വിദ്വേഷ പ്രചാരണങ്ങള്‍ക്ക് തടയിടാന്‍ സംയുക്ത യോഗം ചേരാനൊരുങ്ങി മതമേലധ്യക്ഷന്മാര്‍ !

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനക്ക് പിന്നാലെ സംയുക്ത യോഗം ചേരാന്‍ മതമേലധ്യക്ഷന്മാര്‍. മലങ്കര കത്തോലിക്കാ സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ ക്ലീമിസ് ആണ് സമൂഹത്തില്‍ നടക്കുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ നിര്‍ണായക നീക്കം നടത്തിയത്. ഇന്നു വൈകിട്ട് പട്ടം ബിഷപ്പ് ഹൗസിലാണ് യോഗം ചേരുന്നത്.

പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ഡോ. ഹുസൈന്‍ മടവൂര്‍, ലത്തീന്‍ സഭാ തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പ് സൂസപാക്യം , സി എസ് ഐ സഭ ബിഷപ്പ് ധര്‍മ്മരാജ് റസാലം എന്നിവരെല്ലാം യോഗത്തില്‍ പങ്കെടുക്കും എന്നാണ് സൂചന.

നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനക്ക് പിന്നാലെ സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന നീക്കങ്ങള്‍ വ്യാപകമായതോടെ സര്‍വ്വകക്ഷിയോഗമോ, മത നേതാക്കളുടെ യോഗമോ വിളിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് ഈ ആവശ്യം ഉന്നയിച്ച് സര്‍ക്കാരിന് കത്തയയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മതമേലധ്യക്ഷന്മാര്‍ തന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നത്.