രാജ്യത്തെ തന്ത്രപ്രധാന മേഖലയുടെ ചിത്രങ്ങള്‍ പാക് ചാരസംഘടനയ്ക്ക് ചോര്‍ത്തി നല്‍കി; ബെംഗളൂരുവില്‍ ഒരാള്‍ അറസ്റ്റില്‍

ബെംഗളൂരു: പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള ഒരാള്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ബാര്‍മര്‍ സ്വദേശിയായ ജിതേന്ദര്‍ സിങിനെയാണ് ബെംഗളൂരുവില്‍ വെച്ച് പിടികൂടിയത്. സൗത്തേണ്‍ കമാന്‍ഡന്റ് മിലിട്ടറി ഇന്റലിജന്‍സും ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ജിതേന്ദര്‍ അറസ്റ്റിലായത്.

പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട തന്ത്രപ്രധാന മേഖലയുടെ ചിത്രങ്ങള്‍ ഐഎസ്ഐക്കും മറ്റും ഇയാള്‍ അയച്ചുനല്‍കിയെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകള്‍, ബാര്‍മര്‍ മിലിറ്റര്‍ സ്റ്റേഷന്‍, സൈനിക വാഹനവ്യൂഹം എന്നിവയുടെ ചിത്രങ്ങള്‍ പാക് ഏജന്‍സിക്ക് നല്‍കിയെന്നാണ് ആരോപണം. സ്ത്രീയുടെ പേരിലുള്ള വ്യാജ ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് ഇയാളെ ഐഎസ്ഐ വലയിലാക്കിയതെന്നാണ് വിവരം. സൈനിക യൂണിഫോം ധരിച്ച് ആള്‍മാറാട്ടം നടത്തിയാണ് ഇയാള്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്. ബെംഗളൂരുവില്‍ വസ്ത്ര നിര്‍മ്മാണ ശാലയില്‍ ജോലി ചെയ്യവേയാണ് ഇയാളെ പിടികൂടിയത്.