു.ഐ.ടി.), സോളാർ ലോ എനർജി എക്സ്റേ സ്പെക്ട്രോമീറ്റർ, ഹൈ എനർജി എൽ-1 ഓർബിറ്റിങ് എക്സ്‌റേ സ്‌പെക്ട്രോമീറ്റർ, ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്‌പെരിമെന്റ്, പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ, മാഗ്നെറ്റോമീറ്റർ തുടങ്ങിയവയാണ് പേലോഡുകൾ.