Highlights (Page 171)

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് രാഹുൽ ഗാന്ധി ആലോചിക്കുന്നതായി റിപ്പോർട്ട്. ശനിയാഴ്ചത്തെ പ്രവർത്തക സമിതി യോഗത്തിൽ ഇതു സംബന്ധിച്ച ചർച്ചകൾ നടന്നെന്നാണ് വിവരം. അദ്ധ്യക്ഷപദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ‘പരിഗണിക്കാം’ എന്ന മറുപടിയാണ് രാഹുൽ നൽകിയതെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മുതിർന്ന നേതാവ് എ. കെ. ആന്റണി, പഞ്ചാബ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാർ തുടങ്ങിയവരുടെ ആവശ്യ പ്രകാരമാണ് രാഹുലിന്റെ മനംമാറ്റമെന്നാണ് സൂചനകൾ. അടുത്ത വർഷം സെപ്റ്റംബറോടെ പൂർണതോതിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ പ്രവർത്തക സമിതി യോഗത്തിൽ തീരുമാനം. അധ്യക്ഷ പദവിയിലേക്കുള്ള രാഹുലിന്റെ തിരിച്ചുവരവ് ഉൾപ്പെടെ അപ്പോഴായിരിക്കുമെന്നാണ് വിവരം. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെയാണ് രാഹുൽഗാന്ധി രാജിവെച്ചത്. ഇതിനു പിന്നാലെയാണ് സോണിയ ഗാന്ധിയ താത്ക്കാലിക അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്.

sameer vankde

മുംബൈ: നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ മുംബൈ സോണൽ ഓഫീസർ സമീർ വാങ്കെഡെയുടെ സുരക്ഷ വർധിപ്പിച്ചു. അജ്ഞാതർ പിന്തുടരുന്നുവെന്ന പരാതിക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിച്ചത്. മുംബൈ പോലീസാണ് അദ്ദേഹത്തിന് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

സമീർ വാങ്കെഡെയുടെ അംഗരക്ഷകരുടെയും സായുധ സുരക്ഷാഭടന്മാരുടെയും എണ്ണം മുംബൈ പോലീസ് വർധിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. മുംബൈയിലെ എൻ.സി.ബി. ഓഫീസിന് മുന്നിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്കായി വിന്യസിച്ചു. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി സമീർ വാങ്കെഡെ തന്നെയായിരിക്കും അദ്ദേഹത്തിന്റെ വാഹനം ഓടിക്കുക.

നീക്കങ്ങൾ നിരീക്ഷിക്കപ്പെടുന്നുവെന്ന് വ്യക്തമാക്കി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.)യിലെ ഉന്നത ഉദ്യേഗസ്ഥൻ കഴിഞ്ഞ ദിവസമാണ് ഡിജിപിയ്ക്ക് പരാതി നൽകിയത്. ആഢംബര കപ്പലിലെ ലഹരിവിരുന്ന് കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ നിരീക്ഷിക്കപ്പെടുന്നുവെന്ന വിവരം പുറത്തു വന്നത്. സമീർ വാങ്കഡെയുടെ മാതാവിനെ അടക്കം ചെയ്തിരിക്കുന്നതും അദ്ദേഹം പതിവായി സന്ദർശിക്കുന്നതുമായ സെമിത്തേരിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെടുന്ന രണ്ടുപേർ ശേഖരിച്ചതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത് സോണൽ ഡയറക്ടറായ സമീർ വാങ്കെഡയുടെ നേതൃത്വത്തിലുള്ള എൻ.സി.ബി. സംഘമായിരുന്നു. നീക്കങ്ങൾ നിരീക്ഷിക്കപ്പെടുന്നുവെന്ന റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ സമീർ വാങ്കെഡയും മുതിർന്ന ഉദ്യോഗസ്ഥനായ മുത്ത ജയിനും മഹാരാഷ്ട്ര പോലീസ് മേധാവിയുടെ ഓഫീസിലെത്തി പരാതി നൽകുകയായിരുന്നു.

2008 ബാച്ചിലെ ഐ.ആർ.എസ്. ഓഫീസറാണ് സമീർ വാങ്കെഡെ. മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് ഓഫീസറായാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് എയർ ഇന്റലിജൻസ് യൂണിറ്റ് ഡെപ്യൂട്ടി കമ്മീഷണർ, എൻ.ഐ.എ. അഡീഷണൽ എസ്.പി, ഡി.ആർ.ഐ. ജോയിന്റ് കമ്മീഷണർ തുടങ്ങിയ പദവികളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പിന്നീടാണ് അദ്ദേഹം എൻസിബിയിൽ എത്തുന്നത്. സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ ഉൾപ്പെടെ യാതൊരു ഇളവും നൽകാത്ത സമീപനമാണ് അദ്ദേഹത്തിന്റേത്.

എൻ.സി.ബി.യിൽ ചുമതലയേറ്റെടുത്ത ശേഷം ഏകദേശം 17000 കോടി രൂപയുടെ ലഹരിമരുന്ന് വേട്ടയാണ് സമീർ വാങ്കെഡെയുടെ നേതൃത്വത്തിൽ നടന്നത്. കേസുകളുമായി ബന്ധപ്പെട്ട് പല പ്രമുഖരുടെയും വസതികളിൽ സമീർ വാങ്കെഡെ യാതൊരു മടിയും കൂടാതെ പരിശോധന നടത്തിയിരുന്നത്.

ബെയ്ജിങ്: ചൈനയില്‍ ഖുര്‍ആന്‍ മജീദ് ആപ്പ് നീക്കം ചെയ്ത് ആപ്പിള്‍. ചൈനീസ് അധികൃതരുടെ നിര്‍ദേശമനുസരിച്ചാണ് ആപ്പിളിന്റെ തീരുമാനം. ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഖുര്‍ആന്‍ ആപ്പ് ആണ് ഖുര്‍ആന്‍ മജീദ് ആപ്പ്.

എന്നാല്‍, ആപ്പ് നീക്കിയതിനെക്കുറിച്ച് ആപ്പിളും ചൈനീസ് അധികൃതരും പ്രതികരിച്ചിട്ടില്ല. ആപ്പിളിന്റെ ഏറ്റവും വലിയ വിപണി ചൈനയിലാണ്. ഇസ്‌ലാം ഔദ്യോഗിക മതമായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിച്ചതാണ്.

അതേസമയം, ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കെതിരായ മനുഷ്യാവകാശലംഘനങ്ങള്‍ നടത്തിയെന്ന് ചൈനക്കെതിരെ ആരോപണമുയര്‍ന്നിരുന്നു.

ന്യൂഡല്‍ഹി: യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വന്‍ ഭൂരിപക്ഷത്തോടെയാണ് ആറാം തവണയും ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്. ആകെ 18 അംഗങ്ങളാണ് ഇന്ന് മനുഷ്യാവകാശ കൗണ്‍സിലില്‍ അംഗങ്ങളായത്.

ഇന്ത്യയില്‍ അര്‍പ്പിച്ച വിശ്വാസത്തിനു നന്ദി അര്‍പ്പിക്കുന്നതായും മനുഷ്യാവകാശ കൗണ്‍സിലിലെ അംഗങ്ങളുമായി ചേര്‍ന്നു മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിക്കുമെന്നും ഇന്ത്യ പ്രതികരിച്ചു.

വ്യാഴാഴ്ചയാണ് 76-ാം യുഎൻ പൊതുസഭ മനുഷ്യാവകാശ സമിതിയിലേയ്ക്കുള്ള 18 അംഗങ്ങളെ തെരഞ്ഞെടുത്തത്. 2022 ജനുവരി മുതൽ അടുത്ത മൂന്ന് വര്‍ഷമാണ് അംഗങ്ങളുടെ കാലാവധി. 193 അംഗങ്ങളുള്ള സഭയിൽ കുറഞ്ഞത് 97 രാജ്യങ്ങളുടെ പിന്തുണയാണ് യുഎൻഎച്ച്ആര്‍സി അംഗത്വം ലഭിക്കാൻ വേണ്ടത്. എന്നാൽ ഇന്ത്യയ്ക്ക് അനുകൂലമായി 184 രാജ്യങ്ങളാണ് വോട്ട് ചെയ്തത്.

തിരുവനന്തപുരം: കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ഒക്ടോബർ 16 ശനിയാഴ്ച വരെ മത്സ്യബന്ധനം കർശനമായി നിരോധിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിൽ ലക്ഷദ്വീപിനു സമീപം രൂപം കൊണ്ട ന്യുനമർദ്ദത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. നിലവിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്ന എല്ലാ മത്സ്യത്തൊഴിലാളികളും വ്യാഴാഴ്ച വൈകുന്നേരം തന്നെ തിരിച്ചെത്തണമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം.

കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിലും അതിനോട് ചേർന്നുള്ള മധ്യകിഴക്കൻ, തെക്ക്കിഴക്കൻ അറബിക്കടൽ എന്നീ സമുദ്ര മേഖലകളിലുമാണ് ഒക്ടോബർ 16 വരെ മത്സ്യബന്ധനം കർശനമായി നിരോധിച്ചത്.

അതേസമയം മഴ കുറഞ്ഞ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു. കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിക്കുകയും ചെയ്തു.

തിരുവനന്തപുരം: പൊതുജനങ്ങളോട് സ്നേഹത്തോടെ പെരുമാറണം, ഹണി ട്രാപ്പില്‍ വീണു പോകരുത് തുടങ്ങി പൊലീസുകാര്‍ക്ക് 22 നല്ല നടപ്പുകള്‍ പ്രഖ്യാപിച്ച് ഡിജിപി അനില്‍ കാന്തിന്റെ ഉത്തരവ്. കഴിഞ്ഞ മാസം മൂന്നിന് വിഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയിരിക്കുന്നത്. പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ സൗഹൃദവലയത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അകപ്പെട്ടതാണു യോഗം വിളിക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്.

ഇന്റലിജന്‍സ് പരിശോധനയില്ലാതെ സര്‍ക്കാരിതര പരിപാടികള്‍ക്കു പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കരുതെന്നും, ഇത്തരം പരിപാടികളില്‍ യൂണിഫോം ഒഴിവാക്കണം. സൈബര്‍ നിയമലംഘനം നടത്തുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണം. മണല്‍, മണ്ണ്, റിയല്‍ എസ്റ്റേറ്റ്, ബ്ലേഡ് മാഫിയകളുമായുള്ള ബന്ധം ഉദ്യോഗസ്ഥര്‍ പൂര്‍ണമായി ഒഴിവാക്കണം. ഹണി ട്രാപ്പില്‍ കുടുങ്ങരുതെന്നും ഡിജിപി പൊലീസുകാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എസ്എച്ച്ഒ (സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍) മുതലുള്ള ഉദ്യോഗസ്ഥര്‍ ജനങ്ങളോടു മാന്യമായി പെരുമാറണം. അല്ലാത്തപക്ഷം മേലുദ്യോഗസ്ഥന്‍ നടപടി സ്വീകരിക്കണം. എസ്ഐയുടെ പ്രവര്‍ത്തനം തൊട്ടു മുകളിലുള്ള ഉദ്യോഗസ്ഥന്‍ പരിശോധിക്കണം തുടങ്ങി 22 നിര്‍ദേശങ്ങളാണ് ഉള്ളത്. പൊലീസ് സ്റ്റേഷനിലേക്കുള്ള സ്റ്റേഷനറി സാധനങ്ങള്‍ പരാതിക്കാരെക്കൊണ്ടു വാങ്ങിപ്പിക്കരുത്. അടിയന്തര ആവശ്യങ്ങള്‍ക്കു സ്റ്റേഷനുകള്‍ക്കു നല്‍കുന്ന അഡ്വാന്‍സ് തുക ഇതിനായി ഉപയോഗിക്കണം. സ്റ്റേഷനില്‍ ലഭിക്കുന്ന ഒരു പരാതിയും അവഗണിക്കരുത്. നിയമപരമായ പരിമിതി ഉണ്ടെങ്കില്‍ അതു ചൂണ്ടിക്കാട്ടി പരാതിക്കാര്‍ക്കു മറുപടി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായുള്ള പരാതികള്‍ രേഖപ്പെടുത്താന്‍ പ്രത്യേക രജിസ്റ്റര്‍ തയാറാക്കണം. ഇത്തരം പരാതികളില്‍ കൃത്യമായ നിയമ നടപടി സ്വീകരിച്ചെന്ന് എസ്എച്ച്ഒ ഉറപ്പാക്കണം. പ്രോസിക്യൂഷന്‍ വീഴ്ച കൂടാതെ നടക്കുന്നുണ്ടോ എന്നു പരിശോധിക്കണം. കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങളില്‍ ഉടന്‍ നടപടി സ്വീകരിക്കണം. ഗുരുതര കേസുകളില്‍ കുറ്റപത്രം ഡിവൈഎസ്പിമാര്‍ കണ്ട് അംഗീകരിക്കണം. പരാതിക്കാരുടെ കാത്തിരിപ്പു മുറിയില്‍ ശുചിത്വം, ഫാന്‍, ശുദ്ധജലം എന്നിവ ഉറപ്പാക്കണം. സാക്ഷികള്‍ക്കു സ്വതന്ത്രമായി കോടതിയില്‍ മൊഴി നല്‍കാന്‍ സാഹചര്യം ഒരുക്കണം. ഓണ്‍ലൈന്‍ പരാതിക്കും കൃത്യമായി രസീത് നല്‍കണം. സൈബര്‍ കുറ്റകൃത്യ പരാതികളില്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും ഉത്തരവുണ്ട്.

വാഷിംഗ്ടൺ: ബഹിരാകാശത്ത് യാത്ര നടത്തിയ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നേട്ടം സ്വന്തമാക്കി വില്യം ഷാറ്റ്‌നർ. ജെഫ് ബെസോസിന്റെ റോക്കറ്റ് കമ്പനിയായ ബ്ലൂ ഒർജിൻ വികസിപ്പിച്ചെടുത്ത ‘ന്യൂ ഷെപ്പേർഡ്’ ബഹിരാകാശ പേടകത്തിലാണ് 90 വയസുകാരനായ ഷാറ്റ്‌നർ ബഹിരാകാശത്തേക്ക് യാത്ര നടത്തിയത്. ബഹിരാകാശത്ത് 11 മിനിറ്റ് യാത്രയാണ് അദ്ദേഹം നടത്തിയത്. സ്റ്റാർ ട്രെക്കിൽ’ ക്യാപ്റ്റൻ ജെയിംസ് ടി. കിർക്ക് എന്ന കഥാപാത്രത്തിലൂടെ പ്രശസ്തായ വ്യക്തിയാണ് ഷാറ്റ്‌നർ. ജീവിതത്തിൽ ഇതുവരെ അനുഭവിച്ചതിൽ ഏറ്റവും അത്ഭുതകരമായ അനുഭവമാണ് യാത്ര നൽകിയതെന്നാണ് ഷാറ്റ്‌നർ പറയുന്നത്. ലാൻഡിംഗിന് ശേഷം തന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സ്റ്റാർ ട്രെക്ക് ആരാധകനായ ബെസോസാണ് ഷാറ്റ്‌നറെ ബഹിരാകാശ യാത്ര നടത്താൻ അതിഥിയായി ക്ഷണിച്ചത്. അദ്ദേഹത്തോടൊപ്പം മൂന്ന് ജീവനക്കാരും ഉണ്ടായിരുന്നു: സാറ്റലൈറ്റ് കമ്പനിയായ പ്ലാനറ്റ് ലാബ്‌സിന്റെ സഹസ്ഥാപകനായ ക്രിസ് ബോഷുസൈൻ, സോഫ്റ്റ് വെയർ എക്‌സിക്യൂട്ടീവ് ഗ്ലെൻ ഡി വ്രീസ്, ബ്ലൂ ഒർജിൻ മിഷൻ ഫ്‌ളൈറ്റ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് ഓഡ്രി പവേർസ് എന്നിവരാണ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത്. മൂന്ന് മാസം മുമ്പ് 82-കാരനായ വാലി ഫങ്ക് സ്ഥാപിച്ച ബഹിരാകാശ യാത്ര നടത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കോർഡാണ് വില്യം ഷാറ്റ്‌നർ മറികടന്നത്.

മ്മുടെ അക്കൗണ്ടുകള്‍ക്ക് നല്‍കേണ്ട പാസ്വേഡുകള്‍ നമ്മുടെ മാത്രം താല്പര്യവും ഇഷ്ടവുമായിരിക്കും. എന്നാല്‍ സൂപ്പര്‍ഹീറോകളുടെ പേരുകള്‍ പാസ്വേഡുകളായി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നാണ് മോസില്ല ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഇത്തരം പാസ്വേഡുകള്‍ ഉപയോഗിക്കുന്നത് പതിവാണെന്നും ഇതുമൂലം ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ വിലയേറിയ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നത് എളുപ്പമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സൂപ്പര്‍ഹീറോ പേരുകള്‍ പാസ്വേഡുകളായിട്ടുളള അക്കൗണ്ടുകളാണ് ഏറ്റവും കൂടുതല്‍ ഹാക്ക് ചെയ്യപ്പെട്ടതെന്ന് പഠനത്തില്‍ വെളിപ്പെടുത്തുന്നു. പേര്, ജനനത്തീയതി, അല്ലെങ്കില്‍ ‘123456’ മുതലായ ലളിതമായ കോമ്പിനേഷനുകള്‍ തുടങ്ങിയവ ആളുകള്‍ വളരെ സാധാരണയായി ഉപയോഗിക്കുന്ന പാസ്വേഡുകളാണ്.

ജെയിംസ് ഹൗലറ്റ് ലോഗന്‍, ക്ലാര്‍ക്ക് കെന്റ്, ബ്രൂസ് വെയ്ന്‍, പീറ്റര്‍ പാര്‍ക്കര്‍ തുടങ്ങിയ സൂപ്പര്‍ഹീറോ കഥാപാത്രങ്ങളുടെ യഥാര്‍ത്ഥ പേരുകള്‍ പോലും പാസ്വേഡുകളായി ഉപയോഗിക്കാതിരിക്കാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ അക്കങ്ങളും അക്ഷരങ്ങളും ചിഹ്നങ്ങളും കൂടിച്ചേര്‍ന്ന സങ്കീര്‍ണ്ണമായ പാസ്വേഡുകള്‍ ഹാക്കര്‍മാര്‍ക്ക് കണ്ടുപിടിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. പാസ്വേഡ് മാനേജര്‍ നോര്‍ഡ്പാസിന്റെ ഒരു വാര്‍ഷിക റിപ്പോര്‍ട്ടില്‍ 2020 -ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച പാസ്വേഡുകള്‍ കമ്പനി വെളിപ്പെടുത്തിയിരുന്നു.

2020-ലും ഏറ്റവും കൂടുതല്‍ ഉപയോഗിച്ച് പാസ്വേഡ് ‘123456’ ആയിരുന്നു. 23 ദശലക്ഷത്തിലധികം ആളുകളുടെ പാസ് വേഡ് ആയിരുന്നു ഇത്. 2020-ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച രണ്ടാമത്തെ പാസ്വേഡ് ‘123456789’ ആണ്.

ഏറ്റവും കൂടുതല്‍ ഉപയോഗത്തിലുള്ള പാസ്വേഡുകള്‍ ഹാക്ക് ചെയ്യാന്‍ ഹാക്കര്‍മാര്‍ ഒരു സെക്കന്‍ഡില്‍ താഴെ മാത്രമെ സമയമെടുത്തുള്ളൂവെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2015 ന് ശേഷവും പാസ്വേഡുകള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ലയെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. 2015 ലും ‘123456’ ആയിരുന്നു ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ടിരുന്ന പാസ്വേഡ്.

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിക്കുന്ന വ്യക്തികളുടെ കുടുംബത്തിന് നിലവിലുള്ള ധനസഹായങ്ങൾക്കു പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. പ്രതിമാസം 5000 രൂപ വീതം ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ ആയി ആദ്യം സമാശ്വാസം ലഭിക്കുന്ന മാസം മുതൽ മൂന്നു വർഷത്തേയ്ക്കാണ് സഹായം നൽകുക. ഇതിനാവശ്യമായ തുക ബജറ്റിൽ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് വഹിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

കോവിഡ് വൈറസ് ബാധയെ തുടർന്ന് മരിച്ച വ്യക്തിയെ ആശ്രയിച്ചു കഴിയുന്ന ബി.പി.എൽ. കുടുംബങ്ങൾക്കാണ് സമാശ്വാസ ധനസഹായം ലഭിക്കുക. സാമൂഹ്യക്ഷേമ/ക്ഷേമനിധി/മറ്റു പെൻഷനുകൾ ആശ്രിതർക്ക് ലഭ്യമാകുന്നത് അയോഗ്യതയാവില്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. വ്യക്തി സംസ്ഥാനത്തിന് അകത്തോ പുറത്തോ രാജ്യത്തിന് പുറത്തോ മരണപ്പെടുകയാണെങ്കിലും കുടുംബം സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കിൽ ആനുകൂല്യം ലഭിക്കും. ബി.പി.എൽ. വിഭാഗത്തിൽ ഉൾപ്പെടുത്താൻ നിശ്ചയിക്കുമ്പോൾ
മരിച്ച വ്യക്തിയുടെ വരുമാനം ഒഴിവാക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

ഒറ്റ പേജിൽ ലളിതമായ ഫോറത്തിൽ അപേക്ഷ സമർപ്പിക്കാൻ ആശ്രിതർക്കു കഴിയണമെന്നും ഇതിനാവശ്യമായ തുടർ നടപടികൾക്ക് ബന്ധപ്പെട്ട ജില്ലാ കളക്ടറെയും റവന്യൂ അധികാരികളെയും ചുമതലപ്പെടുത്തുമെന്നും മന്ത്രിസഭാ യോഗത്തിൽ ധാരണയായി. അപേക്ഷ നൽകി പരമാവധി 30 പ്രവൃത്തി ദിവസത്തിനകം ആനുകൂല്യം നൽകണമെന്നാണ് സർക്കാരിന്റെ നിർദ്ദേശം. അപേക്ഷ തീർപ്പാക്കുന്നതിന് അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തുന്ന സ്ഥിതി ഉണ്ടാകരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ആശ്രിത കുടുംബത്തിൽ സർക്കാർ ജീവനക്കാരോ ആദായനികുതിദായകരോ ഇല്ലെന്ന് ഉറപ്പു വരുത്തേണ്ട ചുമതല വില്ലേജ് ഓഫീസർക്കാണ്.

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം ഉത്തരവില്‍ വ്യക്തത വരുത്തി സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ ഓഗസ്റ്റ് നാല് വരെ മാത്രമേ വര്‍ക്ക് ഫ്രം ഹോം ഉണ്ടായിരുന്നുളളൂവെന്നും, അതിനുശേഷം എല്ലാ വകുപ്പിലും 100% ഹാജര്‍ പാലിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, സംസ്ഥാനത്തെ ഇപ്പോഴത്തെ കൊവിഡ് വ്യാപനത്തിന്റെ തോതും കൊവിഡ് വാക്‌സിനേഷന്റെ പ്രക്രിയയില്‍ ഉണ്ടായിട്ടുള്ള പുരോഗതിയും വിലയിരുത്തിയ ശേഷം സര്‍ക്കാര്‍ ഓഫീസുകള്‍, അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതു മേഖലാ സ്ഥാനപങ്ങള്‍, കമ്പനികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കമ്മീഷനുകള്‍ എന്നീ സ്ഥാപനങ്ങള്‍ തിങ്കള്‍ മുതല്‍ ശനി വരെ 100% ഹാജറില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, വര്‍ക്ക് ഫ്രം ഹോം അപേക്ഷകള്‍ ഇപ്പോഴും ലഭിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിരിക്കുന്നത്.