Highlights (Page 164)

കൊച്ചിയില്‍ മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേര്‍ കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. നിര്‍ണായക വെളിപ്പെടുത്തലുമായി ഡ്രൈവര്‍ രംഗത്ത്. ഒരു ഓഡി കാറിനെ ചേസ് ചെയ്തത് കൊണ്ടാണ് അപകടം ഉണ്ടായതെന്നാണ് മാള സ്വദേശിയായ ഡ്രൈവര്‍ അബ്ദുള്‍ റഹ്മാന്‌റെ മൊഴി.

മോഡലുകളും സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ ഒരു ഓഡി കാര്‍ ചേസ് ചെയ്യുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് അബ്ദുള്‍ റഹ്മാന്റെ വെളിപ്പെടുത്തല്‍. അപകട ശേഷം നിമിഷങ്ങള്‍ക്കുള്ളില്‍ കാര്‍ ഇടപ്പള്ളിയില്‍ നിന്ന് തിരികെ അപകസസ്ഥലത്തെത്തിയെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഓഡി കാറില്‍ നിന്ന് മരിച്ചവരുടെ സുഹൃത്തായ സൈജോ എന്നയാള്‍ ഇറങ്ങുന്ന ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. മത്സരയോട്ടം നടന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഒക്ടോബര്‍ 31 ന് രാത്രി നടന്ന പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് 2019ലെ മിസ് കേരളയായിരുന്ന അന്‍സി കബീറും മിസ് കേരള ഒന്നാം റണ്ണര്‍ അപ്പായിരുന്ന ഡോ. അഞ്ജന ഷാജനും അപകടത്തില്‍ പെടുന്നത്. വൈറ്റില ബൈപ്പാസ് റോഡില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് ഇടിച്ചിറങ്ങിയ നിലയിലായിരുന്നു വാഹനം. ഇരുവരും സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടിരുന്നു. രാത്രി വൈകിയും മദ്യം വിറ്റെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടി നടന്ന ഹോട്ടല്‍ എക്‌സൈസ് അധികൃതര്‍ പൂട്ടിക്കുകയും ചെയ്തിരുന്നു.

ന്യൂഡൽഹി: പുതിയ പബ്ജി ഗെയിം ഇന്ത്യയിൽ അവതരിപ്പിച്ചു. ചൈനീസ് ബന്ധം ഒഴിവാക്കിയാണ് രാജ്യത്ത് പുതിയ പബ്ജി ഗെയിം അവതരിപ്പിച്ചത്. പബ്ജി ന്യൂ സ്റ്റേറ്റ് എന്നാണ് പുതിയ ഗെയിമിന്റെ പേര്. ധക്ഷിണ കൊറിയൻ വിഡിയോ ഗെയിം ഡെവലപ്പറും പബ്ജിയുടെ നിർമാതാക്കളുമായ ക്രാഫ്റ്റനാണ് ഗെയിം ആഗോളതലത്തിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും പുതിയ ഗെയിം ഡൗൺലോഡ് ചെയ്യാം. നവംബർ 12 മുതൽ ആപ്പിൾ പ്ലേ സ്റ്റോറിൽ ഗെയിം ലഭ്യമാകും.

2020 സെപ്റ്റംബറിലാണ് ചൈനീസ് കമ്പനിയായ ടെൻസറിന്റെ കീഴിലുള്ള പബ്ജി മൊബൈൽ ഗെയിമിന് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയത്. പിന്നീടാണ് ഇന്ത്യൻ വിപണിക്ക് അനുയോജ്യമായ രീതിയിൽ മാറ്റം വരുത്തി ചൈനീസ് ബന്ധം ഉപേക്ഷിച്ചുകൊണ്ട് ക്രാഫ്റ്റൺ ബാറ്റിൽഗ്രൗണ്ട് മൊബൈൽ ഇന്ത്യ (ബി.ജി.എം.ഐ) എന്ന പേരിൽ മറ്റൊരു ഗെയിം അവതരിപ്പിച്ചത്. ബി.ജി.എം.ഐയുടെ വികസനത്തിനായി ചൈന ആസ്ഥാനമായ ടെൻസന്റുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി ക്രാഫ്റ്റൺ വ്യക്തമാക്കിയിരുന്നു.

ഏകദേശം 1.4 ജി.ബിയാണ് ഗൂഗിൾ പ്ലേ സ്റ്റോറിലെ പബ്ജി ന്യൂ സ്റ്റേറ്റിന്റെ സൈസ്. വിവിധ ഫോണുകളിൽ വ്യത്യസ്ത സൈസുകളിലായിരിക്കും ഗെയിം ലഭ്യമാകുക. ആൻഡ്രോയ്ഡ് വേർഷൻ 6 അല്ലെങ്കിൽ അതിന് മുകളിലുള്ള ഫോണുകളിൽ ഗെയിം സൗജന്യമായി ഡൗൺലോഡ് ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി.

ന്യൂഡല്‍ഹി: ഇന്ത്യയുടെ തദ്ദേശീയ വാക്‌സിനായ കൊവാക്‌സിന്‍ ലക്ഷണങ്ങളോടു കൂടിയ കൊവിഡിനെതിരെ 77.8 ശതമാനം ഫലപ്രദമെന്ന് പഠന റിപ്പോര്‍ട്ട്. മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റിലാണ് ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് സുരക്ഷയുടെ കര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല.
കൊവാക്സിന്‍ സ്വീകരിക്കുന്നരുടെ ശരീരത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ശക്തമായ ആന്റി ബോഡി രൂപപ്പെടുന്നു. നിര്‍ജീവമാക്കിയ വൈറസ് ഉപയോഗിച്ചുളള സാങ്കേതികതയാണ് കൊവാക്‌സിനില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. നവംബര്‍ 2020- മെയ് 2021 കാലയളവിനുള്ളില്‍ 18-97 വയസ്സ് പ്രായമുള്ള കാല്‍ ലക്ഷത്തോളം ആളുകളില്‍ കൊവാക്‌സിന്‍ പരീക്ഷിച്ചിട്ടുണ്ട്. വാക്‌സിന്‍ ഉപയോഗിച്ചതിലൂടെയുള്ള മരണമോ പ്രതികൂല ഫലങ്ങളോ ഇവരില്‍ ആര്‍ക്കും തന്നെ ഉണ്ടായിട്ടില്ലെന്നും പഠനം വ്യക്തമാക്കുന്നു.

കഴിഞ്ഞയാഴ്ചയാണ് കൊവാക്‌സിന് ലോകാരോഗ്യസംഘടന അനുമതി നല്‍കിയത്. ഇതിനു പിന്നാലെ യുഎസ്, സ്വിറ്റ്സര്‍ലാന്‍ഡ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളും കൊവാക്സിന്‍ സ്വീകരിക്കുന്ന യാത്രക്കാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം, വാക്‌സിന്റെ ഫലപ്രാപ്തിയും അംഗീകാരവും സംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ പുതിയ പഠനം സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാംഘട്ട പരിശോധനയില്‍ ചില കൊവിഡ് വകഭേദങ്ങള്‍ക്കെതിരെ ഫൈസര്‍ വാക്‌സിനെയും ആസ്ട്രാ സെനക വാക്‌സിനെയും അപേക്ഷിച്ച് കൂടുതല്‍ ഫലപ്രദമാണെന്നും പഠനം തെളിയിക്കുന്നു.

മലപ്പുറം: ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ക്രൈസ്തവ ന്യൂനപക്ഷത്തിന് നൽകിയ നടപടിയിൽ പ്രതികരണവുമായി കെടി ജലീൽ എംഎൽഎ. തീരുമാനത്തിൽ ഒരു തെറ്റുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 26% മുസ്ലിങ്ങളാണെങ്കിൽ 18% ക്രൈസ്തവരാണ്. ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സ്ഥാനം മുസ്ലിം സമുദായത്തിന് നൽകുമ്പോൾ രണ്ടാമത്തെ ബോഡിയായ ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷന്റെ ചെയർമാൻ സ്ഥാനം ക്രൈസ്തവ സമുദായത്തിന് അനുവദിക്കുന്നത് അനീതിയല്ലെന്നും മറിച്ച് നീതിയാണെന്നും അദ്ദേഹം പറഞ്ഞു. എന്നെങ്കിലുമൊരു കാലത്ത് യു ഡി എഫ് കേരളത്തിൽ അധികാരത്തിൽ വന്നാലും രണ്ടിലൊന്ന് ക്രൈസ്തവ ന്യൂനപക്ഷത്തിന് നൽകേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലിം സമുദായംഗങ്ങളായിരുന്നു ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ പദവി ഇതുവരെ വഹിച്ചിരുന്നത. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് ഐഎൻഎല്ലിലെ എ പി അബ്ദുൾ വഹാബായിരുന്നു ചെയർമാൻ. ഈ പദവി കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് നൽകുന്നതിൽ പ്രതിഷേധവുമായി ഐഎൻഎൽ രംഗത്തെത്തിയിരുന്നു. അതസമയം പരസ്യമായ തർക്കത്തിനില്ലെന്നായിരുന്നു ഐഎൻഎല്ലിന്റെ നിലപാട്. ന്യൂനപക്ഷ കോർപ്പറേഷൻ മാണി ഗ്രൂപ്പിന് നൽകുന്നതിൽ മുസ്ലിം സംഘടനകളും സിപിഎമ്മിനോട് വിയോജിപ്പ് അറിയിച്ചിരുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനാണ് ന്യൂനപക്ഷ സാമ്പത്തിക സഹായങ്ങൾ മിക്കതും വിതരണം ചെയ്യുന്നത്.

കേരള ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്ത് മുഹമ്മദ് ഇക്ബാലിനെ നിയമിക്കാനാണ് കേരളാ കോൺഗ്രസ് എമ്മിൽ തീരുമാനിച്ചിക്കുന്നത്. വിവാദങ്ങളിൽ നിന്നും രക്ഷ നേടുക എന്ന ഉദ്ദേശത്തോടെയാണ് കേരളാ കോൺഗ്രസ് എമ്മിന്റെ നീക്കം. നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റ്യാടിയിൽ സ്ഥാനാർത്ഥിയായി പരിഗണിച്ച ശേഷം സിപിഎമ്മിന്റെ എതിർപ്പ് കാരണം പിൻവാങ്ങിയ വ്യക്തിയാണ് മുഹമ്മദ് ഇക്ബാൽ.

തിരുവനന്തപുരം: മോഹൻലാൽ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം മരയ്ക്കാർ തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യും. ഡിസംബർ 2 നാണ് ചിത്രത്തിന്റെ റിലീസ്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്. തിയേറ്റർ ഉടമകളിൽ നിന്നും മിനിമം ഗ്യാരണ്ടി വേണമെന്ന ഉപാധി നിർമാതാവ് ആന്റണി പെരുമ്പാവൂർ വേണ്ടെന്നു വച്ചെന്നും ഉപാധികളില്ലാതെയാകും ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. ആന്റണി് പെരുമ്പാവൂരിന് മന്ത്രി നന്ദി അറിയിക്കുകയും ചെയ്തു.

സിനിമാരംഗത്തെ എല്ലാ സംഘടനകളേയും ഒരുമിച്ച് നിർത്തി നടത്തിയ ചർച്ചകൾക്കൊടുവിലാണ് മരയ്ക്കാർ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചത്. തിയേറ്ററിലെ സീറ്റിങ് കപ്പാസിറ്റി വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും. ദീലിപിന്റെ ചിത്രം ഉൾപ്പെടെ പ്രധാന സിനിമകളെല്ലാം തിയറ്ററിലേക്ക് എത്തും. ഒടിടിയിലേക്ക് സിനിമകൾ പോകരുതെന്നും ചിത്രങ്ങൾ തിയറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്നാണ് സർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

സിനിമകൾ തിയേറ്ററുകളിൽ തന്നെ സിനിമ റിലീസ് ചെയ്യാമെന്ന് നിർമ്മാതാക്കളെല്ലാം അറിയിച്ചിട്ടുണ്ടെന്നും സജി ചെറിയാൻ വിശദമാക്കി. ഡിസംബർ 31 വരെ സിനിമകളുടെ വിനോദനികുതി ഒഴിവാക്കാൻ മുഖ്യമന്ത്രി ഇന്ന് നടത്തിയ ചർച്ചയിൽ തീരുമാനിച്ചതായും അദ്ദേഹം വിശദീകരിച്ചു.

ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടത്തെ ചൈന സ്വാധീനിക്കാൻ തുടങ്ങിയതോടെ ഉറക്കം നഷ്ടപ്പെട്ട് അമേരിക്കയും റഷ്യയും. അഫ്ഗാനിൽ താലിബാൻ പിടിമിറുക്കിയതോടെ എല്ലാ നയതന്ത്രങ്ങളിലും പരാജയപ്പെട്ടിരിക്കുകയാണ് അമേരിക്കയും റഷ്യയും. നിലവിൽ ഇന്ത്യയ്ക്ക് പിന്നാലെയാണ് ഇരു രാജ്യങ്ങളും. ഇന്ത്യയുമായി സജീവ ചർച്ചകൾ റഷ്യയും ചൈനയും പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം ഡൽഹി അഫ്ഗാൻ സംഭാഷണത്തിന് റഷ്യ മുൻകൈ എടുത്തതിന് പിന്നിൽ ചൈനയുടെ മുന്നേറ്റത്തിലുള്ള അസ്വസ്ഥതയാണെന്നാണ് പ്രതിരോധ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

സിൻജിയാംഗ് മേഖലയിലേക്ക് താലിബാൻ ഭീകരർ കടക്കാതിരിക്കുക എന്ന ഏക ലക്ഷ്യമാണ് ചൈനയ്ക്കുള്ളത്. അതിനുള്ള ഏകമാർഗ്ഗമായി ചൈന കാണുന്നത് ഉയിഗുറുകളെ സഹായിക്കുന്ന ഇസ്ലാമിക ഭീകരരെ ഒതുക്കുക എന്നതാണ്. അഫ്ഗാനെ ശക്തമായ സൈനിക വാണിജ്യ കേന്ദ്രമാക്കിമാറ്റാനുള്ള ദീർഘകാലപദ്ധതിയും ചൈനയുടെ മനസിലുണ്ട്. ഇന്ത്യയെ വളയുന്ന വിധം എക്കാലത്തേക്കും ഫലപ്രദമായ സൈനിക താവളം എന്നതാണ് ചൈനയുടെ മനസിലുള്ള മറ്റൊരു ലക്ഷ്യം.

തങ്ങളുടെ അയൽരാജ്യങ്ങളിലേക്ക് താലിബാൻ ഭീകരരെ വ്യാപിപ്പിക്കാനുള്ള കുതന്ത്രം ചൈന നടപ്പിലാക്കുമെന്നാണ് റഷ്യയുടെ ആശങ്ക. മുൻ സോവിയറ്റ് രാജ്യങ്ങൾ അതിർത്തി പങ്കിടുന്ന അഫ്ഗാൻ മേഖലകളിൽ ഭീകരതയുടെ അടിവേരറുക്കുകയാണ് റഷ്യയുടെ ലക്ഷ്യം. അഫ്ഗാനിൽ ഇരുപത് വർഷം നിലയുറപ്പിച്ചിട്ടും ഭരണകൂടത്തെ ശക്തമാക്കാൻ കഴിയാതിരുന്നതാണ് അമേരിക്കയുടെ പരാജയമെന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നത്. അഫ്ഗാനിലെ താലിബാനെ പ്രതിരോധിക്കാൻ അമേരിക്കയും റഷ്യയും ഇന്ത്യയുടെ വിവിധ മേഖലയിലെ ശക്തിയെ ആശ്രയിക്കാനൊരുങ്ങുകയാണ്.

ന്യൂഡൽഹി: നിലവിലെ ഇന്റർനെറ്റ് നിയമങ്ങൾ പൊളിച്ചെഴുതാനൊരുങ്ങി കേന്ദ്ര സർക്കാർ. രാജ്യത്തെ ജനങ്ങളുടെയും പ്രൊഫഷണലുകളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ച് നിലവിലെ ഇന്റർനെറ്റ് നിയമങ്ങൾ മാറ്റുമെന്നാണ് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചിരിക്കുന്നത്. ഇന്റർനെറ്റ് ഉപയോഗത്തിനും സാമൂഹ്യമാദ്ധ്യമ ഇടപെടലിനും മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കും.

പുതിയ നിയമത്തിലൂടെ ഇന്റർനെറ്റ് ഉപയോഗത്തിൽ തുല്യത, സുരക്ഷ, വിശ്വാസം എന്നിവ ഉറപ്പാക്കും. 2022 ഓടെ നിയമ രൂപീകരണത്തിനുളള നടപടികൾ പൂർത്തിയാകുമെന്നാണ് വിവരം. ഇതിന്റെ ആദ്യപടിയായി സംസ്ഥാനങ്ങളുടെ ഐടി മന്ത്രിമാരുടെ യോഗം വിളിച്ചു ചേർക്കും.

ഇലക്ട്രോണിക്സ് മേഖലയിൽ നിക്ഷേപ സാദ്ധ്യത ഇപ്പോഴുമുളള സംസ്ഥാനമാണ് കേരളം. എന്നാൽ സംസ്ഥാനത്തെ വികസന വിരുദ്ധ മനോഭാവം മാറിയാലേ നിക്ഷേപം വരുവെന്ന് മന്ത്രി അറിയിച്ചു. പല കമ്പനികളും കേരളത്തിൽ നിക്ഷേപിക്കാൻ മടിക്കുന്ന കാരണം ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈ: കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിക്കാത്തവർക്ക് ഇനിമുതൽ റേഷനും പാചകവാതകവും ഇന്ധനവുമില്ല. ഔറംഗബാദ് ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്തവർക്ക് ഇനിമുതൽ റേഷനും പാചകവാതകവും ഇന്ധനവും നൽകരുതെന്ന് കളക്ടറുടെ പുതിയ ഉത്തരവ്. ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ ജില്ലയിലെ വ്യാപാരികൾക്ക് നൽകിയതായി ജില്ലാ കളക്ടർ സുനിൽ ചവാൻ അറിയിച്ചു.

മഹാരാഷ്ട്രയിൽ വാക്‌സിനേഷന്റെ കാര്യത്തിൽ 26-ാം സ്ഥാനമാണ് ഔറംഗബാദിനുള്ളത്. 36 ജില്ലകളാണ് മഹാരാഷ്ട്രയിലുള്ളത്. അർഹരായ 55 ശതമാനം ആളുകൾ മാത്രമേ നിലവിൽ കുത്തിവെയ്പ്പ് സ്വീകരിച്ചിട്ടുള്ളൂവെന്നും എന്നാൽ സംസ്ഥാനത്തെ മറ്റ് ജില്ലകളിലെ മുഴുവൻ വാക്‌സിനേഷൻ ശതമാനം 74 കടന്നതായും കളക്ടർ വ്യക്തമാക്കി.

കടകളിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവരുടെ വാക്‌സിൻ സർട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം മാത്രം സാധനങ്ങൾ നൽകിയാൽ മതിയെന്നാണ് കളക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. നിർദ്ദേശം പാലിക്കാത്തവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി തലപ്പത്തേക്ക് മടങ്ങിയെത്തുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് 2020 നവംബര്‍ 13നാണ് കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും താല്‍ക്കാലികമായി മാറി നിന്നത്. തുടര്‍ ചികിത്സയിലൂടെ രോഗം ഭേദമായതിനാലും മകന്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതിനാലും സാഹചര്യം അനുകൂലമായതോടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹം മടങ്ങി വരുന്നത്.

സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നില്‍ക്കാനുള്ള കോടിയേരിയുടെ സന്നദ്ധത സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ഇടതുപക്ഷത്തിന് തുടര്‍ ഭരണം ലഭിക്കുകയും തിരഞ്ഞെടുപ്പില്‍ സിപിഎം മികച്ച നേട്ടമുണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി മടങ്ങിയെത്താനുള്ള കളമൊരുങ്ങുന്നത്.
എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനായിരുന്നു പകരം ചുമതല നല്‍കിയിരുന്നത്. കൊവിഡ് രോഗത്തെ തുടര്‍ന്ന് എ.വിജയരാഘവന്‍ കഴിഞ്ഞ സംസ്ഥാന സമിതിയില്‍ എത്തിയില്ല. അദ്ദേഹം മടങ്ങിയെത്തിയ ശേഷമാകും തീരുമാനം. നാളെ നടക്കുന്ന പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ വിജയരാഘവന്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ കോടിയേരി പാര്‍ട്ടി സെക്രട്ടറിയാകുന്ന തീരുമാനമുണ്ടാകുമെന്നാണ് വിവരം.

സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരിച്ചെത്തുന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുമോ എന്നത് ധൃതി പിടിച്ച് തീരുമാനിക്കേണ്ട ഒരു കാര്യമല്ല. പാര്‍ട്ടിയാണ് ഇക്കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന് അപേക്ഷ നല്‍കുന്നതിനുള്ള വെബ് സൈറ്റ് സജ്ജമായി. www.relief.kerala.gov.in എന്ന വെബ് സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മരണപ്പെട്ടവരുടെ അടുത്ത ബന്ധുവാണ് അപേക്ഷ നല്‍കേണ്ടത്.

അപേക്ഷ നല്‍കുമ്പോള്‍ താഴെ പറയുന്ന രേഖകള്‍ കൂടി സമര്‍പ്പിക്കണം.

  1. കോവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ മരണ സര്‍ട്ടിഫിക്കറ്റ് (ICMR നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റ് /Death Declaration രേഖ )
  2. അപേക്ഷകന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ്.

3.അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമായിട്ടുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ്.

വില്ലേജ് ഓഫീസര്‍ അപേക്ഷകന്‍ സമര്‍പ്പിച്ച രേഖകളും വസ്തുതയും പരിശോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് കൈമാറും. ദുരന്ത നിവാരണ അതോറിറ്റി അപേക്ഷ പരിശോധിച്ച ശേഷം അന്തിമ അംഗീകാരം നല്‍കും. തുടര്‍ന്ന് മരിച്ചവരുടെ ബന്ധുവിന് 50,000 രൂപയും കൊവിഡ് ബാധിച്ചു മരിച്ച വ്യക്തിയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ബിപിഎല്‍ കുടുംബത്തിന് 36 മാസക്കാലത്തേക്ക് പ്രതിമാസം 5000 രൂപയും ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും. അപേക്ഷയുടെ തല്‍സ്ഥിതി പരിശോധിക്കാനുള്ള സൗകര്യവും വെബ്‌സൈറ്റില്‍ ലഭ്യമാണ്.