ന്യൂഡൽഹി: രാജ്യത്ത് 116.58 കോടിയിലധികം ഡോസ് വാക്സിനുകൾ വിതരണം ചെയ്തായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി പതിനഞ്ചര കോടിയിലധികം ഡോസ് വാക്സിനുകൾ ബാക്കിയുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടുതൽ വാക്സിൻ ഡോസുകൾ ലഭ്യമാക്കിയത് വാക്സിൻ വിതരണം കാര്യക്ഷമമാക്കിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
വാക്സിന്റെ ലഭ്യത മുൻകൂട്ടി അറിഞ്ഞത് കൃത്യമായ പദ്ധതികൾ രൂപപ്പെടുത്താനും വിതരണം കാര്യക്ഷമതയോടെ നടത്താനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അവസരമൊരുക്കിയെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. രാജ്യത്ത് വാക്സിൻ വിതരണം വൻ തോതിൽ കുറയുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ആഴ്ച രണ്ട് കോടി നാൽപ്പത്തിമൂന്ന് ലക്ഷം ഡോസ് മാത്രമാണ് വിതരണം ചെയതതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്ത് 74 കോടി പേർക്ക് ആദ്യ ഡോസ് നൽകിയിപ്പോൾ രണ്ട് ഡോസും നൽകാനായത് 34 കോടി പേർക്കാണ്. ഉത്സവ കാലമായതിനാലാണ് രാജ്യത്ത് വാക്സിനേഷൻ കുറഞ്ഞതെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം.
വാക്സിൻ വിതരണം ഊർജ്ജിതപ്പെടുത്താൻ വീടുകളിൽ വാക്സിനെത്തിക്കുന്ന പരിപാടികൾക്കടക്കം സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. നവംബർ അവസാനത്തോടെ രാജ്യത്ത് യോഗ്യരായ എല്ലാവർക്കും വാക്സിൻ നൽകാനാകണമെന്ന് സംസ്ഥാനങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

