Highlights (Page 166)

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനുമായ മുകേഷ് അംബാനി മുംബൈയിൽ നിന്ന് താമസം മാറുന്നതായി റിപ്പോർട്ട്. ലണ്ടനിലേക്കാണ് അംബാനി താമസം മാറുന്നതെന്നാണ് വിവരം. മുംബൈയിലെ ആഡംബര വസതിയായ ആന്റിലിയയിൽ നിന്ന് ബക്കിങ്ഹാംഷെയറിലെ സ്റ്റോക്ക്പാർക്കിൽ ഈയിടെ വാങ്ങിയ ബംഗ്ലാവിലേക്കാണ് അംബാനി താമസം മാറുന്നത്. മുന്നൂറ് ഏക്കർ വിസ്തൃതിയുള്ള ബംഗ്ലാവാണ് സ്റ്റോക് പാർക്കിലെ ബക്കിങ്ഹാം ഷെയറിൽ അംബാനിക്കുള്ളത്.

കഴിഞ്ഞ ഏപ്രിലിലാണ് അംബാനി ഈ ബംഗ്ലാവ് വാങ്ങിയത്. 592 കോടി രൂപയ്ക്കാണ് അദ്ദേഹം ഈ ബംഗ്ലാവ് വാങ്ങിയത്. ബംഗ്ലാവിനുള്ളിൽ 49 കിടപ്പുമുറികളും ഒരു ചെറു ആശുപത്രിയും ഒരു ക്ഷേത്രവുമുണ്ട്. ഇത്തവണ മുകേഷ് അംബാനിയും കുടുംബവും ദീപാവലി ആഘോഷിച്ചത് ലണ്ടനിലെ ഈ വീട്ടിൽ വെച്ചായിരുന്നു. ആഘോഷങ്ങൾക്ക് ശേഷം ഇവർ ലണ്ടനിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തും. വീടിന്റെ പണികൾ മുഴുവനും പൂർത്തിയായി കഴിഞ്ഞ് അടുത്ത വർഷം ഏപ്രിലോടു കൂടി ലണ്ടനിലേക്ക് പോകുമെന്നാണ് ലഭ്യമാകുന്ന വിവരം.

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ അരുണാചല്‍ പ്രദേശില്‍ ചൈന 100 വീടുകള്‍ അടങ്ങുന്ന ഗ്രാമം നിര്‍മിച്ചതായി റിപ്പോര്‍ട്ട്. ചൈന നടത്തുന്ന കടന്നുകയറ്റ ശ്രമങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി അമേരിക്കന്‍ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ വിവരവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. അരുണാചല്‍ പ്രദേശില്‍ ചൈന 101 ഓളം വീടുകളടങ്ങിയ ‘പുതിയ ഗ്രാമം’ നിര്‍മിച്ച വിവരം ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ജനുവരിയില്‍ തന്നെ ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ 4.5 കിലോമീറ്റര്‍ ഉള്ളിലായാണ് ചൈനയുടെ നിര്‍മാണമെന്നാണു സൂചന.

ഇന്ത്യയുമായി സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ നടത്തുന്നതിനിടയിലും ചൈന, അതിര്‍ത്തി മേഖലയില്‍ കടന്നുകയറ്റ നീക്കങ്ങള്‍ സജീവമാക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടിബറ്റന്‍ മേഖലയില്‍ കരുത്തുറപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യം. അപ്പര്‍ സുബാന്‍സിരി ജില്ലയില്‍ സാരി ചു നദീ തീരത്താണ് ചൈന ഗ്രാമമുണ്ടാക്കിയതെന്നാണു സാറ്റലൈറ്റ് ചിത്രങ്ങളില്‍നിന്നു വ്യക്തമാകുന്നത്. 2020ല്‍ ആകാം ചൈന യഥാര്‍ഥ നിയന്ത്രണരേഖയുടെ കിഴക്കു വശത്ത് 100 വീടുകള്‍ നിര്‍മിച്ചതെന്നാണ് യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വര്‍ഷങ്ങളായി ഇന്ത്യയും ചൈനയും അവകാശമുന്നയിക്കുന്ന മേഖലയാണിത്. വര്‍ഷങ്ങളായി ചൈനക്ക് ചെറിയ സൈനിക ഔട്ട്പോസ്റ്റ് ഉണ്ടായിരുന്നെങ്കിലും 2020ലാണ് കടന്നുകയറ്റം രൂക്ഷമായത്.

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും ഇക്കാര്യം തള്ളിക്കളഞ്ഞിട്ടില്ല. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. 2020 നവംബറില്‍ അരുണാചലില്‍ നിന്നുള്ള ബിജെപി എംപി താപിര്‍ ഗാവോ അപ്പര്‍ സുബാന്‍സിരിയിലെ ചൈനീസ് നിര്‍മാണങ്ങളെക്കുറിച്ച് ലോക്സഭയില്‍ ഉന്നയിച്ചിരുന്നു. അതിര്‍ത്തിയിലെ ഇന്ത്യയുടെ നിര്‍മാണങ്ങളും സൈനിക വിന്യാസവുമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ക്കു കാരണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് നേരത്തേ അറിയിച്ചിരുന്നു.

ന്യൂയോർക്ക്: ചൈന സൈനിക ശേഷി വർധിപ്പിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. ഒരു യുദ്ധം മുന്നിൽ കണ്ടെന്നതുപോലെയാണ് ചൈന അതിവേഗം ആവരുടെ ആണവായുധശേഷി വർധിപ്പിക്കുന്നതെന്ന് അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ വ്യക്തമാക്കി. സൈനിക രംഗത്തുള്ള ചൈനയുടെ നീക്കങ്ങൾ അമേരിക്കയെ പോലും അമ്പരപ്പിക്കുന്നുണ്ട്. 2027 ഓടെ ചൈനയ്ക്ക് ഏകദേശം 700 ന്യൂക്ലിയർ വാർ ഹെഡുകൾ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.

2030 ആകുമ്പോഴേക്കും ചൈനയുടെ ആണവായുധ ബോംബുകളുടെ എണ്ണം 1000 ആയി വർധിക്കുമെന്നും പെന്റഗൺ റിപ്പോർട്ടിൽ പറയുന്നുണ്ട്. കര, വ്യോമ, കടൽ ആസ്ഥാനമായുള്ള ന്യൂക്ലിയർ ആയുധങ്ങൾ വിക്ഷേപിക്കാനുള്ള പ്ലാറ്റ്ഫോമുകളും അതിവേഗം ഉയരുകയാണ് ഇതിനോടകം തന്നെ ചൈന ഇപ്പോൾ തന്നെ ഒരു ന്യൂക്ലിയർ ട്രയാഡ് സ്ഥാപിച്ചതായും പെന്റഗൺ വിശദമാക്കുന്നുണ്ട്. കരയിലും കടലിലും വായുവിലും വിക്ഷേപിക്കുന്ന ന്യൂക്ലിയർ ആയുധം ഘടിപ്പിച്ച മിസൈലുകളുടെ കൂട്ടായ്മയെയാണ് ന്യക്ലിയാർ ട്രയാഡ് എന്ന് പറയുന്നത്.

അതിർത്തിപ്രദേശങ്ങളിലും ചൈന സൈനിക ഉപകരണങ്ങൾ വിന്യസിച്ചു കഴിഞ്ഞിരിക്കുന്നുവെന്നും പെന്റഗൺ വ്യക്തമാക്കുന്നു. പടിഞ്ഞാറൻ ഹിമാലയത്തിലെ പ്രാന്തപ്രദേശങ്ങളിൽ പോലും ഫൈബർ ഓപ്റ്റിക് ശൃംഖല ചൈന ഉയർത്തിക്കഴിഞ്ഞു. വാർത്താവിനിമയം വേഗത്തിലും ഫലപ്രദമായും നടത്താനുള്ള പ്രാപ്തി കൈവരിക്കാനാണിത്. ചൈനയുടെ ആണവശക്തികളെ നിയന്ത്രിക്കുന്ന 802 ലോഞ്ച് ബ്രിഗേഡാണ്. സൗത്ത് ചൈനയിലെ കുൻമിങാണ് ഈ ബ്രിഗേഡിന്റെ ആസ്ഥാനം. ഇന്ത്യയുടെ പ്രധാന നഗരങ്ങളിൽ നിന്നും വെറും 1000 കിലോമീറ്റർ മാത്രം അകലെയാണ് കുൻമിങ് സ്ഥിതി ചെയ്യുന്നത്.

കൊച്ചി: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം അപകടകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പീറ്റർ മാലിപ്പറമ്പിലാണ് ഹർജി സമർപ്പിച്ചത്. നാളെ താൻ അദ്ധ്വാനിച്ച് നേടിയ നോട്ടിൽ നിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് പറയും പോലെയാണിതെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് എൻ. നാഗേഷാമ് ഹർജി പരിഗണിച്ചത്.

അതേസമയം ഹർജി ന്യായമാണെന്നായിരുന്നു പീറ്റർ മാലിപ്പറമ്പിന് വേണ്ടി ഹാജരായ അഡ്വ. അജിത് ജോയിയുടെ വാദം. റിസർവ് ബാങ്ക് നിയമങ്ങളനുസരിച്ചാണ് ഗാന്ധിയുടെ ചിത്രം നോട്ടിൽ പതിപ്പിച്ചത്. എന്നാൽ യാതൊരു നിയമ പരിരക്ഷയുമില്ലാതെയാണ് കോവിഡ് സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയതെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ വിശദമാക്കി.

ഒരാൾ സ്വകാര്യമായി ആശുപത്രിയിൽ നിന്നെടുക്കുന്ന സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ എന്തിനെന്നും ഫോട്ടോ ഒഴിവാക്കണമെന്നുമാണ് ഹർജിയിൽ വ്യക്തമാക്കിയിരുന്നത്. കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാർ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ വാദം നവംബർ 23 ലേക്ക് മാറ്റിവെച്ചു.

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിന് പിന്നാലെ എലിപ്പനിയും. സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണം വർധിക്കുകയാണ്. മാലിന്യ നിർമാർജനത്തിലെ പോരായ്മകളാണ് രോഗവ്യാപനം വർധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ദിവസം 14 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 1195 പേർക്കാണ് ഈ വർഷം ഇതുവരെ പരിശോധനയിൽ എലിപ്പനി സ്ഥിരീകരിച്ചത്. 45 പേരാണ് ഈ വർഷം എലിപ്പനി ബാധിച്ച് മരിച്ചത്. എലിപ്പനി രോഗ ലക്ഷണങ്ങളോടെ ചികിൽസ തേടിയവരുടെ എണ്ണവും വർധിക്കുകയാണ്. ഇന്നലെ വരെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മാത്രം 1795 പേരാണ് രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. രോഗ ലക്ഷണങ്ങളോടെ 160 പേര് മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് മഴ ശക്തിപ്പെട്ടതോടെ മാലിന്യങ്ങൾ പലസ്ഥലത്തും ചിഞ്ഞളിയാൻ തുടങ്ങിയിരിക്കുകയാണ്. എലികൾ, കന്നുകാലികൾ, പട്ടി, പൂച്ച എന്നിവയുടെ മൂത്രം വഴി കെട്ടിക്കിടക്കുകയോ ഒലിച്ചിറങ്ങുകയോ ചെയ്യുന്ന വെള്ളത്തിലൂടെ മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് എലിപ്പനി. ശരീരത്തിലെ മിറിവുകളിലൂടേയോ അധിക സമയം വെള്ളത്തിൽ നിൽക്കുന്നത് വഴിയോ അണുക്കൾ ശരീരത്തിൽ പ്രവേശിക്കാം. ശക്തമായ പനി, തലവേദന, പേശികൾക്ക് വേദന, കണ്ണുകൾക്ക് ചുവപ്പുനിറം, ഛർദി എന്നിവയാണ് ലക്ഷണങ്ങൾ. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് തുടക്കത്തിൽ തന്നെ ചികിത്സ നടത്തിയാൽ മരണത്തിൽ നിന്നും രക്ഷപ്പെടാം. യഥാസമയം ചികിത്സ നടത്തിയില്ലെങ്കിൽ ശ്വാസകോശം, കരൾ, വൃക്കകൾ, ഹൃദയം തുടങ്ങിയ അവയവങ്ങളെ രോഗം ബാധിക്കും. മലിന ജലവുമായി സമ്പർക്കം ഉണ്ടായാൽ മൂന്ന് മുതൽ ആറ് ആഴ്ച വരെ കൃത്യമായ അളവിൽ ഡോക്‌സി സൈക്ലിൻ ഗുളിക കഴിക്കണം. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉൾപ്പെടെ ഇക്കാര്യത്തിൽ കൃത്യമായ നിർദേശം നൽകിയിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ശ്രീനഗർ: കാശ്മീരികളോട് അനുഭാവം പ്രകടിപ്പിക്കുന്നു എന്ന കപട നാടകം ഒഴിവാക്കി പാകിസ്താൻ. ശ്രീനഗർ എയർപോർട്ടിൽ നിന്നും ഷാർജയിലേക്ക് പറക്കുന്ന വിമാനങ്ങൾ തങ്ങളുടെ ആകാശപാത ഉപയോഗിക്കരുതെന്ന് പാകിസ്താൻ വ്യക്തമാക്കി. ഇതുസംബന്ധിച്ച നിർദ്ദേശം പാകിസ്താൻ പുറപ്പെടുവിച്ചു കഴിഞ്ഞു. അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനമായിട്ടാണ് പാക് നടപടിയെ ഇന്ത്യ വിലയിരുത്തുന്നത്.

പാക് വ്യോമ പാത ഒഴിവാക്കുന്നതോടെ കാശ്മീരികൾക്ക് ഗൾഫ് രാജ്യങ്ങളിലെത്തണമെങ്കിൽ ഇനി ഉദയ്പൂർ, അഹമ്മദാബാദ് വഴി ഒമാനിലേക്ക് എത്തേണ്ടി വരും. ഇത് യാത്രയുടെ ദൈർഘ്യം ഒന്നരമണിക്കൂറോളം വർദ്ധിപ്പിക്കും. യാത്രാ ചെലവ് കുത്തനെ ഉയരാനും ഇതു കാരണമാകും.

ശ്രീനഗറിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാരിൽ ഭൂരിഭാഗവും കശ്മീരികളാണ്. പാക് ഭാഗത്ത് നിന്നുള്ള ഈ പ്രകോപനം വിദേശ കാര്യമന്ത്രാലത്തെയും അറിയിച്ചിച്ചുണ്ട്.

ന്യൂഡൽഹി: കോടതികളിൽ കേസുകൾ പരിഹരിക്കുന്നതിലെ അമിതമായ കാലതാമസം ഒഴിവാക്കാനുള്ള മാർഗങ്ങൾ കണ്ടെത്തണമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. യഥാസമയം നീതി ലഭ്യമാക്കുക എന്നത് നിർണായകമായണെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരന് താങ്ങാനാവുന്ന ചെലവിൽ നീതി പ്രാപ്യമാക്കാൻ സാധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദാമോദരം സഞ്ജീവയ്യ നിയമ സർവകലാശാല സംഘടിപ്പിച്ച ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.

നീതിന്യായ വ്യവസ്ഥയുടെ പ്രയോജനം ലഭ്യമാക്കുന്നതിന് നിയമനടപടികളുടെ ചെലവ് സാധാരണക്കാരന് തടസ്സമാകരുത്. ജനങ്ങൾക്ക് വേഗത്തിലുള്ള നീതി ഉറപ്പാക്കാൻ വിവരസാങ്കേതിക വിദ്യ ഉപയോഗിക്കണം. ജുഡീഷ്യൽ ഒഴിവുകൾ നികത്തുന്നതിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലായിരിക്കണം സർക്കാരുകളുടെ ശ്രദ്ധയെന്നും അദ്ദേഹം അഭ്രിപ്രായപ്പെട്ടു.

ഇന്ത്യയോട് ശത്രുതയുള്ള ശക്തികൾ മതത്തിന്റെയോ പ്രദേശത്തിന്റെയോ ഭാഷയുടെയോ മറ്റ് വിഷയങ്ങളുടെയോ പേരിൽ ഭിന്നിപ്പുണ്ടാക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു. ദാരിദ്ര്യം, ലിംഗവിവേചനം, നിരക്ഷരത, ജാതീയത, അഴിമതി എന്നിവ നിർമ്മാർജ്ജനം ചെയ്യാൻ സ്വാതന്ത്ര്യ സമരത്തിന്റെ മാതൃകയിൽ ഒരു വലിയ ദേശീയ പ്രസ്ഥാനത്തിന്റെ സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെയ്ജിങ്: ആവശ്യസാധനങ്ങൾ സംഭരിക്കാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകി ചൈനീസ് സർക്കാർ. ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. അവശ്യവസ്തുക്കളുടെ വിതരണം ഉറപ്പുവരുത്തണമെന്ന് അധികൃതർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

സർക്കാരിന്റെ വാണിജ്യവകുപ്പിന്റെ വെബ്സൈറ്റിൽ ഇതുസംബന്ധിച്ച നോട്ടീസും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിത്യജീവിതത്തിനും അടിയന്തര ആവശ്യങ്ങൾക്കും ഉപയോഗിക്കാനുള്ള അവശ്യവസ്തുക്കൾ ശേഖരിച്ചുവെയ്ക്കണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. അതേസമയം ഭക്ഷ്യ പ്രതിസന്ധിയെ കുറിച്ചോ കോവിഡ് വ്യാപനത്തെ കുറിച്ചോ നോട്ടീസിൽ സൂചിപ്പിച്ചിട്ടില്ല.

വീണ്ടും കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണെങ്കിൽ അവശ്യവസ്തുക്കൾക്ക് ക്ഷാമം അനുഭവപ്പെടാതിരിക്കാനാണ് സർക്കാർ പുതിയ നിർദ്ദേശം പുറപ്പെടുവിച്ചത്. കാർഷിക ഉത്പ്പാദനം സുഗമമാക്കുന്നതിനും വിതരണ ശൃംഖല സുഗമമായി നിലനിർത്തുന്നതിനും പ്രാദേശിക ഭക്ഷ്യ ശേഖരവും വിലസ്ഥിരതയും ഉറപ്പുവരുത്തുന്നതിനും ബന്ധപ്പെട്ടവർ നടപടികൾ കൈക്കൊള്ളണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

എന്നാൽ കോവിഡിന് പുറമേ കടുത്ത വേനലും വെള്ളപ്പൊക്കവും കഴിഞ്ഞ രണ്ട് വർഷമായി ചൈനയെ ബാധിച്ചിട്ടുണ്ട്,. കാർഷിക മേഖലയെ ഇത് പ്രതികൂലമായി ബാധിക്കുകയും ബാധിക്കുകയും അവശ്യസാധനവില കുതിച്ചുയരുന്നതിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം ഇത്തരം പ്രശ്നങ്ങളെ രൂക്ഷമായി ബാധിക്കുമെന്നിരിക്കെ ഇതിനെ നേരിടാനാവാം സർക്കാരിന്റെ നീക്കമെന്നും വിവരമുണ്ട്.

തിരുവനന്തപുരം: മണ്ണെണ്ണയ്ക്ക് വില കുത്തനെ ഉയർന്നു. മണ്ണെണ്ണയ്ക്ക് ലിറ്ററിന് എട്ട് രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഒരു ലിറ്ററിന് 47 രൂപയായിരുന്നത് 55 രൂപയായി വർധിച്ചു. മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയും കൂട്ടി. ചരിത്രത്തിലെ ഏറ്റവും വലിയ വില വർധനയാണ് മണ്ണെണ്ണയ്ക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.

മണ്ണെണ്ണയുടെ അടിസ്ഥാന വില 45 രൂപയാണ്. ഇതിനൊപ്പം ഡീലർ കമ്മീഷൻ ട്രാൻസ്പോർട്ടേഷൻ നിരക്ക്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജിഎസ്ടി നികുതി രണ്ടരശതമാനം വീതം തുടങ്ങിയവ അടങ്ങുന്ന ഹോൾസെയിൽ നിരക്കാണ് 51 രൂപ. ഇത് ജനങ്ങളിലേക്ക് എത്തുമ്പോൾ 55 രൂപയാകും. മുൻഗണനാ മുൻഗണനേതര തുടങ്ങി എല്ലാ വിഭാഗക്കാർക്കും പുതിയ വിലയായിരിക്കും ഇനി മുതൽ നൽകേണ്ടി വരുക.

അതേസമയം പെട്രോളിനും വില വർധിച്ചു. പെട്രോളിന് 37 പൈസയാണ് ഇന്ന് വർധിച്ചത്. സെപ്റ്റംബർ 24 ന് ശേഷം സംസ്ഥാനത്ത് പെട്രോളിന് 8.86 രൂപയും ഡീസലിന് 10.33 രൂപയും വർധിച്ചു. ഇക്കാലയളവിൽ പെട്രോളിന് 27 തവണയും ഡീസലിന് 29 തവണയും വില വർധനവ് രേഖപ്പെടുത്തി.

ന്യൂഡല്‍ഹി: ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കൊവാക്സിന് ഓസ്ട്രേലിയ അംഗീകാരം നല്‍കി. കര്‍ശന യാത്രാവിലക്കുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കൊവാക്‌സിന് അനുമതി നല്‍കിയത്. രാജ്യാന്തര യാത്രാ നിയന്ത്രണങ്ങളില്‍ ബുദ്ധിമുട്ടിയിരുന്ന ഓസ്ട്രേലിയക്കാര്‍ക്ക് ഇനി പെര്‍മിറ്റില്ലാതെ യാത്ര ചെയ്യാം. അതേസമയം, രാജ്യത്ത് എത്തുമ്പോള്‍ ഇനി മുതല്‍ ക്വാറന്റൈന്‍ പാലിക്കേണ്ട ആവശ്യവുമില്ല.

കൊവാക്സിന്‍ സ്വീകരിച്ച 12 വയസിന് മുകളില്‍ പ്രായമായവരെയും, ചൈനയുടെ സിനോഫോം വാക്സിന്‍ സ്വീകരിച്ച 18നും 60നും ഇടയില്‍ പ്രായമായവരെയും ഓസ്ട്രേലിയയില്‍ കടക്കുന്നതിനായി സമ്പൂര്‍ണ വാക്സിന്‍ സ്വീകരിച്ചവരായി കണക്കാക്കും. ഇവരെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.

അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കും വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഓസ്‌ട്രേലിയയിലേയ്ക്ക് തിരിച്ചെത്തുന്നതിനും ഈ അംഗീകാരം വഴിയൊരുക്കും. ഈ പ്രഖ്യാപനത്തോടെ ഇന്ത്യ നിര്‍മ്മിച്ച കൊവിഷീല്‍ഡ്, കൊവാക്സിന്‍ എന്നിവക്ക് അംഗീകാരം നല്‍കുന്ന ആദ്യത്തെ പ്രധാന സമ്പദ്വ്യവസ്ഥയായി ഓസ്ട്രേലിയ മാറി. എന്നാല്‍, വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് യാത്രാ നിയന്ത്രണങ്ങള്‍ തുടരും.