തട്ടിപ്പില്‍ വീഴല്ലേ…ഈ ആപ്പുകള്‍ നിങ്ങളുടെ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്യൂ

ആപ്പ് സ്റ്റോറുകളില്‍ ഭൂരിഭാഗം ആപ്ലിക്കേഷനുകളും നമ്മുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ട്. ആദ്യം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നാം സകല പെര്‍മിഷനുകളും നല്‍കുന്നു. ഇത്തരത്തില്‍ ക്യാമറകളുടെയും ഫോട്ടോ ഗാലറിയുടെയുമൊക്കെ ആക്‌സസ് കിട്ടുന്ന തട്ടിപ്പ് സംഘങ്ങള്‍ ഈ വിവരങ്ങളൊക്കെ ചോര്‍ത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. നമ്മുടെ ഫോണില്‍ നല്‍കുന്ന പെര്‍മിഷനുകളോ യൂസര്‍ എഗ്രിമെന്റ്‌സോ നാം വായിച്ച് നോക്കാറ് പോലും ഇല്ല. തട്ടിപ്പ് ആപ്പുകള്‍ പോലും പലപ്പോഴും ഇത്തരം പെര്‍മിഷനുകള്‍ സ്വന്തമാക്കിയ ശേഷമാണ് നമ്മുടെ ഡാറ്റ മോഷ്ടിക്കുക.

ഇത്തരത്തില്‍ നമ്മുടെ ഫോണിലെ ഡാറ്റ മോഷ്ടിക്കുന്ന 151 ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ആന്റിവൈറസ് നിര്‍മാതാക്കളായ അവാസ്റ്റ്. അടുത്തിടെ പുറത്തായ പ്രീമിയം എസ്എംഎസ് തട്ടിപ്പില്‍ ഈ ആപ്പുകള്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാജ ആപ്പുകള്‍ ഉപയോഗിച്ച് പ്രീമിയം എസ്എംഎസ് സര്‍വീസുകളിലേക്ക് ആളുകളെ ചേര്‍ത്ത തട്ടിപ്പാണ് ഇത്. അറിയപ്പെടുന്നത് ‘അള്‍ട്ടിമാഎസ്എംഎസ്’ സ്‌കാം എന്നാണ്. കീബോര്‍ഡുകള്‍, ക്യുആര്‍ കോഡ് സ്‌കാനറുകള്‍, വീഡിയോ, ഫോട്ടോ എഡിറ്റിങ് പ്രോഗ്രാമുകള്‍, കോള്‍ ബ്ലോക്കുകള്‍, ഗെയിമുകള്‍ എന്നിങ്ങനെ പലതരം ആപ്പുകളായാണ് ഇവ ആപ്പ് സ്റ്റോറുകളില്‍ എത്തിയത്.

ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട് കഴിഞ്ഞാല്‍ ആദ്യം തന്നെ സ്മാര്‍ട്ട്‌ഫോണ്‍ ലൊക്കേഷന്‍, ഐഎംഇഐ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ കൈക്കലാക്കി പ്രദേശവും അവിടുത്തെ ഭാഷയും മനസിലാക്കുന്നു. യൂസര്‍ അറിയാതെ പ്രോംപ്റ്റുകള്‍ ഉപയോഗിച്ചും ഫോണ്‍ നമ്പരുകളും ഇമെയില്‍ ഐഡിയും കരസ്ഥമാക്കും. ഈ വിവരങ്ങള്‍ ഉപയോഗിച്ച് പ്രീമിയം എസ്എംഎസ് സര്‍വീസുകളില്‍ രഹസ്യമായി സൈന്‍ അപ്പ് ചെയ്യും. ഇങ്ങനെ സര്‍വീസുകളില്‍ സൈന്‍ അപ്പ് ചെയ്ത ശേഷം പ്രവര്‍ത്തനം നിര്‍ത്തുകയാണ് തട്ടിപ്പ് ആപ്പുകളുടെ രീതി. അല്ലെങ്കില്‍ സബ്‌സ്‌ക്രിപ്ഷന്‍ ഇതര മാര്‍ഗങ്ങള്‍ വാഗ്ദാനം ചെയ്യുകയോ ചെയ്യും. തട്ടിപ്പ് മനസിലാക്കി ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്താലും രക്ഷയില്ല. എസ്എംഎസ് സര്‍വീസില്‍ ജോയിന്‍ ചെയ്തതിനുള്ള ഫീ ഈടാക്കും എന്നതാണ് പ്രധാന പ്രശ്‌നം.

തട്ടിപ്പിന്റെ ഭാഗമായ എല്ലാ ആപ്പുകളുടെയും ഒരു ലിസ്റ്റ് അവാസ്റ്റ് പുറത്ത് വിട്ടിട്ടുണ്ട്. പ്ലേസ്റ്റോറില്‍ നിന്ന് ദശലക്ഷക്കണക്കിന് ആളുകള്‍ ഈ ആപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ ഉടന്‍ തന്നെ അവ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ഒപ്പം നിങ്ങളുടെ ബാങ്ക്/ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടുകള്‍ പരിശോധിക്കുകയും വേണം. ഏതെങ്കിലും തരത്തില്‍ സംശയകരമായ ട്രാന്‍സാക്ഷനുകള്‍ നടന്നിട്ടുണ്ടോയെന്ന് നോക്കേണ്ടതാണ്.