Highlights (Page 177)

കാസര്‍കോട്: പാര്‍ട്ടി നേതാക്കള്‍ അധികാര സ്ഥാനങ്ങളും പദവികളും കൊതിക്കുന്നത് ദോഷം ചെയ്യുന്നതായി സി.പി.എമ്മിന്റെ പാര്‍ട്ടി കത്ത്. സഖാക്കള്‍ പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ക്ക് ഇരയാകുന്നതിനും പദവികള്‍ കൊതിക്കുന്നതിനും എതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും കത്ത് നല്‍കുന്നു.

പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി കേന്ദ്ര സംസ്ഥാന കമ്മിറ്റികളുടെ വിലയിരുത്തലുകള്‍ തയ്യാറാക്കി ബ്രാഞ്ച് വരെയുള്ള ഘടകങ്ങള്‍ക്ക് നല്‍കിയ പാര്‍ട്ടി കത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നത്. സി.പി.എം നേതൃത്വം നല്‍കുന്ന ഭരണസംവിധാനം കേരളത്തില്‍ അധികാരത്തില്‍ വരുമ്പോഴൊക്കെ സഖാക്കള്‍ സ്വന്തമായി സ്ഥാനങ്ങളില്‍ എത്താന്‍ ആഗ്രഹിക്കുന്നു. താഴെത്തട്ടിലുള്ള അണികളും സാധാരണ ജനങ്ങളും തമ്മിലുള്ള ബന്ധം കുറയുന്നതിന് അധികാര മോഹം കാരണമാകുന്നു എന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ചൊല്ലി പാര്‍ട്ടി സഖാക്കള്‍ പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ചതുപോലുള്ള തെറ്റായ പ്രവണതകള്‍ കാണപ്പെട്ടത് സഖാക്കള്‍ പദവികള്‍ മോഹിക്കുന്നതിന്റെ ഫലമാണെന്ന് കുറ്റ്യാടി, പൊന്നാനി മണ്ഡലങ്ങളുടെ പേരെടുത്തു പറയാതെ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. രണ്ടു മണ്ഡലങ്ങളിലെയും പരസ്യപ്രതിഷേധത്തിന് നേതൃത്വം നല്‍കിയ നേതാക്കള്‍ക്കെതിരെ തരംതാഴ്ത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ എടുത്ത കാര്യവും കത്തില്‍ പരാമര്‍ശിക്കുന്നു.

ഏതാനും സ്ഥലങ്ങളില്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിച്ചു. ഈ പ്രവണതകള്‍ നിയന്ത്രിക്കപ്പെടുകയും ദൃഢമായ തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളുകയും വേണം. ഈ വ്യതിയാനങ്ങളെ തടയാന്‍ പാര്‍ട്ടി തെറ്റുതിരുത്തല്‍ കാമ്ബയിനുകള്‍ നടത്തേണ്ടതാണെന്നും കത്തില്‍ നിര്‍ദ്ദേശിക്കുന്നു.ഒരു പാര്‍ട്ടി എന്ന നിലയില്‍ പാര്‍ലമെന്ററി വ്യതിയാനങ്ങള്‍ക്കെതിരെയും നാം പോരാടണമെന്ന് കത്തില്‍ വിശദീകരിക്കുന്നു. കേന്ദ്ര കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകനത്തിനു ശേഷമാണ് പാര്‍ട്ടി കത്ത് തയ്യാറാക്കിയത്.

വര്‍ ദി ടോപ്പ് (ഒടിടി)മേഖലയിലെ മുന്‍നിരക്കാരായ ആമസോണ്‍ പ്രൈം വീഡിയോ പുതിയ ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നു. പ്രൈം വീഡിയോയ്‌ക്കൊപ്പം മറ്റ് എട്ട് ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഉള്ളടക്കം കൂടി തങ്ങളുടെ ആപ്പിലൂടെ കാണാനുള്ള സൗകര്യമാണ് ആമസോണ്‍ ഒരുക്കുന്നത്. എന്നാല്‍ ഇതിന് പ്രത്യേകം സബ്‌സ്‌ക്രിപ്ഷന്‍ ആവശ്യമുണ്ട്.

ഇതിന്റെ ഭാഗമായി പ്രൈം വീഡിയോ ചാനല്‍സിന്റെ പ്രവര്‍ത്തനം ഇന്ന് ആരംഭിച്ചു. മുബി, ഡിസ്‌കവറി പ്ലസ്, ലയണ്‍സ്‌ഗേറ്റ് പ്ലേ, ഡോക്യുബേ, ഇറോസ് നൗ, ഹൊയ്‌ചൊയ്, മനോരമ മാക്‌സ്, ഷോര്‍ട്‌സ് ടിവി എന്നിവയാണ് ആഡ് ഓണ്‍ സബ്‌സ്‌ക്രിപ്ഷനോടെ ഇനി മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ത്തന്നെ കാണാനാവുക. ഈ പ്ലാറ്റ്‌ഫോമുകളിലെ ഇഷ്ടമുള്ള ഉള്ളടക്കം കാണുന്നതിനായി ഇനി ആപ്പുകള്‍ മാറിമാറി കയറിയിറങ്ങേണ്ട. ഇന്‍ട്രൊഡക്റ്ററി ഓഫര്‍ എന്ന നിലയില്‍ എട്ട് പ്ലാറ്റ്‌ഫോമുകളുടെ വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ നിരക്കില്‍ പ്രൈം വീഡിയോ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഡിസ്‌കവറി പ്ലസ്, ഇറോസ് നൗ, ഷോര്‍ട്‌സ് ടിവി എന്നിവയുടെ വാര്‍ഷിക ആഡ് ഓണ്‍ സബ്‌സ്‌ക്രിപ്ഷന് 299 രൂപയാണ് നല്‍കേണ്ടത്. ഡോക്യുബേ- 499 രൂപ, ഹൊയ്‌ചൊയ്- 599 രൂപ, ലയണ്‍സ്‌ഗേറ്റ് പ്ലേ, മനോരമ മാക്‌സ് എന്നിവയ്ക്ക് 699 രൂപ, മുബി- 1999 രൂപ എന്നിങ്ങനെയാണ് പ്രതിവര്‍ഷ സബ്‌സ്‌ക്രിപ്ഷന് നല്‍കേണ്ട തുക. സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്ന ചാനലുകളുടെ തുക പ്രൈം വീഡിയോ സബ്‌സ്‌ക്രിപ്ഷനൊപ്പം ഒരുമിച്ച് നല്‍കിയാല്‍ മതിയാവും. ഇന്ത്യയിലെ വിനോദ വ്യവസായ രംഗത്തെ ആമസോണ്‍ പ്രൈം വീഡിയോയുടെ വലിയൊരു കാല്‍വെപ്പാണ് ‘ചാനല്‍സ്’ എന്ന് പ്രൈം വീഡിയോ ഇന്ത്യ മാനേജര്‍ ഗൗരവ് ഗാന്ധി അഭിപ്രായപ്പെടുന്നു.

മുകേഷ് കഥകള്‍ നേരിട്ട് പറയാനൊരുങ്ങി മലയാള സിനിമാതാരവും എംഎല്‍എയുമായി മുകേഷ്. തന്റെ കഥകളുമായി യുട്യൂബിലൂടെ എത്താനൊരുങ്ങുകയാണ് മുകേഷ്. ‘മുകേഷ് സ്പീക്കിംഗ്’ എന്ന യുട്യൂബ് ചാനലിലൂടെയാവും കഥകള്‍ അവതരിപ്പിക്കുന്നത്. യുട്യൂബ് ചാനലിന്റെ ടീസര്‍ മോഹന്‍ലാലും മമ്മൂട്ടിയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

മലയാള സിനിമയിലെ മുന്‍ തലമുറയില്‍ ഇതുപോലെ കഥകളുടെ അക്ഷയഖനി കൂടെക്കൊണ്ടുനടന്നിരുന്ന ആളായിരുന്നു തിക്കുറിശ്ശി. പക്ഷേ അദ്ദേഹത്തോടൊപ്പം ആ കഥകളും മണ്‍മറഞ്ഞു. നമ്മുടെ തലമുറയുടെ കഥകള്‍ അങ്ങനെ നഷ്ടപ്പെടുത്തരുതെന്ന് മോഹന്‍ലാല്‍ തന്നോട് പറഞ്ഞിരുന്നെന്ന് ടീസറില്‍ മുകേഷ് വ്യക്തമാക്കുന്നുണ്ട്.

തിരുവനന്തപുരം: സിവിൽ സർവ്വീസ് റാങ്ക് പട്ടികയിൽ ഇടം നേടിയ മലയാളി വിദ്യാർത്ഥികൾക്ക് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിവിൽ സർവ്വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ മികച്ച നേട്ടമാണ് കേരളത്തിൽ നിന്നുള്ള മത്സരാർത്ഥികൾ കരസ്ഥമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ നൂറു റാങ്കുകളിൽ പത്തിലേറെ മലയാളികൾ ഉണ്ടെന്നത് അതീവ സന്തോഷകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കെ. മീര (6-ാം റാങ്ക്), മിഥുൻ പ്രേംരാജ് (12-ാം റാങ്ക്), കരീഷ്മ നായർ (14-ാം റാങ്ക്), അപർണ രമേഷ് (35-ാം റാങ്ക്) എന്നിവർ മികച്ച പ്രകടനത്തിലൂടെ നാടിന് അഭിമാനമായി. കേരളത്തിൽ നിന്നും ഏറ്റവും ഉയർന്ന റാങ്ക് നേടിയ കെ. മീരയെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. പരീക്ഷയിൽ വിജയം നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ. നാടിന്റെ നന്മയ്ക്കായി ആത്മാർത്ഥമായി സേവനം ചെയ്യാൻ ഏവർക്കും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. എല്ലാവർക്കും ആശംസകൾ നേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം: കെ.പി.സി.സി. ഭാരവാഹിപ്പട്ടികയിലേക്ക് പരിഗണിക്കേണ്ട നേതാക്കളുടെ പേരുകൾ നിർദേശിച്ച് ഗ്രൂപ്പുകൾ. കെ.ശിവദാസൻ നായരെ നേതൃനിരയിലേക്ക് പരിഗണിക്കണമെന്നാണ് എ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. ഇടഞ്ഞുനിൽക്കുന്ന എ.വി. ഗോപിനാഥിനെ വൈസ് പ്രസിഡന്റാക്കാനും നീക്കം നടക്കുന്നുണ്ട്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെപിസിസി ഭാരവാഹിപ്പട്ടികയിലേക്ക് പരിഗണിക്കേണ്ട പേരുകൾ സംസ്ഥാന നേതൃത്വത്തിന് കൈമാറി.

ഡിസിസി പുനഃസംഘടനയിൽ തർക്കവും അഭിപ്രായ ഭിന്നതയും കെപിസിസി ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ ഉണ്ടാകാതിരിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. കെപിസിസി ഭാരവാഹിപ്പട്ടികയുമായി ബന്ധപ്പെട്ട് പൊതുമാനദണ്ഡം വെച്ച് ഗ്രൂപ്പ് നേതാക്കളുമായി രണ്ട് വട്ടം സംസ്ഥാന നേതൃത്വം ചർച്ച നടത്തിയിരുന്നു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചർച്ച നടത്തി അവരുടെ താൽപര്യം സംസ്ഥാന നേതൃത്വം ചോദിച്ചറിഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് എ, ഐ ഗ്രൂപ്പുകൾ 51 അംഗങ്ങൾ വരുന്ന കെ.പി.സി.സി. ഭാരവാഹികളുടെ പട്ടികയിലേക്ക് നിർദേശങ്ങൾ സമർപ്പിച്ചത്.

അഞ്ച് വർഷം പിന്നിട്ടിവരേയും എംഎൽഎ, എംപി സ്ഥാനങ്ങൾ വഹിക്കുന്നവരെയും കെപിസിസി ഭാരവാഹിപ്പട്ടികയിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. അതിനാൽ തന്നെ 16 അംഗ ജനറൽ സെക്രട്ടറിമാരിൽ പരമാവധി ഗ്രൂപ്പ് നേതാക്കളെ ഉൾപ്പെടുത്താനാണ് എ, ഐ ഗ്രൂപ്പുകളുടെ ശ്രമം. എ.എ. ഷുക്കൂർ, വി.എസ്.ശിവകുമാർ, ജ്യോതികുമാർ ചാമക്കാല തുടങ്ങിയ നേതാക്കളെയാണ് ഐ ഗ്രൂപ്പ് നിർദ്ദേശിച്ചിരിക്കുന്നത്. ആര്യാടൻ ഷൗക്കത്ത്, സോണി സെബാസ്റ്റിയൻ, കെ.ശിവദാസൻ നായർ, അബ്ദുൾ മുത്തലിബ്, വർക്കല കഹാർ തുടങ്ങിയ നേതാക്കളുടെ പേരുകളെയാണ് എ ഗ്രൂപ്പ് ശുപാർശ ചെയ്തിരിക്കുന്നത്.

അതേസമയം പി.എം. നിയാസ്, വി.ടി. ബൽറാം, പഴകുളം മധു തുടങ്ങിയവരെ ഗ്രൂപ്പിന് അതീതമായി നേതൃത്വം പിന്തുണയ്ക്കുന്നുണ്ട്. അയജ് തറയിൽ, ബി. സുഗതൻ, എ.വി. ഗോപിനാഥ് തുടങ്ങിയവർക്ക് വേണ്ടി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും നീക്കങ്ങൾ നടത്തുന്നുണ്ട്. നിയമസഭാ പരാജയത്തേക്കുറിച്ച് പഠിച്ച കെ.പി.സി.സിയുടെ അഞ്ച് മേഖലാ സമിതികളുടെ റിപ്പോർട്ടിൽ വിമർശനം നേരിട്ടവരെ ഭാരവാഹിപ്പട്ടികയിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചു. മുൻ ജില്ലാ അധ്യക്ഷ സ്ഥാനം വഹിച്ചവരെ രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു.

കൊച്ചി: സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരം കരസ്ഥമാക്കി മലയാള ചിത്രം ‘ജോജി’. ഫഹദ് ഫാസില്‍ ദിലീഷ് പോത്തന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം പുറത്തിറങ്ങിയപ്പോള്‍ തന്നെ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.

പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം എന്ന് ഫഹദ് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘സ്വീഡനില്‍ നിന്ന് സന്തോഷ വാര്‍ത്ത’ എന്ന തലക്കെട്ടോടെയാണ് ഫഹദ് പുരസ്‌കാര ലഭിച്ച വിവരം പങ്കുവെച്ചത്.

മഹേഷിന്റെ പ്രതികാരത്തിന് ശേഷം ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു ജോജി. ബാബുരാജ്, ഷമ്മി തിലകന്‍, അലിസ്റ്റര്‍ അലക്‌സ്, ഉണ്ണിമായ പ്രസാദ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

നപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പില്‍ നിന്നും ഇഷ്ടമില്ലാത്ത ഒരാളെ തടയാനാണ് ബ്ലോക്കിങ് ഓപ്ഷനുള്ളത്. എന്നാല്‍ നിങ്ങളെ ആരെങ്കിലും ബ്ലോക് ചെയ്തിട്ടുണ്ടോയെന്നറിയാന്‍ ആപ്പ് അനുവദിക്കുന്നില്ല. ഈ ഫീച്ചര്‍ നിങ്ങളെ തടഞ്ഞ വ്യക്തിയുടെ സ്വകാര്യത ഉറപ്പുവരുത്താനാണ്.

ബ്ലോക്ക് ചെയ്തു എന്നതിന്റെ പ്രധാനസൂചന ലഭിക്കുന്നത് വാട്ട്‌സ്ആപ്പ് പ്രൊഫൈല്‍ ചിത്രം കാണാതാവുമ്പോഴാണ്. അല്ലെങ്കില്‍ സ്റ്റാറ്റസ്, ലാസ്റ്റ് സീന്‍ എന്നിവയില്‍ നിന്നാണ്. ഇവ കാണാതായെങ്കില്‍ ഉറപ്പിക്കാം ആ വ്യക്തി നിങ്ങളെ ബ്ലോക്ക് ചെയ്തിരിക്കാം.

എന്നാല്‍ എപ്പോഴും ഇത് ഇങ്ങനെയായിരിക്കണമെന്നില്ല, ചില ഉപയോക്താക്കള്‍ ഈ സെറ്റിങ്ങുകള്‍ എല്ലാവരില്‍ നിന്നും മറച്ചുവെക്കാന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ ഇതൊന്നും കാണാനാവില്ല.

ഇത് ഉറപ്പിക്കാനായി ഒരു പുതിയ അല്ലെങ്കില്‍ നിലവിലുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ആളെ ചേര്‍ക്കാന്‍ ശ്രമിക്കാം. ‘ചേര്‍ക്കാനായില്ല’ എന്ന് സൂചിപ്പിക്കുന്ന ഒരു സന്ദേശം നിങ്ങള്‍ കാണുകയാണെങ്കില്‍, അത് ബ്ലോക്ക് മൂലമാകാം. നിങ്ങള്‍ക്ക് ഒരു വ്യക്തിയെ ഒരു ഗ്രൂപ്പിലേക്ക് ചേര്‍ക്കാന്‍ കഴിഞ്ഞാല്‍, ഉപയോക്താവ് നിങ്ങളെ തടഞ്ഞിട്ടില്ലെന്ന് ഉറപ്പിക്കാം.

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയ്ക്ക് പിന്തുണയുമായി മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. നഗ്‌ന യാഥാര്‍ത്ഥ്യം ധീരമായി വെട്ടിത്തുറന്നു പറഞ്ഞതിന്റെ പേരില്‍ പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും തീവ്രവാദത്തോട് സന്ധി ചെയ്യുകയാണെന്ന് കുമ്മനം കുറ്റപ്പെടുത്തി. ലൗ ജിഹാദ് വിഷയം കേരളത്തില്‍ ആദ്യമായല്ല ഉയരുന്നത്. മുഖ്യമന്ത്രിയായിരിക്കെ വി.എസ്.അച്യുതാനന്ദന്‍ ലൗ ജിഹാദിന്റെ അപകടമായ പ്രത്യാഘാതങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കുമ്മനം തന്റെ ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

നഗ്‌ന യാഥാര്‍ത്ഥ്യം ധീരമായി വെട്ടിത്തുറന്നു പറഞ്ഞതിന്റെ പേരില്‍ പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും തീവ്രവാദത്തോട് സന്ധി ചെയ്യുകയാണ്.

പാലാ ബിഷപ്പ് പ്രകടിപ്പിച്ചത് തന്റെ സഭയില്‍പെട്ട വിശ്വാസികളുടെ ഉല്‍ക്കണ്ഠയും വേദനയുമാണ്. സഭയുടെ വികാരം മനസിലാക്കാനും വിഷയം ചര്‍ച്ച ചെയ്യാനുമുള്ള സാമാന്യ മര്യാദ ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ കാട്ടേണ്ടതായിരുന്നു. മറിച്ചു ബിഷപ്പിനെ കുറ്റപ്പെടുത്താനും ഉന്നയിച്ച ആക്ഷേപങ്ങളോടും ആവലാതികളോടും നിശബ്ദത പുലര്‍ത്താനുമാണ് മുഖ്യമന്ത്രി ശ്രമിച്ചത്. പ്രശ്‌നം പരിഹരിക്കുകയല്ലാ , പ്രശ്‌നം ഉന്നയിച്ചവവരെ പ്രതിക്കൂട്ടിലാക്കി പകവീടുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം.

ലൗ ജിഹാദ് വിഷയം കേരളത്തില്‍ ആദ്യമായല്ല ഉയരുന്നത്. മുഖ്യമന്ത്രിയായിരിക്കെ വി.എസ്.അച്യുതാനന്ദന്‍ ലൗ ജിഹാദിന്റെ അപകടമായ പ്രത്യാഘാതങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2020 ജനുവരി 14 ന് കൊച്ചിയില്‍ ചേര്‍ന്ന സീറോ മലബാര്‍ സഭാ സിനഡ് യോഗം ലൗ ജിഹാദ് മതസൗഹാര്‍ദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയില്‍ വളര്‍ന്നു വരുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഐ എസിലേക്ക് റിക്രൂട്ട ചെയ്യപ്പെട്ടവരില്‍ പകുതിയും ക്രൈസ്തവരാണെന്നു തെളിവ് സഹിതം സഭാ സിനഡ് പാസ്സാക്കിയ പ്രമേയത്തില്‍ വ്യക്തമാക്കുകയുണ്ടായി.

മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദനും സീറോ മലബാര്‍ സഭാ സിനഡും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞ അതേ കാര്യം പാലാ ബിഷപ്പ് ഇപ്പോള്‍ പറഞ്ഞപ്പോള്‍ അവ എങ്ങനെ വര്‍ഗ്ഗീയ പ്രശ്‌നമായെന്നു സി പി എമും കോണ്‍ഗ്രസ്സും വ്യക്തമാക്കണം.

ലൗ -നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തിലുള്ള ബിഷപ്പിന്റെ വെളിപ്പെടുത്തല്‍ ഒരു തരത്തിലും വര്‍ഗീയത വളര്‍ത്താന്‍ ഇടയാക്കിയില്ല. കാരണം പ്രണയം നടിച്ചും മയക്കു മരുന്ന് നല്‍കിയും നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും മതം മാറ്റുന്നത് മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന സാമൂഹ്യവിപത്തും തിന്മയുമാണ്. സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്‌നമാണിത്. മയക്കുമരുന്നിനെ മതവുമായി കൂട്ടിച്ചേര്‍ക്കേണ്ടതില്ലെന്ന് പ്രസ്താവിക്കുന്ന മുഖ്യമന്ത്രി തന്നെ മയക്കുമരുന്നിനെ മതവുമായി കൂട്ടിക്കെട്ടി പാലാ ബിഷപ്പിനെ ആഞ്ഞുപ്രഹരിക്കുകയാണ്. വസ്തുതകളെ തമസ്‌ക്കരിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും ലൗ ജിഹാദിനെയും മയക്കുമരുന്നു ജിഹാദിനെയും വെള്ളപൂശാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഫലത്തില്‍ തീവ്രവാദത്തിന് ശക്തി പകരുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പ്രണയം, മയക്കുമരുന്ന് തുടങ്ങിയ പ്രലോഭനങ്ങള്‍ വഴി മതം മാറ്റുന്നതിന്റെ പ്രത്യാഘാതത്തെക്കുറിച്ച് ഒരു പൊതു ചര്‍ച്ച നടത്താന്‍ ഈ നേതാക്കള്‍ തയ്യാറാകുന്നില്ല. പ്രശ്‌നത്തെക്കുറിച്ചുള്ള ചര്‍ച്ചയോ ആശയ സംവാദമോ അല്ല പ്രശ്‌നം ഉന്നയിച്ചവരെ ചെളി വാരിയെറിഞ്ഞ് വിഷയം തമസ്‌കരിക്കുകയാണ് സി പി എമ്മിന്റെയും കോണ്‍ഗ്രസിന്റെയും ലക്ഷ്യം.

വാഷിംഗ്ടണ്‍: പ്രധാനമന്ത്രിയുടെ സിംപിള്‍ സ്റ്റൈല്‍ വിമാനയാത്ര ഇപ്പോള്‍ നവമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. മറ്റു ഭരണാധികാരികള്‍ വിദേശയാത്ര നടത്തുമ്പോള്‍ ആളെക്കൂട്ടി ആര്‍ഭാടം നടത്തുന്നതു പോലെയല്ല മോദിയുടെ രീതി എന്നതാണ് മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

ഒരു യാത്രയില്‍ കൂടുതല്‍ ലക്ഷ്യങ്ങള്‍ എന്ന മന്ത്രമാണ് അദ്ദേഹം സ്വീകരിക്കുന്നത്. ഇതിനായി ഒന്നിലേറെ രാജ്യങ്ങള്‍ സന്ദര്‍ശക പട്ടികയില്‍ ഉള്‍പ്പെടുത്തുകയും, പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വിശ്രമിക്കുന്ന മുന്‍ ഭരണാധികാരകളുടെ രീതികള്‍ പാടേ മാറ്റി, ആ സമയം മറ്റ് രാജ്യങ്ങളിലേക്കുള്ള വിമാനയാത്രയ്ക്ക് ഉപയോഗിക്കുന്ന സ്വഭാവവും മോദി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ കൊവിഡ് കാലത്തെ അമേരിക്കന്‍ യാത്രയിലും പതിവ് രീതികള്‍ പിന്തുടരുകയാണ് അദ്ദേഹം.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ത്രിദിന അമേരിക്കന്‍ യാത്രയ്ക്ക് ഇത്തവണ പ്രത്യേകതകള്‍ ഏറെയാണ്. ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി ചുമതല ഏറ്റശേഷം ഇരു ഭരണാധികാരികളും ആദ്യമായി നടത്തുന്ന കൂടിക്കാഴ്ചയാണിത്. കൂടാതെ ഇക്കുറി യാത്ര പുതുതായി വാങ്ങിയ എയര്‍ ഇന്ത്യ വണ്‍ വിമാനത്തിലാണെന്നതാണ് മറ്റൊരു പ്രത്യേകത. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് സഞ്ചരിക്കുന്നതിന് വേണ്ടി രണ്ട് വിമാനങ്ങളാണ് ഇന്ത്യ വാങ്ങിയത്. 13 മണിക്കൂര്‍ ഇടവേളയില്ലാതെ പറക്കാന്‍ കഴിയുന്ന വിമാനങ്ങള്‍ 4500 കോടി രൂപ മുടക്കി കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യ സ്വന്തമാക്കിയത്.

എന്നാല്‍ പുത്തന്‍ വിമാനത്തിലെ യാത്രയില്‍ മോദി പങ്കുവച്ച ചിത്രം ഫയലുകള്‍ പരിശോധിക്കുന്നതാണ്. ഒരു നീണ്ട വിമാനയാത്ര നല്‍കുന്നത് നിരവധി ഫയലുകള്‍ പരിശോധിക്കുന്നതിനുള്ള അവസരം കൂടിയാണെന്ന് അദ്ദേഹം ഈ ചിത്രത്തിന് കുറിപ്പായി ചേര്‍ത്തിട്ടുമുണ്ട്.

വാഷിങ്ടണ്‍: ത്രിദിന അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടണിലെത്തി. ബുധനാഴ്ച ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ വിമാനം ഇറങ്ങിയ മോദിയെ സ്വീകരിക്കാന്‍ ഇന്ത്യന്‍ അമേരിക്കക്കാരുടെ വലിയസംഘം കാത്തുനിന്നു.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച, ക്വാഡ് ഉച്ചകോടി, ഐക്യരാഷ്ട്ര സംഘടനാ പൊതുസഭയെ അഭിസംബോധന ചെയ്യല്‍ എന്നിവയാണ് മോദിയുടെ ത്രിദിന യു.എസ്. സന്ദര്‍ശനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇത് ആദ്യമായാണ് ജോ ബൈഡനും മോദിയും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നത്.

അമേരിക്കന്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിങ് സന്ധു അടക്കമുള്ളവരും ചേര്‍ന്നാണ് മോദിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. വാഷിങ്ടണിലെ ഇന്ത്യന്‍ സമൂഹം നല്‍കിയ ഊഷ്മള സ്വീകരണത്തിന് നന്ദിയെന്ന് മോദി പിന്നീട് ട്വീറ്റ് ചെയ്തു.

അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ആദ്യദിനമായ വ്യാഴാഴ്ച, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, അമേരിക്കയുടെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് മോദി-മോറിസണ്‍ കൂടിക്കാഴ്ച.

ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ശേഷിയുള്ള കോര്‍പറേറ്റ് കമ്പനികളുടെ യു.എസിലെ മേധാവികളുമായും മോദി കൂടിക്കാഴ്ച നടത്തും. ക്വാല്‍കോം, ബ്ലാക്ക് സ്റ്റോണ്‍, അഡോബ്, ജനറല്‍ അറ്റോമിക്സ്, ഫസ്റ്റ് സോളാര്‍ തുടങ്ങിയവയുടെ സി.ഇ.ഒകള്‍ മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

വെള്ളിയാഴ്ചയാണ് മോദി-ബൈഡന്‍ കൂടിക്കാഴ്ച. ഇതാദ്യമായാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നത്. ശനിയാഴ്ച ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെയും മോദി അഭിസംബോധന ചെയ്യും.