കേന്ദ്ര സർക്കാരിന്റെ നയങ്ങളെ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് നേരിടാൻ തയ്യാറായി കോൺഗ്രസ്. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ് അടക്കമുള്ള വിവാദ ബില്ലുകൾ കേന്ദ്ര സർക്കാർ അവതരിപ്പിക്കുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസിന്റെ തീരുമാനം. 18 മുതൽ 22 വരെയാണ് സമ്മേളനങ്ങൾ നടക്കുന്നത്. സമ്മേളനം ബഹിഷ്കരിക്കുകയോ നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധമോ ചെയ്യില്ല. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം.
രാജ്യത്തിന്റെ പേരിൽനിന്ന് ഇന്ത്യ ഒഴിവാക്കി ഭാരത് എന്നു മാത്രമാക്കി മാറ്റാനുള്ള ബിൽ കേന്ദ്രം അവതരിപ്പിച്ചാൽ അക്കാര്യത്തിലുള്ള നിലപാട് പാർട്ടി അപ്പോൾ തീരുമാനിക്കുമെന്നുമാണ് വിവരം. വനിതാ സംവരണ ബില്ലിൽ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി കക്ഷികൾക്കിടയിൽ ചർച്ച നടത്തി തീരുമാനം കൈക്കൊള്ളും.
കേന്ദ്രത്തിന്റെ അജൻഡ നടപ്പാക്കാനുള്ള വേദിയാക്കി സമ്മേളനം മാറ്റരുത്, പ്രതിപക്ഷം ഉയർത്തുന്ന വിഷയങ്ങൾ കൂടി പരിഗണിക്കണം എന്നി ആവശ്യങ്ങൾ ഉന്നയിച്ച് സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതും. മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, അധീർ രഞ്ജൻ ചൗധരി, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ പാർട്ടി യോഗത്തിൽ പങ്കെടുത്തു.
പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ കേന്ദ്ര സർക്കാരിനെതിരെ ഒറ്റക്കെട്ടായി നിൽക്കാൻ ‘ഇന്ത്യ’ മുന്നണി കക്ഷികൾക്കിടയിൽ ധാരണയായി. സമ്മേളനത്തിന്റെ അജൻഡ കേന്ദ്രം ഇതുവരെ പരസ്യമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ അപ്രതീക്ഷിത നടപടികൾ ഉണ്ടായേക്കാമെന്നും സഭയിൽ അതിനെ ഒന്നിച്ചു നേരിടണമെന്നും മുന്നണി നേതാക്കൾ അഭിപ്രായപ്പെട്ടു.
സമ്മേളനത്തിൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ എന്താണെന്ന് അറിയിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടും. അതിനു തയാറായില്ലെങ്കിൽ, അജൻഡ അറിയാൻ സമ്മേളനം ആരംഭിക്കുന്നതു വരെ കാത്തിരിക്കേണ്ടി വരു മെന്നും വിലയിരുത്തിയ യോഗം സമ്മേളനം നടക്കുന്ന എല്ലാ ദിവസവും രാവിലെ വിവിധ വിഷയങ്ങളിലുള്ള നിലപാട് തീരുമാനിക്കാൻ യോഗം ചേരാനും ധാരണയായി.

