തിരുവനന്തപുരം: ഓണക്കിറ്റ് പാക്കിങ് കേന്ദ്രത്തിൽ ഭക്ഷ്യ മന്ത്രി ജിആർ അനിൽ മിന്നൽ പരിശോധന നടത്തി. സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് മന്ത്രി പാക്കിങ് കേന്ദ്രത്തിൽ മിന്നൽ പരിശോധന നടത്തിയത്. ഗുണനിലവാരത്തിൽ സംശയം തോന്നിയ സാധനങ്ങളുടെ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചു.
എല്ലാ ജില്ലകളിലേയും പാക്കിങ് കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടത്താനാണ് തീരുമാനം. കിറ്റിൽ നിന്നും സാധനങ്ങൾ പാക്കറ്റ് പൊട്ടി പോകാതിരിക്കാൻ ഗുണമേന്മയുള്ള പാക്കിങ് ഉറപ്പുവരുത്തുമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കിറ്റിലുൾപ്പെടുത്തുന്ന ഭക്ഷ്യ ധാന്യങ്ങളുടെ ഗുണനിലവാരം പാലിക്കണമെന്നും അളവും തൂക്കവും ഉറപ്പാക്കണമെന്നും ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശവും അദ്ദേഹം നൽകിയിട്ടുണ്ട്.
സഞ്ചി ഉൾപ്പെടെ 16 ഇനം സാധനങ്ങളാണ് ഓരോ റേഷൻ കാർഡ് ഉടമയ്ക്കും വിതരണം ചെയ്യുക. ഒരു റേഷൻ കാർഡ് ഉടമയ്ക്ക് 570 രൂപയുടെ സാധനങ്ങൾ കിറ്റിലൂടെ ലഭിക്കും. പഞ്ചസാര, വെളിച്ചെണ്ണ, മുളക്‌പൊടി, ഉപ്പ്, മഞ്ഞൾ, ആട്ട, ഉപ്പേരി, ബാത്ത് സോപ്പ്, ചെറുപയർ, തുവരപ്പരിപ്പ്, തേയില തുടങ്ങിയവയും പായസം തയ്യാറാക്കുന്നതിനാവശ്യമായ അണ്ടിപ്പരിപ്പ്, എലയ്ക്ക, സേമിയ/പാലട/ഉണക്കലരി എന്നിവയിൽ ഒന്ന്, നെയ്യ് തുടങ്ങിയവ കിറ്റിൽ ഉണ്ടാകുക. ജൂലൈ 31 മുതലായിരിക്കും പ്രത്യേക കിറ്റ് വിതരണം ആരംഭിക്കുന്നത്.
റേഷൻ കടകൾവഴി എല്ലാ വിഭാഗം കാർഡുടമകൾക്കും കിറ്റ് ലഭിക്കും. എഎവൈ (മഞ്ഞ) വിഭാഗത്തിന് ജൂലൈ 31, ആഗസ്ത് 2, 3 തീയതിയിലും പിഎച്ച്എച്ച് (പിങ്ക്) വിഭാഗത്തിന് ആഗസ്ത് 4 മുതൽ 7 വരെ എൻപിഎസ് (നീല) വിഭാഗത്തിന് ആഗസ്ത് 9 മുതൽ 12 വരെയും എൻപിഎൻഎസ് (വെള്ള) വിഭാഗത്തിന് ആഗസ്ത് 13 മുതൽ 16 വരെയുമാണ് കിറ്റ് വിതരണം.

