ഇടുക്കി ഡാം അടിയന്തരമായി തുറന്ന് ജലനിരപ്പ് ക്രമീകരിക്കണം; ആവശ്യവുമായി ഡീൻ കുര്യാക്കോസ് എംപി

തൊടുപുഴ: ഇടുക്കി ഡാം അടിയന്തരമായി തുറന്ന് ജലനിരപ്പ് ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ഡാമിലെ ജലനിരപ്പ് റെഡ് അലർട്ടിലേക്ക് അടുക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. നിലവിൽ ഡാമിന്റെ ജലനിരപ്പ് 2397 അടി കഴിഞ്ഞു. ജലനിരപ്പ് 2397.86 ആയി ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും.

രണ്ടു ദിവസത്തേക്ക് മഴയില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധർ അറിയിക്കുന്നത്. എന്നാൽ അതിനു ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതു മുന്നിൽ കണ്ട് ഡാം തുറന്നു വിട്ട് ജലം ക്രമീകരിക്കണമെന്നാണ് അദ്ദേഹം മുന്നോട്ട് വെയ്ക്കുന്ന ആവശ്യം. ഡാം തുറന്നു വിട്ട് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കുന്ന അവസ്ഥയുണ്ടാവരുത്. 2385 ൽ ജലനിരപ്പ് നിജപ്പെടുത്തണം. മഴ പെയ്യാൻ കാത്തിരുന്ന് പ്രളയമുണ്ടാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താൻ ഇന്ന് ചേർന്ന ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്. അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് അനുസരിച്ച് ഏതൊക്കെ അണക്കെട്ടുകൾ തുറക്കണമെന്ന് വിദഗ്ധ സമിതി തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അണക്കെട്ടുകൾ പെട്ടെന്ന് തുറക്കുമ്പോൾ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾ ഒഴിവാക്കുവാനാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്. അണക്കെട്ട് തുറക്കുന്നതിന് മണിക്കൂറുകൾ മുമ്പ് ബന്ധപ്പെട്ട ജില്ലാ കലകളക്ടർമാർക്ക് ഇത് സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നൽകണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.