ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഹൈപ്പർസോണിക് മിസൈലിന്റെ പരീക്ഷണം നടത്തി ചൈന; ഞെട്ടിത്തരിച്ച് അമേരിക്ക

ബെയ്ജിങ്: ശബ്ദത്തിന്റെ അഞ്ച് മടങ്ങ് വരെ വേഗതയുള്ള, ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഹൈപ്പർസോണിക് മിസൈലിന്റെ പരീക്ഷണം ചൈന നടത്തിയതായി റിപ്പോർട്ട്. ഓഗസ്റ്റ് മാസം ചൈന ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം നടത്തിയെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് ഇതേക്കുറിച്ചുള്ള സൂചനകൾ ലഭ്യമായെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്.

അമേരിക്കയുടെ പക്കലുള്ള ഇത്തരം മിസൈലുകളെക്കാൾ പതിന്മടങ്ങ് ശേഷിയും കൃത്യതയും ഉള്ളതാണ് ചൈനയുടെ പക്കലുള്ളതെന്നാണ് വിവരം. ചൈനീസ് സൈന്യം ഹൈപ്പർസോണിക് മിസൈൽ അടങ്ങുന്ന റോക്കറ്റ് വിക്ഷേപിച്ചുവെന്നും റോക്കറ്റ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് തൊട്ടുമുമ്പ് കടലിൽ വീണുവെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പറയുന്നു.

ശബ്ദത്തിന്റെ അഞ്ച് മടങ്ങ് വേഗതയിലുള്ള ഈ മിസൈലുകൾ ഉപയോഗിച്ച് അമേരിക്കയിലെ ലക്ഷ്യസ്ഥാനങ്ങൾ വരെ തകർക്കാൻ കഴിയും. ഹൈപ്പർസോണിക് ആയുധങ്ങളുടെ കാര്യത്തിൽ ചൈന കൈവരിച്ച നേട്ടം അമേരിക്കയെ പോലും ഞെട്ടിപ്പിച്ചിരിക്കുകയാണ്. ചൈനയുടെ സൈനിക ശേഷികളെക്കുറിച്ചും ഹൈപ്പർസോണിക് രംഗത്തുള്ള കഴിവുകളെക്കുറിച്ചും തങ്ങൾക്ക് ആശങ്കയുണ്ടെന്ന് അമേരിക്കയുടെ പ്രതിരോധ വകുപ്പ് പ്രസ് സെക്രട്ടറി ജോൺ കിർബി പ്രതികരിച്ചിരുന്നു.

അതേസമയം ഹൈപ്പർസോണിക് സാങ്കേതിക വിദ്യയിൽ ചൈന കൈവരിക്കുന്ന നേട്ടങ്ങൾ ഇന്ത്യയ്ക്കും ഭീഷണിയാണ്. ഇത് കണക്കിലെടുത്ത് ശക്തമായ മുന്നൊരുക്കങ്ങൾ ഇന്ത്യയും നടത്തുന്നുണ്ട്.