സംസ്ഥാനത്തെ ഓരോ വിദ്യാർഥിക്കും ഡിജിറ്റൽ പഠനോപകരണം ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ്; നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ വിദ്യാർഥിക്കും ഡിജിറ്റൽ പഠനോപകരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പ്. എല്ലാ വിദ്യാർത്ഥികൾക്കും ഒരു സ്മാർട്‌ഫോണോ ടാബോ വീതം ഉറപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള നടപടികൾക്ക് വിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിച്ചു.

രക്ഷിതാക്കൾ ജോലിക്കു പോകുമ്പോൾ ഫോൺ കൊണ്ടുപോകുന്നത് കുട്ടികളുടെ ഡിജിറ്റൽ പഠനത്തെ ബാധിക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. രണ്ടോ മൂന്നോ കുട്ടികളുള്ള വീട്ടിൽ എല്ലാ കുട്ടികൾക്കും ഫോൺ ലഭ്യമാവാത്ത സാഹചര്യവും നിലവിലുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ഓരോ കുട്ടിക്കും ഡിജിറ്റൽ ഉപകരണം ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമായോ എന്ന് ഉറപ്പാക്കേണ്ട ചുമതല ക്ലാസ് ടീച്ചമാർക്കാണ്.

ഓരോ സ്‌കൂളിലെയും മുഴുവൻ കുട്ടികളെയും 4 ഗ്രൂപ്പായി തിരിക്കും. വീട്ടിൽ നിന്ന് രണ്ടാമത്തെ കുട്ടിക്കും ഡിജിറ്റൽ പഠനോപകരണം വാങ്ങിനൽകാൻ രക്ഷിതാക്കൾക്കു ശേഷിയുണ്ടെങ്കിൽ അവർ ആദ്യ ഗ്രൂപ്പിലും വായ്പ കിട്ടിയാൽ വാങ്ങാൻ കഴിവുള്ള രക്ഷിതാക്കളുടെ കുട്ടികളെ രണ്ടാം ഗ്രൂപ്പിലും ഉൾപ്പെടുത്തും. പകുതി പണം മറ്റാരെങ്കിലും നൽകിയാൽ ഉപകരണം വാങ്ങാൻ ശേഷിയുള്ളവരെ മൂന്നാം ഗ്രൂപ്പിൽ ഉൾപ്പെടുത്തും. പൂർണമായും പൊതുസമൂഹത്തിന്റെ സഹായത്തോടെ മാത്രം ഉപകരണം ലഭ്യമാക്കേണ്ടവരെയാണ് നാലാം ഗ്രൂപ്പിൽ ഉൾപ്പെടുത്തുന്നത്. സ്‌കൂൾ തലത്തിലെ കണക്കുകൾ നാളെയോടെ തദ്ദേശ സ്ഥാപനങ്ങളിലെത്തിക്കണമെന്നാണ് അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്. ജില്ലാതല ക്രോഡീകരണം പൂർത്തിയാക്കി ജൂലൈ 21 ന് കണക്കുകൾ സംസ്ഥാനതലത്തിലേക്കു കൈമാറാനും നിർദ്ദേശം നൽകിയിട്ടുണ്ട്.