കാൻസർ ചികിത്സ; നിർണായക കണ്ടുപിടിത്തവുമായി ഇംഗ്ലണ്ട്

കാൻസറിനെതിരെ നിർണായക കണ്ടുപിടിത്തവുമായി ഇംഗ്ലണ്ട്. ഒരൊറ്റ കുത്തിവെപ്പിലൂടെ കാൻസർ ചികിത്സയുടെ സമയപരിധി മൂന്നിലൊന്നായി കുറയുമെന്നാണ് പുതിയ കണ്ടെത്തൽ. യുകെ നാഷണൽ ഹെൽത്ത് സർവീസാണ് (എൻഎച്ച്എസ്) ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വിട്ടത്.

മരുന്നിന് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്സ് റെഗുലേറ്ററി ഏജൻസിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കുത്തിവെപ്പ് ആരംഭിച്ചത്. തൊലിപ്പുറത്താണ് ഈ കുത്തിവെയ്പ്പ് എടുക്കേണ്ടത്. നിലവിലെ അറ്റെസോലിസുമാബ് (atezolizumab) അല്ലെങ്കിൽ ടെസെൻട്രിക് (Tecentriq) രീതിയിലൂടെ രോഗികൾക്ക് അവരുടെ സിരകളിലേക്ക് നേരിട്ട് ഒരു ഡ്രിപ്പിലൂടെയാണ് മരുന്ന് നൽകുന്നത്. ഈ ചികിത്സാ രീതി 30 മിനിറ്റോ ഒരു മണിക്കൂറോ വരെ നീളുന്നതാണ്. ചില രോഗികൾക്ക് മരുന്ന് സിരയിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ടും ഉണ്ടാകും. എന്നാൽ തൊലിപ്പുറത്തുള്ള പുതിയ രീതിയിൽ കേവലം എഴ് മിനിറ്റ് മാത്രമായിരിക്കും എടുക്കുക.

ആദ്യമായാണ് കാൻസറിനെതിരെ ഇത്തരത്തിലൊരു ചികിത്സ നൽകുന്നത്. റോഷെ കമ്പനിയായ ജെനെൻടെകാണ് പുതിയ അറ്റെസോലിസുമാബ് നിർമിച്ചത്. കാൻസർ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഈ മരുന്നിന് കഴിവുണ്ടെന്നാണ് കണ്ടെത്തൽ.