Highlights (Page 178)

ന്യൂഡല്‍ഹി: സുരക്ഷ നല്‍കുന്നതില്‍ വലിപ്പച്ചെറുപ്പം പാടില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. സുരക്ഷ മെച്ചപ്പെടുത്താനായി ചെറുകാറുകളിലും ആവശ്യത്തിന് എയര്‍ബാഗുകള്‍ ലഭ്യമാക്കണമെന്നു നിതിന്‍ ഗഡ്കരി അറിയിച്ചു.

രാജ്യത്തെ ഇടത്തരം വരുമാനക്കാര്‍ കൂടുതലായും ചെറു കാറുകളും എന്‍ട്രി ലവല്‍ മോഡലുകളുമാണു വാങ്ങുന്നതെന്നും ഇവയിലെ സുരക്ഷാകാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചെറിയ കാര്‍ മോഡലുകളുടെ എല്ലാ പതിപ്പിലും വകഭേദത്തിലും കുറഞ്ഞത് ആറ് എയര്‍ബാഗ് ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍മാതാക്കളോട് അഭ്യര്‍ഥിച്ചു.

യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്താനും അപകട മരണങ്ങള്‍ കുറയ്ക്കാനു ലക്ഷ്യമിട്ടാണ് എയര്‍ബാഗുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് താന്‍ ആവശ്യപ്പെടുന്നതെന്നും ഗഡ്കരി വിശദീകരിച്ചു. ചെറുകാറുകളില്‍ കൂടുതല്‍ എയര്‍ബാഗ് ഘടിപ്പിക്കുന്നതോടെ വാഹന വിലയില്‍ 3,000 – 4,000 രൂപയുടെ വര്‍ധന സംഭവിക്കും. പക്ഷേ അപകടവേളകളില്‍ സാമ്പത്തിക നിലയിലെ അന്തരമില്ലാതെ എല്ലാവര്‍ക്കും സുരക്ഷ ലഭിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സമ്പന്നര്‍ വാങ്ങുന്ന വലിയ കാറുകളില്‍ എട്ട് എയര്‍ബാഗുകള്‍ വരെയാണു നിര്‍മാതാക്കള്‍ ഘടിപ്പിക്കുന്നതെന്നും, അതേ കമ്പനി, താഴ്ന്ന വരുമാനക്കാര്‍ വാങ്ങുന്ന കാറിലെ എയര്‍ബാഗിന്റെ എണ്ണം രണ്ടോ മൂന്നോ ആയി ചുരുക്കും. എന്തുകൊണ്ടാണീ വിവേചനമെന്നും ഗഢ്കരി ആരാഞ്ഞു. ഉയര്‍ന്ന നികുതി നിരക്കുകളും സുരക്ഷ, പരിസ്ഥിതി മലിനീകരണ വിഭാഗങ്ങളിലെ കര്‍ശന മാനദണ്ഡങ്ങളും വാഹന വില ഉയരാന്‍ ഇടയാക്കിയെന്ന നിര്‍മാതാക്കളുടെ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു ഗഡ്കരി.

ന്യൂഡല്‍ഹി: ശബരിമല വിമാനത്താവളത്തെ എതിര്‍ക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് ഡിജിസിഎ അരുണ്‍ കുമാര്‍. കേരളം നല്‍കിയ റിപ്പോര്‍ട്ടിലെ അപാകതകളാണ് ചൂണ്ടിക്കാണിച്ചതെന്നും സുരക്ഷ ആശങ്കയുണ്ടെന്നും ഡിജിസിഎ അരുണ്‍ കുമാര്‍ ഒരു പ്രമുഖമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ അപാകതകളാണ് ഡിജിസിഎ രേഖപ്പെടുത്തിയത്. വിമാനത്താവളത്തെ എതിര്‍ക്കുന്ന നിലപാട് സ്വീകരിക്കില്ല. അപാകത പരിഹരിച്ച് നല്കിയാല്‍ പരിഗണിക്കും. കൂടുതല്‍ പഠനം ആവശ്യമാണെന്നും അരുണ്‍ കുമാര്‍ വിശദീകരിച്ചു. 130 കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് കേരളം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. വിമാനസര്‍വ്വീസ് വരുമാനം മാത്രമേ തല്ക്കാലം ഉണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്ത, ശബരിമല വിമാനത്താവളത്തെക്കുറിച്ച് നിലപാട് അറിയിക്കാന്‍ വ്യോമയാന മന്ത്രാലയം സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനോട് നിര്‍ദ്ദേശിച്ചിരുന്നു. അമേരിക്കന്‍ കമ്പനിയായ ലൂയി ബര്‍ഗറും കെഎസ്‌ഐഡിസിയും ചേര്‍ന്ന് തയ്യാറാക്കിയ സാങ്കേതിക പഠന റിപ്പോര്‍ട്ടും കൈമാറി. എന്നാല്‍ ഈ പഠന റിപ്പോര്‍ട്ട് വിശ്വസനീയമല്ല എന്നായിരുന്നു ഡിജിസിഎ നല്കിയ മറുപടിയില്‍ ചൂണ്ടിക്കാട്ടിയത്.

തിരുവനന്തപുരത്ത് നിന്ന് 110 കിലോമീറ്ററും കൊച്ചിയില്‍ നിന്ന് 88 കിലോമീറ്ററുമാണ് ഇവിടേക്കുള്ളത്. ചട്ടപ്രകാരം 150 കിലോമീറ്റര്‍ പരിധിയില്‍ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് വേണ്ട. കേന്ദ്രം ഇത് മാറ്റിവച്ചാലും റണ്‍വേയുടെ വീതിയും നീളവും ചട്ടപ്രകാരം ഉറപ്പുവരുത്താനും തടസ്സമുണ്ട്. റണ്‍വേ നിര്‍മ്മാണത്തിന് പറ്റിയ സ്ഥലമല്ല എസ്റ്റേറ്റിലുള്ളത്. മംഗലാപുരത്തിനും കരിപ്പൂരിനും സമാനമായ സാഹചര്യങ്ങളാണ് ചെറുവള്ളിയിലും ഉള്ളത്. ലാന്‍ഡിംഗ് ടേക്ക് ഓഫ് പാതകളുടെ കാര്യത്തില്‍ അവ്യക്തതയുണ്ട്. കാറ്റിന്റെ ഗതിയും അനുകൂലമല്ല. അടുത്തുള്ള രണ്ടു വിമാനത്താവളങ്ങളുടെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ഓവലാപ്പ് ചെയ്യും എന്ന ആശങ്കയും റിപ്പോര്‍ട്ടില്‍ പ്രകടിപ്പിച്ചിരുന്നു.

ലയാളത്തിലെ ആദ്യ സ്വതന്ത്ര ഒടിടി പ്ലാറ്റ്‌ഫോമായ ‘കൂടെ’ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമാകുന്നു. നെറ്റ്ഫ്ലിക്സും ആമസോണും ഉള്‍പ്പെടെയുള്ള ആഗോള ഭീമന്മാരുടെ ഒടിടി പ്ലാറ്റ് ഫോമുകളോടാണ് മത്സരിച്ചാണ് ഈ മലയാളി സംരംഭം മുന്നേറുന്നത്. മലയാളി ഒടിടികള്‍ക്ക് പ്രവാസികള്‍ ഉള്‍പ്പെടുന്ന ഒരു വലിയ പ്രേക്ഷക സമൂഹത്തിന്റെ പിന്തുണയുണ്ട്.

സിനിമകള്‍, ഹ്രസ്വചിത്രങ്ങള്‍, ഗെയിംസ് ഇവയ്ക്ക് പുറമെ പത്തോളം മലയാളം വെബ് സീരീസുകള്‍, പോഡ്കാസ്റ്റുകള്‍, സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങള്‍ പങ്കെടുക്കുന്ന ദി ഇന്‍ഫ്ലുവെന്‍സര്‍ ഷോ, സെലിബ്രിറ്റി ഫുഡ് ഗെയിം ഷോയായ ‘ഫുഡി ഫണ്‍, കൂടെകുക്കീസ്, ജിംബ്രു സീരീസ്, എന്നിങ്ങനെ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടെയുടേത് മാത്രമായ സിഗ്നേച്ചര്‍ ഷോകള്‍ നിരവധിയാണ് പുറത്തിറങ്ങിയിട്ടുള്ളത്.

പ്രധാനമായും മലയാളത്തിലെ യൂട്യൂബ് കണ്ടന്റ് ക്രിയേറ്റര്‍മാരില്‍ നിന്നുള്ള ഉള്ളടക്കങ്ങളാണ് കൂടെ ആപ്പില്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നത്. യാത്രാ, ഭക്ഷണം, സംഗീതം, ഹ്രസ്വചിത്രം, പൊന്‍മുട്ട, അലമ്പന്‍സ് പോലുള്ള പരിപാടികള്‍, തമാശ വീഡിയോകള്‍, പോഡ്കാസ്റ്റ്, വാര്‍ത്താ ചാനലുകളുടെ സ്ട്രീമിങ് എന്നിവ കൂടെ ആപ്പില്‍ ലഭിക്കും.

‘കിടു’ എന്ന പേരില്‍ ടിക് ടോക്കിന് സമാനമായി കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ഹ്രസ്വ വീഡിയോകള്‍ പങ്കുവെക്കാന്‍ സാധിക്കുന്ന ഒരു വിഭാഗവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന എഴുത്തുകാര്‍, തിരക്കഥാകൃത്തുക്കള്‍ എന്നിവരടങ്ങുന്ന വിദഗ്ദ സമിതിയാണ് കൂടേയിലേക്ക് വേണ്ട ഉള്ളടക്കങ്ങളും നിര്‍മാതാക്കളേയും തിരഞ്ഞെടുക്കുക.

ന്യൂഡൽഹി: ഇന്ത്യ-നേപ്പാൾ സംയുക്ത ബറ്റാലിയൻ തല സൈനിക പരിശീലന അഭ്യാസം ആരംഭിച്ചു.’സൂര്യ കിരൺ’ എന്ന പേരിട്ടിരിക്കുന്ന പരിശീലനം പിത്തോറഗഡിലാണ് നടക്കുന്നത്. 2021 ഒക്ടോബർ 3 വരെയാണ് അഭ്യാസം നടക്കുക.

ഇന്ത്യൻ സൈന്യത്തിൽ നിന്നും നേപ്പാളി ആർമിയിൽ നിന്നുമുള്ള ഓരോ ഇൻഫൻട്രി ബറ്റാലിയൻ അഭ്യാസത്തിൽ പങ്കെടുക്കുന്നു. തീവ്രവാദ വിരുദ്ധ/ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കാണ് സൈനിക അഭ്യാസത്തിൽ മുൻഗണന നൽകുന്നത്. അഭ്യാസത്തിന്റെ ഭാഗമായി, സംയോജിച്ചുള്ള പ്രവർത്തനങ്ങളും നടത്തും.

അഭ്യാസത്തിന് തുടക്കം കുറിക്കുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ, നേപ്പാളി സൈനിക ഈണങ്ങൾക്കനുസൃതമായി ഇരു സംഘങ്ങളും മാർച്ച് നടത്തി. ഇരു സൈനിക വിഭാഗങ്ങളിൽ നിന്നുമുള്ള 650 പ്രതിരോധ ഉദ്യോഗസ്ഥരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.

തിരുവനന്തപുരം: 2020 ജൂൺ മാസത്തിൽ രജിസ്ട്രർ ചെയ്ത വിവാഹങ്ങളിൽ കൂടുതലും വരൻ മുസ്ലീം സമുദായത്തിൽപ്പെട്ടയാളും പെൺകുട്ടികൾ ക്രിസ്ത്യൻ ഹിന്ദു കമ്യൂണിറ്റികളിൽപ്പെട്ട വരുമാണെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചർ. 2020 ജൂണിൽ രജിസ്ട്രർ ചെയ്ത 65 വിവാഹങ്ങളിൽ 64 എണ്ണവും ഇത്തരത്തിലാണെന്ന് ശശികല ടീച്ചർ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ശശികല ടീച്ചറുടെ പ്രതികരണം.

ലൗവ് ജിഹാദ് ഉണ്ടോ ഇല്ലയോ എന്ന് അറിയില്ല. പക്ഷേ ഇങ്ങനെ ചില വിസ്മയങ്ങൾ നടക്കുന്നുണ്ട്. കഴിഞ്ഞവർഷം രജിസ്ട്രേഷൻ ഡിപ്പാർട്ട്‌മെന്റ് സ്‌പെഷ്യൽ മാര്യേജ് ആക്റ്റ് അനുസരിച്ച് വിവാഹിതരാകുന്നതിനുള്ള അപേക്ഷകരുടെ വിവരങ്ങൾ ഇനി മുതൽ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതില്ലെന്നും നോട്ടീസ് ബോർഡിൽ മാത്രം പ്രസിദ്ധീകരിച്ചാൽ മതിയെന്നും തീരുമാനിക്കുന്നതിന് തൊട്ടുമുൻപുള്ള മാസം ലോക്ക് ഡൗൺ നിലനിൽക്കെ 2020 ജൂൺ മാസത്തിൽ മാത്രം കേരളത്തിലെ രജിസ്ട്രർ ഓഫിസുകളിൽ നടന്നത് 65 വിവാഹങ്ങൾ ആണ്. ഇവയെല്ലാം ലവ് ജിഹാദാണെന്നോ പ്രണയ വിവാഹങ്ങളല്ലെന്നോ അവയിൽ ഒന്നും പ്രണയമില്ലെന്നോ അല്ല. പക്ഷേ ഇതിൽ ഏതാണ്ട് 95 ശതമാനവും 18 ഉം 19 ഉം വയസുള്ള പെൺകുട്ടികളാണെന്ന് ശശികല പറഞ്ഞു.

ലിസ്റ്റിലുള്ള 65 പേരിൽ ഒരെണ്ണമൊഴികെ ബാക്കിയെല്ലാത്തിലും വരൻ മുസ്ലീം സമുദായത്തിൽപ്പെട്ടയാളും പെൺകുട്ടികൾ ക്രിസ്ത്യൻ ഹിന്ദു കമ്യൂണിറ്റികളിൽ പെട്ടവരുമാണ്. സ്‌നേഹത്തിന് ജാതിയും മതവും ഒന്നുമില്ലെങ്കിലും സ്‌നേഹിച്ചവർ വിവാഹത്തിലെത്തുമ്പോൾ ഇതെല്ലം കടന്നുവരാറുള്ളതായാണ് സാധാരണ കണ്ടു വരുന്നത്. ഇതിൽ 65 പേരിൽ എത്രപേർ ജാതിക്കും മതത്തിനും അതീതമായിട്ടാണ് പരസ്പരം സ്‌നേഹിച്ചതെന്ന് ഇതിലെ ഫോട്ടോകൾ പോലും സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിൽ ഏഴ് പേരൊഴികെ ബാക്കിയെല്ലാവരും ഹൂറിപെണ്ണുങ്ങളായി വസ്ത്രധാരണം ചെയ്തുകൊണ്ടാണ് ഫോട്ടോയ്ക്ക് പോലും പോസ് ചെയ്തിട്ടുള്ളത്. അതെല്ലാം അവരുടെ വ്യക്തിസ്വാതന്ത്ര്യമാണെങ്കിലും കണ്ടിരിക്കുന്ന പൊതുസമൂഹത്തിനും മറ്റുള്ള മിശ്രവിവാഹിതർക്കും ഇതൊരു വിസ്മയമായി തോന്നുന്നതിൽ തെറ്റുപറയാനാവില്ലല്ലോയെന്ന് ശശികല ചോദിച്ചു.

മിശ്രവിവാഹങ്ങൾ പ്രേത്സാഹിക്കപ്പെടേണ്ടത് തന്നെയാണ് ഇന്ത്യൻ ഭരണഘടന മിശ്രവിവാവാഹിതർക്ക് പ്രത്യേക പരിഗണനകളും ആനുകൂല്യങ്ങളും നൽകുന്നുമുണ്ട്. എന്നാൽ, ഇത് ഭർത്താവിന്റെ മതത്തിലേക്ക് ആളെ ചേർക്കാനുള്ള ഉഡായിപ്പായി മാറുന്ന വിസ്മയത്തെ ഗൗരവമായി കാണേണ്ടതുണ്ട്. ഇതിന് മിശ്രവിവാഹം എന്നല്ല വിളിക്കേണ്ടത്. മതപരിവർത്തനം എന്നു തന്നെയാണെന്നും ശശികല ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു.

ബെംഗളൂരു: പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള ഒരാള്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ബാര്‍മര്‍ സ്വദേശിയായ ജിതേന്ദര്‍ സിങിനെയാണ് ബെംഗളൂരുവില്‍ വെച്ച് പിടികൂടിയത്. സൗത്തേണ്‍ കമാന്‍ഡന്റ് മിലിട്ടറി ഇന്റലിജന്‍സും ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ജിതേന്ദര്‍ അറസ്റ്റിലായത്.

പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട തന്ത്രപ്രധാന മേഖലയുടെ ചിത്രങ്ങള്‍ ഐഎസ്ഐക്കും മറ്റും ഇയാള്‍ അയച്ചുനല്‍കിയെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകള്‍, ബാര്‍മര്‍ മിലിറ്റര്‍ സ്റ്റേഷന്‍, സൈനിക വാഹനവ്യൂഹം എന്നിവയുടെ ചിത്രങ്ങള്‍ പാക് ഏജന്‍സിക്ക് നല്‍കിയെന്നാണ് ആരോപണം. സ്ത്രീയുടെ പേരിലുള്ള വ്യാജ ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് ഇയാളെ ഐഎസ്ഐ വലയിലാക്കിയതെന്നാണ് വിവരം. സൈനിക യൂണിഫോം ധരിച്ച് ആള്‍മാറാട്ടം നടത്തിയാണ് ഇയാള്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്. ബെംഗളൂരുവില്‍ വസ്ത്ര നിര്‍മ്മാണ ശാലയില്‍ ജോലി ചെയ്യവേയാണ് ഇയാളെ പിടികൂടിയത്.

തിരുവനന്തപുരം: കേരളത്തിന്റെ മതസൗഹാർദം സംരക്ഷിക്കപ്പെടണമെന്ന് മതനേതാക്കന്മാർ. നിലവിലെ പ്രത്യേക സാഹചര്യത്തിൽ സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്നും മതനേതാക്കന്മാർ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ചേർന്ന വിവിധ മതനേതാക്കന്മാരുടെ യോഗത്തിലാണ് ഇത്തരമൊരു ആവശ്യം ഉയർന്നത്. പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്‌സ് ജിഹാദ് പരാമർശം ശരിയോ തെറ്റോ എന്ന് യോഗം ചർച്ച ചെയ്തില്ലെന്ന് ക്ലിമ്മിസ് കാത്തോലിക്ക ബാവയും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ഉൾപ്പടെയുള്ള മത നേതാക്കൾ അറിയിച്ചു.

മയക്കുമരുന്നിനെ കുറിച്ച് പറയാൻ മയക്കുമരുന്ന് എന്ന വാക്ക് തന്നെ ഉപയോഗിക്കുന്നതാണ് ഉചിതമെന്ന് ക്ലിമ്മിസ് കാത്തോലിക്ക ബാവ പറഞ്ഞു. മതസമൂഹങ്ങൾ തമ്മിലുള്ള ആത്മബന്ധം ഒരു കാരണവശാലും നഷ്ടപ്പെടാൻ പാടില്ല. സാമുദായിക ഐക്യം സംരക്ഷിക്കപ്പെടണം. അതിനായി ഇതര മതനേതാക്കന്മാർ ഒത്തുചേരുന്ന ഫോറങ്ങൾ പ്രാദേശികമായി ഉണ്ടാവണം. ഇതര സമുദായങ്ങൾക്ക് മുറിവേൽക്കാതിരിക്കാനും ബഹുമാനത്തോടെ അവരെ കാണുന്നതിനുമുള്ള സവിശേഷമായ ശ്രദ്ധ എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകണം. മത-ആത്മീയ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഈ വിഷയത്തിൽ പ്രത്യേകിച്ചും ശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ആരെയെങ്കിലും പ്രത്യേകമായി അപലപിക്കാനോ ന്യായീകരിക്കാനോ വേണ്ടിയല്ല യോഗം ചേർന്നത്. പാലാ ബിഷപ്പിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ ഉണ്ടായ പ്രത്യേക സാഹചര്യത്തിൽ ആണ് യോഗം ചേർന്നത്. പക്ഷെ ബിഷപ്പിന്റെ പ്രസ്താവന ശരിയോ തെറ്റോ എന്നതല്ല യോഗത്തിൽ ചർച്ചയായ വിഷയം. മതസൗഹാർദവും സഹവർത്തിത്തവുമാണ് ഏറ്റവും പ്രാധാന്യത്തോടെ കാണേണ്ടത്. കേരളത്തിൽ മതസൗഹാർദം ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങൾക്ക് യോഗത്തിൽ പങ്കെടുത്ത എല്ലാവരും പൂർണ പിന്തുണ പ്രഖ്യാപിച്ചു. ചങ്ങനാശേരി ആർച്ച് ബിഷപ്പ് യോഗത്തിൽ പങ്കെടുക്കുന്നതിന് അസൗകര്യം അറിയിച്ചിരുന്നുവെന്നും ക്ലിമ്മിസ് കാത്തോലിക്ക ബാവ പറഞ്ഞു. മത സൗഹാർദം കാത്തുസൂക്ഷിക്കണം. മറ്റ് സമൂഹങ്ങൾക്ക് മുറിവേൽക്കാതിരിക്കാൻ ശ്രദ്ധ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മ്മള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളുടെ സുരക്ഷ എത്രമാത്രമുണ്ടെന്നത് സംശയകരമായ കാര്യമാണ്. ഇപ്പോഴിതാ സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ 9 ആപ്ലിക്കേഷനുകളാണ് നീക്കം ചെയ്തിരിക്കുന്നത്.

ഫേസ് ബുക്ക് പാസ്സ്വേര്‍ഡ് വരെ ചോര്‍ത്തുവാന്‍ സാധിക്കുന്ന ആപ്ലിക്കേഷനുകള്‍ ഈ കൂട്ടത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ 9 ആപ്ലിക്കേഷനുകളില്‍ ഏതെങ്കിലും നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഫോണുകളില്‍ നിന്നും നീക്കം ചെയ്യണമെന്നും മുന്നറിയിപ്പുണ്ട്.

1 App Lock Keep

2 Rubbish Cleaner

3 Horoscope Pi

4 Horoscope Daily

5 PiP Photo

6 App Lock Manager

7 Lockit Master

8 Inwell Fitness

9 Processing Photo

കോഴിക്കോട്: എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോയ കെ കരുണാകരന്റെ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന പ്രസ്താവന തിരുത്തി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കരുണാകരന്റെ ശൈലിയല്ല പിണറായി വിജയനെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര കേരള സർക്കാരുകൾക്ക് എതിരായ യുഡിഎഫ് ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുരളീധരന്റെ പ്രതികരണം.

കരുണാകരൻ മതനേതാക്കളെ സഹായിച്ച് പ്രശ്‌നം പരിഹരിക്കുകയാണ് ചെയ്തത്. എന്നാൽ പിണറായി പറഞ്ഞ് പറ്റിക്കുകയാണ് ചെയ്തതെന്നാണ് മുരളീധരൻ പറയുന്നത്. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന് കരുണാകരന്റെ ശൈലിയാണെന്ന് മുരളീധരൻ പറഞ്ഞത്. ജാതി മത വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടുപോകാനുള്ള അസാധാരണ ശേഷി പിണറായിക്ക് ഉണ്ടെന്നായിരുന്നു മുരളീധരന്റെ പരാമർശം. തിരുവനന്തപുരം ജില്ല കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ശിൽപ്പശാലയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മതസാമുദായിക നേതാക്കൾക്ക് തെരഞ്ഞെടുപ്പ് കാലത്ത് നിരവധി ആനുകൂല്യം പ്രഖ്യാപിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എല്ലാം പിൻവലിച്ചു. ജനങ്ങളെ ദ്രോഹിക്കുന്നതിൽ കേന്ദ്ര കേരള സർക്കാരുകൾ മത്സരിക്കുകയാണ്. തുഗ്ലക്കിന്റെ പരിഷ്‌ക്കാരങ്ങളാണ് കോവിഡിന്റെ കാര്യത്തിൽ സർക്കാർ നടപ്പാക്കുന്നത്. വല്യേട്ടൻ സ്വർണ്ണം കടത്തുമ്പോൾ ചെറിയേട്ടൻ തേക്ക് കടത്തുന്ന രീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനക്ക് പിന്നാലെ സംയുക്ത യോഗം ചേരാന്‍ മതമേലധ്യക്ഷന്മാര്‍. മലങ്കര കത്തോലിക്കാ സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ ക്ലീമിസ് ആണ് സമൂഹത്തില്‍ നടക്കുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ നിര്‍ണായക നീക്കം നടത്തിയത്. ഇന്നു വൈകിട്ട് പട്ടം ബിഷപ്പ് ഹൗസിലാണ് യോഗം ചേരുന്നത്.

പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ഡോ. ഹുസൈന്‍ മടവൂര്‍, ലത്തീന്‍ സഭാ തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പ് സൂസപാക്യം , സി എസ് ഐ സഭ ബിഷപ്പ് ധര്‍മ്മരാജ് റസാലം എന്നിവരെല്ലാം യോഗത്തില്‍ പങ്കെടുക്കും എന്നാണ് സൂചന.

നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനക്ക് പിന്നാലെ സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന നീക്കങ്ങള്‍ വ്യാപകമായതോടെ സര്‍വ്വകക്ഷിയോഗമോ, മത നേതാക്കളുടെ യോഗമോ വിളിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് ഈ ആവശ്യം ഉന്നയിച്ച് സര്‍ക്കാരിന് കത്തയയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മതമേലധ്യക്ഷന്മാര്‍ തന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നത്.