കരുണാകരന്റെ ശൈലിയല്ല പിണറായി വിജയന്; മുൻ പ്രസ്താവനയിൽ മലക്കം മറിഞ്ഞ് കെ മുരളീധരൻ

കോഴിക്കോട്: എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോയ കെ കരുണാകരന്റെ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന പ്രസ്താവന തിരുത്തി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കരുണാകരന്റെ ശൈലിയല്ല പിണറായി വിജയനെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര കേരള സർക്കാരുകൾക്ക് എതിരായ യുഡിഎഫ് ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുരളീധരന്റെ പ്രതികരണം.

കരുണാകരൻ മതനേതാക്കളെ സഹായിച്ച് പ്രശ്‌നം പരിഹരിക്കുകയാണ് ചെയ്തത്. എന്നാൽ പിണറായി പറഞ്ഞ് പറ്റിക്കുകയാണ് ചെയ്തതെന്നാണ് മുരളീധരൻ പറയുന്നത്. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന് കരുണാകരന്റെ ശൈലിയാണെന്ന് മുരളീധരൻ പറഞ്ഞത്. ജാതി മത വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടുപോകാനുള്ള അസാധാരണ ശേഷി പിണറായിക്ക് ഉണ്ടെന്നായിരുന്നു മുരളീധരന്റെ പരാമർശം. തിരുവനന്തപുരം ജില്ല കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ശിൽപ്പശാലയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മതസാമുദായിക നേതാക്കൾക്ക് തെരഞ്ഞെടുപ്പ് കാലത്ത് നിരവധി ആനുകൂല്യം പ്രഖ്യാപിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എല്ലാം പിൻവലിച്ചു. ജനങ്ങളെ ദ്രോഹിക്കുന്നതിൽ കേന്ദ്ര കേരള സർക്കാരുകൾ മത്സരിക്കുകയാണ്. തുഗ്ലക്കിന്റെ പരിഷ്‌ക്കാരങ്ങളാണ് കോവിഡിന്റെ കാര്യത്തിൽ സർക്കാർ നടപ്പാക്കുന്നത്. വല്യേട്ടൻ സ്വർണ്ണം കടത്തുമ്പോൾ ചെറിയേട്ടൻ തേക്ക് കടത്തുന്ന രീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.