അഭിമാന നേട്ടം; നാവികസേന വാങ്ങിയ 41 അന്തർവാഹിനികളിൽ 38 എണ്ണവും നിർമ്മിച്ചത് ഇന്ത്യൻ ഷിപ്പ്യാഡിൽ

ന്യൂഡൽഹി: 2021 ലെ നാവിക കമാൻഡേഴ്‌സ് കോൺഫറൻസിന്റെ രണ്ടാം പതിപ്പിന് തുടക്കം കുറിച്ചു. ഡൽഹിയിൽ ആരംഭിച്ച കമാൻഡേഴ്‌സ് കോൺഫറൻസിന്റെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടനം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നിർവ്വഹിച്ചു.

ഇന്ത്യൻ നാവികസേന വാങ്ങിയ 41 അന്തർവാഹിനികളിൽ 38 എണ്ണവും നിർമ്മിച്ചത് ഇന്ത്യൻ ഷിപ്പ്യാഡിൽ നിന്നാണെന്നത് അഭിമാനകരമാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ആത്മ നിർഭാർ ഭാരത് എന്ന നാവികസേനയുടെ പ്രതിബദ്ധതയുടെ തെളിവാണിത്. ഇതുവരെ നേടിയ വിജയത്തിന്റെ വേഗത നിലനിർത്തേണ്ടത് പ്രധാനമാണെന്നും സർക്കാർ സ്വീകരിച്ച നടപടികൾ അതിന് കൂടുതൽ ശക്തി നൽകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ‘ആത്മ നിർഭാർ ഭാരത്’ എന്ന വീക്ഷണത്തിന് അനുസൃതമായി, നമ്മുടെ നാവികസേന സ്വാശ്രയ, കപ്പൽ നിർമ്മാണത്തിൽ സ്വദേശിവൽക്കരണം, അന്തർവാഹിനികളുടെ നിർമ്മാണം തുടങ്ങിയവയിൽ മുൻപന്തിയിലാണ് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യൻ മഹാ സമുദ്രപാതയിലെ ഒരു പ്രധാന രാജ്യം എന്ന നിലയിൽ ഈ മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നമ്മുടെ നാവികസേനയുടെ പങ്ക് കൂടുതൽ പ്രാധാന്യമർഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നാവികസേന ഫലപ്രദമായി നിർവഹിക്കുന്നതിൽ പ്രതിരോധ മന്ത്രി സന്തോഷം അറിയിക്കുകയും ചെയ്തു.