ആഗോള ഭീമന്മാര്‍ക്കിടയില്‍ മലയാളത്തിലെ ആദ്യ സ്വതന്ത്ര ഒടിടി; പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി ‘കൂടെ’ !

ലയാളത്തിലെ ആദ്യ സ്വതന്ത്ര ഒടിടി പ്ലാറ്റ്‌ഫോമായ ‘കൂടെ’ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമാകുന്നു. നെറ്റ്ഫ്ലിക്സും ആമസോണും ഉള്‍പ്പെടെയുള്ള ആഗോള ഭീമന്മാരുടെ ഒടിടി പ്ലാറ്റ് ഫോമുകളോടാണ് മത്സരിച്ചാണ് ഈ മലയാളി സംരംഭം മുന്നേറുന്നത്. മലയാളി ഒടിടികള്‍ക്ക് പ്രവാസികള്‍ ഉള്‍പ്പെടുന്ന ഒരു വലിയ പ്രേക്ഷക സമൂഹത്തിന്റെ പിന്തുണയുണ്ട്.

സിനിമകള്‍, ഹ്രസ്വചിത്രങ്ങള്‍, ഗെയിംസ് ഇവയ്ക്ക് പുറമെ പത്തോളം മലയാളം വെബ് സീരീസുകള്‍, പോഡ്കാസ്റ്റുകള്‍, സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങള്‍ പങ്കെടുക്കുന്ന ദി ഇന്‍ഫ്ലുവെന്‍സര്‍ ഷോ, സെലിബ്രിറ്റി ഫുഡ് ഗെയിം ഷോയായ ‘ഫുഡി ഫണ്‍, കൂടെകുക്കീസ്, ജിംബ്രു സീരീസ്, എന്നിങ്ങനെ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടെയുടേത് മാത്രമായ സിഗ്നേച്ചര്‍ ഷോകള്‍ നിരവധിയാണ് പുറത്തിറങ്ങിയിട്ടുള്ളത്.

പ്രധാനമായും മലയാളത്തിലെ യൂട്യൂബ് കണ്ടന്റ് ക്രിയേറ്റര്‍മാരില്‍ നിന്നുള്ള ഉള്ളടക്കങ്ങളാണ് കൂടെ ആപ്പില്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നത്. യാത്രാ, ഭക്ഷണം, സംഗീതം, ഹ്രസ്വചിത്രം, പൊന്‍മുട്ട, അലമ്പന്‍സ് പോലുള്ള പരിപാടികള്‍, തമാശ വീഡിയോകള്‍, പോഡ്കാസ്റ്റ്, വാര്‍ത്താ ചാനലുകളുടെ സ്ട്രീമിങ് എന്നിവ കൂടെ ആപ്പില്‍ ലഭിക്കും.

‘കിടു’ എന്ന പേരില്‍ ടിക് ടോക്കിന് സമാനമായി കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ഹ്രസ്വ വീഡിയോകള്‍ പങ്കുവെക്കാന്‍ സാധിക്കുന്ന ഒരു വിഭാഗവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന എഴുത്തുകാര്‍, തിരക്കഥാകൃത്തുക്കള്‍ എന്നിവരടങ്ങുന്ന വിദഗ്ദ സമിതിയാണ് കൂടേയിലേക്ക് വേണ്ട ഉള്ളടക്കങ്ങളും നിര്‍മാതാക്കളേയും തിരഞ്ഞെടുക്കുക.