ശബരിമല വിമാനത്താവളത്തെ എതിര്‍ക്കുന്ന നിലപാടില്ല, അപാകതകള്‍ പരിഹരിച്ചാല്‍ പരിഗണിക്കാമെന്ന് ഡിജിസിഎ

ന്യൂഡല്‍ഹി: ശബരിമല വിമാനത്താവളത്തെ എതിര്‍ക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് ഡിജിസിഎ അരുണ്‍ കുമാര്‍. കേരളം നല്‍കിയ റിപ്പോര്‍ട്ടിലെ അപാകതകളാണ് ചൂണ്ടിക്കാണിച്ചതെന്നും സുരക്ഷ ആശങ്കയുണ്ടെന്നും ഡിജിസിഎ അരുണ്‍ കുമാര്‍ ഒരു പ്രമുഖമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ അപാകതകളാണ് ഡിജിസിഎ രേഖപ്പെടുത്തിയത്. വിമാനത്താവളത്തെ എതിര്‍ക്കുന്ന നിലപാട് സ്വീകരിക്കില്ല. അപാകത പരിഹരിച്ച് നല്കിയാല്‍ പരിഗണിക്കും. കൂടുതല്‍ പഠനം ആവശ്യമാണെന്നും അരുണ്‍ കുമാര്‍ വിശദീകരിച്ചു. 130 കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് കേരളം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. വിമാനസര്‍വ്വീസ് വരുമാനം മാത്രമേ തല്ക്കാലം ഉണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്ത, ശബരിമല വിമാനത്താവളത്തെക്കുറിച്ച് നിലപാട് അറിയിക്കാന്‍ വ്യോമയാന മന്ത്രാലയം സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനോട് നിര്‍ദ്ദേശിച്ചിരുന്നു. അമേരിക്കന്‍ കമ്പനിയായ ലൂയി ബര്‍ഗറും കെഎസ്‌ഐഡിസിയും ചേര്‍ന്ന് തയ്യാറാക്കിയ സാങ്കേതിക പഠന റിപ്പോര്‍ട്ടും കൈമാറി. എന്നാല്‍ ഈ പഠന റിപ്പോര്‍ട്ട് വിശ്വസനീയമല്ല എന്നായിരുന്നു ഡിജിസിഎ നല്കിയ മറുപടിയില്‍ ചൂണ്ടിക്കാട്ടിയത്.

തിരുവനന്തപുരത്ത് നിന്ന് 110 കിലോമീറ്ററും കൊച്ചിയില്‍ നിന്ന് 88 കിലോമീറ്ററുമാണ് ഇവിടേക്കുള്ളത്. ചട്ടപ്രകാരം 150 കിലോമീറ്റര്‍ പരിധിയില്‍ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് വേണ്ട. കേന്ദ്രം ഇത് മാറ്റിവച്ചാലും റണ്‍വേയുടെ വീതിയും നീളവും ചട്ടപ്രകാരം ഉറപ്പുവരുത്താനും തടസ്സമുണ്ട്. റണ്‍വേ നിര്‍മ്മാണത്തിന് പറ്റിയ സ്ഥലമല്ല എസ്റ്റേറ്റിലുള്ളത്. മംഗലാപുരത്തിനും കരിപ്പൂരിനും സമാനമായ സാഹചര്യങ്ങളാണ് ചെറുവള്ളിയിലും ഉള്ളത്. ലാന്‍ഡിംഗ് ടേക്ക് ഓഫ് പാതകളുടെ കാര്യത്തില്‍ അവ്യക്തതയുണ്ട്. കാറ്റിന്റെ ഗതിയും അനുകൂലമല്ല. അടുത്തുള്ള രണ്ടു വിമാനത്താവളങ്ങളുടെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ഓവലാപ്പ് ചെയ്യും എന്ന ആശങ്കയും റിപ്പോര്‍ട്ടില്‍ പ്രകടിപ്പിച്ചിരുന്നു.