Highlights (Page 165)

ന്യൂഡല്‍ഹി: ട്രാന്‍സ്‌ജെന്‍ഡര്‍ നാടോടി നര്‍ത്തകി മഞ്ജമ്മ ജോഗതിയെ കലാരംഗത്തിന് നല്‍കിയ സംഭാവനകളെ മാനിച്ച് പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

സാമൂഹികവും സാമ്പത്തികവുമായ നിരവധി പ്രതിസന്ധികളോട് പോരാടിയാണ് ഇവരെത്തേടി പത്മ പുരസ്‌കാരമെത്തിയത്. മഞ്ജുനാഥ് ഷെട്ടി എന്നായിരുന്നു ആദ്യത്തെ പേര്. പിന്നീടാണ് മഞ്ജമ്മയായി മാറിയത്. കൗമാരത്തിലാണ് താന്‍ ഒരു സ്ത്രീയാണെന്ന് അവര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് യെല്ലമ്മ ദേവിയെ ആരാധിക്കുന്ന ക്ഷേത്രത്തില്‍ കുടുംബാംഗങ്ങള്‍ ഇവരെ എത്തിച്ചു. ജോഗപ്പ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം ഇവിടെയാണുള്ളത്. ഈ സമൂഹത്തിലെ അംഗങ്ങള്‍ യെല്ലമ്മ ദേവിയെ വിവാഹം കഴിച്ചവരായിട്ടാണ് കരുതുന്നത്.

ദാരിദ്ര്യത്തിനും സാമൂഹിക ബഹിഷ്‌കരണത്തിനും അക്രമങ്ങള്‍ക്കും ഇരയായി. ഈ പ്രതിസന്ധികളെയെല്ലാം നേരിട്ട് ജോഗതി കലാരൂപങ്ങള്‍, നാടോടി സംഗീതം, മറ്റ് നൃത്തരൂപങ്ങള്‍, ജനപദ ഗാനങ്ങള്‍, സ്ത്രീദേവതകളെ സ്തുതിക്കുന്ന കന്നട ഭാഷയിലെ ഗീതകങ്ങള്‍ ഇവയെല്ലാം അഭ്യസിച്ചു. 2006 ല്‍ കര്‍ണാടക ജനപദ അക്കാദമി അവാര്‍ഡ് ലഭിച്ചു. 2010 ല്‍ കര്‍ണാടക സര്‍ക്കാര്‍ കന്നട രാജ്യോത്സവ പുരസ്‌കാരം നല്‍കി ആദരിച്ചു. കര്‍ണാടക ജനപദ അക്കാദമിയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയാണ് മഞ്ജമ്മ ജോഗതി.

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് കേരളം. നിലവിലെ പ്രതിസന്ധിക്ക് പുതിയ അണക്കെട്ട് മാത്രമാണ് ശ്വാശ്വത പരിഹാരമെന്ന് കേരളം ചൂണ്ടിക്കാട്ടി. തമിഴ്‌നാട് നിശ്ചയിച്ച റൂള്‍കര്‍വ് പുനപരിശോധിക്കണമെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോഴാണ് സംഭവത്തില്‍ വിശദമായ മറുപടി സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേരളത്തോട് നിര്‍ദ്ദേശിച്ചത്. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് സുപ്രീംകോടതിയിലെ ഹര്‍ജിക്കാരനായ ജോ ജോസഫ് പറഞ്ഞു.

അശ്രദ്ധമായി അണക്കെട്ടിന്റെ സുരക്ഷ കൈകാര്യം ചെയ്യുന്നതിലൂടെ ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. അണക്കെട്ടിന്റെ റൂള്‍കര്‍വും ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂളും ഇതുവരെ അന്തിമമായിട്ടില്ല. സുരക്ഷ സംബന്ധിച്ച മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചല്ല അണക്കെട്ട് പ്രവര്‍ത്തിപ്പിക്കുന്നത് എന്നും ജോ ജോസഫ് സുപ്രീംകോടതിയെ അറിയിച്ചു. കേസ് മറ്റന്നാള്‍ സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

ടി-20 ലോകകപ്പില്‍ സെമിയിലേക്കില്ലാതെ നമീബിയക്കെതിരെ വിജയവുമായി ഇന്ത്യ. സൂപ്പര്‍ ട്വല്‍വ് ഗ്രൂപ്പ് രണ്ടിലെ അഞ്ചാമത്തെയും അവസാനത്തെയുമായ മത്സരത്തില്‍ ഇന്ത്യ ഒന്‍പത് വിക്കറ്റിനാണ് നമീബിയയെ തകര്‍ത്തത്. നമീബിയ ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യം 28 പന്ത് ബാക്കിനില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

തിരിയുന്ന പന്തുകളുമായി നമീബിയയെ വിറപ്പിച്ച അശ്വിനും ജഡേജയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. അശ്വിന്‍ നാല് ഓവറില്‍ 20 റണ്‍സും ജഡേജ നാല് ഓവറില്‍ പതിനാറ് റണ്‍സുമാണ് വിട്ടുകൊടുത്തത്. പേസര്‍ ജസ്പ്രീത് ബുംറ നാല് ഓവറില്‍ 19 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. രോഹിത് ശര്‍മയും കെ എല്‍ രാഹുലും അര്‍ധസെഞ്ച്വറികള്‍ നേടി. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്ത നമീബിയയുടെ ടോപ് സ്‌കോറര്‍ 26 റണ്‍സെടുത്ത ഡേവിഡ് വീസെയാണ്.

ലോകകപ്പിലെ സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് മറ്റന്നാള്‍ തുടക്കമാകും. ആദ്യ സെമിയില്‍ ഇംഗ്ലണ്ട് ന്യൂസിലണ്ടിനെ നേരിടും. രണ്ടാം സെമിയില്‍ പാകിസ്ഥാന് ഓസ്‌ട്രേലിയയാണ് എതിരാളി. ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യ നേരത്തെ തന്നെ പുറത്തായിരുന്നു. പാകിസ്ഥാന്‍, ന്യൂസിലണ്ട് ടീമുകളാണ് ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്നും സെമിയിലെത്തിയത്. നവംബര്‍ 14നാണ് ഫൈനല്‍.

കൊച്ചി: നടൻ ജോജു ജോർജുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന് കത്തയച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ജോജുവിന്റെ ഇടപെടൽ രാഷ്ട്രീയ ശരി തർക്കവിഷയമാണെങ്കിലും അദ്ദേഹത്തിന്റെ പ്രതിഷേധത്തെ ജനാധിപത്യപരമായി കാണുന്നതാണ് ഉചിതമെന്നാണ് കത്തിൽ വ്യക്തമാക്കുന്നത്. സഹപ്രവർത്തകന് ബുദ്ധിമുട്ടുണ്ടായപ്പോൾ സമാശ്വസിപ്പിക്കുകയാണ് താൻ ചെയ്തതെന്നും ഉണ്ണികൃഷ്ണൻ വിശദമാക്കുന്നു.

ജോജുവിനെ മദ്യപൻ എന്നാക്ഷേപിച്ച് വിമർശിച്ചത് ശരിയായില്ല. സഹപ്രവർത്തകനെ പൊതു സമൂഹത്തിൽ ഇത്തരത്തിൽ ആക്ഷേപിച്ചതിലാണ് തങ്ങൾക്ക് പ്രതിഷേധം. തുടർന്നുളള ഒത്തുതീർപ്പ് ചർച്ചകൾ അട്ടിമറിച്ചത് താനാണെന്ന ചില മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണം ശരിയല്ല. വിഷയം ഒത്തുതീർക്കണോയെന്ന് തീരുമാനിക്കേണ്ടത് ജോജു തന്നെയാണ്. മുണ്ടക്കയത്ത് സിനിമാ ലൊക്കേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയ സംഭവത്തിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ ഇടപെടണമെന്നും ഒരു കലാകാരനോടുളള വിരോധം തൊഴിൽ മേഖലയോടൊന്നാകെ കാണിക്കരുതെന്നും അദ്ദേഹം കത്തിൽ അഭ്യർത്ഥിച്ചു.

ജോജു ജോർജിന്റെ വാഹനം തല്ലിതകർത്ത വിഷയത്തിൽ നേരത്തെയും ഉണ്ണികൃഷ്ണൻ പ്രതികരിച്ചിരുന്നു. വാഹനം തല്ലിത്തകർത്തത് ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും കലാകാരനെ ഗുണ്ട എന്ന് വിളിച്ച കെപിസിസി പ്രസിഡന്റെ പരാമർശം തികച്ചും പ്രതിഷേധാർഹമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇന്ധന വിലവർധനക്കെതിരെ കഴിഞ്ഞയാഴ്ച യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിനെതിരെയാണ് ജോജു പ്രതിഷേധവുമായി രംഗത്തെത്തിയത്. വിഷയത്തിൽ പ്രതികരിച്ച ജോജുവിന്റെ കാർ കോൺഗ്രസ് പ്രവർത്തകർ അടിച്ചു തകർക്കുകയായിരുന്നു.

ന്യൂഡൽഹി: രാജ്യത്ത് 116.58 കോടിയിലധികം ഡോസ് വാക്‌സിനുകൾ വിതരണം ചെയ്തായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി പതിനഞ്ചര കോടിയിലധികം ഡോസ് വാക്‌സിനുകൾ ബാക്കിയുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടുതൽ വാക്‌സിൻ ഡോസുകൾ ലഭ്യമാക്കിയത് വാക്‌സിൻ വിതരണം കാര്യക്ഷമമാക്കിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

വാക്‌സിന്റെ ലഭ്യത മുൻകൂട്ടി അറിഞ്ഞത് കൃത്യമായ പദ്ധതികൾ രൂപപ്പെടുത്താനും വിതരണം കാര്യക്ഷമതയോടെ നടത്താനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അവസരമൊരുക്കിയെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. രാജ്യത്ത് വാക്‌സിൻ വിതരണം വൻ തോതിൽ കുറയുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ആഴ്ച രണ്ട് കോടി നാൽപ്പത്തിമൂന്ന് ലക്ഷം ഡോസ് മാത്രമാണ് വിതരണം ചെയതതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്ത് 74 കോടി പേർക്ക് ആദ്യ ഡോസ് നൽകിയിപ്പോൾ രണ്ട് ഡോസും നൽകാനായത് 34 കോടി പേർക്കാണ്. ഉത്സവ കാലമായതിനാലാണ് രാജ്യത്ത് വാക്‌സിനേഷൻ കുറഞ്ഞതെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം.

വാക്‌സിൻ വിതരണം ഊർജ്ജിതപ്പെടുത്താൻ വീടുകളിൽ വാക്‌സിനെത്തിക്കുന്ന പരിപാടികൾക്കടക്കം സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. നവംബർ അവസാനത്തോടെ രാജ്യത്ത് യോഗ്യരായ എല്ലാവർക്കും വാക്‌സിൻ നൽകാനാകണമെന്ന് സംസ്ഥാനങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ആപ്പ് സ്റ്റോറുകളില്‍ ഭൂരിഭാഗം ആപ്ലിക്കേഷനുകളും നമ്മുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ട്. ആദ്യം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നാം സകല പെര്‍മിഷനുകളും നല്‍കുന്നു. ഇത്തരത്തില്‍ ക്യാമറകളുടെയും ഫോട്ടോ ഗാലറിയുടെയുമൊക്കെ ആക്‌സസ് കിട്ടുന്ന തട്ടിപ്പ് സംഘങ്ങള്‍ ഈ വിവരങ്ങളൊക്കെ ചോര്‍ത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. നമ്മുടെ ഫോണില്‍ നല്‍കുന്ന പെര്‍മിഷനുകളോ യൂസര്‍ എഗ്രിമെന്റ്‌സോ നാം വായിച്ച് നോക്കാറ് പോലും ഇല്ല. തട്ടിപ്പ് ആപ്പുകള്‍ പോലും പലപ്പോഴും ഇത്തരം പെര്‍മിഷനുകള്‍ സ്വന്തമാക്കിയ ശേഷമാണ് നമ്മുടെ ഡാറ്റ മോഷ്ടിക്കുക.

ഇത്തരത്തില്‍ നമ്മുടെ ഫോണിലെ ഡാറ്റ മോഷ്ടിക്കുന്ന 151 ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ആന്റിവൈറസ് നിര്‍മാതാക്കളായ അവാസ്റ്റ്. അടുത്തിടെ പുറത്തായ പ്രീമിയം എസ്എംഎസ് തട്ടിപ്പില്‍ ഈ ആപ്പുകള്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാജ ആപ്പുകള്‍ ഉപയോഗിച്ച് പ്രീമിയം എസ്എംഎസ് സര്‍വീസുകളിലേക്ക് ആളുകളെ ചേര്‍ത്ത തട്ടിപ്പാണ് ഇത്. അറിയപ്പെടുന്നത് ‘അള്‍ട്ടിമാഎസ്എംഎസ്’ സ്‌കാം എന്നാണ്. കീബോര്‍ഡുകള്‍, ക്യുആര്‍ കോഡ് സ്‌കാനറുകള്‍, വീഡിയോ, ഫോട്ടോ എഡിറ്റിങ് പ്രോഗ്രാമുകള്‍, കോള്‍ ബ്ലോക്കുകള്‍, ഗെയിമുകള്‍ എന്നിങ്ങനെ പലതരം ആപ്പുകളായാണ് ഇവ ആപ്പ് സ്റ്റോറുകളില്‍ എത്തിയത്.

ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട് കഴിഞ്ഞാല്‍ ആദ്യം തന്നെ സ്മാര്‍ട്ട്‌ഫോണ്‍ ലൊക്കേഷന്‍, ഐഎംഇഐ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ കൈക്കലാക്കി പ്രദേശവും അവിടുത്തെ ഭാഷയും മനസിലാക്കുന്നു. യൂസര്‍ അറിയാതെ പ്രോംപ്റ്റുകള്‍ ഉപയോഗിച്ചും ഫോണ്‍ നമ്പരുകളും ഇമെയില്‍ ഐഡിയും കരസ്ഥമാക്കും. ഈ വിവരങ്ങള്‍ ഉപയോഗിച്ച് പ്രീമിയം എസ്എംഎസ് സര്‍വീസുകളില്‍ രഹസ്യമായി സൈന്‍ അപ്പ് ചെയ്യും. ഇങ്ങനെ സര്‍വീസുകളില്‍ സൈന്‍ അപ്പ് ചെയ്ത ശേഷം പ്രവര്‍ത്തനം നിര്‍ത്തുകയാണ് തട്ടിപ്പ് ആപ്പുകളുടെ രീതി. അല്ലെങ്കില്‍ സബ്‌സ്‌ക്രിപ്ഷന്‍ ഇതര മാര്‍ഗങ്ങള്‍ വാഗ്ദാനം ചെയ്യുകയോ ചെയ്യും. തട്ടിപ്പ് മനസിലാക്കി ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്താലും രക്ഷയില്ല. എസ്എംഎസ് സര്‍വീസില്‍ ജോയിന്‍ ചെയ്തതിനുള്ള ഫീ ഈടാക്കും എന്നതാണ് പ്രധാന പ്രശ്‌നം.

തട്ടിപ്പിന്റെ ഭാഗമായ എല്ലാ ആപ്പുകളുടെയും ഒരു ലിസ്റ്റ് അവാസ്റ്റ് പുറത്ത് വിട്ടിട്ടുണ്ട്. പ്ലേസ്റ്റോറില്‍ നിന്ന് ദശലക്ഷക്കണക്കിന് ആളുകള്‍ ഈ ആപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ ഉടന്‍ തന്നെ അവ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ഒപ്പം നിങ്ങളുടെ ബാങ്ക്/ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടുകള്‍ പരിശോധിക്കുകയും വേണം. ഏതെങ്കിലും തരത്തില്‍ സംശയകരമായ ട്രാന്‍സാക്ഷനുകള്‍ നടന്നിട്ടുണ്ടോയെന്ന് നോക്കേണ്ടതാണ്.

മോഹന്‍ലാല്‍ ആണ് മരക്കാര്‍ തിയേറ്ററില്‍ കാണണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ചതെന്ന് സിനിമയുടെ സംവിധായകന്‍ പ്രിയദര്‍ശന്‍. ‘നമ്മള്‍ വളരെ കഷ്ടപ്പെട്ടാണ് ഇത് പൂര്‍ത്തിയാക്കിയത്, നമുക്ക് എല്ലാവര്‍ക്കും കൂടി ഒരുമിച്ച് ഇത് സ്‌ക്രീനില്‍ കാണണം’ എന്ന് മോഹന്‍ലാല്‍ പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനു വേണ്ടി കാശ് മുടക്കിയ ആളുകളെ ചിത്രത്തിനോട് വൈകാരികത ഉണ്ടെന്ന് വെച്ച് വഴിയിലാക്കണമെന്ന് അര്‍ത്ഥമില്ലല്ലോയെന്നും പ്രിയദര്‍ശന്‍ ചോദിച്ചു. ഇനിയും സിനിമ ചെയ്യാന്‍ ഞങ്ങളുടെ വൈകാരികത കൊണ്ട് സാധിച്ചെന്ന് വരും. എന്നാല്‍ , ഒരാളെ റോഡില്‍ അതുകൊണ്ട് ഇറക്കി നിര്‍ത്തണോ. അതാണ് ചോദിക്കുന്നത്. അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കാമോ എന്നാണ് ഇങ്ങനെയൊരു സാഹചര്യം ആയതു കൊണ്ട് ചോദിച്ചത്. നഷ്ടം വന്നാല്‍ ഒന്നും ചെയ്യേണ്ട, നഷ്ടം വന്നില്ലെങ്കില്‍ പത്തു ശതമാനം ആണ് ചോദിച്ചതെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാളം ചിത്രമാണ് ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’. ഇത് ഒടിടി റിലീസ് ആയിരിക്കുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നേരത്തെ അറിയിച്ചിരുന്നു. കൂടാതെ മോഹന്‍ലാലിനെ നായകനാക്കി ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന അഞ്ച് ചിത്രങ്ങളും നേരിട്ട് ഒടിടിയില്‍ റിലീസ് തന്നെ ആയിരിക്കുമെന്നും ആന്റണി ഇന്നലെ അറിയിച്ചു. മരക്കാര്‍ കൂടാതെ ബ്രോ ഡാഡി, ട്വല്‍ത് മാന്‍, എലോണ്‍, പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം എന്നിവയാണ് ഒടിടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്.

red alert

തിരുവനന്തപുരം: പ്രകൃതി ക്ഷോഭത്തിൽ വീടുകൾ തകർന്നവർക്കും കൃഷിനാശം സംഭവിച്ചവർക്കും നഷ്ടപരിഹാരം ലഭിക്കാനായുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് (പുറമ്പോക്കിലടക്കം) സ്ഥലം വാങ്ങുന്നതിന് 6 ലക്ഷവും വീട് വയ്ക്കാൻ 4 ലക്ഷം രൂപയുമാണ് നൽകുക.

പ്രകൃതി ക്ഷോഭത്തിൽ ജീവഹാനി സംഭവിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ നൽകും .കാലതാമസം ഒഴിവാക്കാൻ ഓൺലൈൻ വഴിയാണ് ലാൻഡ് റവന്യു കമ്മിഷണറേറ്റിൽ അപേക്ഷ സ്വീകരിക്കുന്നത്. ബാങ്ക് അക്കൗണ്ടിലേക്കാണ് നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്നത്.

എയിംസ് പോർട്ടൽ മുഖേന നവംബർ 15 വരെ അപേക്ഷ നൽകാം. വിള ഇൻഷ്വറൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കുമെല്ലാം നഷ്ടപരിഹാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രളയത്തിന്റെ തീവ്രതയും ദുരന്തത്തിന്റെ കാഠിന്യവും കണക്കിലെടുത്ത് അർഹമായ വില്ലേജുകളെ പ്രളയബാധിത പ്രദേശമായി നിശ്ചയിക്കാൻ സംസ്ഥാന ദുരന്തബാധിത അതോറിറ്റിയ്ക്ക് ചുമതല നൽകി.

വീടുകൾക്ക്

നാശനഷ്ടത്തോത് – നഷ്ടപരിഹാരം

75 -100 % – 4 ലക്ഷം
60- 74 % – .2.5 ലക്ഷം
30 -59 %.- 1.25 ലക്ഷം
16-29 %. – 60,000 രൂപ
15 % – 10,000 രൂപ

കൃഷിനാശം

ആകെ വിള- ഭൂമി കൃഷിനാശം നേരിട്ട കർഷകർ – വിള നഷ്ടം

59,130 ഹെക്ടർ – 1,27,762 – 494.54 കോടി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാചകവാതക വില വർധനവിനെതിരെയാണ് അദ്ദേഹം കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. വില വർധനവ് മൂലം സർക്കാറിന്റെ വികസന പ്രസംഗങ്ങൾക്ക് അപ്പുറത്ത് ലക്ഷക്കണക്കിന് കുടുംബങ്ങൾ അടുപ്പുകൾ ഉപയോഗിക്കാൻ നിർബന്ധിതരായെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രൈസ് ഹൈക് എന്ന ഹാഷ്ടാഗോടെയാണ് അദ്ദേഹം ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. സർക്കാരിന്റെ വികസന വാചകമടിയിൽ നിന്ന് അകലെയുള്ള ലക്ഷക്കണക്കിന് കുടുംബങ്ങൾ ചൂളകൾ (വിറകടുപ്പ്) ഉപയോഗിക്കാൻ നിർബന്ധിതരാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന വണ്ടി റിവേഴ്സ് ഗിയറിലാണെന്നും അതിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. കേന്ദ്ര സർക്കാറിന്റെ വാക് ചാതുര്യങ്ങളിൽ നിന്നും ഏറെ ദുരെയാണ് വികസനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗ്രാമീണ മേഖലയിലെ 42 ശതമാനം ആളുകളും വിലവർധന താങ്ങാനാവാത്തതിനെ തുടർന്ന് എൽ.പി.ജി. സിലിണ്ടറുകൾ ഉപേക്ഷിച്ച് വിറകടുപ്പ് ഉപയോഗിക്കുന്നതിലേക്ക് മടങ്ങിയെന്ന ഒരു സർവേ അടിസ്ഥാനമാക്കിയ വാർത്തയുടെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചു കൊണ്ടാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.

ലണ്ടൻ: കോവിഡിന് മരുന്ന് വികസിപ്പിച്ച് അന്താരാഷ്ട്ര മരുന്ന് നിർമാതാക്കളായ ഫൈസർ. രോഗം ഗുരുതരാവസ്ഥയിലേക്ക് കടക്കുന്നത് 89 ശതമാനം വരെ തടയാൻ ഈ മരുന്നിന് സാധിക്കുമെന്ന് നേരത്തെ മുതിർന്നവരിൽ നടത്തിയ പരീക്ഷണത്തിൽ കണ്ടെത്തിയിരുന്നു. രോഗം ബാധിച്ച മുതിർന്നവരിൽ ഈ മരുന്നിന്റെ ഉപയോഗം വഴി ആശുപത്രി വാസം ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കുമെന്നും ഗവേഷണത്തിൽ തെളിഞ്ഞു. പാക്‌സ്ലോവിഡ് എന്നാണ് ഫൈസർ പുതിയ മരുന്നിന് പേരിട്ടിരിക്കുന്നത്.

പുതിയ മരുന്നിന്റെ പരീക്ഷണ ഫലങ്ങളും റിപ്പോർട്ടുകളും ഉടനെ തന്നെ അമേരിക്കയുടെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിനു മുന്നിൽ സമർപ്പിക്കുമെന്ന് ഫൈസർ അറിയിച്ചിട്ടുണ്ട്. മരുന്നിന്റെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ പറഞ്ഞു. റിറ്റൊനാവീർ എന്ന മറ്റൊരു മരുന്നിനോടൊപ്പമാണ് പാക്‌സ്ലോവീഡ് രോഗികൾക്കു നൽകുന്നത്. ദിവസം രണ്ട് നേരം വച്ച് മൂന്ന് ഗുളികകളാണ് കഴിക്കേണ്ടത്. 1219 പേരിൽ ഇതിനോടകം ഈ മരുന്നിന്റെ പരീക്ഷണം നടത്തികഴിഞ്ഞുവെന്ന് ഫൈസർ അറിയിച്ചു.

അതേസമയം മെർക്ക് ആൻഡ് കോ വികസിപ്പിച്ച മൊൾനുപിറാവീർ എന്ന മരുന്നും കോവിഡിനെതിരെ ഫലപ്രദമാണെന്ന അവകാശവാദവുമായി കഴിഞ്ഞ മാസം രംഗത്തെത്തിയിരുന്നു. ഫൈസറിന്റെ പുതിയ മരുന്ന് മൊൾനുപിറാവീറിനെക്കാളും മികച്ചതായിരിക്കുമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ വിലയിരുത്തൽ. മൊൾനുപിറാവീർ ഉപയോഗിച്ച കൊവിഡ് രോഗികളിൽ 50 ശതമാനം വരെ മരുന്ന് ഫലപ്രദമായിരുന്നുവെന്നാണ് പഠനങ്ങളിൽ തെളിഞ്ഞിരുന്നത്.