Highlights (Page 194)

കണ്ണൂർ: പ്രതിഷേധം കനക്കുന്നതിനിടയിലും വിവാദ ഉത്തരവ് നടപ്പിലാക്കുമെന്ന തീരുമാനത്തിൽ ഉറച്ച് കണ്ണൂർ കലക്ടർ ടി.വി സുഭാഷ്. ഫേസ്ബുക്ക് പേജിലൂടെയാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്. ആന്റിജൻ പരിശോധനയ്ക്കു ശേഷം മാത്രമേ കോവിഡ് വാക്‌സിൻ നൽകൂവെന്ന ഉത്തരവ് ഈ മാസം 28 മുതൽ നടപ്പിലാക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് കലക്ടർ വ്യക്തമാക്കി.

എന്നാൽ ഇപ്പോൾ ഉയർന്ന ആക്ഷേപങ്ങളിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്നും നേരത്തെ നടത്തിയ ചർച്ചയുടെ ഭാഗമായാണ് ഇപ്പോൾ പരിഷ്‌കരണം നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൊട്ടടുത്ത ജില്ലയായ കാസർകോടും സമാനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നുണ്ടെന്നും കളക്ടർ അറിയിച്ചു. കെ.ജി.എം.ഒ അടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ സംഘടനകളും ജനപ്രതിനിധികളും കളക്ടറുടെ തീരുമാനത്തിനെതിരെ എതിർപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. കളക്ടറുടെ പുതിയ ഉത്തരവ് സ്വകാര്യ ആശുപത്രികൾക്ക് കോവിഡ് പരിശോധന വഴി ജനങ്ങളെ ചൂഷണം ചെയ്യാൻ വഴിയൊരുക്കുമെന്ന് കണ്ണുർ കോർപറേഷൻ മേയർ ടി.ഒ മോഹനൻ ആരോപിച്ചു. വാക്‌സിൻ എടുക്കുന്നതിന് മുൻപ് കോവിഡ് പരിശോധന വേണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് കേന്ദ്ര നിർദ്ദേശത്തിന് വിരുദ്ധമാണെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം.

കളക്ടറുടെ ഉത്തരവ് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങളെ അട്ടിമറിക്കുമെന്നും വാക്‌സിനേഷൻ ഡ്രൈവിനെ പോലും നീക്കം പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. മതിയായ സൗകര്യം ഒരുക്കാതെയുള്ള തീരുമാനം വിപരീത ഫലം ചെയ്യുമെന്ന വിമർശനവും ഉയരുന്നുണ്ട്. കണ്ണൂർ ജില്ലയിൽ ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് വീണ്ടും 12 ശതമാനത്തിന് മുകളിൽ എത്തിയതോടെയാണ് കലക്ടർ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ഈ മാസം 28 മുതൽ വാക്‌സിൻ കിട്ടണമെങ്കിൽ ആദ്യം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നേടണം ഇതിനായി വാക്‌സിൻ എടുക്കാൻ എത്തുന്നവർക്ക് അതാത് കേന്ദ്രങ്ങളിൽ ആന്റിജൻ പരിശോധന സംവിധാനം ഒരുക്കുമെന്നുമായിരുന്നു കലക്ടർ അറിയിച്ചിരുന്നത്.

അബുദാബി: മൃഗങ്ങള്‍ക്ക് കോവിഡ് ബാധയുണ്ടായിട്ടുണ്ടോയെന്ന് അറിയാന്‍ ആന്റിബോഡി ടെസ്റ്റുമായി യുഎഇയിലെ ശാസ്ത്രജ്ഞര്‍. ഇതിനായി വിവിധ ഇനം മൃഗങ്ങളുടെ 500ലേറെ രക്ത സാമ്പിളുകളാണ് പരിശോധനയ്ക്കായി ഉപയോഗിക്കുക.34 വര്‍ഷം മുമ്പെടുത്ത് ഫ്രീസറില്‍ സൂക്ഷിച്ച ഒട്ടകത്തിന്റേത് മുതല്‍ കഴിഞ്ഞ ബുധനാഴ്ച വരെ എടുത്ത രക്തസാമ്പിളുകള്‍ ഇതില്‍ ഉള്‍പ്പെടും. സിംഹം, പുലികള്‍, കടുവകള്‍, ആടുകള്‍, ഒട്ടകങ്ങള്‍, കുതിരകള്‍, പൂച്ചകള്‍, പട്ടികള്‍ തുടങ്ങി 18 ഇനം മൃഗങ്ങളുടെ രക്ത സാമ്പിളുകളാണ് പരിശോധനയ്ക്കായി ഉപയോഗിക്കുകയെന്ന് സെന്‍ട്രല്‍ വെറ്ററിനറി റിസേര്‍ച്ച് ലബേറട്ടറിയിലെ മൈക്രോബയോളജിസ്റ്റ് ഡോ. ഉള്‍റിച്ച് വെര്‍ണറി അറിയിച്ചു. ഏതെല്ലാം മൃഗങ്ങള്‍ക്കാണ് കൊവിഡ് ബാധ ഉണ്ടായിരുന്നതെന്ന് മനസ്സിലാക്കിയാല്‍ അവയില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയും കണ്ടെത്താനാവുമെന്ന കണക്കുകൂട്ടലിലാണ് ഗവേഷകര്‍. പരീക്ഷണത്തിന്റെ ഭാഗമായി മൃഗങ്ങളുടെ 500ലേറെ രക്ത സാമ്പിളുകള്‍ ഫ്രീസറില്‍ നിന്നും പുറത്തെടുത്തതായി ഡോ. ഉള്‍റിച്ച് വെര്‍ണറി അറിയിച്ചു. പരീക്ഷണ ഫലം എന്താവുമെന്ന് ഇപ്പോള്‍ പറയാനാവില്ലെങ്കിലും പൂച്ചയിലും പട്ടിയിലും കൊവിഡ് ബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകരുടെ നിഗമനം.

ന്യൂഡല്‍ഹി: സൈന്യം, ബിഎസ്എഫ് മുതല്‍ രഹസ്യാന്വേഷണ വിഭാഗമായ റോ വരെ പെഗസസിന്റെ ചാരവലയില്‍ പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഓണ്‍ലൈന്‍ മാധ്യമമായ ദി വയര്‍ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

2ജി അഴിമതി കേസ് അന്വേഷിച്ച ഇഡി ഉദ്യോഗസ്ഥന്‍, അരവിന്ദ് കേജ്രിവാളിന്റെ പിഎ ആയിരുന്നയാള്‍ തുടങ്ങിയവരുടെ ഫോണുകളും നിരീക്ഷണവലയത്തില്‍പ്പെട്ടിരുന്നുവെന്നും, ഔദ്യോഗിക നയത്തിനെതിരെ അന്ന് പ്രതികരിച്ച സേനാംഗങ്ങളായിരുന്ന രണ്ട് കേണലുമാര്‍, റോയെ കോടതിയില്‍ ചോദ്യം ചെയ്ത വിരമിച്ച രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍, ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ പേരുകളും പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ബിഎസ്എഫ് തലവനായിരുന്ന കെ.കെ. ശര്‍മ 2018 ഫെബ്രുവരി 11ന് കൊല്‍ക്കത്തയില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച അതിര്‍ത്തി വിഷയങ്ങളുടെ ഒരു സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇതിന് ഒരു മാസത്തിനുശേഷമാണ് ശര്‍മയുടെ ടെലിഫോണ്‍ നമ്പര്‍ പെഗസസിന്റെ പട്ടികയില്‍പ്പെടുന്നത്. അതേസമയം, ശര്‍മയുടെ ഫോണ്‍ ചോര്‍ത്തിയോ എന്നത് ഫൊറന്‍സിക് പരിശോധനയ്ക്കുശേഷമേ വ്യക്തമാകുകയുള്ളൂ.

ശര്‍മയുടെ ഫോണ്‍ ചോര്‍ത്തിയ അതേ കാലയളവില്‍ത്തന്നെ ബിഎസ്എഫ് ഐജി ആയിരുന്ന ജഗ്ദീഷ് മൈതാനിയെയും പെഗസസ് നിരീക്ഷിച്ചതായും വയര്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യന്‍ വിദേശകാര്യ രഹസ്യാന്വേഷണ ഏജന്‍സിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജിതേന്ദ്ര കുമാര്‍ ഓജയും ഭാര്യയും പെഗസസിന്റെ പട്ടികയിലുണ്ട്. 2013-2015 കാലയളവില്‍ ഡല്‍ഹിയിലെ റോ അക്കാദമിയില്‍ ഇന്ത്യന്‍ സംഘാംഗങ്ങള്‍ക്കു ചാരവൃത്തിയില്‍ പരിശീലനം നല്‍കുന്നതിന്റെ ചുതല ഓജ വഹിച്ചിരുന്നു.

സര്‍വീസ് വിഷയത്തില്‍ കേന്ദ്രവുമായി തര്‍ക്കം നടത്തിയ രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ നമ്പരും പട്ടികയിലുണ്ട്. മാത്രമല്ല, സൈന്യത്തിന്റെ പ്രത്യേക സുരക്ഷാ നിയമം അഫ്‌സ്പയെ ലഘൂകരിക്കാനുള്ള നീക്കത്തിനെതിരെ 356 സൈനികര്‍ ചേര്‍ന്ന് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിക്കുവേണ്ടി ഹാജരായ ജമ്മു കശ്മീരിലെ കോര്‍ ആസ്ഥാനത്തെ ലീഗല്‍ ഓഫിസറായിരുന്ന കേണല്‍ അമിത് കുമാറും പെഗസസ് പട്ടികയില്‍ പെട്ടിട്ടുണ്ട്.

മാത്രമല്ല, 2ജി കേസ് അന്വേഷത്തലവന്‍ ആയിരുന്ന ഇഡി ഉദ്യോഗസ്ഥന്‍ രാജേശ്വര്‍ സിങും പെഗാസസില്‍ പെട്ടിട്ടുണ്ട്. ചിദംബരത്തിനെതിരായ എയര്‍സെല്‍ മാക്‌സിസ് കേസ് അന്വേഷിച്ചതും രാജേശ്വര്‍ സിങ്ങാണ്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ആയിരുന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ വി.കെ. ജയിനും പട്ടികയിലുണ്ട്. മാത്രമല്ല, ഇദ്ദേഹത്തിന്റെ ഭാര്യയുടെയും സഹോദരിമാരുടെയും ഫോണ്‍ നമ്പരുകള്‍ ചോര്‍ത്തിയിരുന്നു. സഹോദരിമാരില്‍ ഒരാള്‍ ഐഎഎസുകാരിയായിരുന്നു. പിന്നീട് അവര്‍ മുംബൈ ഹൈക്കോടതിയിലെ പ്രമാദമായ കേസുകള്‍ വാദിക്കുന്ന വക്കീലായി മാറിയിരുന്നു.

ബെംഗളൂരു: തെലങ്കാനയിലെ രാമക്ഷേത്രത്തിന് യുനെസ്‌കോയുടെ ലോകപൈതൃക പദവി. ലോക പൈതൃക സമിതി ഞായറാഴ്ച ചേര്‍ന്ന യോഗത്തിലാണ് പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ ക്ഷേത്രത്തിന് പൈതൃക പദവി നല്‍കിയത്. ഈ പ്രഖ്യാപനത്തെ ഉല്കൃഷ്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചു. കൂടാതെ തെലങ്കാനയിലെ ജനങ്ങളെയും മോദി അഭിനന്ദിച്ചു. തെലങ്കാനയിലെ പാലംപേട്ടിലാണ് ഈ ക്ഷേത്രം. കാകതീയ ഭരണാധികാരി ഗണപതി ദേവയുടെ കാലത്താണ് ഈ ശിവക്ഷേത്രം പണികഴിച്ചത്. ഇവിടെ ഭഗവാന് രാമലിംഗേശ്വര ആണ് ആരാധിക്കപ്പെടുന്നത്. രാമപ്പ എന്ന ശില്പി ചെങ്കല്‍ മണ്‍കല്ലിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഇന്ന് കാര്‍ഗില്‍ ദിനം. കാര്‍ഗില്‍ മലനിരകളില്‍ ഭാരതത്തിന്റെ മണ്ണിലേക്ക് കടന്നുകയറിയ പാക് പട്ടാളക്കാരെ തുരത്തിക്കൊണ്ട് ത്രിവര്‍ണ്ണ പതാകയുയര്‍ത്തിയ, വിജയക്കൊടി നാട്ടിയ മുഹൂര്‍ത്തമാണിത്. രാജ്യം അഭിമാനത്തോടെ എഴുന്നേറ്റുനിന്ന മുഹൂര്‍ത്തം. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്തായിരുന്നു കാര്‍ഗില്‍ യുദ്ധം നടന്നത്. അന്ന് രാജ്യത്തിന് വേണ്ടി ആയുധങ്ങള്‍ വേണ്ടത്ര ഉണ്ടാക്കാനും, യുദ്ധവിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍ എന്നിങ്ങനെ ആവശ്യമുള്ളത്ര നിര്‍മിക്കാനുമൊക്കെയായി വലിയ മാറ്റമാണ് വേണ്ടതെന്ന് വിദഗ്ദ്ധസമിതി ശുപാര്‍ശ നല്‍കി.

വാജ്‌പേയി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഏറെ ചെയ്തുവെങ്കിലും പിന്നീട് വന്ന യുപിഎ സര്‍്ക്കാരുകള്‍ പ്രതിരോധ രംഗത്തെ പാടെ അവഗണിച്ചിരിക്കുകയാണ്. ഏ.കെ ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ മുംബൈ ഭീകരാക്രമണം, അതിര്‍ത്തിയില്‍ സൈനികന്റെ തലയറുത്ത ഭീകരമായ സംഭവം, കാശ്മീരില്‍ ഭീകരര്‍ പട്ടാളത്തെ ആക്രമിച്ചപ്പോള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍-തിരിച്ചടിക്കരുത്’- എന്ന തീരുമാനം ഇതെല്ലാം സൈന്യത്തിന്റെ മാത്രമല്ല ഭാരതത്തിന്റെ ആത്മവീര്യത്തെ കെടുത്തി.

എന്നാല്‍ അടിക്ക് തിരിച്ചടിയെന്ന നിലപാടുമായി നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നിലപാടിലുള്ള മാറ്റം സുപ്രധാനമായിരുന്നു. ദേശവിരുദ്ധ ശക്തികളുമായി സന്ധിയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഭീകരാക്രമണത്തെ അതേ രീതിയില്‍ തിരിച്ചടിക്കുമെന്ന നയപ്രഖ്യാപനമായിരുന്നു അത്.ഇങ്ങോട്ട് ഒരു കല്ലെറിഞ്ഞാല്‍ പോലും തിരിച്ചടിക്കാന്‍ സൈനികര്‍ക്ക് അനുമതി നല്കി. മാത്രമല്ല, ഭീകരപ്രവര്‍ത്തനത്തിന്റെ കേന്ദ്രമായിരുന്ന കശ്മീരിലടക്കം സാഹചര്യം മാറി. ഫ്രാന്‍സില്‍ നിന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങി. അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന നല്കി.

അതിലെല്ലാം ഉപരിയായി മൂന്ന് സൈനിക മേധാവികള്‍ക്കും മുകളിലായി ഒരു ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) നിയമിച്ച സുപ്രധാന തീരുമാനമുണ്ടായി.ഒരു റാങ്ക് ഒരു പെന്‍ഷന്‍- നടപ്പിലാക്കി. പ്രതിരോധരംഗത്ത് വിപ്ലവകരമായ മാറ്റമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയത്.101 പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതി നിരോധിക്കാനുള്ള തീരുമാനത്തോടെ അടുത്ത ഏതാനും വര്‍്ഷങ്ങള്‍ക്കിടയില്‍ ആഭ്യന്തര വ്യവസായ രംഗത്ത് നാല് ലക്ഷം കോടിയുടെ കരാറുകളാണ് ഉണ്ടാകുന്നത്.

covid

തിരുവനന്തപുരം: രാജ്യത്ത് ആകെ വാക്‌സിൻ വിതരണം ചെയ്ത കണക്കിൽ കേരളം പതിനൊന്നാം സ്ഥാനത്ത്. ഉത്തർപ്രദേശാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇടംനേടിയിരിക്കുന്നത്. 36,920,479 ആളുകൾക്ക് ആദ്യ ഡോസും 70 ലക്ഷത്തിന് മുകളിൽ ആളുകൾക്ക് രണ്ട് ഡോസും ഉത്തർപ്രദേശിൽ വിതരണം ചെയ്തുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ കേരളത്തിൽ ആകെ കണക്ക് നോക്കിയാൽ ഒന്നാം ഡോസ് 48 ശതമാനത്തിനും രണ്ട് ഡോസും കിട്ടിയത് 20 ശതമാനത്തിനും മാത്രമാണ്. കേരളത്തിൽ 45 വയസിന് മുകളിൽ 75 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിൻ ലഭിച്ചു. എന്നാൽ ഉത്തർപ്രദേശിൽ ഇത് 1.13 കോടിയാണ്.

18 മുതൽ 44 വരെ 1.50 കോടി ജനങ്ങളിൽ ബഹുഭൂരിപക്ഷത്തിനും സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്സിൻ ലഭിച്ചില്ല. 45 ന് താഴെയുളളവരിൽ 19 ശതമാനം പേർക്ക് മാത്രമാണ് കേരളത്തിൽ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചത്. രണ്ടാം ഡോസ് ലഭിച്ചത് 2 ശതമാനത്തിന് താഴെയും. സംസ്ഥാനത്ത് വാക്സിൻ വിതരണം കാര്യക്ഷമമാണെന്നാണ് ആരോഗ്യ വകുപ്പ് അവകാശപ്പെടുന്നതെങ്കിലും കാര്യങ്ങൾ അങ്ങനെയല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഓൺലൈൻ വഴിയുള്ള വാക്‌സിൻ വിതരണം പലയിടത്തും ഭാഗികമാണ്. രണ്ടാം ഡോസ് വാക്സിനെടുക്കാൻ കൊവിൻ പോർട്ടലിലെ മെസേജ് ലഭിച്ചവർക്ക് വിതരണ കേന്ദ്രത്തിലെത്തുമ്പോൾ വാക്സിൻ ലഭ്യമല്ലാത്ത സ്ഥിതിയാണ്. കേന്ദ്രത്തിൽ നിന്നും വിതരണം ചെയ്ത വാക്സിൻ സ്പോട്ട് രജിസ്ട്രേഷൻ വഴിയാണ് നൽകുന്നത്. ഇതും മിക്കയിടത്തും താറുമാറാണെന്നാണ് വിവരം.

കോവിൻ പോർട്ടലിൽ കയറുമ്പോൾ പ്രായഭേദമന്യേ എല്ലാ സ്ലോട്ടും ബുക്കായതായാണ് കാണിക്കുന്നത്. കോളേജ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഉടൻ വാക്സിൻ നൽകുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം. എന്നാൽ വാക്‌സിൻ വിതരണം ഇതുവരെ കാര്യക്ഷമമായി തുടങ്ങിയിട്ടില്ല. മുൻഗണനാ ക്രമമനുസരിച്ച് അറുപതിലധികം വിഭാഗങ്ങൾക്ക് പ്രാമുഖ്യം നൽകി സർക്കാർ ഉത്തരവുണ്ടെങ്കിലും പോർട്ടലിൽ ഇതൊന്നും കാണാൻ കഴിയാത്ത സ്ഥിതിയാണ്. അതേസമയം സംസ്ഥാനത്ത് 100 ശതമാനം ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുൻനിര പോരാളികൾക്കും ഒന്നാം ഡോസ് വാക്സിൻ ലഭിച്ചു. 82 ശതമാനം പേർക്കാണ് രണ്ടാം ഡോസ് ലഭിച്ചതെന്നും കണക്കുകൾ വിശദമാക്കുന്നു.

ഇന്ത്യയില്‍ ഡിജിറ്റല്‍ കറന്‍സി സാദ്ധ്യതകള്‍ വിലയിരുത്താനൊരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സ്വന്തം ഡിജിറ്റല്‍ കറന്‍സി ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്താനുള്ള സാധ്യതകള്‍ വിലയിരുത്തുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉടന്‍ പൈലറ്റ് പദ്ധതികള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മറ്റ് രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകള്‍ ഡിജിറ്റല്‍ കറന്‍സിയില്‍ കൈവരിച്ച വിജയകരമായ മുന്നേറ്റം മുന്‍നിര്‍ത്തിയാണ് ഇന്ത്യയും പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്. സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (CBDC ) ഉപയോഗത്തില്‍ വരികയാണെങ്കില്‍ പണം അച്ചടിക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുവാനും, ബാങ്കള്‍ തമ്മിലുള്ള് ഇടപാടുകള്‍ ഇല്ലാതാക്കുവാനും സാധിക്കും. ഇത് രാജ്യത്തിന്റെ തന്നെ സാമ്പത്തിക മേഖലയില്‍ വലിയൊരു മാറ്റത്തിന് വഴിവെക്കുമെന്നതില്‍ സംശയമില്ല.

ജനസംഖ്യാനുപാതികമായും, ബാങ്കിങ് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താതെയുമാണ് ഡിജിറ്റല്‍ കറന്‍സി കൊണ്ടുവരുവാന്‍ റിസര്‍വ് ബാങ്ക് ഉദ്ദേശിക്കുന്നത്. മാത്രമല്ല, ക്രിപ്‌റ്റോ കറന്‍സികളുടെ കടന്നുകയറ്റവും, ജനങ്ങള്‍ക്കിടയിലെ സ്വീകാര്യതയുമാണ് സ്വന്തമായി ഡിജിറ്റല്‍ കറന്‍സി ആരംഭിക്കണമെന്ന തീരുമാനത്തില്‍ ഇന്ത്യ എത്തിയത്.

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇത്തവണ രാജ്യത്തെ ജനങ്ങളോട് ദേശീയഗാനം ആലപിക്കാന്‍ അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരുന്ന 75-ാം സ്വാതന്ത്ര്യദിനത്തില്‍ പരമാവധി ഇന്ത്യന്‍ ജനതയെക്കൊണ്ട് ഒന്നിച്ച് ദേശീയ ഗാനം ചൊല്ലിക്കുന്ന പരിപാടി സാംസ്‌കാരിക മന്ത്രാലയം ആവിഷ്‌കരിച്ചിട്ടുണ്ടെന്നും, ഇതില്‍ എല്ലാ ജനങ്ങളും പങ്കാളികളാകണമെന്നുമാണ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

മന്‍ കീ ബാത്തില്‍ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രി ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ഈ വര്‍ഷം ഓഗസ്റ്റ് 15-ന് ദേശീയഗാനവുമായി കൂടിച്ചേരാനുള്ള ഉദ്യമമാണ് സംഘടിപ്പിക്കുന്നത്. പരമാവധി ഇന്ത്യക്കാരെ ഒന്നിപ്പിച്ച് ദേശീയഗാനം ചൊല്ലിക്കാനുള്ള ശ്രമം സാംസ്‌കാരിക മന്ത്രാലയം നടത്തുന്നുണ്ട്. ഈ പുതിയ പരിപാടിയില്‍ നിങ്ങള്‍ എല്ലാവരും പങ്കാളികളാകുമെന്ന് കരുതുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആളുകള്‍ക്ക് ദേശീയഗാനം ആലപിച്ചശേഷം അപ്ലോഡ് ചെയ്യുന്നതിന് രാഷ്ട്രഗാന്‍.ഇന്‍ എന്നൊരു വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ടെന്നും നരേന്ദ്ര മോദി അറിയിച്ചു.

തിരുവനന്തപുരം: നിപ, കോവിഡ് തുടങ്ങിയ ആരോഗ്യ മേഖലയിലെ പ്രതിസന്ധികളെ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ നേരിടാൻ സാധിച്ചതിന് പിന്നിൽ പൊതുജനാരോഗ്യ മേഖലയിലെ സമഗ്ര പുരോഗതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകമെങ്ങുമുള്ള മലയാളികൾക്ക് ഇന്ന് ഏറെ അഭിമാനം നൽകുന്ന ഒന്നാണ് കേരളത്തിന്റെ പൊതുജനാരോഗ്യ രംഗമെന്ന് അദ്ദേഹം പറഞ്ഞു. മാതൃകാപരമായ പ്രവർത്തനങ്ങളാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ ഫണ്ടുകളുപയോഗിച്ച് 25 കോടി രൂപ ചിലവിൽ 50 ആരോഗ്യ സ്ഥാപനങ്ങളിൽ നടപ്പിലാക്കിയതും ആരംഭിക്കുന്നതുമായ പദ്ധതികളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിയതിന്റെ ഗുണം നാട് അറിഞ്ഞു കൊണ്ടിരിക്കുകയാണ്. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ എണ്ണം വർധിച്ചു. വൈകുന്നേരം വരെ ഒ. പി സംവിധാനം നിലവിൽ വന്നു. ലാബുൾപ്പെടെ മികച്ച പരിശോധനാ സംവിധാനങ്ങളും ഏർപ്പെടുത്തി. ഇതോടെ ഇവിടങ്ങളിൽ നല്ല തോതിൽ ആളുകൾ ചികിത്സയ്ക്കെത്തുന്നു. വിദഗ്ധ ചികിത്സ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നൽകാൻ കഴിയുന്നു എന്നതാണ് വലിയ പ്രത്യേകത. ആർദ്രം മിഷന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 886 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താനാണ് തീരുമാനിച്ചത്. ഇതിൽ 474 എണ്ണം പൂർത്തീകരിച്ചിരുന്നു. ബാക്കിയുള്ളവയിൽ നിർമ്മാണം പൂർത്തിയായ ആറ് സ്ഥാപനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റിയതെന്നും അദ്ദേഹം വിശദമാക്കി. ആലപ്പുഴ ജില്ലയിലെ കടമ്പൂർ, പാണാവള്ളി, പാലക്കാട് തേങ്കുറിശി, മലപ്പുറം വാഴക്കാട്, കോഴിക്കോട് കണ്ണാടിക്കൽ, വയനാട് മൂപൈനാട് എന്നിവിടങ്ങളിലാണ് പുതിയ കുടുംബാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങുന്നത്. ഇതിൽ വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിർമാണം വി. പി. എസ് ഹെൽത്ത് കെയർ ഗ്രൂപ്പാണ് ഏറ്റെടുത്തത്. പൂർണമായും പരിസ്ഥിതി സൗഹൃദമായാണ് കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത്.

രണ്ടര കോടി രൂപ ചിലവിൽ നിർമ്മാണം പൂർത്തിയാക്കിയ 28 ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. സംസ്ഥാനത്തെ 1,603 ആരോഗ്യ സബ് സെന്ററുകളെ നേരത്തെ ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളാക്കി ഉയർത്തിയിരുന്നു. സബ് സെന്ററുകൾ ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകളായി മാറുന്നതോടെ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങളാണ് പൊതുജനങ്ങൾക്ക് ലഭ്യമാകാൻ പോകുന്നത്.

വയനാട്ടിലെ ആദിവാസി സമൂഹത്തിന് പ്രത്യേക പരിഗണന നൽകിക്കൊണ്ടുള്ള പദ്ധതികളും ആരംഭിക്കുകയാണ്. ഗർഭിണികളായ ആദിവാസി സ്ത്രീകൾക്ക് കുടുംബസമേതം താമസിച്ച് പ്രസവ ശുശ്രൂഷ തേടാൻ കഴിയുന്ന കേന്ദ്രങ്ങൾക്കും തുടക്കമായി. 6,14, 000 രൂപ ചെലവിലാണ് ബത്തേരിയിലും വൈത്തിരിയിലും ആന്റി നാറ്റൽ ട്രൈബൽ ഹോമുകൾ തുടങ്ങുന്നത്. 20 ലക്ഷം രൂപ ചെലവഴിച്ച് മാനന്തവാടിയിൽ ടിബി കേന്ദ്രവും ആരംഭിക്കുകയാണ്. ആദിവാസി സമൂഹത്തോടുള്ള സർക്കാരിന്റെ കരുതൽ വെളിവാക്കുന്ന പദ്ധതികളാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരിൽ 72 ലക്ഷം രൂപ ചെലവിൽ ജില്ല ടിബി ആന്റ് എയ്ഡ്സ് കൺട്രോൾ സെന്ററിന്റെ ഓഫീസ്, കയ്പമംഗലത്ത് സ്ത്രീകൾക്ക് മാത്രമായി സി. എഫ്. എൽ. ടി. സി എന്നിവയും പദ്ധതികളിൽപെടുന്നു. പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ 25 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ച ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രം, പുനലൂർ താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ ജനറേറ്റർ, തിരുവല്ല താലൂക്ക് ആശുപത്രിയിൽ ഐ. സി. യു, 15 നവജാത ശിശു പുനരുത്തേജന യൂണിറ്റ്, പീരുമേട് താലൂക്ക് ആശുപത്രിയിൽ കേന്ദ്രീകൃത ഓക്സിജൻ വിതരണ ശൃംഖല, പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ആദ്യ ഘട്ട ഇ ഹെൽത്ത് പദ്ധതി, അടൂർ ജനറൽ ആശുപത്രിയിൽ 21 ലക്ഷം രൂപ ചെലവിൽ സജ്ജമാക്കിയ എസ്. എൻ. സി സ്പെഷ്യൽ ന്യൂറോ കെയർ യൂണിറ്റ്, 15 നവജാത ശിശു പുനരുത്തേജന യൂണിറ്റ്, കേന്ദ്രീകൃത ഓക്സിജൻ സംവിധാനം, ഒന്നേകാൽ കോടി രൂപ ചെലവിൽ ആലപ്പുഴ ജനറൽ ആശുപത്രിയിലെ വികസന പ്രവർത്തനങ്ങൾ, 60 ലക്ഷം രൂപ ചെലവഴിച്ച് സജ്ജീകരിച്ച കോട്ടയം ജില്ലാ നഴ്സിങ് സ്‌കൂളിലെ സ്‌കിൽ ലാബ്, പത്തു ലക്ഷം രൂപ ചെലവഴിച്ചു നവീകരിച്ച കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയിലെ ഹൈ ഡിപ്പൻഡൻസി യൂണിറ്റ് എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

തൊടുപുഴ: കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തി സിനിമാ ചിത്രീകരണം നടത്തിയ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ടോവിനോ തോമസ് നായകനാകുന്ന ‘മിന്നല്‍ മുരളി’ എന്ന സിനിമയുടെ ചിത്രീകരണം ഡി കാറ്റഗറിയില്‍ ഉള്‍പ്പെട്ട കുമാരമംഗലം പഞ്ചായത്തില്‍ നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 50 പേരെ പ്രതിയാക്കി കേസെടുത്തതായി തൊടുപുഴ സിഐ അറിയിച്ചു.

ശനിയാഴ്ച ഇവിടെ ഷൂട്ടിങ് നടക്കുന്നത് കണ്ട് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന്, തൊടുപുഴ സിഐയുടെ സംഘമെത്തിയാണ് ചിത്രീകരണം അവസാനിപ്പിച്ചത്.

ബുധനാഴ്ച സര്‍ക്കാര്‍ പുറത്തിറക്കിയ പട്ടികയില്‍ കുമാരമംഗലം പഞ്ചായത്തും കോവിഡ് ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, സിനിമയ്ക്കായി ഏതാനും ദിവസം മുമ്പ് വലിയ സെറ്റ് ഒരുക്കിയിരുന്നെന്നും പഞ്ചായത്ത് ഡി കാറ്റഗറിയില്‍ ഉള്‍പ്പെട്ടതിനെ കുറിച്ച് അറിവില്ലായിരുന്നെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

മാത്രമല്ല, ഇന്‍ഡോര്‍ ഷൂട്ടിങ് മാത്രമാണ് നടന്നതെന്നും, ഏതാനു സീനുകള്‍ മാത്രമേ ഇനി പൂര്‍ത്തിയാകാനുള്ളൂ എന്നും അവര്‍ വ്യക്തമാക്കി.

‘ഗോദ’യ്ക്കു ശേഷം ടൊവിനോയെ നായകനാക്കി ബേസില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘മിന്നല്‍ മുരളി’ വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. 2019 മുതല്‍ ചിത്രീകരണം തുടങ്ങിയ സിനിമയുടെ ടീസര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.