‘മരക്കാര്‍ തിയേറ്ററില്‍ കാണാന്‍ ഏറെ ആഗ്രഹിച്ചത് മോഹന്‍ലാല്‍’: പ്രിയദര്‍ശന്‍

മോഹന്‍ലാല്‍ ആണ് മരക്കാര്‍ തിയേറ്ററില്‍ കാണണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ചതെന്ന് സിനിമയുടെ സംവിധായകന്‍ പ്രിയദര്‍ശന്‍. ‘നമ്മള്‍ വളരെ കഷ്ടപ്പെട്ടാണ് ഇത് പൂര്‍ത്തിയാക്കിയത്, നമുക്ക് എല്ലാവര്‍ക്കും കൂടി ഒരുമിച്ച് ഇത് സ്‌ക്രീനില്‍ കാണണം’ എന്ന് മോഹന്‍ലാല്‍ പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനു വേണ്ടി കാശ് മുടക്കിയ ആളുകളെ ചിത്രത്തിനോട് വൈകാരികത ഉണ്ടെന്ന് വെച്ച് വഴിയിലാക്കണമെന്ന് അര്‍ത്ഥമില്ലല്ലോയെന്നും പ്രിയദര്‍ശന്‍ ചോദിച്ചു. ഇനിയും സിനിമ ചെയ്യാന്‍ ഞങ്ങളുടെ വൈകാരികത കൊണ്ട് സാധിച്ചെന്ന് വരും. എന്നാല്‍ , ഒരാളെ റോഡില്‍ അതുകൊണ്ട് ഇറക്കി നിര്‍ത്തണോ. അതാണ് ചോദിക്കുന്നത്. അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കാമോ എന്നാണ് ഇങ്ങനെയൊരു സാഹചര്യം ആയതു കൊണ്ട് ചോദിച്ചത്. നഷ്ടം വന്നാല്‍ ഒന്നും ചെയ്യേണ്ട, നഷ്ടം വന്നില്ലെങ്കില്‍ പത്തു ശതമാനം ആണ് ചോദിച്ചതെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാളം ചിത്രമാണ് ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’. ഇത് ഒടിടി റിലീസ് ആയിരിക്കുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നേരത്തെ അറിയിച്ചിരുന്നു. കൂടാതെ മോഹന്‍ലാലിനെ നായകനാക്കി ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന അഞ്ച് ചിത്രങ്ങളും നേരിട്ട് ഒടിടിയില്‍ റിലീസ് തന്നെ ആയിരിക്കുമെന്നും ആന്റണി ഇന്നലെ അറിയിച്ചു. മരക്കാര്‍ കൂടാതെ ബ്രോ ഡാഡി, ട്വല്‍ത് മാന്‍, എലോണ്‍, പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം എന്നിവയാണ് ഒടിടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്.