ഇടതുമുന്നണിയിൽ നിൽക്കുമ്പോൾ പക്വത കാട്ടണം; ഐഎൻഎല്ലിനു മുന്നറിയിപ്പ് നൽകി സിപിഎം

തിരുവനന്തപുരം: ഐഎൻഎല്ലിനു മുന്നറിയിപ്പുമായി സിപിഎം. ഇടതുമുന്നണിയിൽ നിൽക്കുമ്പോൾ പക്വത കാട്ടണമെന്നും മുന്നണിക്കു നാണക്കേട് ഉണ്ടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സിപിഎം അറിയിച്ചു. അഭിപ്രായ ഭിന്നതയെ തുടർന്ന് ഐഎൻഎൽ രണ്ടായി പിരിഞ്ഞതിനെ തുടർന്നാണ് സിപിഎമ്മിന്റെ ഇടപെടൽ.

ഐഎൻഎൽ നേതൃത്വവുമായും മന്ത്രി അഹമ്മദ് ദേവർകോവിലുമായും സിപിഎം ആശയവിനിമയം നടത്തി. പ്രശ്‌നങ്ങൾ ഐഎൻഎല്ലിൽത്തന്നെ തീർക്കണമെന്നും സിപിഎം ഇക്കാര്യത്തിൽ ഇടപെടില്ലെന്നുമാണ് പാർട്ടി വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഐഎൻഎൽ രണ്ടായി പിളർന്നത്. സംസ്ഥാന പ്രസിഡന്റ് എ.പി.അബ്ദുൽ വഹാബിന്റെ നേതൃത്വത്തിലുള്ള വിഭാഗവും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ നേതൃത്വത്തിലുള്ള വിഭാഗവും വെവ്വേറെ യോഗം ചേർന്നു പരസ്പരം പുറത്താക്കുകയായിരുന്നു.

പിളർന്നെങ്കിലും ഇരുകൂട്ടരും എൽഡിഎഫിൽ തുടരുമെന്നാണ് അറിയിച്ചിട്ടുള്ളത്. പാർട്ടിയിൽ ഭൂരിപക്ഷമുണ്ടെന്നും ഇരുകൂട്ടരും അവകാശപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽ ചേർന്ന ഐഎൻഎൽ നേതൃയോഗമാണ് സംഘർഷത്തിൽ കലാശിച്ചത്. മന്ത്രി അഹമ്മദ് ദേവർകോവിലും യോഗത്തിൽ പങ്കെടുത്തിരുന്നു. വഹാബ് പക്ഷത്തെ രണ്ടു സെക്രട്ടേറിയറ്റ് അംഗങ്ങളെ പുറത്താക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. വിവരം അറിഞ്ഞെത്തിയ അണികൾ തമ്മിൽ സംഘർഷം ഉണ്ടാകുകയും കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.