എല്ലാ ജലവൈദ്യുത നിലയങ്ങളിലും മുഴുവൻ സമയം വൈദ്യുതി ഉത്പാദനം തുടർന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ എല്ലാ ജലവൈദ്യുത നിലയങ്ങളിലും മുഴുവൻ സമയം വൈദ്യുതി ഉത്പാദനം തുടർന്ന് കെഎസ്ഇബി. കെഎസ്ഇബിയുടെ വൈദ്യുത ഉത്പാദനം 31.8 ദശലക്ഷം യൂണിറ്റായി വർധിച്ചു. 71 ദശലക്ഷം യൂണിറ്റാണ് കേരളത്തിൽ പ്രതിദിനം ആവശ്യമായി വേണ്ടത്.

സംസ്ഥാനത്ത് മഴ അപ്രതീക്ഷിതമായി ശക്തി പ്രാപിച്ചതോടെ ഒക്ടോബർ മാസത്തിൽ പ്രതീക്ഷിച്ചതിനെക്കാൾ വലിയ തോതിലാണ് സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ്. മഴ വ്യാപകമായതോടെ സംസ്ഥാനത്തെ പല സ്ഥലങ്ങളിലും വൈദ്യുതി വിതരണം തകറാറിലായതിനാൽ വൈദ്യുതി ഉപയോഗത്തിൽ കുറവുണ്ടായതായാണ് റിപ്പോർട്ട്. മധ്യ കേരളത്തിലാകെ വൈദ്യുതി വിതരണം തകരാറിലായി. പൊൻകുന്നം ഡിവിഷന് കീഴിൽ വരുന്ന കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കൽ, എരുമേലി എന്നിവിടങ്ങളിലെ എല്ലാ 11 കെവി ഫീഡറുകൾ അടക്കം വ്യാപകമായി വൈദ്യുതി വിതരണം തകർന്ന നിലയിലാണുള്ളത്. മുണ്ടക്കയം ടൗണിലെ കെഎസ്ഇബി സെക്ഷൻ ഓഫീസ് വെള്ളത്തിലാണ്. പാലാ ഡിവിഷന്റെ കീഴിലും വലിയ നാശനഷ്ടമാണ് സംഭവിച്ചത്. വെള്ളം ഉയർന്ന നിലയിലുണ്ടായിരുന്ന ഈരാറ്റുപേട്ട, തീക്കോയി, പൂഞ്ഞാർ മേഖലകളിലെ എല്ലാ 11 കെവി ഫീഡറുകളും ഓഫ് ചെയ്തു. മണിമലയിൽ മാത്രം 60 ട്രാൻസ്‌ഫോർമറുകൾ കെഎസ്ഇബി ഓഫാക്കി.

വൈദ്യുതി പ്രതിസന്ധി 31 വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ഇടുക്കി ഉൾപ്പെടെയുള്ള ജലവൈദ്യുത നിലയങ്ങൾ മുഴുവൻ സമയവും പ്രവർത്തിച്ച രാജ്യത്തെ വൈദ്യുതി വിതരണ മേഖലയെ സഹായിക്കണമെന്നാണ് സംസ്ഥാന സർക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.