ന്യൂഡല്‍ഹി: ഈ വര്‍ഷം മുതല്‍ നീറ്റ് പ്രവേശന പരീക്ഷ മലയാളത്തിലുമെഴുതാമെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷും ഹിന്ദിയും കൂടാതെ ഒന്‍പത് ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലും (ഉറുദു, തമിഴ്, കന്നഡ, തെലുങ്ക്, അസമീസ്, ബംഗാളി, ഒഡിയ, ഗുജറാത്തി, മറാത്തി) നീറ്റ് പരീക്ഷ നടത്തിയിരുന്നു. ഈ വര്‍ഷം മുതല്‍ പഞ്ചാബിയും മലയാളവും കൂടി പ്രാദേശിക ഭാഷാ പട്ടികയിലേക്ക് ഉള്‍പ്പെടുത്തുകയായിരുന്നു.
കൂടാതെ, ഈ വര്‍ഷം മുതല്‍ കുവൈറ്റിലും നീറ്റ് പരീക്ഷാകേന്ദ്രം അനുവദിക്കുമെന്ന് ധര്‌മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 12ന് നടത്തും. രാജ്യത്തെ മുഴുവന്‍ പരീക്ഷാ കേന്ദ്രങ്ങളിലും സാമൂഹിക അകലം ഉറപ്പുവരുത്താന്‍ പരീക്ഷ നടക്കുന്ന നഗരങ്ങളുടെ എണ്ണം 155ല്‍ നിന്ന് 198 ആക്കി വര്‍ധിപ്പിച്ചു.

