സാഫ് കിരീടം ചൂടി ഇന്ത്യ; നേപ്പാള്‍ വല കുലുക്കി മലയാളി താരവും !

മാലെ: ദക്ഷിണേഷ്യയിലെ പ്രധാന ഫുട്ബാള്‍ ടൂര്‍ണമെന്റുകളില്‍ ഒന്നായ സാഫ് ചാമ്പ്യന്‍ഷിപ്പില്‍ വീണ്ടും ജേതാക്കളായി ഇന്ത്യ. ഇന്നലെ നടന്ന ഫൈനലില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നേപ്പാളിനെ കീഴടക്കിയാണ് ഇന്ത്യ കിരീടമണിഞ്ഞത്.

നായകന്‍ സുനില്‍ ഛെത്രിയും സ്‌ട്രൈക്കര്‍ സുരേഷ് സിംഗ് വാംഗ്ജാമും രണ്ടാം പകുതിയില്‍ ഒരുമിനിട്ടിന്റെ ഇടവേളയില്‍ ഇന്ത്യയ്ക്ക് വേണ്ടി ഗോളുകള്‍ നേടി ലീഡ് നല്‍കിയപ്പോള്‍ ഇന്‍ജുറി ടൈമില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് മൂന്നാം ഗോളും നേടി.

പ്രാഥമിക റൗണ്ടില്‍ 1-0ന് നേപ്പാളിനെ തളച്ചിരുന്ന ഇന്ത്യ ഇന്നലെയും ആദ്യ പകുതിയില്‍ സ്‌കോര്‍ ചെയ്തിരുന്നില്ല. 49-ാം മിനിട്ടിലാണ് ഛെത്രി ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. ഇതോടെ അന്താരാഷ്ട്ര ഗോള്‍ വേട്ടയില്‍ ഛെത്രി അര്‍ജന്റീനാ ഇതിഹാസം ലയണല്‍ മെസിയുടെ 80 ഗോളുകളുടെ എണ്ണത്തിനാെപ്പമെത്തി. തൊട്ടടുത്ത മിനിട്ടിലായിരുന്നു സുരേഷിന്റെ ഗോള്‍. ഫൈനല്‍ വിസിലിന് തൊട്ടുമുമ്ബ് സഹലും സ്‌കോറര്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചു.

ഇത് എട്ടാം തവണയാണ് ഇന്ത്യ സാഫ് കപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിടുന്നത്. 1993,1997,1999,2005,2009,2011,2015 വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് ചാമ്പ്യന്മാരായത്. 2015ല്‍ തിരുവനന്തപുരത്ത് വച്ചായിരുന്നു ഇന്ത്യയുടെ കിരീടധാരണം. ഏറ്റവും കൂടുതല്‍ തവണ സാഫ് കിരീടം നേടിയ ടീമും ഇന്ത്യയാണ്.