വാഷിങ്ടണ്‍ : ലോകത്ത് വലിയ പ്രളയമുണ്ടാകുമെന്ന് നാസയുടെ മുന്നറിയിപ്പ്. സമുദ്രനിരപ്പിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് പഠിക്കുന്ന നാസയുടെ സംഘമാണ് ഇത്തരത്തിലൊരു പഠനം നടത്തിയത്. ചന്ദ്രന്റെ ചലനത്തിലുണ്ടാകുന്ന മാറ്റം 2030കളുടെ പകുതിയോടെ തുടര്‍ പ്രളയമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. ചന്ദ്രന്റെ ചലനം കൊണ്ട് സമുദ്രനിരപ്പ് വലിയതോതിലുയരും. വേലിയേറ്റങ്ങളുടെ തോത് കൂടുന്നതോടെ മിക്ക ഭൂഖണ്ഡങ്ങളിലും പ്രളയങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകും. ഇതിനൊപ്പം കാലാവസ്ഥാ വ്യതിയാനവും ചേരുമ്പോഴാണ് ഒരു വലിയ പ്രളയമുണ്ടാകാനുള്ള സാധ്യത തെളിയുന്നതെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ദുരന്ത സാധ്യത നേരിടാന്‍ തയ്യാറെടുപ്പ് അത്യാവശ്യമാണെന്ന് പഠനത്തിന് നേതൃത്വം നല്കിയ ഹവായ് സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഫില്‍ തോംസന്‍ പറഞ്ഞു. വേലിയേറ്റം തീരപ്രദേശത്തെ പതിവ് സംഭവമാണ്. പക്ഷേ, ഗവേഷകരുടെ പ്രവചനം ഈ വേലിയേറ്റങ്ങള്‍ സാധാരണയില്‍ കവിഞ്ഞ് വലിയ അപകടം സൃഷ്ടിക്കുമെന്ന് വ്യക്തമാക്കുകയാണ്. ചിലപ്പോള്‍ മാസത്തില് 15 തവണവരെ വെള്ളപ്പൊക്കമുണ്ടാകാം. ചന്ദ്രന്റെ ഭ്രമണപഥത്തിലെ ചലനം പൂര്‍ത്തിയാക്കാന്‍ 18.6 വര്‍ഷം എടുക്കും. ഇതില്‍ പകുതി കാലം പ്രളയമുണ്ടാകുമെന്നാണ് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

