രാജ്യം ക്രിയാത്മകമായി മുന്നോട്ട് പോകുമ്പോൾ ചിലർക്ക് അത് സഹിക്കുന്നില്ല; ഉദയനിധി സ്റ്റാലിനെതിരെ യോഗി

ലക്നൗ: സനാതനധർമ്മത്തിനെതിരെയുള്ള പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യം ക്രിയാത്മകമായി മുന്നോട്ട് പോകുമ്പോൾ ചിലർക്ക് അത് സഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അത്തരക്കാരാണ് സനാതനധർമ്മത്തിനെതിരെ പ്രസ്താവനകൾ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സനാതനത്തെ എതിർത്തവർ അപ്രത്യക്ഷരായ ചരിത്രമാണുള്ളത്. സനാതന ധർമ്മമാണ് സത്യം, അതിനെ ഒരിക്കലും നശിപ്പിക്കാനാവില്ല. സർക്കാരിന്റെ നേട്ടങ്ങളെ ദുർബ്ബലപ്പെടുത്താൻ സനാതനധർമ്മത്തിനെതിരെ വിരൽ ചൂണ്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും യോഗി ചൂണ്ടിക്കാട്ടി.

പക്ഷേ, രാവണന്റെ അഹങ്കാരത്തിനും ബാബറിന്റെയും ഔറംഗസേബിന്റെയും ക്രൂരതകൾക്ക് പോലും സനാതധർമ്മത്തെ ഇല്ലാതാക്കാൻ കഴിഞ്ഞില്ല എന്നത് എതിർക്കുന്നവർ മറന്നു. ഇത്തരമൊരു സാഹചര്യത്തിൽ സനാതനത്തെ നശിപ്പിക്കാൻ ഈ മനുഷ്യർക്ക് എങ്ങനെ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.