തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് ഡാമുകൾ തുറന്ന് വിടുമ്പോൾ ഒഴുകി വരുന്ന മീനുകളെ പിടിക്കാൻ പുഴയിലേക്ക് ചാടുന്നവർക്ക് മുന്നറിയിപ്പ് നൽകി കേരള പോലീസ്. ഇത് അപകടകരമായ പ്രവണതയാണെന്നാണ് പോലീസ് പറയുന്നത്.
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കേരളാ പോലീസ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. മീൻ പിടിക്കുന്നതിനായി ആളുകൾ പുഴയിലേക്ക് ചാടുന്ന വീഡിയോയും പോലീസ് പങ്കുവെച്ചിട്ടുണ്ട്.
ഇത്തരം പ്രവൃത്തികൾ ചെയ്യരുതെന്നും വളരെ അപകടകരമാണിതെന്നും പോലീസ് പറഞ്ഞു. ഇത്തരം പ്രവൃത്തികൾ ജീവന് തന്നെ ആപത്താണെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
അതേസമയം അറബിക്കടലിൽ വെള്ളമെത്തുന്നതോടെ തിരമാല ശക്തമാകുമെന്നതിനാൽ കടൽ തീരത്തും ജാഗ്രത വേണമെന്നാണ് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചിരിക്കുന്നത്. ഡാം തുറക്കുമ്പോഴുള്ള കുത്തൊഴുക്കിൽ പുഴ മുറിച്ചു കടക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പുഴകളിൽ മീൻ പിടിത്തവും പാടില്ലെന്നുനം നദിയിൽ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വീഡിയോ പകർത്തൽ, സെൽഫി, ഫേസ്ബുക്ക് ലൈവ് എന്നിവയ്ക്കും കർശന നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.

