Highlights (Page 198)

ജനീവ: ഇന്ത്യയിൽ 2020 ൽ 30 ലക്ഷത്തോളം കുട്ടികൾ ഡിടിപി വാക്സിന്റെ ആദ്യഡോസ് എടുത്തില്ലെന്ന് ലോകാരോഗ്യ സംഘടന. 2019 ലെ കണക്ക് താരതമ്യപ്പെടുത്തുമ്പോൾ ആഗോളതലത്തിൽ 35 ലക്ഷത്തിലധികം കുട്ടികൾ ഡിടിപി ആദ്യ ഡോസും, മുപ്പത് ലക്ഷം കുട്ടികൾ മീസിൽസ് (അഞ്ചാംപനി) ആദ്യ ഡോസും സ്വീകരിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ഡിടിപി വാക്സിനെടുക്കാത്ത കുട്ടികൾ ഏറ്റവുമധികമുള്ളത് ഇന്ത്യയിലാണ്. മുപ്പത്തിയഞ്ച് ലക്ഷത്തിലെ മുപ്പത് ലക്ഷവും ഇന്ത്യയിൽ നിന്നുള്ള കണക്കാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. 2019 ൽ 1,403,000 കുട്ടികൾക്കാണ് ഡിടിപി ആദ്യ ഡോസ് നഷ്ടപ്പെട്ടതെങ്കിൽ 2020 ൽ അത് 3,038,000 കുട്ടികളായി ഉയർന്നിരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയും യൂനിസെഫും പുറത്തുവിട്ട കണക്ക് സൂചിപ്പിക്കുന്നത്.

അപകടകാരികളായ പകർച്ചവ്യാധികൾക്കെതിരെ കുട്ടികളിലെടുക്കുന്ന വാക്സിനേഷനാണ് ഡിടിപി വാക്സിനേഷൻ. മൂന്ന് ഡോസുകളിലായാണ് ഡിടിപി വാക്‌സിനേഷൻ എടുക്കുന്നത്. ഡിഫ്ത്തീരിയ, പെർട്ടൂസിസ്, ടെറ്റനസ് എന്നീ രോഗങ്ങൾക്കെതിരെയാണ് ഈ വാക്സിൻ കുത്തിവെയ്ക്കുന്നത്.

ഇടത്തരം സാമ്പത്തികാവസ്ഥയുള്ള രാജ്യങ്ങളിൽ കുട്ടികളുടെ ആരോഗ്യം സുരക്ഷിതമല്ലെന്ന തരത്തിലുള്ള സൂചനകളാണ് കണക്കുകൾ പുറത്തുവരുമ്പോൾ ലഭിക്കുന്നത്. കോവിഡ് വൈറസ് മഹാമാരിയാണ് 2020 ൽ വാക്സിനേഷനുകളെയെല്ലാം പ്രതികൂലമായി ബാധിച്ചത്. ലോകത്ത് തന്നെ ഏതാണ്ട് രണ്ടര കോടിയോളം കുട്ടികൾക്ക് 2020 ൽ കോവിഡ് വ്യാപനത്തെ തുടർന്ന് വിവിധ വാക്സിനുകൾ ലഭിച്ചിട്ടില്ല. ചിലയിടങ്ങളിൽ വാക്സിനേഷൻ കേന്ദ്രങ്ങളായ ക്ലിനിക്കുകൾ പ്രവർത്തിച്ചില്ല. ചിലയിടങ്ങളിലാണെങ്കിൽ ക്ലിനിക്കുകളുണ്ടെങ്കിലും കോവിഡ് പേടിയിൽ ആളുകൾ മറ്റ് ആശുപത്രി ആവശ്യങ്ങൾക്ക് പുറത്തിറങ്ങിയില്ല.

കുട്ടികൾ വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിക്കാത്തത് ഭാവിയിൽ പലവിധ സങ്കീർണ്ണതകൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.

തിരുവനന്തപുരം: കേരളത്തിലെ റോഡ് ഗതാഗത വികസനത്തിന് കുതിപ്പു നൽകിക്കൊണ്ട് കണ്ണൂർ വിമാനത്താവളം വഴിയുള്ള മൈസൂർ റോഡ് കേരളത്തിലെ സ്ട്രെച്ച് ദേശീയ പാതയായി ഉയർത്തപ്പെടും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ഉപരിതല, ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ അദ്ദേഹം ഇക്കാര്യം ഉറപ്പു നൽകിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നാണ് നിതിൻ ഗഡ്ക്കരി മുഖ്യമന്ത്രിയ്ക്ക് വാക്കു നൽകിയത്.

തിരുവനന്തപുരം പാരിപ്പള്ളി മുതൽ വിഴിഞ്ഞം വരെയുള്ള 80 കി.മീ. റിംഗ് റോഡ് നിർമ്മിക്കുന്നതിനും തത്വത്തിൽ അംഗീകാരമായി. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക സാദ്ധ്യതകൾ കൂടി കണക്കിലെടുത്താവും പുതിയ പദ്ധതി വികസിപ്പിക്കുക. 4500 കോടി രൂപയാണ് പദ്ധതി തുക പ്രതീക്ഷിക്കുന്നത്. പുതിയ പദ്ധതി തിരുവനന്തപുരം നഗരത്തിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടായി മാറും. ഈ പദ്ധതി നാഷണൽ ഹൈവേ അതോറിറ്റി ഏറ്റെടുത്ത് ഫണ്ട് നൽകണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ഭൂമി ഏറ്റെടുക്കലിന്റെ 50% സംസ്ഥാന സർക്കാർ വഹിക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്.

കേരളത്തിലൂടെയുള്ള 11 റോഡുകൾ ഭാരത് മാലാ പ്രോജക്ടിൽ ഉൾപ്പെടുത്താനും തീരുമാനമായി. ആലപ്പുഴ (എൻ.എച്ച് 47) മുതൽ ചങ്ങനാശ്ശേരി – വാഴൂർ – പതിനാലാം മൈൽ (എൻ.എച്ച് 220) വരെ 50 കി.മീ, കായംകുളം (എൻ.എച്ച് 47) മുതൽ തിരുവല്ല ജംഗ്ഷൻ (എൻ.എച്ച് 183) 23 കി.മീ, വിജയപുരത്തിനടുത്തുള്ള ജംഗ്ഷൻ (എൻ. എച്ച് 183) മുതൽ ഊന്നുക്കലിനടുത്തുള്ള ജംഗ്ഷൻ വരെ (എൻ. എച്ച് 85 ) 45 കി.മീ, പുതിയ നാഷണൽ ഹൈവേയായ കൽപ്പറ്റയ്ക്കടുത്തുള്ള ജംഗഷൻ (എൻ. എച്ച് 766 ) മുതൽ മാനന്തവാടി വരെ 50 കി.മീ, എൻ.എച്ച് 183 A യുടെ ദീർഘിപ്പിക്കൽ ടൈറ്റാനിയം, ചവറ വരെ (എൻ.എച്ച് 66 ) 17 കി.മീ, എൻ. എച്ച് 183 A യെ പമ്പയുമായി ബന്ധിപ്പിക്കുന്ന പുതിയ എൻ.എച്ച് ളാഹക്കടുത്തുള്ള ഇലവുങ്കലിൽ 21.6 കി.മീ, തിരുവനന്തപുരം – തെൻമലയെ ബന്ധിപ്പിക്കുന്ന 72. കിമീ, ഹോസ്ദുർഗ് – പനത്തൂർ – ഭാഗമണ്ഡലം – മടിക്കേരി (കേരളത്തിലൂടെ പോകുന്ന റോഡ്) 57 കി.മീ, ചേർക്കല – കല്ലിടുക്ക (കേരളത്തിലൂടെ പോകുന്ന റോഡ്) 28 കി.മീ, വടക്കാഞ്ചേരി – പൊള്ളാച്ചി ബന്ധിപ്പിക്കുന്ന റോഡ് , തിരുവനന്തപുരം ഇന്റർനാഷണൽ സീ പോർട്ടിനെ ബന്ധിപ്പിക്കുന്ന വിഴിഞ്ഞം – കരമന – കളിയിക്കാവിള റോഡ് എന്നിവയാണ് ഭാരത് മാലാ പദ്ധതി രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി അപ്‌ഗ്രേഡ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുംബൈ: പുതുതായി ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്ന് മാസ്റ്റര്‍ കാര്‍ഡിനെ വിലക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ആര്‍ബിഐയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് വിലക്ക്. എന്നാല്‍, നിലവില്‍ മാസ്റ്റര്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ തടസ്സപ്പെടില്ല.

2018ല്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് എല്ലാ കാര്‍ഡ് ദാതാക്കള്‍ക്കും ഇതു സംബന്ധിച്ച് നിര്‍ദേശം നല്കിയിരുന്നത്. എന്നാല്‍ പെയ്‌മെന്റ് സംവിധാനവുമായി ബന്ധപ്പെട്ട ഡാറ്റ ഇന്ത്യയിലുള്ള സിസ്റ്റത്തില്‍ ശേഖരിച്ച് രേഖപ്പെടുത്തുന്നതില്‍ വീഴ്ചവരുത്തുകയായിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ വിദ്യാർഥിക്കും ഡിജിറ്റൽ പഠനോപകരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പ്. എല്ലാ വിദ്യാർത്ഥികൾക്കും ഒരു സ്മാർട്‌ഫോണോ ടാബോ വീതം ഉറപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള നടപടികൾക്ക് വിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിച്ചു.

രക്ഷിതാക്കൾ ജോലിക്കു പോകുമ്പോൾ ഫോൺ കൊണ്ടുപോകുന്നത് കുട്ടികളുടെ ഡിജിറ്റൽ പഠനത്തെ ബാധിക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. രണ്ടോ മൂന്നോ കുട്ടികളുള്ള വീട്ടിൽ എല്ലാ കുട്ടികൾക്കും ഫോൺ ലഭ്യമാവാത്ത സാഹചര്യവും നിലവിലുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ഓരോ കുട്ടിക്കും ഡിജിറ്റൽ ഉപകരണം ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമായോ എന്ന് ഉറപ്പാക്കേണ്ട ചുമതല ക്ലാസ് ടീച്ചമാർക്കാണ്.

ഓരോ സ്‌കൂളിലെയും മുഴുവൻ കുട്ടികളെയും 4 ഗ്രൂപ്പായി തിരിക്കും. വീട്ടിൽ നിന്ന് രണ്ടാമത്തെ കുട്ടിക്കും ഡിജിറ്റൽ പഠനോപകരണം വാങ്ങിനൽകാൻ രക്ഷിതാക്കൾക്കു ശേഷിയുണ്ടെങ്കിൽ അവർ ആദ്യ ഗ്രൂപ്പിലും വായ്പ കിട്ടിയാൽ വാങ്ങാൻ കഴിവുള്ള രക്ഷിതാക്കളുടെ കുട്ടികളെ രണ്ടാം ഗ്രൂപ്പിലും ഉൾപ്പെടുത്തും. പകുതി പണം മറ്റാരെങ്കിലും നൽകിയാൽ ഉപകരണം വാങ്ങാൻ ശേഷിയുള്ളവരെ മൂന്നാം ഗ്രൂപ്പിൽ ഉൾപ്പെടുത്തും. പൂർണമായും പൊതുസമൂഹത്തിന്റെ സഹായത്തോടെ മാത്രം ഉപകരണം ലഭ്യമാക്കേണ്ടവരെയാണ് നാലാം ഗ്രൂപ്പിൽ ഉൾപ്പെടുത്തുന്നത്. സ്‌കൂൾ തലത്തിലെ കണക്കുകൾ നാളെയോടെ തദ്ദേശ സ്ഥാപനങ്ങളിലെത്തിക്കണമെന്നാണ് അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്. ജില്ലാതല ക്രോഡീകരണം പൂർത്തിയാക്കി ജൂലൈ 21 ന് കണക്കുകൾ സംസ്ഥാനതലത്തിലേക്കു കൈമാറാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ന്യൂഡല്‍ഹി: ദേശീയപാതകളില്‍ വാഹനങ്ങള്‍ മണിക്കൂറില്‍ 120 കിലോമീറ്ററും എക്‌സ്പ്രസ് ഹൈവേകളില്‍ മണിക്കൂറില്‍ 140മാക്കി ഉയര്‍ത്താന്‍ നിര്‍ദ്ദേശം. ഇന്നലെ നടന്ന മീറ്റിംഗില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം നിര്‍ദ്ദേശിച്ചത്. എന്നാല്‍ അതാത് സംസ്ഥാനങ്ങളിലെ ഗതാഗത സൗകര്യങ്ങള്‍ അനുസരിച്ച് അവിടുത്തെ ഭരണാധികാരികള്‍ക്ക് വേഗപരിധി നിശ്ചയിക്കാനുള്ള അധികാരമുണ്ട്.

രാജ്യത്ത് മുഴുവന്‍് ദേശീയപാതയിലെ വേഗപരിധി മണിക്കൂറില്‍ 100 കിലോമീറ്റര്‍ ആക്കിയപ്പോള്‍ കേരളത്തില്‍ വളരെക്കാലമായി ഇത് മണിക്കൂറില്‍ 70 കിലോമീറ്റര്‍ ആയിരുന്നു. ഈയടുത്ത കാലത്താണ് ഇത് മണിക്കൂറില്‍ 85 കിലോമീറ്റര്‍ ആയി ഉയര്‍ത്തിയത്.എന്നാല്‍ സംസ്ഥാനപാതയിലും കോര്‍പ്പറേഷന്‍ പരിധിക്കുള്ളിലും 50 കിലോമീറ്റര്‍ മാത്രമേ വേഗത പാടുള്ളു. സംസ്ഥാന പാതയിലും ദേശീയപാതയിലും യഥാക്രമം 80ഉം 85ഉം വേഗതയില്‍ സഞ്ചരിക്കാമെങ്കില്‍ നാലു വരി പാതയില്‍ പരമാവധി വേഗത മണിക്കൂറില്‍ 90 കിലോമീറ്ററാണ്.

ന്യൂഡല്‍ഹി: ഈ വര്‍ഷം മുതല്‍ നീറ്റ് പ്രവേശന പരീക്ഷ മലയാളത്തിലുമെഴുതാമെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷും ഹിന്ദിയും കൂടാതെ ഒന്‍പത് ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലും (ഉറുദു, തമിഴ്, കന്നഡ, തെലുങ്ക്, അസമീസ്, ബംഗാളി, ഒഡിയ, ഗുജറാത്തി, മറാത്തി) നീറ്റ് പരീക്ഷ നടത്തിയിരുന്നു. ഈ വര്‍ഷം മുതല്‍ പഞ്ചാബിയും മലയാളവും കൂടി പ്രാദേശിക ഭാഷാ പട്ടികയിലേക്ക് ഉള്‍പ്പെടുത്തുകയായിരുന്നു.

കൂടാതെ, ഈ വര്‍ഷം മുതല്‍ കുവൈറ്റിലും നീറ്റ് പരീക്ഷാകേന്ദ്രം അനുവദിക്കുമെന്ന് ധര്‌മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 12ന് നടത്തും. രാജ്യത്തെ മുഴുവന്‍ പരീക്ഷാ കേന്ദ്രങ്ങളിലും സാമൂഹിക അകലം ഉറപ്പുവരുത്താന്‍ പരീക്ഷ നടക്കുന്ന നഗരങ്ങളുടെ എണ്ണം 155ല്‍ നിന്ന് 198 ആക്കി വര്‍ധിപ്പിച്ചു.

sourav-ganguly

കൊല്‍ക്കത്ത: പെര്‍സപ്റ്റ് ടാലന്റ് മാനേജ്‌മെന്റ് ലിമിറ്റഡ് ആന്‍ഡ് പെര്‍സപ്റ്റ് ഡി മാര്‍ക്ക് (ഇന്ത്യ) ലിമിറ്റഡില്‍ നിന്നും ലഭിക്കേണ്ട 35 കോടി രൂപ കിട്ടുന്നതിനു വേണ്ടി മുന്‍ ഇന്ത്യന്‍ ക്യാപ്ടനും ബി സി സി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നും അവരുടെ പേരിലുള്ള സ്വത്തുക്കള്‍ കൈമാറ്റം ചെയ്യുന്നത് വിലക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കമ്പനി ഉടമസ്ഥരുടെ പേരിലുള്ള സ്വത്തു വകകള്‍ ഇതിനോടകം തന്നെ അവരുടെ സുഹൃത്തുക്കളുടെ പേരിലേക്ക് മാറ്റാന്‍ ശ്രമം നടത്തുന്നുണ്ടെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. കമ്പനിയുമായി ഏര്‍പ്പെട്ട കരാറിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരു മദ്ധ്യസ്ഥ കോടതിയുടെ മുമ്പാകെ വച്ച് കമ്പനി അധികൃതര്‍ 14.49 കോടി രൂപയും പലിശയും ഗാംഗുലിക്ക് നല്‍കണമെന്ന തീരുമാനം ഉണ്ടായി. ഈ തുക ഇപ്പോള്‍ പലിശയുള്‍പ്പെടെ 35 കോടിയോളം വരും. ഇത് ലഭിക്കുന്നതിനു വേണ്ടിയാണ് ഗാംഗുലി ഇപ്പോള്‍ കോടതിയെ സ

തിരുവനന്തപുരം: ഒളിമ്പിക്‌സ് മത്സരങ്ങള്‍ കാണുന്നതിനായി കായിക മന്ത്രി വി അബ്ദുറഹിമാന്‍ ജപ്പാനിലേക്ക്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയായാണ് യാത്രയെങ്കിലും ചെലവുകളെല്ലാം മന്ത്രി സ്വയം വഹിക്കുമെന്ന് പൊതുഭരണ പൊളിറ്റിക്കല്‍ വിഭാഗം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ജൂലായ് 21 മുതല് ഓഗസ്റ്റ് 12 വരെ 23 ദിവസത്തെ സന്ദര്‍ശനമാണ് നിശ്ചയിച്ചിരിക്കുന്നത്. ജപ്പാനിലെ ടോക്യോയില്‍ ജൂലായ് 23നാണ് ഒളിമ്പിക്‌സ് ആരംഭിക്കുന്നത്. ഓഗസ്റ്റ് എട്ടിന് മത്സരങ്ങള്‍ അവസാനിക്കും.

ഹൂസ്റ്റൺ: ബഹിരാകാശത്തേക്ക് പറക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയായി സിരിഷ ബാൻഡ്‌ല. ഞായറാഴ്ച ബഹിരാകാശംതൊട്ട് ഭൂമിയിൽ തിരിച്ചെത്തിയ ബ്രിട്ടീഷ് ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസണിന്റെ സംഘത്തിലെ അംഗമായിരുന്നു എയ്റോനോട്ടിക്കൽ എഞ്ചിനീയറായ സിരിഷ.

ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി എട്ടുമണിക്ക് യു.എസിലെ ന്യൂമെക്‌സിക്കോയിൽ നിന്ന് വെർജിൻ ഗാലക്റ്റിക് റോക്കറ്റ് വിമാനത്തിലാണ് സംഘം പുറപ്പെട്ടത്. 8.55-ന് പേടകം വാഹിനിയിൽനിന്ന് വേർപെട്ടു. ദൗത്യം വിജയകരമായി പൂർത്തിയാക്കി മിനിറ്റുകൾക്കുള്ളിൽ മടക്ക യാത്ര ആരംഭിച്ചു. 9.09-ന് തിരിച്ച് ഭൂമി തൊടുകയും ചെയ്തു. യൂണിറ്റി 22 എന്ന പേരിലുള്ള പരീക്ഷണപ്പറക്കലാണ് വിജയകരമായി പൂർത്തിയാക്കിയത്. 2.8 ലക്ഷം അടി ഉയരത്തിൽ നിന്നാണ് വാഹനം ഭൂമിയിലേക്ക് തിരിച്ചത്.

സംഘത്തിലെ അംഗമായിരുന്ന ഇന്ത്യൻ വംശജ സിരിഷ ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് ജനിച്ചതെങ്കിലും പഠനം നടത്തിയതും വളർന്നതുമെല്ലാം യുഎസിലാണ്. റിസർച്ച് എക്സ്പീരിയൻസ് ആയിട്ടാണ് സിരിഷ സംഘത്തിലുണ്ടായിരുന്നത്. ദൗത്യം വിജയിച്ചതോടെ കൽപന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്ത് എത്തുന്ന ഇന്ത്യൻ വംശജ എന്ന നേട്ടം സിരിഷ സ്വന്തമാക്കി.

തന്റെ നാലാം വയസിലാണ് സിരിഷ ബാൻഡ്‌ല യുഎസിലേക്ക് പോകുന്നത്. 2011-ൽ പാർഡ്യൂ സർവകലാശാലയിലെ എയ്റോനോട്ടിക് ആൻഡ് ആസ്ട്രോനോട്ടിക്സിൽ നിന്ന് സയൻസ് ബിരുദം നേടിയ സിരിഷ 2015-ൽ ജോർജ് വാഷിങ്ടൺ സർവകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. നാസയിൽ ബഹിരാകാശ യാത്രികയാകായിരുന്നു സിരിഷ ആഗ്രഹിച്ചിരുന്നെങ്കിലും കാഴ്ചശക്തി കുറവ് കാരണം ഇത് നിറവേറ്റാനായില്ല. പാർഡ്യൂ സർവകലാശാലയിലെ ഒരു പ്രൊഫസർ വാണിജ്യ ബഹിരാകാശ വിമാന മേഖലയിലെ അവസരങ്ങളെ കുറിച്ച് പറഞ്ഞതോടെയാണ് റിച്ചാർഡ് ബ്രാൻസണിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സിരിഷ തീരുമാനിച്ചത്. ഈ തീരുമാനമാണ് ഇന്ന് സിരിഷയെ നിർണ്ണായക നേട്ടത്തിലേക്കെത്തിച്ചത്.

ആഗോളതലത്തിൽ ഏറ്റവും അധികം ഡൗൺലോഡ് ചെയ്യപ്പെട്ട മൊബൈൽ ഗെയിമാണ് ഫ്രീഫയർ. അടുത്തിടെ കേരളത്തിൽ ഏറെ ചർച്ചകൾ ഫ്രീ ഫയർ ഗെയിമിനെ കുറിച്ച് ഉയർന്നിരുന്നു. കുട്ടികളെ ആത്മഹത്യയിലേക്ക് വരെ എത്തിക്കാവുന്ന ഫ്രീഫയർ ഗെയിമിന് കൊലയാളി ഗെയിം എന്ന് വരെ പേര് വീണു. ഒരുപാട് പേർ ഡൗൺചെയ്യുകയും കളിക്കുകയും ചെയ്യുന്നതിനോടൊപ്പം ഗെയിമിനെ കുറിച്ചുള്ള പരാതികളും വ്യാപകമാകുന്നുണ്ട്.

ഗെയിമിനെ കുറിച്ച് ഉയരുന്ന പരാതികളേറെയും പണം നഷ്ടപ്പെടുന്നുവെന്നതാണ്. പ്രധാനമായും രണ്ട് തരത്തിലാണ് ആരോപണം. ഫ്രീഫയർ അക്കൗണ്ടിൽനിന്ന് പണം ചോർത്തുന്നുവെന്നും കുട്ടികൾ ഗെയിമിന് അഡിക്ടായി മാതാപിതാക്കളുടെ അക്കൗണ്ടിൽനിന്ന് പണം മോഷ്ടിക്കുന്നുവെന്നുമാണ് ആരോപണങ്ങൾ.

എന്നാൽ യാഥാർഥ്യം ഇതു രണ്ടുമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇൻ-ഗെയിം പർചേസുകൾ ആണ് എല്ലാ സൗജന്യ ഗെയിമുകളുടെയും വരുമാനമാർഗം. കളിച്ചു മുന്നേറുമ്പോൾ ഗെയിമിനുള്ളിൽ ആവശ്യമായി വരുന്ന ആയുധങ്ങളും അധികശക്തിയുമൊക്കെ പണം കൊടുത്ത് വാങ്ങാൻ ലഭിക്കും. 10 രൂപ മുതൽ മുകളിലേക്ക് പല വിലകളിലും ഇവ ലഭ്യമാകും. ആദ്യ പർചേസിനായി അക്കൗണ്ട് വിവരങ്ങളോ എടിഎം കാർഡ് വിവരങ്ങളോ ചേർത്താൽ അത് ഗെയിമിൽ സേവ് ആയിക്കിടക്കും. തുടർന്ന് കളിക്കിടയിൽ വേണ്ട സാധനങ്ങളിൽ ക്ലിക് ചെയ്താൽ പർചേസ് നടത്താം. ഈ പ്രക്രിയ വിദ്യാർത്ഥികൾ നടത്തുന്നത് അക്കൗണ്ട് ഉടമകളായ രക്ഷിതാക്കൾ ശ്രദ്ധിക്കുന്നുണ്ടാവില്ല. മാസങ്ങൾക്കു ശേഷം വലിയൊരു തുക അക്കൗണ്ടിൽ നിന്ന് നഷ്ടമായതായി കാണുമ്പോളാണ് രക്ഷിതാവ് കാര്യങ്ങൾ മനസിലാക്കുന്നത്. അൽപം കൂടി ശ്രദ്ധിച്ചാൽ ഇത് ഒഴിവാക്കാവുന്നതാണെന്നും വിദഗ്ധർ പറയുന്നു.

പേയ്‌മെന്റ് വിവരങ്ങൾ അക്കൗണ്ടിൽ സേവ് ചെയ്യാതിരുന്നു ഓരോ തവണയും പർചേസ് വേണ്ടി വരുമ്പോൾ അക്കൗണ്ട് വിവരങ്ങൾ ചേർക്കേണ്ട തരത്തിലേക്കു മാറ്റിയും ഇത് ഒഴിവാക്കാം. ഫ്രീഫയർ നിരോധിക്കണം എന്നാണ് പലരും ആവശ്യപ്പെടുന്നത്. ഫ്രീഫയർ പോയാൽ അതേ ശ്രേണിയിലുള്ള മറ്റൊരു ഗെയിം വരും. ഗെയിം നിരോധിക്കുകയല്ല വേണ്ടതെന്നും ഗെയിം എന്താണെന്നു മനസ്സിലാക്കുകയും ഗെയിമിങ് എന്നതിനെ ഒരു വിനോദമെന്ന നിലയ്ക്ക് അംഗീകരിക്കുകയും ചെയ്യാതെ പ്രശ്‌ന പരിഹാരം ഉണ്ടാകില്ലെന്നും വിദഗ്ധർ പറയുന്നു.